ന്യൂഡല്‍ഹി: ഡല്‍ഹിയിലെ 80 ലോധി എസ്‌റ്റേറ്റ് വിലാസത്തില്‍ നിന്ന് പൊടുന്നനെ നമ്പര്‍, 7 തിഹാര്‍ എന്ന വിലാസത്തിലേക്കുള്ള പി. ചിദംബരത്തിന്റെ മാറ്റം ഇന്ത്യന്‍ രാഷ്ട്രീയ ചരിത്ര പുസ്തകത്തിലെ കൂടി മാറ്റമാണ്. ഇതാദ്യമായാണ് ഇന്ത്യയുടെ ഒരു മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അഴിമതിക്കേസില്‍ തിഹാര്‍ ജയിലില്‍ അടയ്ക്കപ്പെടുന്നത്. ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ ചിദംബരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുമ്പോള്‍ അദ്ദേഹത്തിന് ജയിലില്‍ ഇസഡ് കാറ്റഗറി സുരക്ഷയും യൂറോപ്യന്‍ ശൈലിയിലുള്ള ക്ലോസറ്റുള്ള ശുചിമുറിയും കട്ടിലുമുള്ള പ്രത്യേക സെല്ല് ഒരുക്കണമെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരമുള്ള സൗകര്യങ്ങളടങ്ങിയ ജയില്‍മുറിയാണ് ചിദംബരത്തിന് വേണ്ടി തിഹാറില്‍ ഒരുക്കിയത്.
നമ്പര്‍ 7, തിഹാര്‍ എന്ന വിലാസത്തിന് മറ്റൊരു പ്രത്യേകതയുമുണ്ട്. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി കിടന്ന മുറികൂടിയാണത്. ഇവിടെ പ്രത്യേക സെല്ലിലാവും ചിദംബരം കഴിയുക. സാമ്പത്തിക കുറ്റവാളികള്‍ക്കു പുറമെ സ്ത്രീപീഡകരും കഴിയുന്ന സെല്ലാണ് നമ്പര്‍ 7. ശക്തമായ അടച്ചുറപ്പുള്ള ഏതാനും വാര്‍ഡുകള്‍കൂടി അടങ്ങിയതാണ് നമ്പര്‍ ഏഴ്. ജയില്‍നിയമപ്രകാരം തറയിലാണ് അന്തേവാസികളുടെ കിടത്തം. പ്രായംകൂടിയ അന്തേവാസികള്‍ക്ക് മരംകൊണ്ട് നിര്‍മിച്ച കട്ടില്‍ ലഭിക്കും. എന്നാല്‍, ഇതില്‍ വിരിപ്പ് ഉണ്ടാവില്ല. 73 കാരനായ ചിദംബരത്തിന് കട്ടില്‍ ലഭിക്കും. ജയിലില്‍ തയാറാക്കിയ ഭക്ഷണം തന്നെയാവും ജുഡീഷ്യല്‍ കസ്റ്റഡി കാലയളവില്‍ ചിദംബരത്തിന് ലഭിക്കുക. നലഞ്ചു ചപ്പാത്തിയും കറിയുമാവും രാത്രി, ഉച്ച സമയത്തെ ഭക്ഷണം. തമിഴ്‌നാട്ടുകാരനായ ചിദംബരം ദക്ഷിണേന്ത്യന്‍ വിഭവങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടാല്‍ ജയിലധികൃതര്‍ അതും നല്‍കും.
സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരിലൊരാള്‍ കൂടിയായ ചിദംബരത്തിന് കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാക്കിയാല്‍ കൂടുതല്‍ സൗകര്യങ്ങളും ലഭിക്കും. വിചാരണതടവുകാര്‍ക്ക് വീട്ടുകാര്‍ നല്‍കുന്ന വസ്ത്രം ധരിക്കാവുന്നതാണ്.
ജയിലില്‍ പോവുമ്പോഴും സമ്പദ് രംഗത്തെ കുറിച്ച് ആകുലത
ജയിലിലേക്കു കൊണ്ടുപോവുമ്പോഴും രാജ്യത്തിന്റെ സമ്പദ് ഘടനയെ കുറിച്ചുള്ള ആകുലത പങ്കുവച്ച് ചിദംബരം. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ കുറിച്ചുമാത്രമേ തനിക്ക് ആശങ്കയുള്ളൂവെന്ന് തിഹാര്‍ ജയിലിലേക്ക് പോകുന്നതിനിടെ മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു.
ചിദംബരത്തെ ഏത് ഏജന്‍സിയാണ് തിഹാറിലേക്ക് കൊണ്ടുപോവുകയെന്ന ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ടായിരുന്നു. വിഷയത്തില്‍ തീരുമാനമെടുക്കുന്നതിടെ വീണുകിട്ടിയ സമയത്തായിരുന്നു ചിദംബരം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചത്.
Be the first to comment