ഇസ്ലാമിക ചരിത്രത്താളുകള്‍ ശോഭനവും അതി സമ്പന്നവുമാണ്.ലോകത്തിന്‍റെ ചരിത്രപരവും സാമൂഹികവുമായ വികാസത്തിനും വളര്‍ച്ചക്കും മുസ്ലിങ്ങളുടെ സാന്നിധ്യം ഏറെ സഹായകമായിട്ടുണ്ട്. മുസ്ലിങ്ങളിട്ട അടിത്തറ വികസിപ്പിക്കുന്ന ജോലി മാത്രമാണ് മറ്റുള്ളവര്‍ക്ക് ചെയ്യാനുണ്ടായിരുന്നതെന്ന് ചുരുക്കിപ്പറഞ്ഞാല്‍ അത് തെറ്റാവില്ല. ഏതൊരു സംവിദാനത്തിന്‍റെയും വിജയം പൂര്‍ണമാകുന്നത് അതിനെ എല്ലാ കാലത്തും പ്രതിനിധീകരിക്കാനും പിന്തുടര്‍ച്ചകളേറ്റെടുക്കാനും ആളുകള്‍ രംഗത്ത് വരുമ്പോള്‍ മാത്രമാണെന്നത് പൊതു തത്വമാണ്. ഇതിവിടെ മുസ്ലിങ്ങളുടെ ചരിത്രത്തെയും വര്‍ത്തമാനത്തെയും വിലയിരുത്തുമ്പോള്‍ ഏറെ യോജിച്ച് വരുന്നുണ്ട്. മുഖദ്ദിമകള്‍ക്ക് ആവശ്യമില്ലാത്ത വിധം മുസ്ലിങ്ങള്‍ ചരിത്രത്തില്‍ നിന്നും ഏറെ പിറകോട്ട് സഞ്ചരിച്ചിട്ടുണ്ട്.
ഇസ്ലാമിക ചരിത്രത്തിന്‍റെ നാള്‍ വഴികളെയെടുത്ത് പരിശോധിച്ചാല്‍ നിരവധി ഭരണകൂടങ്ങളെ നമുക്ക് കാണാന്‍ സാധിക്കും.ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യ ദശകങ്ങളിലാണ് ഇത്തരം വ്യവസ്ഥിതി മുസ്ലിം ലോകത്ത് നിന്നും പടിയിറങ്ങുന്നത്.അതിന് ബാഹ്യമായും ആന്തരികമായുമുള്ള നിരവധി കാരണങ്ങളുണ്ട്.
ഇസ്ലാമിക ഖിലാഫത്തുകള്‍ കേവല രാഷ്ട്രത്തിന്‍റെ അതിര്‍ത്തി വികസിപ്പിക്കാന്‍ മാത്രമായിരുന്നില്ല നേതൃത്വം നല്‍കിയിരുന്നത്. അതിനേക്കാള്‍ പ്രാധാന്യം വൈജ്ഞാനിക പ്രസരണത്തിനുള്ള മാര്‍ഗങ്ങള്‍ സൃഷ്ടിക്കാനും പ്രോത്സാഹിപ്പിക്കാനും മുന്‍പന്തിയില്‍ നിന്നിരുന്നു. എന്നിരുന്നാലും ആരും മുന്നിട്ടിറങ്ങാത്ത കാലത്ത് ബൗദ്ധികമായ ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും മുതിരുകയും ചരിത്ര വികാസത്തിന് നാന്ദി കുറിക്കുകയും ചെയ്ത ആദ്യ കാലത്തെ മുസ്ലിം ഭരണകൂടങ്ങള്‍ പ്രകടിപ്പിച്ചത് പോലോത്ത ക്രിയാത്മക സമീപനങ്ങള്‍ പിന്നീടുള്ള കാലത്ത് കൂടുതല്‍ ദൃശ്യമായിട്ടില്ലെന്നതുമൊരു യാഥാര്‍ത്ഥ്യമാണ്.
വൈജ്ഞാനിക രംഗത്തെ മുസ്ലിം ഇടപെടലുകളെക്കുറിച്ച് അപഗ്രഥനം നടത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഹിജ്റ 132(എഡി.750) മുതല്‍ 656 (എഡി.1258) വരെ മുസ്ലിം ലോകത്തെ നിറ സാന്നിധ്യമായ അബ്ബാസി ഭരണ കൂടത്തെയാണ്. തഫ്സീറുകള്‍,ഹദീസ് പഠനങ്ങള്‍,ഫിഖ്ഹ് രചനകള്‍,തസ്വവ്വുഫ്,അഖീദ മറ്റു ശാസ്ത്ര ശാഖകള്‍ തുടങ്ങിയ എല്ലാ മേഖലകളും അഭിവൃദ്ധിപ്പെട്ട കാലമാണ് ഇത്.
ലോക ചരിത്രത്തിന്‍റെയും നാഗരികതയുടെയും വികാസത്തെ നിര്‍മാണാത്മകമായ രീതിയില്‍ അബ്ബാസീ ഖിലാഫത്തിന് കീഴിലെ ഇടപെടലുകള്‍ കൃത്യമായി സ്വാധീനിക്കുകയുണ്ടായി. അമവി ഖിലാഫത്തിന്‍റെ തകര്‍ച്ചക്ക് ശേഷമാണ് അബ്ബാസികള്‍ ചരിത്രത്തിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. പ്രമുഖ സഹാബി വര്യനായ അബ്ദുല്ലാഹിബ്നു അബ്ബാസിന്‍റെ പൗത്രന്‍ മുഹമ്മദ് ബ്നു അലിയുടെ പുത്രനാണ് ഹിജ്റ 132 ല്‍ ആദ്യമായി അധികാരത്തിലെത്തിയ അബ്ബാസി ഖലീഫയായ അബുല്‍ അബ്ബാസ് അസ്സഫാഹ്.
ക്രിസ്താബ്ദം ആറാം നൂറ്റാണ്ടിനും പന്ത്രാണ്ടാം നൂറ്റാണ്ടിനുമിടയിലെ മുസ്ലിങ്ങളുടെ ചരിത്രം അത്ഭുതത്തോടെ മാത്രമേ വായിക്കാനാവുകയുള്ളൂ. പ്രമുഖ ശാസ്ത്ര പണ്ഡിതനായ ജോര്‍ജ് സാള്‍ട്ടന്‍റെ വാക്കുകളിലൂടെത്തന്നെ അക്കാലത്ത് അറബികള്‍ ലോക നാഗരികതയില്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ച് നമുക്ക് മനസ്സിലാക്കാനാകുന്നതാണ്: “മൗലികവും ആശയ സമ്പന്നവും ആയ ഗ്രന്ഥങ്ങള്‍ രചിക്കപ്പെട്ടത് അറബിയിലാണ്. എട്ടാം നൂറ്റാണ്ടിന്‍റെ മധ്യം മുതല്‍ പതിനൊന്നാം നൂറ്റാണ്ടിന്‍റെ അന്ത്യം വരെ അറബിയായിരുന്നു മനുഷ്യ വംശത്തിന്‍റെ ശാസ്ത്രഭാഷ. ആ കാലഘട്ടത്തില്‍ ഏറ്റവും പുതിയ വിജ്ഞാനം കരസ്ഥമാക്കണമെന്നുള്ളവര്‍ അറബി പഠിക്കേണ്ടിയിരുന്നു. ജാബിറുബ്നുഹയ്യാന്‍,അല്‍ കിന്ദി,അല്‍ ഖവാരിസ്മി ,അല്‍ ഫര്‍ഗാനി,അല്‍ റാസി,സാബിതുബ്നുഖുറ,അല്‍ബത്താനി,ഹുനൈനുബ്നു ഇസ്ഹാഖ്,അല്‍ഫാറാബി,ഇബ്റാഹീമുബ്നു സിമാന്‍,അല്‍ മസ്ഊദി,ത്വബ്രി,അബുല്‍ വഫാ,അലിയ്യുബ്നുഅബ്ബാസ്,അബുല്‍ഖാസിം,ഇബ്നുഅല്‍ ജസ്സാര്‍,അല്‍ബിറൂണി,ഇബ്നുസീനാ,അല്‍ഖര്‍ഖി,ഇബ്നുഹൈസം,അലിയ്യുബ്നുഈസ,അല്‍ഗസാലി,അല്‍സര്‍ഖാലി,ഉമര്‍ഖയ്യാം ..പാശ്ചാത്യ ലോകത്ത് തുല്യരായ സമകാലികരില്ലാത്ത ഏതാനും മഹാപ്രതിഭകളെ മാത്രം ഇവിടെ ഓര്‍ക്കാം. ഈ പട്ടിക എത്ര വേണമെങ്കിലു നീട്ടാന്‍ പ്രയാസമില്ല. മധ്യകാലഘട്ടം ശാസ്ത്ര രംഗത്ത് വന്ധ്യമായിരുന്നു എന്ന് നിങ്ങളോട് ആരെങ്കിലും പറയുകയാണെങ്കില്‍ ഈ ആളുകളുടെ പേരുകള്‍ മാത്രം അവരോട് പറയുക. 750 നും 1100 നുമിടക്കുള്ള ഹൃസ്വ കാലത്താണ് ഇവരെല്ലാം ജീവിച്ചത്۔”
തുടക്കത്തില്‍ തന്നെ ഈ ഉദ്ധരണി നല്‍കിയത് മുസ്ലിം ലോകത്തിന്‍റെ ഇന്നലെകള്‍ എത്രമാത്രം ശോഭനമായിരുന്നു എന്നും അതില്‍ നിന്നും നാം എത്രമാത്രം പിന്നാക്കമാണ് സമകാലിക ലോകത്തിലെന്ന തിരിച്ചറിവ് മനസ്സിലുണരാന്‍ വേണ്ടിയുമാണ്. ഇരുട്ടിന്‍റെ ശക്തികള്‍ മാത്രം സാംസ്കാരികവും സാമൂഹികവും രാഷ്ട്രീയവുമായ രംഗങ്ങളില്‍ ആധിപത്യം ചെലുത്തിയിരുന്ന കാലത്ത് അറിവിന്‍റെ വെള്ളിവെളിച്ചവുമായി അറബികള്‍ മതം നല്‍കിയ പിന്തുണയിലൂടെ ബൗദ്ധിക വികാസം പ്രാപിച്ച് രംഗത്ത് വരികയായിരുന്നു.
