ഇസ്ലാമിക കുടുംബത്തിന്‍റെ ഖുര്‍ആനിക അടയാളപ്പെടുത്തലുകള്‍

ത്വയ്യിബ് റഹ്മാനി കുയ്തേരി

മനുഷ്യവര്‍ഗ്ഗത്തിന്‍റെ നിലനില്‍പ്പിനാധാരമായ സമൂഹത്തിലെ ആദ്യ സംഘടിത രൂപമാണ് കുടുംബം. പുരുഷനും വിവാഹ ബന്ധത്തിലൂടെ അവന്‍റെ ഇണയായി മാറുന്ന സ്ത്രീയും അവരിലൂടെ ഉണ്ടാവുന്ന സന്താനങ്ങളും അടങ്ങുന്നതാണ് ഇതിന്‍റെ ഘടന. സമൂഹത്തിന്‍റെ അടിസ്ഥാന ശിലയായിട്ടാണ് കുടുംബത്തെ വിശുദ്ധഖുര്‍ആന്‍ പരിചയപ്പെടുത്തുന്നത്. (ഇന്ദ്രിയത്തില്‍ നിന്ന് മനുഷ്യനെ പടക്കുകയും എന്നിട്ടവരെ രക്തബന്ധവും വൈവാഹിക ബന്ധവുമുള്ളവനാക്കുകയും ചെയ്തവനും അവനത്രേ. താങ്കളുടെ നാഥന്‍ ഏറെ കഴിവുറ്റവനാവുന്നു(ഫുര്‍ഖാന്‍. 54)

മണ്ണില്‍ നിന്ന് മനുഷ്യനെ സൃഷ്ടിച്ച അല്ലാഹു മാനവരാശിയുടെ സൃഷ്ടിപ്പിനായി അവനില്‍ ഇന്ദ്രിയത്തെ നിക്ഷേപിക്കുകയും സത്രീപുരുഷ വര്‍ഗ്ഗത്തെ ഇണകളാക്കുകയും ചെയ്തു. (അല്ലാഹു നിങ്ങളെ മണ്ണില്‍ നിന്ന് സൃഷ്ടിക്കുകയും പിന്നീട് രേതസ്കണങ്ങളില്‍ നിന്ന് സൃഷ്ടിക്കുകയും ശേഷം ഇണകളാക്കുകയുമുണ്ടായി. (ഫാത്വിര്‍ 11) മാനവകുലത്തിന്‍റെ നിലനില്‍പ്പിനായി കുടുംബസംവിധാനം ചിട്ടപ്പെടുത്തിയ രീതി മേല്‍ സൂക്തങ്ങളില്‍ സുവ്യക്തമാണ്.

ഭൂമിയിലെ ആദ്യ പ്രതിനിധികളായി നിയോഗിക്കപ്പെട്ട ആദം(അ) ഹവ്വാഅ്(റ) ദമ്പതികളിലൂടെയാണ് ഭൂമിയിലെ കുടുംബ സംവിധാനം ആരംഭിക്കുന്നത്. വിശുദ്ധ ഖുര്‍ആനിലെ നിരവധി സൂക്തങ്ങള്‍ ഇതിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട്.

ഇബ്ലീസ് സ്വര്‍ഗ്ഗത്തില്‍ നിന്ന് പുറത്താവുകയും ആദം (അ) സ്വര്‍ഗത്തില്‍ താമസിക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ തന്നെ ആശ്വസിപ്പിക്കാനും സന്തോഷിപ്പിക്കാനുമുള്ള ഇണയെ ലഭിക്കാതെ ആദം(അ) ഏകാന്തത അനുഭവിച്ചു. അപ്പോള്‍ അല്ലാഹു നബിയെ ഉറക്കുകയും തന്‍റെ ഇടത്തേ വാരിയെല്ലില്‍ നിന്ന് ഹവ്വ (റ) യെ സൃഷ്ടിക്കുകയും ചെയ്തു. ഉറക്കമുണര്‍ന്നപ്പോള്‍ തന്‍റെ തലഭാഗത്ത് ഒരു സത്രീ ഇരിക്കുന്നത് കണ്ട ആദം (അ) അവരോട് ചോദിച്ചു: നീ ആരാണ്? അവര്‍ പറഞ്ഞു: ഒരു സ്ത്രീയാണ്. നബി: എന്തിനാണ് നിന്നെ സൃഷ്ടിക്കപ്പെട്ടത്? ഹവ്വാഅ്(റ): നിങ്ങള്‍ക്ക് ആശ്വാസം പകരാന്‍. തത്സമയം മലക്കുകള്‍ ചോദിച്ചു: ആദം നബിയേ, അവളുടെ പേരെന്താണ്.? ആദം (അ) : ഹവ്വാഅ്. മലക്കുകള്‍ ചോദിച്ചു: എന്തുകൊണ്ട് അവള്‍ ഹവ്വാഅ് ആയി? ആദം നബി: അവള്‍ സൃഷ്ടിക്കപ്പെട്ടത് ജീവനുള്ള ഒരു വസ്തുവില്‍ നിന്നാണ്.(അല്‍ബിദായത്തു വന്നിഹായ 1/173)

