>പണം നല്‍കി പിടിച്ചുനിര്‍ത്താന്‍ നേതൃത്വത്തിന്റെ ശ്രമം പാളി<
മഞ്ചേരി: കേന്ദ്ര സര്‍ക്കാറിന്റെ പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പിയില്‍ കൂട്ടരാജി. ബി.ജെ.പി പ്രവര്‍ത്തകര്‍ യൂനിറ്റ് കമ്മിറ്റി പിരിച്ചുവിട്ടു. മലപ്പുറം ജില്ലയിലെ കുഴിമണ്ണ പഞ്ചായത്തിലെ പുല്ലഞ്ചേരി കളത്തിങ്ങല്‍ പ്രദേശത്താണ് 200 ഓളം പ്രവര്‍ത്തകരാണ് കുടുംബസമേതം ബി.ജെ.പി വിട്ടത്. രാജ്യത്തെ മതത്തിന്റെ പേരില്‍ കീറിമുറിക്കുന്ന നിയമത്തില്‍ പ്രതിഷേധിച്ച് മധ്യപ്രദേശ് ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ബി.ജെ.പിയില്‍ നിന്നും നൂറുകണക്കിന് പ്രവര്‍ത്തകരാണ് രാജിവച്ചത്. ഇത് കേരളത്തിലേക്കും വ്യാപിക്കുന്നതിന്റെ സൂചനയാണ് കുഴിമണ്ണയിലേത്.
മലപ്പുറത്തെ ഓഫീസിലെത്തി ബി.ജെ.പി ജില്ലാ പ്രസിഡന്റ് രവി തേലത്തിനെ നേരില്‍ കണ്ടാണ് പ്രവര്‍ത്തകര്‍ രാജിക്കത്ത് നല്‍കിയത്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയ കേന്ദ്ര സര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധം അറിയിക്കുകയും ചെയ്തു. പുല്ലഞ്ചേരി കളത്തിങ്ങല്‍ പ്രദേശത്ത് ബി.ജെ.പിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന കെ.ബാലസുബ്രമണ്യന്‍, കെ.വിഷ്ണുരാജ്, എം.ജയേഷ്, രാജന്‍ കളത്തിങ്ങല്‍, ദലിത് കോളനികളുടെ കോഡിനേഷന്‍ കമ്മിറ്റിയുടെ കൊട്ടപ്പുറത്തുള്ള നേതാവ് എന്നിവരുടെ നേതൃത്വത്തിലാണ് പാര്‍ട്ടി ബന്ധം ഉപേക്ഷിക്കുന്നതായി രേഖാമൂലം ജില്ലാ പ്രസിഡന്റിനെ അറിയ്ച്ചത്. രാജിക്കത്ത് ലഭിച്ചതായി ജില്ലാ പ്രസിഡന്റ് രവി തേലത്ത് പറഞ്ഞു.
പൗരത്വ നിയമത്തിലൂടെ വര്‍ഗീയ ചേരിതിരിവിന് ബി.ജെ.പി നേതൃത്വം ശ്രമം നടത്തുകയാണെന്നും മുസ്ലിം വിഭാഗത്തെ മോശക്കാരായി ചിത്രീകരിക്കുന്നത് ശരിയല്ലന്നും കെ.ബാലസുബ്രമണ്യന്റെ നേതൃത്വത്തിലുള്ള പ്രവര്‍ത്തകര്‍ നിലപാടെടുത്തിരുന്നു. കൊണ്ടോട്ടിയില്‍ ദലിത് കോഡിനേഷന്‍ കമ്മിറ്റി നടത്തിയ പ്രതിഷേധ റാലിയിലും ഇവര്‍ പങ്കെടുത്തിരുന്നു. ഇതോടെ കുഴിമണ്ണ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇവരെ അനുനയിപ്പിക്കാനുള്ള നീക്കം നടന്നു. പഞ്ചായത്ത് കമ്മിറ്റി യോഗത്തിലേക്ക് ക്ഷണിച്ചിരുന്നെന്നും തങ്ങള്‍ പിന്‍മാറുകയാണ് ചെയ്തതെന്നും കെ.ബാലസുബ്രമണ്യന്‍ പറഞ്ഞു. രാജ്യത്തെ നിയമവും നീതിയും എല്ലാ മതവിശ്വാസികള്‍ക്കും ഒരു പോലെയാണെന്നും മതത്തിന്റെ പേരില്‍ പൗരത്വം നിര്‍ണയിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 15ന് രാജിവച്ചവരുടെ പ്രത്യേക സംഗമം നടക്കും.
ബി.ജെ.പിക്കെതിരെയുള്ള പ്രതിഷേധവും മലപ്പുറത്തെ ബഹിഷ്‌കരണവും കണ്ടപ്പോള്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ പ്രയാസമാണെന്ന് തോന്നിയതിനാലാവാം രാജിയെന്നാണ് ജില്ലാ പ്രസിഡന്റിന്റെ വിശദീകരണം. കുഴിമണ്ണയിലെ കിഴിശ്ശേരിയില്‍ അടുത്ത ദിവസം ബി.ജെ.പിയുടെ രാഷട്രീയ വിശദീകരണ യോഗം നടക്കാനിരിക്കെയാണ് പ്രവര്‍ത്തകരുടെ കൂട്ടരാജി. ശക്തമായ പ്രതിഷേധങ്ങള്‍ നടക്കുന്നതിനിടെ പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്ക് നേതൃത്വത്തെ പ്രതിസന്ധിയിലാക്കുകയാണ്.
പൗരത്വനിയമത്തിനെതിരെ ശക്തമായ പ്രചാരണങ്ങള്‍ നടക്കുന്ന മലപ്പുറം ജില്ലയ്‌ക്കെതിരെ സംഘ്പരിവാര്‍ സ്വന്തം മുഖപത്രത്തിലൂടെ വ്യാജപ്രചാരണങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ലേഖനപരമ്പര തുടങ്ങിയ ദിവസം തന്നെയാണ്, ബി.ജെ.പിക്ക് കൂടുതല്‍ തിരിച്ചടിയായി ജില്ലയില്‍ നിന്ന് കൂട്ടരാജി ഉണ്ടായിരിക്കുന്നത്.
Be the first to comment