അറബികളിലൂടെ പിന്നീട് ലോക നാഗരികത വഴി മാറിയൊഴുകുകയാണ് ചെയ്തത്. അറബ് ലോകം എത്രമാത്രം വൈജ്ഞാനിക രംഗത്ത് മുന്നിലായിരുന്നു എന്നതിനെക്കുറിച്ചറിയാന്‍ തോമസ് കാര്‍ലൈന്‍റെ വാക്കുകള്‍ കടമെടുത്താല്‍ മാത്രം മതിയാകും; “അറബ് ദേശത്തിന് തമസ്സില്‍ നിന്ന് പ്രകാശത്തിലേക്കുള്ള പിറവിയായിരുന്നു അത്. അത് മുഖേനയാണ് ആദ്യം അറേബ്യക്ക് ജീവന്‍ കൈവന്നത്. ലോകാരംഭം മുതല്‍ അതിന്‍റെ മരുഭൂമികളില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ അലഞ്ഞു നടന്ന പാവം പിടിച്ച അജപാലകന്മാര്‍. അവര്‍ക്ക് വിശ്വസിക്കാനാകുന്ന ഒരു വചനവുമായി ഒരു പ്രവാചകന്‍ അവര്‍ക്കിടയിലേക്ക് അയക്കപ്പെട്ടു. നോക്കൂ,ശ്രദ്ധിക്കപ്പെടാതിരുന്നത് ലോക ശ്രദ്ധ നേടുന്നു. ചെറുത് ലോകത്തോളം വലുതാകുന്നു. അതിന് ശേഷം ഒരു നൂറ്റാണ്ടിനുള്ളില്‍ അറേബ്യ ഒരറ്റത്ത് ഗ്രാനഡ മുതല്‍ മറ്റേയറ്റത്ത് ഡല്‍ഹി വരെ,ധീരതയിലും പ്രൗഢിയിലും പ്രതിഭയുടെ പ്രകാശത്തിലും ലോകത്തിന്‍റെ വലിയൊരു ഭാഗത്ത് തിളങ്ങി നില്‍ക്കുന്നു. മഹിതമായൊരു വിശ്വാസത്തിലെത്തിപ്പെടുന്നതോടെ ഒരു ദേശത്തിന്‍റെ ചരിത്രം പുഷ്ക്കലമാകുന്നു. ആത്മീയൗന്നത്യവും മഹത്വവും നേടുന്നു.ഈ അറബികള്‍ ,മുഹമ്മദ് എന്ന മനുഷ്യന്‍,ആ ഒരു നൂറ്റാണ്ട്. അഗണ്യവും ഇരുണ്ടതുമായ ഒരു ലോകത്ത് തീപ്പൊരി വീണത് പോലെ ആയിരുന്നില്ലേ അത്?.പക്ഷെ നോക്കൂ;പൊട്ടിത്തെറിക്കുന്ന വെടിമരുന്നായി ഡല്‍ഹി മുതല്‍ ഗ്രാനഡ വരെ അത് ആകാശം മുട്ടെ കത്തിജ്ജ്വലിക്കുന്നു. ഞാന്‍ പറഞ്ഞു;മഹാത്മാവ് എന്നും ആകാശത്ത് നിന്ന് മിന്നല്‍ പിണര്‍ വരുന്നത് പോലെ ആയിരുന്നു.മറ്റുള്ളവര്‍ അദ്ദേഹത്തിനായി കാത്തു നിന്നു.ഇന്ധനം തീയെ എന്ന പോലെ അവര്‍ക്കും ജ്വാലയാകാന്‍”
വിശുദ്ധ ഖുര്‍ആനായിരുന്നു അവരുടെ അറിവിന്‍റെ അക്ഷയഖനിയായി വര്‍ത്തിച്ചത്. അന്ധകാര നിബിഢമായ മണ്ണിലും മനസ്സിലും വെളിച്ചത്തിന്‍റെ കണങ്ങള്‍ പ്രസരിപ്പിക്കാന്‍ ഖുര്‍ആനികായത്തുകള്‍ക്ക് അതിവേഗം സാധിക്കുകയുണ്ടായി.
ഭൂമിയുടെയും ആകാശത്തിന്‍റെയും സൃഷ്ടിപ്പിനെക്കുറിച്ചും അതിന്‍റെ പിന്നിലടങ്ങിയിരിക്കുന്ന ദൃഷ്ടാന്തങ്ങളെക്കുറിച്ചും അല്ലാഹു നിരക്ഷരനായ ഒരു ദൂതനിലൂടെ വെളിപ്പെടുത്തിയപ്പോള്‍ ജീവിതത്തിന്‍റെ കേവലതകള്‍ക്കപ്പുറം വിശാലമായ മേഖലകളിലേക്ക് അവരുടെ മനസ്സും ശരീരവും എടുത്തെറിയപ്പെടുകയായിരുന്നു. അറിവിന്‍റെയുള്ളറകളിലേക്ക് വെളിച്ചം വീശുന്ന വചനാമൃതുകള്‍ അറബികള്‍ക്ക് മുന്നിലവതരിപ്പിക്കപ്പെട്ടപ്പോള്‍ അതിന്‍റെ യാഥാര്‍ത്ഥ്യങ്ങളിലേക്ക് അന്വേഷണത്വരയുമായി അവര്‍ കടന്നുചെല്ലുകയായിരുന്നു. പ്രകൃകി സത്യങ്ങള്‍ അങ്ങനെ അവര്‍ക്ക് മുന്നില്‍ മലര്‍ക്കെ തുറക്കപ്പെട്ടു. അവരെ പ്രചോദിപ്പിച്ച ചില ആയത്തുകള്‍ കാണുക۔
“ഭൂമിയെ വിശാലമാക്കിയതും പര്‍വതങ്ങളും നദികളും സൃഷ്ടിച്ചതും അവന്‍. സകല ഇനം പഴങ്ങളും അവന്‍ സൃഷ്ടിച്ചു.അവയെ അവന്‍ ജോഡികളാക്കുകയും ചെയ്തു.രാവുകൊണ്ട് പകലിനെ അവന്‍ മൂടുന്നു.ചിന്തിക്കുന്നവര്‍ക്ക് ഇതിലെല്ലാം ദൃഷ്ടാന്തങ്ങളുണ്ട്. ഭൂമിയില്‍ അടുത്തു കിടക്കുന്ന പറമ്പുകള്‍,മുന്തിരിത്തോപ്പുകള്‍,കൃഷിയിടങ്ങള്‍ തനിച്ചും കൂട്ടായും വളരുന്ന കാരക്ക മരങ്ങള്‍ എല്ലാറ്റിനെയും നനക്കുന്നത് ഒരേ വെള്ളം കൊണ്ട്. എന്നാലോ ചിലതിന് ചിലതിനെക്കാള്‍ വിശിഷ്ടമായ രുചി നാം നല്‍കുന്നു.”
