ഭോപ്പാല്‍: പാക് ചാരസംഘടനയായ ഐ.എസ്.ഐയില്‍ നിന്ന് പണം വാങ്ങി രാജ്യരഹസ്യങ്ങള്‍ ഒറ്റിക്കൊടുത്ത കേസില്‍ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റിലായതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ് രംഗത്ത്.
ബി.ജെ.പിയും ബജ്രംഗ്ദളും പോലുള്ള സംഘ്പരിവാര്‍ സംഘടനകള്‍ ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സില്‍ (ഐ.എസ്.ഐ) നിന്ന് പണം കൈപ്പറ്റുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. ബജ്രംഗ്ദള്‍, ബി.ജെ.പി എന്നീ സംഘടനകളാണ് ഐ.എസ്.ഐയില്‍ നിന്ന് പണം വാങ്ങുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. മുസ്‌ലിംകളേക്കാള്‍ കൂടുതല്‍ പാക് ചാരസംഘടനക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് ഹിന്ദുക്കളാണ്. ഇത് തിരിച്ചറിയണം- ദിഗ് വിജയ് സിങ് ആവശ്യപ്പെട്ടു. സംഘ്പരിവാര്‍ നേതാക്കളുള്‍പ്പെടെയുള്ളവരെ ചാരക്കേസില്‍ മധ്യപ്രദേശ് ഭീകരവിരുദ്ധ സേന (എ.ടി.എസ്) അറസ്റ്റ്‌ചെയ്തതിന് പിന്നാലെയാണ് ദിഗ് വിജയ് സിങ്ങിന്റെ പ്രസ്താവന.
ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നരേന്ദ്ര മോദി സര്‍ക്കാരിനേയും സിങ് വിമര്‍ശിച്ചു. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ശെയ്ഖ് അബ്ദുല്ലയെ വിശ്വാസത്തിലെടുത്തില്ലായിരുന്നെങ്കില്‍ കശ്മീര്‍ ഒരിക്കലും ഇന്ത്യയുടെ ഭാഗമാകുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കശ്മീര്‍ വിഷയത്തില്‍ കശ്മീരി ജനതയെയടക്കം വിശ്വാസത്തിലെടുത്തുകൊണ്ടേ ഒരു തീരുമാനം എടുക്കാനാകൂവെന്ന് മുന്‍ പ്രധാനമന്ത്രിയും ബി.ജെ.പി നേതാവുമായ അടല്‍ ബിഹാരി വാജ്‌പെയ് വിശ്വസിച്ചിരുന്നൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Be the first to comment