ഏറെ മനോവിഷമത്തോടെയാണ് ആ മാതാവ് കുട്ടിയുമായി എന്റെ അടുത്ത് വന്നത്. പത്തുവയസ്സുകാരിയായ മകള്‍ ഒന്നും അനുസരിക്കുന്നില്ല. എപ്പോഴും ദേഷ്യത്തോടെയാണ് പെരുമാറുന്നത്. മാതാവ് വിഷമങ്ങള്‍ ഓരോന്നായി പറഞ്ഞുതുടങ്ങി. പിന്നീട് മകളോട് തനിയെ സംസാരിച്ചു. എടുത്തടിച്ചതുപോലെയായിരുന്നു അവളുടെ മറുപടി.
‘എന്നെ സ്നേഹിക്കാന്‍ ആരുമില്ല. പിന്നെ ഞാന്‍ എന്താ ചെയ്യേണ്ടത്?’
ഇതറിഞ്ഞ ആ മാതാവ് പൊട്ടിക്കരഞ്ഞു. ‘ഞങ്ങള്‍ കഷ്ടപ്പെടുന്നതു മുഴുവന്‍ ഇവള്‍ക്കുവേണ്ടിയല്ലേ. അവളുടെ ഏത് ആഗ്രഹമാണ് സാധിച്ചുകൊടുക്കാത്തത്. എന്നിട്ടാണോ ഞങ്ങള്‍ സ്‌നേഹിക്കുന്നില്ലെന്ന് പറയുന്നത്.’
ഏതൊരു കുഞ്ഞിനും ഏറ്റവും പ്രധാനമായി ആവശ്യമുള്ളത് രണ്ടു കാര്യങ്ങളാണ്. ഭക്ഷണം, വസ്ത്രം, താമസം തുടങ്ങിയ ശാരീരിക ആവശ്യങ്ങളും പിന്നെ സ്നേഹവും അംഗീകാരവുമുള്ള മനസ്സും. മക്കള്‍ ആവശ്യപ്പെടുന്നതെല്ലാം വാങ്ങിക്കൊടുക്കുന്നതോ ശാസിക്കാതെയോ ശിക്ഷിക്കാതെയോ വളര്‍ത്തുന്നതോ അല്ല സ്‌നേഹം. അവര്‍ ആഗ്രഹിക്കുന്നത് മാതാപിതാക്കളുടെ സാമീപ്യമാണ്. വാത്സല്യത്തോടെയുള്ള തലോടലും ഒപ്പം കളിക്കുന്നതും ഉള്ളുതുറന്ന് സംസാരിക്കുന്നതുമൊക്കെയാണ് അവരാഗ്രഹിക്കുന്നത്.
നമ്മുടെ മക്കള്‍ നല്ലവരാണ്. മാതാപിതാക്കളുടെ സ്‌നേഹവും പരിഗണനയുമാണു അവര്‍ എപ്പോഴുമാഗ്രഹിക്കുന്നത്. മക്കള്‍ക്ക് ഒരു പനി വരുമ്പോള്‍ വിഷമിക്കലും അവര്‍ക്ക് അപകടം പറ്റിയാല്‍ കരയലുമല്ല സ്‌നേഹം എന്നത്. അവരെ പരിഗണിക്കലും അവര്‍ക്കു വേണ്ടി സമയം കണ്ടെത്തലുമാണ്. ദിവസത്തില്‍ നിശ്ചിത സമയം മക്കളുമൊത്ത് ചെലവഴിക്കാനും അവരോട് സംസാരിച്ചിരിക്കാനും തയാറാവുന്നവരാണു സ്‌നേഹമുള്ള മാതാപിതാക്കള്‍. പിഞ്ചുകുഞ്ഞുങ്ങളുടെ കൂടെ വീടുണ്ടാക്കിക്കളിച്ചും പന്തുകളിച്ചും അവരിലൊരാളായി ഓടിക്കളിച്ചും ചെലവഴിക്കുന്ന സമയം കുഞ്ഞുങ്ങളുടെ സ്വഭാവരൂപീകരണത്തില്‍ കാര്യമായ പങ്കു വഹിക്കും. നിസ്സാരകാര്യത്തിനു കുട്ടികളോട് തര്‍ക്കിക്കുന്നതും ദേശ്യപ്പെടുന്നതും കുഞ്ഞു മനസ്സുകളില്‍ ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കും. അരുതാത്തത് ചെയ്യുമ്പോള്‍ സ്‌നേഹത്തോടെ ഗുണദോഷിക്കണം. കുട്ടികളുടെ മനശാസ്ത്രം അറിയണം. അതനുസരിച്ച് പെരുമാറണം. നാലുവയസ് വരെയുള്ള പ്രായം കുഞ്ഞുമനസ്സുകളില്‍ എല്ലാം നന്നായി പതിയുന്ന പ്രായമാണ്. അവര്‍ക്ക് മനസ്സിലായാലും ഇല്ലെങ്കിലും ആ പ്രായത്തില്‍ കുറെ നല്ലകാര്യങ്ങള്‍ അവരോട് പറഞ്ഞുകൊണ്ടിരിക്കണം. കളവ് പറയരുതെന്നല്ല, സത്യമേ പറയാവൂ എന്നാണു കുഞ്ഞുങ്ങളെ ഉപദേശിക്കേണ്ടത്. അവര്‍ കേള്‍ക്കുന്ന ഓരോ വാക്കും അവരുടെ ഭാവി ജീവിതത്തില്‍ സ്വാധീനമുണ്ടാക്കും. കുഞ്ഞുങ്ങളുടെ മുന്നില്‍ ഭയവും ഭീതിയും കാണിക്കരുത്. പല്ലിയെ കാണുമ്പോള്‍ നിലവിളിച്ചോടുന്ന ഉമ്മമാരുണ്ട്. കൊച്ചുമക്കളുടെ മുന്നില്‍ ‘അയ്യോ പല്ലി’ എന്നു നിലവിളിച്ചാല്‍ മരണം വരെയും ആ മക്കള്‍ ‘അയ്യോ പല്ലി’ പറഞ്ഞുകൊണ്ടിരിക്കും.
വഴക്കുപറഞ്ഞും ശകാരിച്ചും മക്കളെ അനുസരിപ്പിക്കലല്ല ബുദ്ധി, സ്‌നേഹത്തിലൂടെ അനുസരിപ്പിക്കലാണ്. മാതാപിതാക്കളോടുള്ള സ്‌നേഹം അവര്‍ പറയുന്നതിനു വിരുദ്ധം പ്രവര്‍ത്തിക്കാതിരിക്കാന്‍ കുട്ടികള്‍ക്ക് പ്രേരണയാവും. ചോദിച്ചതൊന്നും നല്‍കാതിരിക്കുന്നതു പോലെ തന്നെ മോശമാണ് ചോദിച്ചതെന്തും കുട്ടികള്‍ക്ക് നല്‍കുന്നതും. അധികാരവും നിയന്ത്രണവും ആവശ്യമുള്ളിടങ്ങളില്‍ കുട്ടികളെ ദൂരം പാലിക്കണം. കേവലം ഒരു ടി.വി റിമോട്ട് കണ്ട്രോള്‍ സ്ഥിരമായി കുട്ടിക്ക് നല്‍കുന്ന മാതാപിതാക്കളുടെ എന്നത്തേക്കുമുള്ള കണ്ട്രോള്‍ ആ കുട്ടിയുടെ കയ്യിലായെന്നു വരാം. നല്‍കേണ്ട കാര്യങ്ങള്‍ സ്‌നേഹത്തോടെ നല്‍കിയും നല്‍കാന്‍ പാടില്ലാത്തവ സ്‌നേഹത്തോടെ നിരസിച്ചും കുട്ടികളെ പരിഗണിക്കുമ്പോള്‍ അവര്‍ നല്ല മക്കളായി വളരും. അവര്‍ എപ്പോഴും ആഗ്രഹിക്കുന്നത് പരിഗണനയാണ്. റിമോട്ട് കാര്‍ വാങ്ങിത്തരാന്‍ കരഞ്ഞു പറയുന്ന മക്കള്‍ പിറ്റേ ദിവസം അതൊഴിവാക്കി തോക്ക് വാങ്ങിത്തരാന്‍ പറഞ്ഞേക്കും. വാങ്ങിയതെല്ലാം കളയുന്നുവെന്നും കാണുന്നതെല്ലാം വാങ്ങുന്നുവെന്നും പറഞ്ഞ് കുട്ടികളെ ശകാരിക്കരുത്. വാങ്ങിക്കൊടുക്കുന്നുവെന്ന പരിഗണനയാണു കുട്ടികളുടെ അനുഭൂതി. അവരുടെ താല്‍പര്യം അതു മാത്രമാണ്. കളിക്കോപ്പുകളാണ് അവര്‍ ചോദിക്കുന്നതെങ്കിലും യഥാര്‍ത്ഥത്തില്‍ അവര്‍ ചോദിക്കുന്നത് മാതാപിതാക്കളുടെ സ്‌നേഹമാണ്.
