
റിയാദ്: ഹിജാബ് വിഷയത്തിൽ കർണ്ണാടക്ക ഹൈകോടതി വിധി നഗ്നമായ ഭരണഘടനാ ലംഘനമാണെന്നും ന്യൂനപക്ഷങ്ങളെ ഭീതിപ്പെടുത്തുന്നതാണെന്നും സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി നാഷണൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. മതപരമായുള്ള അഭിവാജ്യഘടകങ്ങൾ എന്തൊക്കെയാണെന്നുള്ളത് തീരുമാനിക്കേണ്ടത് കോടതിയല്ലെന്നും, ആ മതവുമായി ബന്ധപ്പെട്ട പണ്ഡിതന്മാരായിരിക്കണമെന്ന സാമാന്യ ബോധമെങ്കിലും കോടതികൾക്ക് ഉണ്ടാകേണ്ടിയിരുന്നുവെന്നും എസ്‌ഐസി പറഞ്ഞു.
മതവിശ്വാസത്തിൽ കോടതിയുടെ ഇത്തരം കടന്നുകയറ്റം സംഘപരിവാര അജണ്ടകൾ കൂടുതൽ എളുപ്പമാക്കാൻ മാത്രമേ സഹായകമാവൂ. ഏതൊരു പൗരനും വിശ്വാസപരമായി ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ അവകാശം വകവെച്ചു നൽകുന്ന ഭരണഘടനയുള്ള ഇന്ത്യാ മഹാരാജ്യത്ത് ആ അവകാശം നിഷേധിക്കുക വഴി ഇന്ത്യയുടെ മഹനീയമായ ഭരണഘടനയാണ് നികൃഷ്ടമാക്കപ്പെട്ടത്. ഹിജാബ് തങ്ങളുടെ മൗലികാവകാശമാണെന്ന് കരുതുന്ന വിശ്വാസികളെ നിരാശപ്പെടുത്തിയ വിധിയാണിത്.
മതവിഷയങ്ങളിൽ ഇത്തരത്തിൽ വളരെ ലാഘവത്തോടെ കോടതികൾ അഭിപ്രായം പറയുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ആയിരിക്കും ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന പേരിൽ അറിയപ്പെടുന്ന ഇന്ത്യക്ക് സമ്മാനിക്കുകയെന്നും മതങ്ങളെ പരസ്പരം ബഹുമാനിക്കണമെന്ന തരത്തിലുള്ള നീക്കങ്ങളും ഇടപെടലുകളും ആയിരിക്കണം ഭരണ സിരാ കേന്ദ്രങ്ങളിൽ നിന്ന് ഉണ്ടാകേണ്ടതെന്നും സമസ്ത ഇസ്‌ലാമിക് സെന്റർ സഊദി ദേശീയ നേതാക്കളായ ചെയർമാൻ അലവിക്കുട്ടി ഒളവട്ടൂർ, വർക്കിങ് പ്രസിഡന്റ് സയ്യിദ് അബ്ദുറഹ്മാൻ ജമലുല്ലൈലി തങ്ങൾ, ജനറൽ സിക്രട്ടറി അബ്ദുറഹ്മാൻ മൗലവി അറക്കൽ, ട്രഷറർ ഇബ്രാഹീം ഓമശേരി എന്നിവർ സംയുക്ത പ്രസ്താനവയിൽ പറഞ്ഞു.
Be the first to comment