- സന്താനോല്‍പ്പാദനം
കുട്ടിയുണ്ടാവുകയെന്നതാണ് വിവാഹത്തിന്‍റെ പ്രഥമ ലക്ഷ്യം. മക്കളില്ലാതാവുമ്പോഴാണ് അതിന്‍റെ വില മനസ്സിലാവുക. സന്താനോല്‍പ്പാദനത്തിലൂടെ നാല് പുണ്യങ്ങള്‍ നേടാനാവുമെന്ന് ഇമാം ഗസ്സാലി(റ) പറയുന്നു: 1. മനുഷ്യവംശത്തിന്‍റെ നിലനില്‍പ്പിന് വേണ്ടി സന്താനോല്‍പ്പാദനം നടത്തുന്നതിലൂടെ അല്ലാഹുവിന്‍റെ സ്നേഹം കരസ്ഥമാക്കല്‍. 2.നബി(സ്വ) പരലോകത്ത് സ്വന്തംസമുദായത്തിന്‍റെ കാര്യത്തില്‍ അഭിമാനിക്കാന്‍ വേണ്ടി തന്‍റെ സമുദായത്തെ വര്‍ദ്ധിപ്പിച്ച് നബി(സ്വ)യെ സന്തോഷിപ്പിക്കല്‍. 3. മരണാനന്തരം സ്വാലിഹായ സന്താനത്തിന്‍റെ പ്രാര്‍ത്ഥന നേടല്‍ 4. ചെറുപ്രായത്തില്‍ മരണപ്പെട്ട മക്കളുടെ ശഫാഅത്ത് പ്രതീക്ഷിക്കല്‍.
- ദുര്‍വിചാരങ്ങളില്‍ നിന്നുള്ള സംരക്ഷണം:
വിവാഹബന്ധത്തിലൂടെ ചീത്ത വിചാരങ്ങളില്‍ നിന്നും പൈശാചികമായ ഉള്‍പ്രേരണകളില്‍ നിന്നുമുള്ള സംരക്ഷണവും വൈകാരികമായ ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണവും അതിരുവിട്ട ലൈഗികാഗ്രഹങ്ങളെ ഇല്ലായ്മചെയ്യലും നിഷിദ്ധമായകാര്യങ്ങളില്‍ നിന്ന് കണ്ണിനും ലൈഗികാവയവത്തിനും സംരക്ഷണവും നേടാനാവുന്നു.
- സന്തോഷകരമായ ജീവിതം
ഒരു ഇണയെ കണ്ടെത്തി അവളുമായി ഇടപഴകുന്നതിലൂടെ മാനസിക സന്തോഷവും ഉല്ലാസവും ലഭിക്കുകയും അവളുടെ സാന്നിധ്യം ഏറെ ഉണര്‍വ്വും ആനന്ദവും നല്‍കുകയും ചെയ്യും. അതിലൂടെ ആരാധനകള്‍ക്ക് ആവേശവും താത്പര്യവും കൈവരും. ഭാര്യയുമായുള്ള സമ്പര്‍ക്കങ്ങളും അവളുടെ സാമീപ്യവും ഹൃദയത്തിന് ഏറെ ആശ്വാസം പകരുമെന്ന് സൂറത്തുര്‍റൂമിലെ 21ാം സൂക്തം വ്യക്തമാക്കുന്നുണ്ട്. ഭാര്യയുമായി ഇണങ്ങിച്ചേരുന്നതിലൂടെ അവരില്‍ സന്തോഷവും കാരുണ്യവും അല്ലാഹു ചൊരിയുമെന്നും മേല്‍ സൂക്തം വ്യക്തമാക്കുന്നുണ്ട്.
- സമയലാഭം
ഗൃഹ സംരക്ഷണം, പാചകം, ശുചീകരണം, ജീവിതോപാധികള്‍ ഒരുക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഭാര്യയുടെ സാമീപ്യം ഒരാശ്വാസമാവുകയും അതിലൂടെ കൂടൂതല്‍ ഒഴിവുസമയം ലഭിക്കുകയും ചെയ്യും.
