
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇപ്പോഴും കലാപം തുടരുന്നു. അതിനിടെ സംഘര്‍ഷത്തില്‍ പരുക്കേറ്റവരില്‍ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി. നാട്ടുകാരനായ ഒരാളാണ് മരിച്ചത്. നേരത്തെ ഒരു പൊലിസുകാരനും മുഹമ്മദ് ഫുര്‍ഖാന്‍ എന്നയാളുമാണ് മരിച്ചത്.
ഡല്‍ഹിയില്‍ കലാപമിളക്കി വിട്ട് ബി.ജെ.പി നേതാവ് കപില്‍ മിശ്രയാണെന്നാണ് ആരോപണം. ഞായറാഴ്ച മൗജിപൂരില്‍ കപില്‍ മിശ്ര നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. പൗരത്വനിയമഭേദഗതിക്കെതിരായ സമരക്കാര്‍ക്ക് ട്രംപ് മടങ്ങിപ്പോകും വരെ സമയം നല്‍കുന്നുവെന്നും അത് കഴിഞ്ഞാല്‍ തങ്ങള്‍ കൈകാര്യം ചെയ്യുമെന്നുമായിരുന്നു പ്രസംഗം. ഇതിനു പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ച്ചയായി വര്‍ഗീയ പ്രസംഗങ്ങള്‍ നടത്തുന്ന മിശ്ര ആംആദ്മി പാര്‍ട്ടി എം.എല്‍.എയും ഡല്‍ഹി സര്‍ക്കാറില്‍ മന്ത്രിയുമായിരുന്നു. പിന്നീട് പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേരുകയായിരുന്നു.
അതേ സമയം നേരത്തെ ആസൂത്രണം ചെയ്ത അക്രമമാണ് ഡല്‍ഹിയിലുണ്ടായത്. മൗജ്പൂര്‍, ബാബര്‍പൂര്‍ എന്നിവിടങ്ങളില്‍ പുറത്തു നിന്നുള്ള അക്രമികള്‍ക്ക് ഹിന്ദു വീടുകളും സ്ഥാപനങ്ങളും തിരിച്ചറിയാന്‍ കാവിക്കൊടി കെട്ടിയിരുന്നു. ഇതൊഴിവാക്കിയുള്ള വീടുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണം തുടങ്ങി നിമിഷങ്ങള്‍ക്കകം തന്നെ വടക്കുകിഴക്കന്‍ ഡല്‍ഹി യുദ്ധക്കളമായി.
തോക്കുമായി എത്തിയവര്‍ ജയ്ശ്രീരാം വിളിച്ച് പൊലിസ് സാന്നിധ്യത്തില്‍ മുസ്്‌ലിംകള്‍ക്ക് നേരെ നിറയൊഴിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒരിക്കല്‍ ആക്രമണം നടത്തി പിരിഞ്ഞു പോയ സംഘം വീണ്ടുമെത്തി മറ്റൊരിടത്ത് ആക്രണമം നടത്തുകയാണ് ചെയ്യുന്നതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
എന്നാല്‍ സംഘര്‍ഷത്തിനിടയും ജാഫറാബാദില്‍ സ്ത്രീകളുടെ സമരം തുടരുകയാണ്. ശനിയാഴ്ച രാത്രിയാണ് ഇവിടെ സമരം ആരംഭിച്ചത്. 500ഓളം സ്ത്രീകള്‍ തുടങ്ങിയ സമരം പിറ്റേ ദിവസമായപ്പോഴെയ്ക്കും വലിയ സമരമായി മാറുകയായിരുന്നു. പോലിസ് ഇവരുമായി ചര്‍ച്ച നടത്തിയെങ്കിലും നിയമം പിന്‍വലിക്കും വരെ പിന്‍മാറില്ലെന്നു സമരക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജാഫറാബാദ് മെട്രോ സ്‌റ്റേഷന് താഴെ റോഡ് ഉപരോധിച്ചാണ് സമരം.
Be the first to comment