“നിശ്ചയമായും ചിന്തിക്കുന്ന ജനതക്ക് ഇതില്‍ അടയാളമുണ്ട്.” (13; 3,)
“ഒട്ടകത്തെ അവര്‍ നോക്കുന്നില്ലേ,അതെങ്ങെനെയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന്.ആകാശത്തേക്ക് അതെങ്ങനെയാണ് ഉയര്‍ത്തപ്പെട്ടിരിക്കുന്നതെന്ന്,പര്‍വ്വതങ്ങളിലേക്ക് അതെങ്ങനെയാണ് സ്ഥാപിക്കപ്പെട്ടിരിക്കുന്നതെന്ന്, ഭൂമിയിലേക്ക് അതെങ്ങനെയാണ് വിതാനിക്കപ്പെട്ടിരിക്കുന്നതെന്ന്(86;17,20)”
“നിങ്ങള്‍ക്ക് വേണ്ടി ഭൂമിയെ തൊട്ടിലാക്കുകയും നിങ്ങള്‍ക്ക് അതില്‍ വഴികള്‍ ഉണ്ടാക്കിത്തരികയും ആകാശത്ത് നിന്ന് വെള്ളം ഇറക്കിത്തരികയും ചെയ്തവനത്രെ അവന്‍. അതുമൂലം വ്യത്യസ്ത ഇനങ്ങളില്‍ പെട്ട സസ്യ ഇണകളെ ഉല്‍പാദിപ്പിക്കുകയും ചെയ്തു. നിങ്ങള്‍ തിന്നുകയും കന്നുകാലികളെ മേയ്ക്കുകയും ചെയ്തു കൊള്ളുക.ബുദ്ധിമാന്മാര്‍ക്ക് അതില്‍ ദൃഷ്ടാന്തങ്ങളുണ്ട്(20;53,54)”
“നിശ്ചയം ആകാശ ഭൂമികളുടെ സൃഷ്ടിപ്പിലും രാപലുകളുടെ മാറിവരവിലും ചിന്തിക്കുന്നവര്‍ക്ക് ദൃഷ്ടാന്തമുണ്ട്”(അല്‍ ബഖറ)
ഇങ്ങനെ ഭൂമിയെക്കുറിച്ചും ആകാശത്തെക്കുറിച്ചും പ്രകൃതിയിലെ മറ്റു സംവിധാനങ്ങളെക്കുറിച്ചും അവയുടെ സൃഷ്ടിപ്പിന് പിന്നിലെ രഹസ്യങ്ങളെക്കുറിച്ചുമെല്ലാം വിശുദ്ധ ഖുര്‍ആന്‍ നിരവധി സ്ഥലങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്.
പ്രകൃതിയെക്കുറിച്ചുള്ള ഇത്തരം വീക്ഷണങ്ങളാണ് ഇസ്ലാമിക ലോകത്തെ വൈജ്ഞാനിക മുന്നേറ്റത്തിന്‍റെ അടിത്തറയായി വര്‍ത്തിച്ചത്. അമവി ഖിലാഫത്തിന്‍റെ കാലഘട്ടത്തില്‍ തന്നെ ശാസ്ത്ര രംഗത്തേക്കുള്ള രംഗപ്രവേശം മുസ്ലിങ്ങള്‍ ആരംഭിച്ചിരുന്നു. വിദേശ രാഷ്ട്രങ്ങളില്‍ പോയി വിവിധ വിജ്ഞാന പ്രദമായ ഗ്രന്ഥങ്ങള്‍ ശേഖരിക്കാനും അത് അറബിയിലേക്ക് ഭാഷാന്തരം നടത്തുവാനും പ്രത്യേകമാളുകളെ ഭരണകൂടം ചുമതലപ്പെടുത്തുകയുണ്ടായി. അങ്ങനെയാണ് അരിസ്റ്റോട്ടില്‍ പ്ലേറ്റോ യൂക്ലിഡ്,ടോളമി ഗാലന്‍ ഹിപ്പോക്രാറ്റസ് തുടങ്ങിയവരുടെ കൃതികള്‍ക്ക് അറബികള്‍ക്കിടയില്‍ പ്രചാരം ലഭിക്കുന്നത്. ബഗ്ദാദ് ആയിരുന്നു അബ്ബാസി ഖിലാഫത്തിന് കീഴിലെ വൈജ്ഞാനിക സംരംഭങ്ങളുടെ തലസ്ഥാനം.ഈ കേന്ദ്രത്തിലൂടെയാണ് ഇസ്ലാമിക ലോകത്തേക്കും അതിന്‍റെ അതിരുകള്‍ക്കപ്പുറത്തേക്കും അറിവിന്‍റെ കുളിര്‍തെന്നലുകള്‍ അടിച്ചുവീശിയത്.
ക്രിസ്താബ്ദം 762 ല്‍ ഖലീഫ അബൂജഅ്ഫറിന്‍റെ നേതൃത്വത്തിലാണ് ഈ നഗരം പണികഴിക്കപ്പെട്ടത്.വൈജ്ഞാനിക രംഗത്തെ കുതിച്ചുചാട്ടമാണ് മന്‍സൂറിന്‍റെ നേതൃത്വത്തില്‍ പിന്നീട് ബഗ്ദാദില്‍ പ്രകടമായത്.നിരവധി യവന ശാസ്ത്രജ്ഞാന്മാരുടെ കൃതികള്‍ അറബിയിലേക്ക് മൊഴിമാറ്റം നടത്താന്‍ ഖലീഫ ശമ്പളം നല്‍കി ആളുകളെ ഏല്‍പ്പിക്കുകയുണ്ടായി. എ.ഡി.773 ല്‍ സിദ്ധാന്ത എന്ന ഇന്ത്യന്‍ ഗോള ശാസ്ത്ര കൃതി അറബിയിലേക്ക് ഭാഷാന്തരം നടത്താന്‍ ഖലീഫ കല്‍പ്പിക്കുകയുണ്ടായി.
മുഹമ്മദുബ്നു ഇബ്റാഹീം അല്‍ഫസാരിയുടെ നേതൃത്വത്തില്‍ അതിന്‍റെ ഭാഷാന്തരം നിര്‍വ്വഹിക്കപ്പെട്ടതോടെ ഗോള ഗണിത ശാസ്ത്ര സംബന്ധിയായ പുതിയ ലോകം അവിടെ തുറക്കപ്പെട്ടു. വിദേശ ഭാഷകളിലെ കൃതികളുടെ വിവര്‍ത്തനത്തിന് വേണ്ടി ബൈത്തുല്‍ ഹിക്മ എന്ന വൈജ്ഞാനിക കേന്ദ്രത്തിന് അടിത്തറ പാകിയത് ഖലീഫ മന്‍സൂറാണ്. ഭാഷാന്തരം നടത്തിയ കൃതികളുടെ തൂക്കത്തിനനുസരിച്ച് വിവര്‍ത്തകന്മാര്‍ക്ക് സ്വര്‍ണ്ണം പ്രതിഫലമായി നല്‍കിയെന്നറിയുമ്പോള്‍ മുസ്ലിങ്ങളുടെ അറിവിന് വേണ്ടിയുള്ള അത്യാഗ്രഹം എത്രമാത്രം സമ്പന്നമായിരുന്നുവെന്നത് നമുക്ക് ഊഹിക്കാവുന്നതിലുമപ്പുറമാണ്.