അബൂ സുലൈമാനുദ്ദാറാനി(റ) പറയുന്നു: സദ്വൃത്തയായ ഭാര്യ ഇഹലോക സുഖങ്ങളില്‍പെട്ടതല്ല്, മറിച്ച്, ഗൃഹഭരണം നടത്തിയും ആഗ്രഹങ്ങള്‍ ശമിപ്പിച്ചും ഭര്‍ത്താവിനെ പരലോകത്തേക്ക് ഒരുങ്ങാന്‍ സജ്ജമാക്കുകയാണ് ചെയ്യുന്നത്. മുഹമ്മദുബ്നു കഅ്ബുല്‍ ഖുറളി(റ) പറയുന്നു: ദുനിയാവില്‍ ഹസനത്ത് നല്‍കണേ എന്ന് പ്രാര്‍ത്ഥനയില്‍ ഹസനത്ത് കൊണ്ടുള്ള ഉദ്ദേശം സ്വാലിഹത്തായ സ്ത്രീയാണ്.
- ഒരു സ്ത്രീയുടെ സംരക്ഷണം ഏറ്റെടുക്കല്‍
വീട്ടുകാര്‍ക്ക് സംരക്ഷണം നല്‍കല്‍, വീട്ഭരിക്കല്‍, വീട്ടുകാരുടെ ആവശ്യങ്ങള്‍ പരിഗണിക്കല്‍, അവരുടെ ദുസ്വഭാവങ്ങളില്‍ ക്ഷമകൈക്കൊള്ളല്‍, അവരുടെ ഉപദ്രവങ്ങള്‍ സഹിക്കല്‍, അവരെ നേര്‍വഴിയിലാക്കാന്‍ പരിശ്രമിക്കല്‍, അനുവദനീയമായത് ഭക്ഷിപ്പിക്കാന്‍ കഠിനാധ്വാനം ചെയ്യല്‍, സന്താനപരിപാലനം എന്നിവയിലൂടെ ശാരീരികവും മാനസികവുമായ പരിശീലനം നേടല്‍. നബി(സ്വ) പറയുന്നു: നീതിമാനായ ഒരു ഭരണകര്‍ത്താവിന്‍റെ ഒരു ദിവസം ഏഴുപത് വര്‍ഷത്തെക്കാള്‍ അല്ലാഹുവിന്‍റെ അടുക്കല്‍ ഉത്തമമാണ്. മക്കള്‍ക്കും ഭാര്യക്കും വേണ്ടി കഷ്ടതകളും യാതനകളും അനുഭവിക്കുന്നത് അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ യുദ്ധം ചെയ്യുന്നതിന് തുല്യമാണ്. കുടുംബത്തിന് വേണ്ടി ചിലവഴിക്കുന്ന ഓരോന്നും സ്വദഖയാണെന്നും ഭാര്യയുടെ വായില്‍ വെച്ചുകൊടുക്കുന്ന ഒരു പിടിഭക്ഷണത്തിന് പോലും ഒരാള്‍ക്ക് പ്രതിഫലം ലഭിക്കുമെന്നും ഹദീസുകളില്‍ നിന്ന് വായിച്ചെടുക്കാം.
വിവാഹാന്വേഷണം:
കുടുംബ ജീവിതത്തിലേക്ക് കാലൂന്നുന്നതിന് മുമ്പ് നാം അനുവര്‍ത്തിക്കേണ്ട പ്രധാന സംഗതിയാണ് വിവാഹാന്വേഷണം. വിവാഹം അന്വേഷിക്കപ്പെടുന്ന സ്ത്രീ മഹ്റമിയ്യത്തില്‍ നിന്നും ഇദ്ദ, ത്വലാഖ്, മറ്റൊരാളുമായുള്ള വിവാഹബന്ധം മുതലായവയില്‍ നിന്നും ഒഴിവായവളാകണം. വേറെ ഒരാള്‍ വിവാഹന്വേഷണം നടത്തിയ സ്ത്രീയെ അന്വേഷിക്കാന്‍ പാടില്ല. നാഫിഅ്(റ)നിവേദനം ചെയ്ത ഹദീസില്‍ നബി(സ്വ) പറയുന്നു: ഒരാള്‍ വിലപറഞ്ഞ വസ്തുവില്‍ മറ്റൊരാള്‍ കച്ചവടം നടത്തരുത്, ഒരാള്‍ വിവാഹാന്വേഷണം നടത്തിയ സ്ത്രീയെ മറ്റൊരാള്‍ അന്വേഷിക്കരുത്(മുസ്ലിം)
വിവാഹാന്വേഷണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- മതനിഷ്ഠയുള്ളവളെ തെരഞ്ഞെടുക്കല്‍
നബി(സ്വ) പറയുന്നു: നാല് കാര്യങ്ങള്‍ മാനദണ്ഡമാക്കിയാണ് ഒരു സ്ത്രീ വിവാവം ചെയ്യപ്പെടുന്നത്. സമ്പത്ത്, കുടുംബ മഹിമ, സൗന്ദര്യം, മതബോധം എന്നിവയാണവ. മതബോധമുള്ളവളെ വിവാഹം ചെയ്ത് നീ വിജയിക്കുക.
