ദമസ്‌കസ്: വിമതസേന അധികാരം പിടിച്ച സിറിയയില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം. ഞായറാഴ്ച സിറിയന്‍ തലസ്ഥാനമായ ഡമസ്‌കസിന് നേരെയാണ് ആക്രമണമുണ്ടായത്. സൈനികത്തലവന്‍ ഉള്‍പെടെ താമസിക്കുന്ന സുരക്ഷാ സമുച്ചയത്തിനും മിസൈലുകള്‍ വികസിപ്പിക്കാന്‍ ഇറാന്‍ ഉപയോഗിച്ചിരുന്നുവെന്ന് പറയുന്ന ഗവേഷണ കേന്ദ്രത്തിനും നേരെയായിരുന്നു ആക്രമണം. ആയുധ ഗവേഷണകേന്ദ്രത്തിന് കാര്യമായ നാശനഷ്ടമുണ്ടായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
പതിറ്റാണ്ടുകളായി സിറിയ സൂക്ഷിച്ചിരുന്ന രാസായുധങ്ങളും മറ്റ് നിരോധിത യുദ്ധസാമഗ്രികളും മിസൈലുകളും വിമതരുടെ കൈകളില്‍ എത്തുന്നത് തടയാനാണ് ഇസ്‌റാഈല്‍ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
രക്തരഹിത വിപ്ലവത്തിലൂടെയാണ് സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെ പുറത്താക്കി പ്രതിപക്ഷ സേനയായ ഹയാത് തഹ്‌രീര്‍ അല്‍ ശാം (എച്ച്.ടി.എസ്) ഭരണം പിടിച്ചെടുത്തത്. സിറിയയില്‍ അസദ് കുടുംബത്തിന്റെ 53 വര്‍ഷം നീണ്ട ഭരണത്തിനാണ് ഇതോടെ വിരാമമായത്. പ്രതിപക്ഷസേന ദമസ്‌കസ് കീഴടക്കുന്നതിന് തൊട്ടുമുമ്പ് ബശ്ശാറുല്‍ അസദ് കുടുംബത്തിനൊപ്പം റഷ്യയില്‍ അഭയം തേടി.
അസദിന്റെ വീഴ്ച ജനങ്ങള്‍ തെരുവിലിറങ്ങിയാണ് ആഘോഷിച്ചത്. ദമസ്‌കസിലെ അസദിന്റെ സ്വകാര്യ വസതി കൈയേറിയ ജനങ്ങള്‍ സാധനങ്ങള്‍ നശിപ്പിച്ചു.
Be the first to comment