ഖലീഫ ഹാറൂന്‍ റഷീദ് ഏഷ്യാ മൈനറിലെ അങ്കാറ,അമോറിയ തുടങ്ങിയ പ്രദേശങ്ങള്‍ കീഴടക്കിയപ്പോള്‍ അവിടെത്തുകാര്‍ സന്ധിയാവശ്യപ്പെടുകയുണ്ടായി. ഈ സന്ദര്‍ബത്തില്‍ അവരുടെ കൈവശമുണ്ടായിരുന്ന ഗ്രീക്ക് കയ്യെഴുത്ത് കൃതികള്‍ പകരം നല്‍കണമെന്നായിരുന്നു ഖലീഫ അവരോട് ആവശ്യപ്പെട്ടത്. ഇതിന് തുല്യമായ ഒരു സമീപനം ലോക ചരിത്രത്തില്‍ ഇന്നേ വരെ അനുഭവ വേദ്യമായിട്ടില്ല. അതുപോലെ ബൈസന്‍റിയന്‍ ചക്രവര്‍ത്തിയോട് ഖലീഫ മഅ്മൂന്‍ ആവശ്യപ്പെട്ട നഷ്ടപരിഹാരം പ്രാചീന ഗ്രന്ഥങ്ങള്‍ സൂക്ഷിച്ച് വെച്ച ഗ്രന്ഥപ്പുര തുറന്നുനല്‍കണമെന്നായിരുന്നു. ഇക്കാലത്ത് ബഗ്ദാദില്‍ മാത്രം ആയിരക്കണക്കിന് ലൈബ്രറികളുണ്ടായിരുന്നതായി ചരിത്ര രേഖകളില്‍ കാണാവുന്നതാണ്. എഡി.813 മുതല്‍ 833 വരെ ഭരണം നടത്തിയ ഖലീഫ മഅ്മൂന്‍റെ ഭരണകാലത്താണ് ബഗ്ദാദ് പ്രസിദ്ധിയുടെ പരമകാഷ്ഠ പ്രാപിച്ചത്. ബഗ്ദാദിന്‍റെ സുവര്‍ണ കാലമായിരുന്നു അത്.
രണ്ട് ലക്ഷം ദീനാര്‍ ചെലവഴിച്ച് ബൈത്തുല്‍ ഹിക്മ അദ്ദേഹം പരിഷ്കരിച്ചു.വ്യത്യസ്ത വിജ്ഞാന ശാഖകളുടെ നേതൃത്വം ഓരോ പണ്ഡിതന്മാരെ ഏല്‍പിച്ചു. ഇക്കാലത്ത് ബഗ്ദാദിനെ പോലെ പുതിയ വൈജ്ഞാനിക പ്രസരണ കേന്ദ്രങ്ങള്‍ ഉയര്‍ന്നുവന്നു. ഖൈറോ,ഡമസ്കസ്,കോര്‍ഡോവ തുടങ്ങിയവയും മുസ്ലിങ്ങളുടെ ജ്ഞാന തൃഷ്ണയുടെ നിലക്കാത്ത പ്രവാഹ കേന്ദ്രങ്ങളായി മാറി. 1258 ല്‍ മംഗോളിയക്കാര്‍ ബഗ്ദാദ് അക്രമിച്ച് കീഴടക്കുന്നത് വരെ ലോക നാഗരികതയുടെ അടിസ്ഥാന കേന്ദ്രമായി ആ നാട് ജ്വലിച്ചു നിന്നു. ഇനി അബ്ബാസി ഖിലാഫത്തിന് കീഴില്‍ വളര്‍ന്നു പന്തലിച്ച വിവിധ വൈജ്ഞാനിക സംരംഭങ്ങളിലേക്ക് ചെറിയൊരു എത്തിനോട്ടം നടത്താം.
വൈദ്യ ശാസ്ത്രത്തെക്കുറിച്ചുള്ള ബാല പാഠം പോലും യൂറോപ്യര്‍ക്ക് അജ്ഞാതമായിരുന്ന കാലത്താണ് മുസ്ലിങ്ങള്‍ ആ രംഗത്ത് വിജയക്കൊടി നാട്ടിയത്. ഇബ്നുസീന,ഇമാം റാസി,അലിയ്യുത്തബ്രി,ഹുനൈനുബ്നു ഇസ്ഹാഖ്,അലിയ്യുബ്നു ഈസാ,അലിയ്യുബ്നുഅബ്ബാസ്,ഇബ്നുവാഫിദ് തുടങ്ങിയവരായിരുന്നു ഈ രംഗത്ത് പ്രശോഭിച്ച് നിന്ന വൈദ്യശാസ്ത്ര വിഷാരദന്മാര്‍.
അബ്ബാസി ഖിലാഫത്തിന്‍റെ കാലത്താണ് വൈദ്യശാസ്ത്രം പുരോഗതിയുടെ ഉത്തുംഗതയിലെത്തിയത്. ഖലീഫയായിരുന്ന അല്‍ മുഖ്തര്‍ ബില്ലാഹ് വൈദ്യശാസ്ത്രജ്ഞനായിരുന്ന സിനാനുബ്നുസാബിത്തിനോട് രാജ്യത്തെ എല്ലാ ഡോക്ടര്‍ക്കും ടെസ്റ്റ് നടത്താനും അര്‍ഹരായവര്‍ക്ക് മാത്രം യോഗ്യതാസര്‍ട്ടിഫിക്കറ്റ് ഏര്‍പ്പെടുത്താനും കല്‍പ്പിക്കുകയുണ്ടായി. യൂറോപ്പില്‍ രോഗം വന്ന അവയവം മുറിച്ച് മാറ്റിയിരുന്ന കാലത്താണ് ഇതെന്നോര്‍ക്കണം. ഹുനൈനുബ്നുഇസ്ഹാഖ് രചിച്ച അശ്റുമഖാലാത്ത് ഫില്‍ ഐന്‍ എന്ന ഗ്രന്ഥം നേത്ര ചികിത്സാരംഗത്ത് പുത്തന്‍ ചുവട് വെപ്പായിരുന്നു.
