ന്യൂഡല്‍ഹി: പാര്‍ലമെന്റ് ഹൗസിനു നേരെ ജാമിഅ വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ച് പൊലിസ് തടയുകയും തുടര്‍ന്ന് സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. പൊലിസ് നടപടിയില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. സ്വകാര്യഭാഗങ്ങളില്‍ ഗുരുതരമായ പരുക്കേറ്റ നിലയില്‍ 10 പെണ്‍കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആദ്യം ജാമിഅ ഹെല്‍ത്ത് സെന്ററിലാണ് വിദ്യാര്‍ഥിനികളെ കൊണ്ടുപോയത്. എന്നാല്‍ പരുക്ക് ഗുരുതരമായതിനാല്‍ അല്‍ശിഫ ആശുപത്രിയിലേക്ക് മാറ്റിയെന്ന് ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.
‘പത്തിലേറെ വിദ്യാര്‍ഥിനികള്‍ക്ക് അവരുടെ സ്വകാര്യഭാഗങ്ങളില്‍ പരുക്കേറ്റിട്ടുണ്ട്. ചിലര്‍ക്ക് ഗുരുതരമായ പരുക്കുകളേറ്റിട്ടുണ്ട്. ഗുരുതരമെന്ന് തോന്നുന്നവരെ ഇവിടെ നിന്ന് അല്‍ശിഫ ആശുപത്രിയിലേക്ക് മാറ്റി’- ഡോക്ടര്‍മാര്‍ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
ലാത്തി കൊണ്ട് നെഞ്ചില്‍ അടിച്ചതിനാല്‍ ചിലര്‍ക്ക് ആന്തരിക പരുക്കുകളുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
തന്റെ ബുര്‍ഖ മാറ്റി വനിതാ പൊലിസുകാര്‍ ലാത്തി കൊണ്ട് സ്വകാര്യ ഭാഗത്ത് അടിച്ചുവെന്ന് ഒരു വിദ്യാര്‍ഥിനി പറഞ്ഞു.
ഒന്‍പതു പേരാണ് അല്‍ ശിഫയിലുള്ളതെന്നും ഇതില്‍ നിരവധി പരുക്കുകളേറ്റ ഒരു വിദ്യാര്‍ഥിനിയെ ഐ.സി.യുവില്‍ പ്രവേശിപ്പിച്ചുവെന്നും അല്‍ശിഫയിലെ ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമായി പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് പൊലിസ് അതിക്രമം ഉണ്ടായിരിക്കുന്നത്. ജാമിഅ വിദ്യാര്‍ഥികളും പൂര്‍വ്വ വിദ്യാര്‍ഥികളും ചേര്‍ന്നുള്ള ജാമിഅ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.
Be the first to comment