സ്നേഹം പ്രകടിപ്പിക്കുന്നതില്‍ പിശുക്കു കാണിക്കാതിരിക്കുക സ്നേഹത്തോടെ നിത്യവും പരിപാലിക്കുകയും പോഷിപ്പിക്കുകയും ചെയ്യുമ്പോള്‍ തഴച്ചുവളരുകയും പുഷ്ടിപ്പെടുകയും ചെയ്യുന്ന ഇളം ചെടികള്‍ പോലെയാണ് കുട്ടികള്‍. മാതാപിതാക്കള്‍ തങ്ങളുടെ വാത്സല്യം വാക്കുകളിലൂടെയും ആശ്ലേഷം പോലെയുള്ള സ്നേഹ പ്രകടനങ്ങളിലൂടെയും കുട്ടികളുടെമേല്‍ ചൊരിയുമ്പോള്‍ മാനസികവും വൈകാരികവുമായ വളര്‍ച്ചയും ദൃഢതയും കൈവരിക്കാന്‍ അത് ഒരു പ്രേരകമായി വര്‍ത്തിക്കും.
കുട്ടികളുമായി നല്ല സുഹൃത്താവുക
കുട്ടികളുമായി കൂടുതല്‍ സമയം ചിലവഴിക്കുക, ഏതൊരു കാര്യവും ഉണ്ടെങ്കില്‍ രക്ഷിതാക്കള്‍ സ്വാതന്ത്ര്യം കൊടുക്കുക.
അഭിനന്ദനം നല്‍കുക
കുട്ടി നല്ല കാര്യം ചെയ്താല്‍ അതിനെ അപ്പോള്‍ തന്നെ വേണ്ട വിധം അഭിനന്ദിക്കണം. സാധാരണ സ്വന്തം മുറി വൃത്തിയില്‍ സൂക്ഷിക്കാന്‍ മടിയുള്ള കുട്ടി ഒരു ദിവസം അതു ഭംഗിയായി ചെയ്തിരിക്കുന്നതു കണ്ടാല്‍ ‘ഇന്നെങ്കിലും നിനക്കിതു ചെയ്യാന്‍ തോന്നിയല്ലോ…?’ എന്നു നെഗറ്റീവായി അഭിപ്രായം രേഖപ്പെടുത്തുന്നവരാണ് അധികവും. എന്നാല്‍ മറിച്ച്, ‘ആഹാ കൊള്ളാലോ, നിന്റെ മുറി. നല്ല ഭംഗിയുണ്ട്. നന്നായി മോനേ….’ എന്നു തോളില്‍ തട്ടി വളരെ പോസിറ്റീവായ അഭിനന്ദനമാണെങ്കില്‍ കുട്ടി ആ ശീലം ആവര്‍ത്തിക്കാന്‍ ശ്രമിക്കും.
ആവശ്യത്തിന് സ്വാതന്ത്ര്യം നല്‍കുക
നിയന്ത്രണങ്ങള്‍ കൂടുന്തോറും കുട്ടികളില്‍ വാശിയും കൂടുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. തങ്ങളെ അടക്കി നിര്‍ത്തുന്നതായി തോന്നിയാല്‍ ചില കുട്ടികള്‍ മാതാപിതാക്കളില്‍ നിന്ന് അകന്നു പോവുകയും ചില ചീത്ത കൂട്ടുകെട്ടില്‍ വീഴാറുണ്ട്. അത് ഒഴിവാക്കുക.