അലിയ്യുബ്നുഈസാ എന്ന കണ്ണുരോഗ വിദഗ്ദന്‍റെ സംഭാവന ഇന്നും വൈദ്യശാസ്ത്ര രംഗത്ത് സ്മരിക്കപ്പെടുന്നുണ്ട്. അദ്ദേഹത്തിന്‍റെ തദ്കിറത്തുല്‍ കുഹാലീന്‍ എന്ന കൃതി പതിനെട്ടാം നൂറ്റാണ്ട് വരെ യൂറോപ്യന്‍ യൂണിവേഴ്സ്റ്റികളില്‍ പഠിപ്പിക്കപ്പെട്ടിരുന്നു. അതുപോലെത്തന്നെ പത്താം നൂറ്റാണ്ടുകാരനായ അലിയ്യുബ്നുഅബ്ബാസ് രചിച്ച കാമിലുസ്സിനാഅയും യോഹന്നാനുബ്നു മാസവൈഹിയുടെ ജാമിഉത്തിബ്ബും തര്‍ക്കീബുത്വബഖാത്തില്‍ ഐനും വൈദ്യശാസ്ത്ര രംഗത്തെുതിച്ചുചാട്ടങ്ങള്‍ക്ക് വിത്ത് പാകുകയുണ്ടായി. മുസ്ലിം വൈദ്യ ശാസ്ത്ര രംഗത്തെ അദ്വിതീയനായ്യക്തിത്വമാണ് ഇമാം റാസി. ഇദ്ദേഹത്തിന്‍റെന കാല്‍ചുവട്ടില്‍ നിന്നുമാണ് യൂറോപ്പ് വൈദ്യശാസ്ത്രത്തിന്‍റെ അടിസ്ഥാന തത്വങ്ങള്‍ മനസ്സിലാക്കിയതെന്ന് പറഞ്ഞാല്‍ തെറ്റാവില്ല.
ഈ രംഗത്ത് ഇരുനൂറിലേറെ ഗ്രന്ഥങ്ങള്‍ അദ്ദേഹം രചിക്കുകയുണ്ടായി. കിതാബുത്തിബ്ബില്‍ മന്‍സൂരി മഹാന്‍റെ പ്രസിദ്ധമായ കൃതിയാണ്. അതുപോലെത്തന്നെ മറ്റൊരു പ്രധാനപ്പെട്ട കൃതിയായ അല്‍ജുദ്രി വല്‍ഹസ്ബ് യൂറോപ്യന്മാര്‍ക്ക് മുന്നില്‍ വിജ്ഞാനത്തിന്‍റ വാതായനങ്ങള്‍ തുറക്കുകയുണ്ടായി. ഇത് 1848 ല്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുകയുണ്ടായി. വൈദ്യശാസ്ത്ര രംഗത്തെ സകല വിജ്ഞാനീയങ്ങളുടെയും അടിസ്ഥാനങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന അല്‍ ഹാവിയാണ് അദ്ദേഹത്തിന്‍റെ ഏറ്റവും പ്രസിദ്ധമായ ഗ്രന്ഥം. ഉാസിയെപ്പോലെ പ്രശോഭിച്ച മറ്റൊരു വൈദ്യശാസ്ത്ര വിഷാരദനാണ് ഇബ്നു സീന.
അബൂ അലിയ്യുല്‍ ഹസന്‍ എന്നാണ് യഥാര്‍ത്ഥ നാമം. കേവലം വൈദ്യ രംഗത്ത് മാത്രമായിരുന്നില്ല അദ്ദേഹത്തിന്‍റെ ഇടപെടല്‍. മറിച്ച് അന്ന് നിലവിലുണ്ടായിരുന്ന സകല വൈജ്ഞാനിക മേഖലകളിലും എന്നും സ്മരിക്കപ്പെടുന്ന കയ്യൊപ്പ് ചാര്‍ത്താന്‍ ഇബ്നുസീനക്കായി. അദ്ദേഹത്തിന്‍റെ അല്‍ ഖാനൂനു ഫിത്തിബ്ബിന് മുന്നില്‍ യൂറോപ്പ് നമ്രശിരസ്കരാവുകയാണ് ചെയ്തത്. അടുത്ത കാലം വരെ പാശ്ചാത്യ ലോകത്തെ പ്രശസ്തമായ യൂണിവേഴ്സ്റ്റികളില്‍ പാഠ്യ വിഷയമായിരുന്നു അബ്ബാസീ കാലഘട്ടത്തിലെ ഈ ഭിഷഗ്വരന്‍റെ അല്‍ ഖാനൂനുഫിത്തിബ്ബ്. 750 ലധികം ഔഷധങ്ങളെക്കുറിച്ച് ഇതില്‍ പ്രതിപാദിക്കുന്നുണ്ട്. പ്രമുഖ പാശ്ചാത്യ പണ്ഡിതനായ ഡോക്ടര്‍ ഓസ്ലര്‍ ഇബ്നുസീനയുടെ ഈ മാസ്റ്റര്‍ പീസ് കൃതിയെക്കുറിച്ച് പറഞ്ഞത് “എ മെഡിക്കല്‍ ബൈബിള്‍ ഫോര്‍ ലോങ്ങര്‍ പീരീഡ് ദാന്‍ എനി വര്‍ക്ക്” (കാലങ്ങളോളം ആധികാരികമായി നില നിന്ന മെഡിക്കല്‍ ബൈബിള്‍ )എന്നാണ്.
