ന്യൂഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മത വസ്ത്രങ്ങള്‍ വിലക്കിക്കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ സുപ്രിം കോടതിയില്‍ ഹരജി. ഇടക്കാല ഉത്തരവും ഹരജികളിലെ തുടര്‍നടപടിയും തടയണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥിയുടെ അപ്പീല്‍.
ഹരജികളില്‍ തീര്‍പ്പ് ആവുന്നതു വരെ ഹിജാബ് ധരിക്കരുതെന്ന് നിര്‍ദേശിക്കുന്ന ഹൈക്കോടതി ഉത്തരവ് മുസ്‌ലിം വിദ്യാര്‍ഥികളുടെ മൗലിക അവകാശം ഹനിക്കുന്നതാണെന്ന് അപ്പീലില്‍ പറയുന്നു. ഭരണ ഘടന നല്‍കുന്ന അവകാശം ലംഘിക്കുന്നതാണ് ഇത്. ഫെബ്രുവരി 15ന് ആരംഭിക്കുന്ന പ്രാക്ടിക്കല്‍ പരീക്ഷകളെ ഇത് ബാധിക്കുമെന്നും ഹരജിയില്‍ പറയുന്നുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു ഹൈക്കോടതി വിധി. ചീഫ് ജസ്റ്റിസ് റിതു രാജ് അവസ്തി അധ്യക്ഷനായ മൂന്നംഗബഞ്ചാണ് ഹിജാബ് നിരോധനത്തിന് എതിരെയുള്ള ഹരജികള്‍ പരിഗണിച്ചത്. അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ ഹിജാബ് നിരോധനം തുടരണമെന്ന് കര്‍ണാടക ഹൈക്കോടതി വ്യക്തമാക്കി. അന്തിമ ഉത്തരവ് വരുന്നത് വരെ തല്‍സ്ഥിതി തുടരണം.
ഹിജാബ് നിരോധിച്ച കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിനെതിരെ വിവിധ വിദ്യാര്‍ത്ഥിനികളും സംഘടനകളും നല്‍കിയ ഹരജികള്‍ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി ഫെബ്രുവരി 14ലേക്ക് മാറ്റിയിരിക്കുകയാണ്.
Be the first to comment