- കന്യകയും കൂടുതല്‍ പ്രസവിക്കുന്നവളുമാവല്‍
നബി(സ്വ) പറയുന്നു: നിങ്ങള്‍ കൂടുതല്‍ പ്രസവിക്കുന്ന സ്നേഹസമ്പന്നകളായ സ്ത്രീകളെ വിവാഹം ചെയ്യുക. ഇതര സമുദായങ്ങള്‍ക്കിടയില്‍ നിങ്ങളെക്കുറിച്ച് ഞാന്‍ അഭിമാനം പറയും(അബൂദാവൂദ്). വിവാഹം ചെയ്യപ്പെടുന്ന സ്ത്രീ കന്യകയാണെങ്കില്‍ കൂടുതല്‍ സ്നേഹം പകരാനും ജീവിതം സന്തോഷകരമാവാനും സഹായകമാവും.
- നല്ല കുടുംബത്തില്‍ നിന്നാവുക.
സദ്വൃത്തരായ മാതാപിതാക്കളുള്ള സംശുദ്ധിയിലും ചാരിത്ര്യത്തിലും കീര്‍ത്തിനേടിയ കുടുംബത്തില്‍ നിന്നാവല്‍ പ്രത്യേകം സുന്നത്താണ്. എതൊരാളുടെയും സ്വഭാവരൂപീകരണത്തില്‍ വീട്ടിലെ സാഹചര്യവും പരിതസ്ഥിതിയും സ്വാധീനിക്കും. നല്ല പരിതസ്ഥിതിയുള്ള കുടുംബത്തില്‍ നിന്നാവുമ്പോള്‍ അവളില്‍ അതിന്‍റെ ഗുണങ്ങള്‍ കാണാന്‍ സാധിക്കും.
- സച്ചരിതയും സുന്ദരിയുമാവല്‍
ഭംഗിയുള്ള സ്ത്രീയെ വിവാഹം ചെയ്യുന്നതിലൂടെ അന്യരിലേക്കുള്ള ആകര്‍ഷണം കുറക്കാനും കണ്ണിനെ നിഷിദ്ധമായതില്‍ നിന്ന് സംരക്ഷിക്കാനും സാധിക്കും. ഇഹലോകത്തെ ഏറ്റവും ഉത്തമമായി വിഭവം സച്ചരിതയായ സ്ത്രീയാണെന്ന് ഹദീസില്‍ വന്നിട്ടുണ്ട്.
- അവളുടെ പതിവുകളും സ്വഭാവവും പ്രകൃതിയും അറിയല്‍.
- വിവാഹം ആഗ്രഹിക്കുന്നവര്‍ പരസ്പരം കാണല്‍
വിവാഹം അന്വേഷിക്കുന്ന പുരുഷന് സ്ത്രീയെ കാണല്‍ സുന്നത്താണ്. ഒരു സ്ത്രീയുമായി വിവാഹ ബന്ധം സ്ഥാപിക്കാന്‍ ഉദ്ദേശിച്ച മുഗീറത്തുബ്നു ശുഅ്ബ(റ) വിനോട് നബി(സ്വ) ചോദിച്ചു: നീ അവളെ കണ്ടോ? അദ്ദേഹം പറഞ്ഞു: ഇല്ല നബി(സ്വ) പറഞ്ഞു: നീ അവളെ കാണുക, അത് നിങ്ങള്‍ക്കിടയില്‍ ഇണക്കമുണ്ടാക്കാന്‍ നല്ലതാണ്.(തുര്‍മുദി). സ്ത്രീയുടെ ശാരീരികപ്രത്യേകതകളും സൗന്ദര്യവും തിരിച്ചറിയാന്‍ മുഖം, കൈ എന്നിവ പുരുഷന് കാണാവുന്നതാണ്.
Be the first to comment