രാജ്യം ഒരു അധ്യാപക ദിനത്തെ കൂടി വരവേല്‍ക്കുകയാണ്. നമുക്ക് അറിവും വിദ്യയും പറഞ്ഞു തരുന്ന അധ്യാപകരെ ഓര്‍മ്മിക്കാനുള്ള ദിനമാണ് നാളെ. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും മികച്ച അധ്യാപകനുമായിരുന്ന ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബര്‍ അഞ്ചിനാണ് രാജ്യം അധ്യാപക ദിനം ആചരിച്ച് വരുന്നത്. 1961 മുതലാണ് രാജ്യം സെപ്തംബര്‍ അഞ്ചിന് അധ്യാപക ദിനം ആചരിച്ച് തുടങ്ങിയത്. അധ്യാപകരുടെ സാമൂഹ്യസാമ്പത്തിക പദവികള്‍ ഉയര്‍ത്തുന്നതിനോടൊപ്പം വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി അവ ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയാണ് അധ്യാപക ദിനാഘോഷത്തിന്റെ മുഖ്യ ലക്ഷ്യം. സ്‌കൂളില്‍ പോകുന്ന ഒരു കുട്ടി തന്റെ ബാല്യവും കൗമാരവും ഏറ്റവും കൂടുതല്‍ ചെലവഴിക്കുന്നത് സ്‌കൂളില്‍ അധ്യാപകര്‍ക്കൊപ്പമായിരിക്കും.
അതിനാല്‍ തന്നെ അധ്യാപകര്‍ക്ക് നമ്മുടെ ജീവിതത്തില്‍ വലിയ പ്രാധാന്യമാണ് ഉള്ളത്. ഏതൊരാള്‍ക്കും തങ്ങള്‍ക്കിഷ്ടപ്പെട്ട ഒരു അധ്യാപകനോ അധ്യാപികയോ ഉണ്ടാകും എന്ന് തീര്‍ച്ചയാണ്. നമ്മളെ നേര്‍വഴിക്ക് നയിക്കാന്‍ അധ്യാപകര്‍ വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. അധ്യാപകരെ ആദരിക്കാന്‍ പ്രത്യേകിച്ചൊരു ദിവസം മാറ്റി വെയ്‌ക്കേണ്ട ആവശ്യമില്ലെങ്കിലും നമ്മുടെ ജീവിതത്തില്‍ അവര്‍ക്ക് വേണ്ടിയും അല്‍പം സമയം മാറ്റി വെക്കേണ്ടത് അത്യാവശ്യമാണ്.
അധ്യാപക ദിനത്തിന്റെ ചരിത്രം
ഇന്ത്യയില്‍, ഡോ. സര്‍വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനത്തോടനുബന്ധിച്ച് സെപ്റ്റംബര്‍ 5ന് അധ്യാപക ദിനം അല്ലെങ്കില്‍ ശിക്ഷക് ദിവസ് ആഘോഷിക്കുന്നു. 1888ല്‍ തമിഴ്‌നാട്ടിലെ തിരുട്ടണിയില്‍ ജനിച്ച ഡോ. രാധാകൃഷ്ണന്‍ ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയും രണ്ടാമത്തെ രാഷ്ട്രപതിയുമായിരുന്നു. വിശിഷ്ട പണ്ഡിതന്‍, തത്ത്വചിന്തകന്‍, ഭാരതരത്‌ന പുരസ്‌കാരം എന്നിവ നേടിയ വ്യക്തി കൂടിയായിരുന്നു അദ്ദേഹം.
Be the first to comment