കൊച്ചി• മലയാളികളുടെ വായനാസംസ്കാരത്തിന് മൂല്യത്തിന്റെ ചാരുത നല്കിയ സുപ്രഭാതത്തിന്റെ ദശ വാര്‍ഷികാഘോഷങ്ങള്‍ക്ക് കൊച്ചി ഒരുങ്ങുന്നു. ഡിസംബര്‍ ഒന്നിന് ഉച്ചകഴിഞ്ഞ് 2.30ന് എറണാകുളം ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങ് രാഹുല്‍ ഗാന്ധി എം.പി ഉദ്ഘാടനം ചെയ്യും. സുപ്രഭാതം ചെയര്‍മാനും സമസ്ത കേരള ജംഇയ്യതുല്‍ ഉലമ പ്രസിഡന്റുമായ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനാകും. ജനപ്രതിനിധികളും വിവിധ മത, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലെ പ്രമുഖരും പങ്കെടുക്കും.
2014ല്‍ ആറ് എഡിഷനുകളോടെ കോഴിക്കോട്ട് നിന്ന് ആരംഭിച്ച സുപ്രഭാതത്തിന് നിലവില്‍ ഏഴ് എഡിഷനുകളുണ്ട്. കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നായി ഒരൊറ്റദിവസം പ്രസിദ്ധീകരണം ആരംഭിച്ച് ചരിത്രംകുറിച്ച സുപ്രഭാതം, വൈകാതെ പാലക്കാട്ട് നിന്നും അച്ചടിയാരംഭിച്ചു.
പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ഒട്ടേറെ വികസന പരിപാടികള്‍ക്കും സുപ്രഭാതം പദ്ധതിയൊരുക്കിയിട്ടുണ്ട്. ഒരോ ജില്ലകളിലും വിവിധ വിഷയങ്ങള്‍ അധികരിച്ച് സെമിനാറുകള്‍, സുപ്രഭാതം ഇയര്‍ബുക്ക്, ആരോഗ്യപതിപ്പ്, സാംസ്കാരിക മാസിക, സുപ്രഭാതം പുസ്തക പ്രസിദ്ധീകരണ വിഭാഗം, വിവിധമേഖലകളിലെ പ്രമുഖര്‍ക്ക് പുരസ്കാരങ്ങള്‍ തുടങ്ങിയ പരിപാടികളോടെയാണ് ദശവാര്‍ഷികം ആസൂത്രണം ചെയ്തിരിക്കുന്നത്.
Be the first to comment