
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് മൂന്ന് ദിവസമായി തുടരുന്ന കലാപത്തിലെ മരണസംഖ്യ 27 ആയതായി റിപ്പോര്‍ട്ട്. അക്രമികളുടെ പരുക്കേറ്റ് വിവിധയിടങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവരാണ് മരിച്ചത്. സംഭവത്തില്‍ ഇതുവരേ പൊലിസ് 18കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 106 പേരെ അറസ്റ്റ് ചെയ്തതായും പൊലിസ് അറിയിച്ചു.
കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ പൊലിസ് വിന്യാസം കൂട്ടിയിട്ടുണ്ട്.
കലാപത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുന്ന ഹരജി ഇന്നലെ അര്‍ധരാത്രി ഹൈക്കോടതി പരിഗണിച്ചിരുന്നു. കലാപ മേഖലയിലേക്ക് പോകാന്‍ പൊലിസിന് ഇന്നലെ കോടതി ഉത്തരവ് നല്‍കിയിരുന്നു. ഇന്ന് ഹരജി വീണ്ടും പരിഗണിക്കുമ്പോള്‍ കപില്‍ മിശ്രയുടെ വിദ്വേഷപ്രസംഗം കേട്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു കോടതിയിലുണ്ടായിരുന്നു മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥന്റെ
മറുപടി.
തുടര്‍ന്ന് ജസ്റ്റിസ് എസ്.മുരളീധര്‍ അധ്യക്ഷനായ ബഞ്ച് തന്നെ പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പ് കാണിച്ചു. എന്തുകൊണ്ട് ഇതുവരെ കേസെടുത്തില്ലെന്ന് ചോദിച്ച കോടതി ഹരജിയില്‍ പറയുന്ന കപില്‍ മിശ്ര, അനുരാഗ് താക്കൂര്‍, പര്‍വേശ് വര്‍മ്മ, അഭയ് താക്കൂര്‍ എന്നിവരുടേത് ഉള്‍പ്പെടെ എല്ലാ വിദ്വേഷ പ്രസംഗങ്ങളിലും ഉടന്‍ തീരുമാനമെടുക്കണം എന്നും നിര്‍ദ്ദേശിക്കുകയായിരുന്നു,
ഡല്‍ഹി സര്‍ക്കാര്‍ ജനവിശ്വാസം വീണ്ടെടുക്കാനുള്ള നടപടി സ്വീകരിക്കണം. പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കണമെന്നും അവരുടെ സുരക്ഷ ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കലാപത്തില്‍ ഐബി ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടതില്‍ കോടതി ആശങ്ക രേഖപ്പെടുത്തി.
കലാപം സംബന്ധിച്ച് അന്വേഷിക്കാന്‍ കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. അഡ്വ. സുബൈദ ബീഗത്തെയാണ് അമിക്കസ് ക്യൂറിയായി നിയോഗിച്ചത്. കലാപത്തിനിരയായവരും സര്‍ക്കാരും തമ്മിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടിയാണ് അമിക്കസ് ക്യൂറിയെ നിയോഗിച്ചിരിക്കുന്നത്.
മരിച്ചവരില്‍ ഒരു ഐബി ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു. 189 പേരായിരുന്നു പരുക്കേറ്റ് ജി.ടി.ബി ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നത്.
Be the first to comment