കുടുംബ ജീവിതത്തിലൂടെ നാം നേടിയെടുക്കേണ്ട സുപ്രധാന ലക്ഷ്യം ഈ സംഭവം നമ്മെ ഓര്‍മ്മപ്പെടുത്തുന്നുണ്ട്. തന്‍റെ ജീവിതത്തിലേക്ക് സഹധര്‍മ്മിണി കടന്നു വരുന്നതോടെ ഭാവിജീവിതം സുഖകരവും സന്തോഷദായകവുമാവുമ്പോഴാണ് വിവാഹത്തിലൂടെ ഇസ്ലാം അര്‍ത്ഥമാക്കുന്ന ലക്ഷ്യം പൂര്‍ത്തിയാവുന്നത്.  പെണ്ണ് കെട്ടിയാല്‍ കാലുകെട്ടിയെന്ന  പഴമൊഴി വ്യര്‍ത്ഥമാണെന്ന് ഇതിലൂടെ ബോധ്യപ്പെടും. പെണ്ണുകെട്ടിയാല്‍ ജീവിതം ഭദ്രമായെന്നതാണ് ഖുര്‍ആന്‍ പറയുന്നത്.

അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതുതന്നെയാണ്, സ്വവര്‍ഗത്തില്‍ നിന്നുതന്നെ നിങ്ങള്‍ക്കവന്‍ ഇണകളെ(ഭാര്യമാരെ) സൃഷ്ടിച്ചുതന്നിട്ടുള്ളത്; നിങ്ങള്‍ അവരുമായി ഇണങ്ങിച്ചേര്‍ന്ന് മനസ്സമാധാനം കൈവരുവാനായി. അവന്‍ നിങ്ങള്‍ക്കിടയില്‍ പ്രേമബന്ധവും കാരുണ്യവും സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. നിശ്ചയമായും ചിന്തിക്കുന്ന ജനതക്ക് അതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്.(സൂറത്തുര്‍റൂം 21) ജീവിത സുഖത്തിന്‍റെ അനിവാര്യതയായ മനസ്സമാധാനം നേടുന്നതിനാണ് സുഖദുഖങ്ങള്‍ പങ്കുവെക്കാനുള്ള ഇണയെ നമ്മില്‍ നിന്നു തന്നെ അല്ലാഹു സൃഷ്ടിച്ചത്.

ജിന്നുകളില്‍ നിന്നോ ഇതരജീവികളില്‍ നിന്നോ മനുഷ്യന് ഇണകളെ സംവിധാനിച്ചിരുന്നുവെങ്കില്‍ ഇന്ന് നാം കാണുന്ന ഇണക്കവും മനപ്പൊരുത്തവും ദമ്പതികള്‍ക്കിടയില്‍ ഉണ്ടാവുമായിരുന്നില്ല. മറിച്ച്, വിദ്വേഷവും വെറുപ്പുമാണുണ്ടാവുക. മനുഷ്യരോടുള്ള അല്ലാഹുവിന്‍റെ കാരുണ്യത്താലാണ് അവര്‍ക്ക് സമാധാനം നേടാനും ആശ്വാസമടയാനും അവരില്‍ നിന്നുതന്നെ ഇണകളെ സൃഷ്ടിച്ചത്. നിങ്ങളില്‍ നിന്ന് സൃഷ്ടിച്ചു, എന്നത് കൊണ്ടുള്ള ഉദ്ദേശം ഹവ്വാഅ്(റ)യെ ആദം (അ) ന്‍റെ വാരിയെല്ലില്‍ നിന്നും മറ്റു സ്ത്രീകളെ പുരുഷന്‍റെ ഇന്ദ്രിയത്തില്‍ നിന്നും സൃഷ്ടിച്ചുവെന്നാണ്.

ശാന്തവും സ്നേഹനിര്‍ഭരവുമായ കുടുംബ ജീവിത വ്യവസ്ഥിതിയാണ് ഇസ്ലാം വിഭാവനം ചെയ്യുന്നത്. അതിന് വിഘാതമാവുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളെയും മതം ശക്തമായി വിലക്കുന്നുണ്ട്. ഭൂമിയിലെ പ്രഥമ കുടുംബാഗത്തിന്‍റെ ഉന്മൂലനം നടന്നത് കൊലയിലൂടെയാണ്. സമൂഹത്തിന്‍റെ സുപ്രധാന ഘടകമായ കുടുംബാംഗങ്ങളില്‍ വിടവ് സൃഷ്ടിക്കാന്‍ കൊലപാതകങ്ങള്‍, അക്രമങ്ങള്‍ തുടങ്ങിയ ദുഷ്ചെയ്തികള്‍ കാരണമാവുന്നു. ഇവ ഇല്ലാതാക്കാനും അതിലൂടെ ഓരോ വ്യക്തിയും നിര്‍ഭയനായി ജീവിക്കുന്ന അവസ്ഥാവിശേഷം ഭൂമിയില്‍ നിലനില്‍ക്കാനുമാണ് കുടുംബബന്ധത്തില്‍ പാലിക്കേണ്ട ചിട്ടവട്ടങ്ങളും പെരുമാറ്റ രീതികളും ഇസ്ലാം പരിചയപ്പെടുത്തിയത്.

About Ahlussunna Online 1155 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*