കുട്ടികളുടെ സ്‌ട്രെസ് കുറയ്ക്കണം
ഇന്നത്തെ കുട്ടികള്‍ക്ക് പഠിക്കുന്ന സമയത്തുള്ള സമ്മര്‍ദ്ദം ചെറുതല്ല. വിജയങ്ങള്‍ക്കായി കുട്ടിയില്‍ ഏറെ സമ്മര്‍ദ്ദമുണ്ടാക്കരുത്. കുട്ടിക്ക് ഒട്ടും താല്പര്യമില്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍ബന്ധിക്കരുത്. നിങ്ങളുടെ കുട്ടിയെ അടുത്തെ വീട്ടിലെ കുട്ടിയുമായി താരമത്യപ്പെടുത്താതിരിക്കുക.
ചീത്ത സ്പര്‍ശനത്തെക്കുറിച്ച് കുട്ടിയെ പഠിപ്പിക്കണം
കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം വര്‍ദ്ധിച്ചു വരുന്ന കാലഘട്ടമാണിത്. ചെറുപ്പത്തിലേ പീഡനത്തിന് ഇരയായ കുട്ടികള്‍ മാനസികമായി തളര്‍ന്നു പോകുന്നു. കുട്ടികളെ പീഡനങ്ങളില്‍ നിന്നും രക്ഷിയ്ക്കാന്‍ അവരെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തുകയാണ് പ്രധാനമായും വേണ്ടത്. ഇത്തരം സംഭവങ്ങളുണ്ടായാല്‍ ഏതെല്ലാം വിധത്തില്‍ പ്രതികരിക്കണമെന്നും ഇതേക്കുറിച്ചു മുതിര്‍ന്നവരോടു പറയാന്‍ മടിക്കേണ്ടെന്നും കുട്ടികളെ പറഞ്ഞു ബോധ്യപ്പെടുത്തുക.
ചൊട്ടയിലെ ശീലം ചുടല വരെ
ഇത് മുഴുവന്‍ അര്‍ത്ഥത്തിലും ശരിയാണ്. കാരണം ചെറുപ്പത്തില്‍ ലഭിക്കുന്ന ശീലങ്ങളായിരിക്കും ജീവിതാവസാനം വരെ കുട്ടികള്‍ പിന്‍തുടരുക. കുട്ടികളെ പഠിപ്പിക്കേണ്ട അടിസ്ഥാനപരമായ ചില ശീലങ്ങള്‍, മര്യാദകള്‍ ഉണ്ട്.
സഹകരണത്തിന്റെയും കരുതലിന്റെയും ഫലങ്ങള്‍:
• കുട്ടിക്കാലം മുതല്‍ ഉത്തരവാദിത്വത്തില്‍ വളരും.
• അപരനെ മനസ്സിലാക്കാനും, മാനിക്കാനും, സഹായിക്കാനും പഠിക്കുന്നു.
• അവനവനെ കുറിച്ചുള്ള മതിപ്പ് ആത്മവിശ്വാസം വളര്‍ത്തും.
• മറ്റുള്ളവരെ പരിഗണിക്കുക വഴി ലക്ഷ്യബോധത്തില്‍ വളരുന്നു.
• പ്രശ്നപരിഹാരമാര്‍ഗ്ഗം പഠിക്കുന്നു.
• ക്രിയാത്മകമായി ചിന്തിക്കാനും, പ്രവര്‍ത്തിക്കാനും കഴിയുന്നു.
• പുതിയ സാഹചര്യങ്ങളെ അഭിമുഖീകരിക്കാന്‍ പഠിക്കുന്നു നേതൃത്വ ഗുണം വര്‍ദ്ധിക്കുന്നു.
അപരനെക്കുറിച്ച് സ്നേഹവും കരുതലുമുള്ള കുട്ടികള്‍ യഥാര്‍ത്ഥ്യ ബോധത്തില്‍ വളരുന്നു. സഹകരിക്കുന്ന കുട്ടികളിലെ പരസ്പരബന്ധങ്ങളും ക്രിയാത്മകമായിരിക്കും.
Be the first to comment