മുസ്‌ലിങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍- ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ച് ബ്രിട്ടീഷ് എം.പി

ലെസ്റ്റര്‍: ഇന്ത്യയില്‍ മുസ് ലിങ്ങള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന അതിക്രമങ്ങളില്‍ രൂക്ഷവിമര്‍ശനവുമായി ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി എം.പി. ബ്രിട്ടീഷ് സര്‍ക്കാര്‍ ഇതില്‍ അടിയന്തരമായി ഇടപെടണമെന്നും ബ്രിട്ടീഷ് ഷാഡോ സെക്രട്ടറി കൂടിയായ ജോനതന്‍ ആഷ്‌വര്‍ത്ത് ആവശ്യപ്പെട്ടു. അത്യന്തം ഗുരുതരമായ അവസ്ഥയാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നതെന്നും അദ്ദേഹം സര്‍ക്കാരിന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ലേബര്‍ പാര്‍ട്ടി പ്രതിനിധിയും ലെസ്റ്റര്‍ സൗത്ത് എം.പിയുമായ ആഷ്‌വര്‍ത്ത് ആരോഗ്യ, സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ ഷാഡോ സെക്രട്ടറിയാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രിക്കും വിദേശകാര്യ സെക്രട്ടറിക്കുമാണ് കത്തയച്ചത്. കൂടുതലും ഇന്ത്യന്‍ വംശജര്‍ താമസിക്കുന്ന മണ്ഡലമാണ് ലെസ്റ്റര്‍. തന്റെ മണ്ഡലത്തിലെ ഇന്ത്യന്‍ മുസ്‌ലിങ്ങളോട് താന്‍ ഇക്കാര്യം സംസാരിച്ചെന്നു അവരാണ് മാതൃരാജ്യത്തിലെ ഭീകരാവസ്ഥയെ കുറിച്ച് തന്നോട് പറഞ്ഞതെന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കുന്നു.
‘ഇന്ത്യയിലെ സാഹചര്യങ്ങള്‍ അങ്ങേഅറ്റം മോശമാണ്. മതം പറഞ്ഞുള്ള കൊലപാതകങ്ങള്‍ ഏറിവരുന്നു. ലഹളകളും ആക്രമണങ്ങളും വേര്‍തിരിവും കൂടിവരികയാണ്. വ്യക്തികള്‍ക്ക് അവരുടെ വിശ്വാസത്തിന് അനുസരിച്ച് ജീവിക്കാന്‍ കഴിയുന്നില്ല. എന്റെ മണ്ഡലത്തിലുള്ളവര്‍ ഇക്കാര്യത്തില്‍ ദുഖിതരാണ്. ഇന്ത്യയിലെ സര്‍ക്കാര്‍ ആക്രമണങ്ങള്‍ തടയാന്‍ ഒന്നും ചെയ്യുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്’ ആഷ്‌വര്‍ത്ത് ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി ബ്രിട്ടന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ടെന്ന് കോമണ്‍വെല്‍ത്ത് ഓഫീസ് നേരത്തേ വ്യക്തമാക്കിയിരുന്നു. 100 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുസ്‌ലിം യുവജനങ്ങള്‍ക്ക് പ്രത്യേകം അവസരങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുമുണ്ട് അവര്‍.

2011 മുതല്‍ ലെസ്റ്റര്‍ സൗത്തില്‍ നിന്നുള്ള എം.പിയാണ് ആഷ്‌വര്‍ത്ത്. 2016 ഒക്ടോബറിലാണ് അദ്ദേഹത്തെ ജെറമി കോര്‍ബിന്‍ ഷാഡോ സെക്രട്ടറിയാക്കുന്നത്.

About Ahlussunna Online 1304 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*