റഫ: ഒമ്പത് മാസത്തിന് ശേഷം തെക്കന്‍ ഗസ്സയ്ക്കും ഈജിപ്തിനും ഇടയിലുള്ള അതിര്‍ത്തിയായ റഫ ഇസ്‌റാഈല്‍ തുറന്നു. പരുക്കേറ്റ ഗസ്സക്കാരെ ചികിത്സയ്ക്കായി ഈജിപ്തിലെത്തിച്ചു. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായാണ് അതിര്‍ത്തി തുറന്നത്. 50 രോഗികളെയാണ് ഇന്നലെ ഈജിപ്തിലെത്തിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ പേരെ ഈജിപ്തിലെത്തിച്ച് മികച്ച ചികിത്സ ലഭ്യമാക്കുമെന്ന് റെഡ്‌ക്രോസ് അറിയിച്ചു.
അതേസമയം,വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി നാലംഘട്ട തടവുകാരെ കൈമാറല്‍ പൂര്‍ത്തിയായി. ഹമാസ് 3 ഇസ്‌റാഈല്‍ തടവുകാരെ കൂടി മോചിപ്പിച്ചു. തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസില്‍ വച്ചാണ് ഇന്നലെ ഹമാസ് തടവുകാരെ മോചിപ്പിച്ചത്. 183 ഫലസ്തീന്‍ തടവുകാരെ ഇസ്‌റാഈലും മോചിപ്പിച്ചു.
ഫ്രഞ്ച്, ഇസ്‌റാഈല്‍ ഇരട്ടപൗരത്വമുള്ള ഒഫര്‍ കല്‍ഡെറോണ്‍, ഇസ്‌റാഈല്‍ പൗരന്‍ യര്‍ദെന്‍ ബിബാസ് എന്നിവരെയാണ് ഖാന്‍ യൂനിസില്‍ വച്ച് ഹമാസ് റെഡ് ക്രോസിന് കൈമാറിയത്. ഒരു മണിക്കൂറിന് ശേഷം ഇസ്‌റാഈല്‍, യു.എസ് ഇരട്ടപൗരത്വമുള്ള കെയ്ത് സെയ്‌ഗെലിനെയും ഗസ്സ സിറ്റിയില്‍ വച്ച് ഹമാസ് മോചിപ്പിച്ചു. ഇവരെ ഇസ്‌റാഈലിലെത്തിച്ചതിനു പിന്നാലെ 183 തടവുകാരെ ഇസ്‌റാഈല്‍ വിട്ടയച്ചു. ഇതില്‍ 73 തടവുകാര്‍ ദീര്‍ഘകാലം ജയില്‍വാസം അനുഭവിക്കുന്നവരാണ്.
വെസ്റ്റ്ബാങ്കിലെ രാമല്ലയിലാണ് 32 തടവുകാരുമായുള്ള ആദ്യ ബസ് ഇസ്‌റാഈലില്‍ നിന്നെത്തി. ഇവരില്‍ പ്രായമായ തടവുകാരുമുണ്ട്. ഇവരെ വീല്‍ചെയറിലാണ് എത്തിച്ചത്. 183 തടവുകാരില്‍ 111 പേരെയും ഇസ്‌റാഈല്‍ 2023 ഒക്ടോബര്‍ 7 ന് ശേഷം കടത്തിക്കൊണ്ടുപോയതാണ്. ഏഴ് പേരെ ഈജിപ്ത് വഴിയാണ് ഗസ്സയിലെത്തിച്ചത്. ഖാന്‍ യൂനിസിലെ യൂറോപ്യന്‍ ആശുപത്രിയില്‍ തടവുകാരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. ഇവര്‍ക്ക് നാട്ടുകാര്‍ വന്‍ സ്വീകരണമൊരുക്കിയിരുന്നു. 4,500 ഫലസ്തീനികളാണ് ഇസ്‌റാഈല്‍ തടവിലുള്ളത്.
Be the first to comment