കിതാബുശിഫ,അല്‍ അദ്വിയ്യത്തുല്‍ ഖല്‍ബിയ്യ,കിതാബുല്‍ ഇശാറാത്തി വത്തന്‍ബീഹാത്ത് തുടങ്ങിയവ മഹാന്‍റെ പ്രസിദ്ധ രചനകളില്‍ ചിലത് മാത്രമാണ്. വൈദ്യശാസ്ത്രത്തെ പോലെ മുസ്ലിങ്ങള്‍ അടിസ്ഥാനമിടുകയും വിജയക്കൊടി നാട്ടുകയും ചെയ്ത മേഖലയാണ് രസതന്ത്രം. ഈ മേഖലയില്‍ വെട്ടിത്തിളങ്ങുന്ന എട്ടാം നൂറ്റാണ്ടില്‍ യൂറോപ്പ് ഇരുട്ടില്‍ മുങ്ങിത്താഴുകയായിരുന്നു. ജാബിറുബ്നുഹയ്യാനാണ് ഏറ്റവും പ്രമുഖനായ രസതന്ത്രജ്ഞന്‍. കിതാബുറഹ്മാന്‍, അസ്സബാഖുശര്‍ബി, കിതാബുത്തജസ്സി തുടങ്ങിയവ അദ്ദേഹത്തിന്‍റെ പ്രധാന രചനകളാണ്. പല രാസ പദാര്‍ത്ഥങ്ങളും അദ്ദേഹം തന്‍റെ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ കണ്ടെത്തിയിട്ടുണ്ട്. നിഗൂഢതകള്‍ നിറഞ്ഞിരുന്ന പാശ്ചാത്യലോകത്തെ രസതന്ത്രവുമായി ബന്ധപ്പെട്ട ആശയങ്ങളെ സ്ഫുടം ചെയ്തെടുത്തത് മുസ്ലിങ്ങളായിരുന്നു.
മുഹമ്മദുല്‍ ഹാസിബ്,റാസി,ഇബ്നുസീന തുടങ്ങിയവരും ഈ രംഗത്ത് ശ്രദ്ധേയമായ സംഭാവനകള്‍ അര്‍പ്പിച്ചവരാണ്. ജന്തു ശാസ്ത്രം,സസ്യ ശാസ്ത്രം എന്നീ ശാഖകളും മുസ്ലിങ്ങളുടെ കരവലയത്തിനുള്ളില്‍ സുവര്‍ണ്ണ ശോഭയുള്ളതായി മാറി. മുഹമ്മദുല്‍ ശാഫിഖിയുടെ അല്‍ അദ്വിയ്യത്തുല്‍ മുഫ്റദും,ഇബ്നുസീനയുടെ കിതാബുശിഫായും ഇബ്നുല്‍ അവ്വാമിന്‍റെ അല്‍ഫലാഹയും അബ്ദുല്ലാ അഹ്മദുബ്നുബൈത്താറിന്‍റെ അല്‍ മുഗ്നി ഫീ അദ്വിയ്യത്തില്‍ മുഫ്റദും ഇബ്നുഹബ്ശിയ്യയുടെ ഹിലാഹത്തുന്നബാത്തിയ്യയും സസ്യ ശാസ്ത്രം,ജന്തു ശാസ്ത്രം,വൈദ്യ ശാസ്ത്രം,ഗോള ശാസ്ത്രം എന്നീ മേഖലയില്‍അതുല്യമായ സംഭാവനകളര്‍പ്പിച്ച കൃതികളാണ്. ഈ രംഗത്ത് ആധുനിക ശാസ്ത്രം ഇന്ന് അടിസ്ഥാനമായി സ്വീകരിക്കുന്ന പല സിദ്ധാന്തങ്ങളുടെയും പ്രപിതാക്കള്‍ മുസ്ലിങ്ങളും അവരുടെ ഗ്രന്ഥങ്ങളുമായിരുന്നുവെന്നത് സുതരാം വ്യക്തമാണ്. ഗണിത ശാസ്ത്രത്തിലും മുസ്ലിങ്ങളുടെ സംഭാവനകള്‍ ജാജ്ജ്വല്യമാനമാണ്. ഗ്രീക്ക് ,ബാബിലോണിയ, ഇന്ത്യ തുടങ്ങിയ നാടുകളിലെ ഈ രംഗത്തെ വിജ്ഞാനീയങ്ങളില്‍ നിന്നും ലഭ്യമായ വിവരങ്ങള്‍ കൂടി മുസ്ലിങ്ങള്‍ക്ക് ഈ മേഖലയില്‍ പ്രചോദനമായിട്ടുണ്ട്.
അല്‍ഖവാരിസ്മി,സാബിത്തുബ്നുഖുറ,ഉമയ്യുബ്നുഅബിസ്സ്വല്‍ത തുടങ്ങിയവര്‍ ഈ മേഖലയെ പ്രശോഭിപ്പിച്ചവരാണ്. അടിസ്ഥാന അക്കങ്ങള്‍ ലോകത്തിന് പരിചയപ്പെടുത്തിയത് മുസ്ലിങ്ങളാണെന്നത് പാശ്ചാത്യ ലോകം തന്നെ അംഗീകരിച്ച യാഥാര്‍ത്ഥ്യമാണ്.
ഖലീഫ മന്‍സൂറിന്‍റെ കാലഘട്ടത്തില്‍ ഇന്ത്യക്കാരനായ ഗണിത ശാസ്ത്രജ്ഞന്‍ സമര്‍പ്പിച്ച സിദ്ധാന്തയെന്ന ഗ്രന്ഥത്തിലൂടെയാണ് അറബികള്‍ ഈ രംഗത്ത് കുതിച്ചു ചാട്ടം നടത്തിയത്. ഖവാരിസ്മിയുടെ അല്‍ ജബ്ര്‍ വല്‍ മുഖാബല എന്ന കൃതി പാശ്ചാത്യ ലോകത്ത് വലിയ സ്വാധീനമാണ് ചെലുത്തിയത്. അള്‍ജിബ്രയെന്ന പദം യൂറോപ്പിന് അനുഭവിക്കാനായത് ഈ കൃതിയിലൂടെയാണ്. ഗോള ശാസ്ത്ര രംഗത്തെ മുസ്ലിങ്ങളുരടെ ഇടപെടലുകള്‍ അത്ഭുതാവഹമാണ്.
