ന്യൂഡല്‍ഹി: കേരളത്തിന് നിബന്ധനകളോടെ 5000 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കാമെന്ന നിലപാടിലുറച്ച് കേന്ദ്രം. തുക തികയില്ലെന്നും ചുരുങ്ങിയത് 10000 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കണമെന്നും കേരളവും സുപ്രിംകോടതിയില്‍ അറിയിച്ചു.
വായ്പയെടുക്കാനുള്ള കേരളത്തിന്റെ അവകാശം ഹനിക്കുന്നതാണ് കേന്ദ്ര നിലപാടെന്ന് കേരളം വാദിച്ചു. കേന്ദ്രം വാഗ്ദാനം ചെയ്ത 5000 കോടി വാങ്ങിക്കൂടെ എന്ന് കോടതി ചോദിച്ചു. വിശദ വാദം കേള്‍ക്കല്‍ വേണമെന്ന് കേരളം ആവശ്യപ്പെട്ടു. ഹരജിയില്‍ വാദം നടക്കട്ടെ എന്ന് കേന്ദ്രവും നിലപാടെടുത്തത്തോടെ 21 ന് വിശദമായ വാദം കേള്‍ക്കാമെന്ന് സുപ്രിംകോടതി അറിയിച്ചു. അന്ന് ഒന്നാമത്തെ കേസായി വാദം കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.
മറ്റു സംസ്ഥാനങ്ങള്‍ക്കൊന്നും നല്‍കാത്ത ഇളവുകളാണ് കേരളത്തിന് നല്‍കുന്നതെന്ന് കേന്ദ്രം ഓര്‍മിപ്പിച്ചു. മറ്റുള്ളവും ആവശ്യപ്പെട്ടെങ്കിലും മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായി ആര്‍ക്കും ഒന്നും കൊടുത്തിട്ടില്ലെന്ന് കേന്ദ്രം പറഞ്ഞു.
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ഒരു തവണത്തേക്കു കൂടുതല്‍ വായ്പയെടുക്കാന്‍ കേരളത്തെ അനുവദിക്കണമെന്ന് സുപ്രിംകോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കു വേണമെങ്കില്‍ കടുത്ത വ്യവസ്ഥകള്‍ ഏര്‍പ്പെടുത്താമെന്നും കോടതി നിര്‍ദേശിച്ചു. പ്രത്യേക സാഹചര്യത്തില്‍ ഇളവുനല്‍കുന്നതില്‍ എന്താണ് തെറ്റെന്നും കോടതി ചോദിച്ചിരുന്നു.
ഇന്നലെ കേരളത്തിന്റെ അഭിഭാഷകന്‍ കപില്‍ സിബലാണ് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെ വിഷയം ഉന്നയിച്ചത്. സുപ്രിംകോടതിയുടെ നിര്‍ദേശപ്രകാരം കേന്ദ്രവും സംസ്ഥാനവും നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതായി സിബല്‍ അറിയിച്ചു. ഇതോടെയാണ് കേരളത്തിന് പ്രത്യേക പരിഗണന നല്‍കുന്ന കാര്യം പരിഗണിക്കാന്‍ അറ്റോര്‍ണി ജനറല്‍ ആര്‍. വെങ്കട്ടരമണിയോട് കോടതി ആവശ്യപ്പെട്ടത്. സംസ്ഥാനങ്ങളെ സഹായിക്കുകയെന്ന ലക്ഷ്യമാണ് കേന്ദ്രത്തിനുള്ളതെന്ന കാര്യത്തില്‍ സംശയമില്ലെന്നും കേരളത്തിന്റെ വിഷയം പ്രത്യേക കേസായി പരിഗണിച്ചു കൂടെയെന്നും കോടതി ചോദിച്ചു.
25000 കോടി രൂപയുടെ പാക്കേജാണ് കേരളം ആവശ്യപ്പെടുന്നതെന്ന് അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി. മറ്റു സംസ്ഥാനങ്ങളും ഇതേ ആവശ്യവുമായി കോടതിയെ സമീപിക്കുന്ന സാഹചര്യമാണ് ഉണ്ടാകാന്‍ പോകുന്നത്. കോടതിയെ സമീപിച്ച സംസ്ഥാനങ്ങളെയും അല്ലാത്ത സംസ്ഥാനങ്ങളെയും രണ്ടായി കണ്ട് ഇളവ് നല്‍കാന്‍ സാധിക്കില്ലെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു. എന്താണ് ചെയ്യാന്‍ പറ്റുന്നതെന്ന് അറിയിക്കാന്‍ ഈ ഘട്ടത്തിലാണ് കോടതി നിര്‍ദേശിച്ചത്. ഇക്കാര്യത്തില്‍ നിങ്ങള്‍ക്ക് വ്യവസ്ഥകളില്‍ ചില ഇളവുകള്‍ നല്‍കാവുന്നതാണെന്നും അടുത്ത സാമ്പത്തിക വര്‍ഷം വേണമെങ്കില്‍ അതില്‍ മാറ്റംവരുത്തലുകള്‍ വരുത്താമെന്നും കോടതി നിര്‍ദേശിച്ചു. കേരളത്തിന്റെ അഭിഭാഷകന്‍ ഇതിനെ അനുകൂലിച്ചു.
നേരത്തേ 13,600 കോടി രൂപ സഹായം നല്‍കാമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. അതില്‍ 8000 കോടി രൂപ ഇതിനോടകം തന്നെ നല്‍കിയതായി കേന്ദ്രം അറിയിച്ചു. 5000 കോടി ഏപ്രില്‍ ഒന്നിനു നല്‍കാം. 4500 കോടി രൂപ ഊര്‍ജ മന്ത്രാലയം നല്‍കേണ്ടതുണ്ടെന്നും അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷം 32,432 കോടി രൂപയാണ് കേരളത്തിന് കടമെടുക്കാന്‍ കഴിയുക. സുപ്രിംകോടതിയില്‍ ഹരജി നല്‍കുന്നതിനു മുന്‍പു തന്നെ 34,230 കോടി രൂപ കടമെടുത്തു കഴിഞ്ഞു. ഊര്‍ജ മേഖലയിലെ പരിഷ്‌കാരങ്ങള്‍ക്കുള്ള വായ്പ കൂടി പരിഗണിച്ചാല്‍ കേരളത്തിന്റെ വായ്പാപരിധി ഈ വര്‍ഷം 48,049 കോടി ആകുമെന്നും കേന്ദ്രം അറിയിച്ചു.
Be the first to comment