ന്യൂഡല്‍ഹി: ലോക്‌സഭയില്‍ യു.എ.പി.എ ഭേദഗതി ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തത് മുസ്ലിം എം.പിമാര്‍ മാത്രമെന്ന് അസദുദ്ദീന്‍ ഉവൈസി. ഇക്കാര്യത്തില്‍ നിരാശയുണ്ട്. ഈ പ്രവണത ഗൗരവതരമാണ്. രാജ്യത്തെ എല്ലാ പാര്‍ട്ടികളും വിഷയം മുഖ്യമായി പരിഗണിക്കണമെന്നും ഉവൈസി പറഞ്ഞു.
യു.എ.പി.എ ഭേദഗതി ബില്ലിനെ താന്‍ ശക്തമായി എതിര്‍ത്തിട്ടുണ്ട്. ബില്ലിനെതിരേ വോട്ടുചെയ്യുകയും ചെയ്തു. ഈ നിയമത്തിന്റെ പേരില്‍ നിരപരാധികള്‍ പ്രയാസപ്പെടുമ്പോള്‍ ഫിഡല്‍കാസ്‌ട്രോ പറഞ്ഞുവച്ചതുപോലെ ചരിത്രം എനിക്കു മാപ്പുനല്‍കുമെന്നും ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി പറഞ്ഞു.
യുഎപിഎ നിയമം നടപ്പാക്കിയത് കോണ്‍ഗ്രസാണെന്നും അവര്‍ മാത്രമാണ് ഈ നിയമത്തിന് ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിലിരിക്കുമ്പോള്‍ ബി.ജെ.പിയെ പോലെ കോണ്‍ഗ്രസ് പെരുമാറുകയാണ്. എന്നാല്‍ അധികാരം നഷ്ടപ്പെടുമ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ മുസ്ലിംകളുടെ വല്യേട്ടനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അസദുദ്ദീന്‍ ഉവൈസി അടക്കം എട്ടുപേരാണ് യു.എ.പി.എ ഭേദഗതി ബില്ലിനെ എതിര്‍ത്തു വോട്ടു ചെയ്തത്. സഈദ് ഇംതിയാസ് ജലീല്‍ (മജ്‌ലിസെ ഇത്തിഹാദ്), ഹാജി ഫസലുറഹ്മാന്‍ (ബി.എസ്.പി), കെ. നവാസ്ഖനി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.കെ കുഞ്ഞാലിക്കുട്ടി (ലീഗ്), ഹസ്‌നാന്‍ മസൂദി (നാഷനല്‍ കോണ്‍ഫ്രന്‍സ്), ബദറുദ്ദീന്‍ അജ്മല്‍ (എ.യു.ഡി.എഫ്) എന്നിവരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്.
Be the first to comment