വിശുദ്ധ ഖുര്‍ആനിലെ ഇതു സംബന്ധിയായ നിരവധി ആയത്തുകള്‍ അവര്‍ക്ക് പ്രചോദനമേകുകയുണ്ടായി. ഖലീഫ മഅ്മൂന്‍റെ കാലത്ത് തന്നെ നിരവധി വാന നിരീക്ഷണ കേന്ദ്രങ്ങള്‍ സ്ഥാപിക്കപ്പെട്ടു. ബൈത്തുല്‍ ഹിക്മയില്‍ ഇതിന് വേണ്ടി പ്രത്യേക ആളെത്തന്നെ ചുമതലപ്പെടുത്തുകയുണ്ടായി. അബുല്‍ അബ്ബാസ് മുഹമ്മദുബ്നു ഖാദിര്‍ അല്‍ ഫര്‍ഗാനി യുടെ നേതൃത്വത്തിലാണ് വാന നിരീക്ഷണം നടത്തിയിരുന്നത്. അദ്ദേഹത്തിന്‍റെ ഹറക്കാത്തുസ്സമാവിയ്യ വല്‍ ജാമിഉ ഇല്‍മിന്നുജൂം എന്ന കൃതി ഈ രംഗത്ത് വലിയ സംഭാവനയാണര്‍പ്പിച്ചത്. ഈ മേഖലയില്‍ മുസ്ലിങ്ങളര്‍പ്പിച്ച ഏറ്റവും വലിയ സംഭാവനയാണ് ആസ്ട്രോലാബുകള്‍. ഇതിന്‍റെ ബാല പാഠങ്ങള്‍ മുസ്ലിങ്ങളാണ് യൂറോപ്പിന് പകര്‍ന്നു നല്‍കിയത്. ഇബ്നുഖല്‍ദൂനെ പോലുള്ള സോഷ്യോളജിസ്റ്റുകള്‍ ഇസ്ലാമിക നാഗരികതയുടെ സൃഷ്ടിയാണ്.
ഇദ്ദേഹത്തിന്‍റെ സംഭാവനകള്‍ ലോക ചരിത്രത്തിന്‍റെ വികാസത്തില്‍ ചെലുത്തിയ സ്വാധീനം അദ്വിതീയമാണ്. ഇസ്ലാം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് വളരാന്‍ തുടങ്ങിയതനുസരിച്ച് വിവിധ വിജ്ഞാനീയങ്ങളും പുഷ്ടിപ്പെടാന്‍ തുടങ്ങി. ധൈഷണിക വ്യാപാരത്തിന്‍റെ കേന്ദ്രങ്ങളായി പുതിയ മേഖലകള്‍ രംഗപ്രവേശം ചെയ്തു. മുസ്ലിം സ്പെയിനിന്‍റെ ശോഭനമായ ചിത്രങ്ങള്‍ ലോക ചരിത്രത്തില്‍ തുല്യതയില്ലാത്ത ഒന്നായിരുന്നു. കോര്‍ഡോവയും ഗ്രാനഡയും ടോളിഡോയും മുസ്ലിം വിജ്ഞാനീയങ്ങളുടെ ലോകത്തേക്ക് തുറന്നുവെച്ച വാതിലുകളായി മാറി. ബഗ്ദാദിനെ പോലും വെല്ലുന്ന രീതിയില്‍ പ്രഭ പരത്തിയ നഗരമായിരുന്നു കോര്‍ഡോവയെന്ന് നെഹ്റു തന്‍റെ ഗ്ലിംപ്സസ് ഓഫ് വേള്‍ഡ് ഹിസ്റ്ററിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. സ്പെയിനിന്‍റെ തകര്‍ച്ചയോടെ മുസ്ലിങ്ങളുടെ സ്ഥാനം പാശ്ചാത്യര്‍ കയ്യടക്കുകയായിരുന്നു.
ഇതോടെ മുസ്ലിങ്ങളുടെ ശോഭനമായ അന്തരീക്ഷത്തിന് മങ്ങലേല്‍ക്കുകയുണ്ടായി. അറബികള്‍ രചിച്ച ശാസ്ത്ര കൃതികള്‍ പാശ്ചാത്യര്‍ അവരുടെ ഭാഷകളിലേക്ക് വിവര്‍ത്തനം നടത്തുകയും മുസ്ലിങ്ങളുടെ പങ്ക് തിരസ്കരിക്കുകയും എല്ലാത്തിന്‍റെയും പിതൃത്വം അവര്‍ ഏറ്റെടുക്കുകയും ചെയ്യുന്ന വിരോധാഭാസകരമായ രംഗങ്ങള്‍ക്കാണ് പിന്നീട് ചരിത്രം സാക്ഷിയായത്. ഇന്ന് വളരെ പരിതാപകരമായ അവസ്ഥയാണ് മുസ്ലിങ്ങള്‍ അഭിമുഖീകരിക്കുന്നത്. എല്ലാ രംഗത്തും ഇത് പ്രകടമാണ്.
ലോക നാഗരികതയുടെ വളര്‍ച്ചയെ നിര്‍മാണാത്മകമായി സ്വധീനിച്ച മുസ്ലിങ്ങളുടെ പിന്മുറക്കാരുടെ തിരിഞ്ഞു നടത്തം ഏറെ ശോചനീയമാണ്. ചരിത്രത്തെ അയവിറക്കുന്നത് ഉപ്പാപ്പാക്ക് ഒരു ആനയുണ്ടായിരുന്നു എന്ന ചിന്തയെ പോലെ അര്‍ത്ഥമില്ലാത്തതായി മാറരുതെന്ന ഉറച്ച ബോധ്യത്തോടെ പുതിയ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി മുന്നേറാന്‍ നമുക്ക് സാധിക്കട്ടെ.
Be the first to comment