വിദ്യാർത്ഥികളെ കബളിപ്പിച്ച് കാലിക്കറ്റ് സർവകലാശാല: ചോദ്യപേപ്പറിന്റെ മറവിൽ കോടികളുടെ അഴിമതി

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാലയിൽ ചോദ്യപേപ്പർ അച്ചടിയുടെ മറവിൽ കോടികളുടെ അഴിമതി നടക്കുന്നതായി ഗുരുതര ആരോപണം. പരീക്ഷാ നടത്തിപ്പിന്റെ രഹസ്യസ്വഭാവം ചൂണ്ടിക്കാട്ടി, ചോദ്യപേപ്പർ അച്ചടിക്കുന്ന സ്ഥാപനത്തിന്റെ വിവരങ്ങൾ പുറത്തുവിടാതിരിക്കുന്നത് ശ്രദ്ധേയമാണ്. പ്രിന്റിങ് ചെലവിന്റെ പേര് പറഞ്ഞ് കോടികൾ ചെലവാകുന്നുണ്ടെങ്കിലും ഇവ ഓഡിറ്റിന് വിധേയമാക്കാറില്ല. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകൾക്ക് പോലും ചോദ്യപേപ്പർ അച്ചടി ചെലവിന്റെ കൃത്യമായ വിവരങ്ങൾ ലഭ്യമാകുന്നില്ല.
2021 നവംബർ 12 മുതൽ ചോദ്യപേപ്പറുകൾ ഓൺലൈനായി നൽകിത്തുടങ്ങിയിട്ടും, പ്രിന്റിങ് ചെലവിന്റെ കോടികളിൽ യാതൊരു കുറവും വന്നിട്ടില്ലെന്നത് സംശയങ്ങൾക്ക് ആക്കം കൂട്ടുന്നു. 2023-24 വർഷത്തിൽ അച്ചടി നിരക്കുകളിൽ വർധനവ് വരുത്തിയിട്ടില്ലെന്നാണ് സർവകലാശാല അവകാശപ്പെടുന്നത്. എന്നാൽ, ഓൺലൈൻ സംവിധാനം നിലവിൽ വന്നതോടെ അച്ചടി ചെലവ് കുത്തനെ കുറയേണ്ടതായിരുന്നു. ഇത് മറച്ചുവച്ചാണ് ചെലവ് വർധിപ്പിച്ചിട്ടില്ലെന്ന ന്യായീകരണം സർവകലാശാല മുന്നോട്ടുവയ്ക്കുന്നത്. നിയമസഭയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി നൽകിയ മറുപടിയിലും ഈ വാദം ആവർത്തിക്കപ്പെട്ടു.
ഓൺലൈൻ ചോദ്യപേപ്പറുകളുടെ പകർപ്പെടുക്കലിന്റെ പേര് പറഞ്ഞ് പരീക്ഷാകേന്ദ്രങ്ങൾക്ക് 2022-23ൽ 87,38,031 രൂപയും, 2023-24ൽ 1,29,70,505 രൂപയും, 2024-25 (ഒക്ടോബർ 3 വരെ) 60,77,934 രൂപയും ഉൾപ്പെടെ ആകെ 2,77,86,470 രൂപ നൽകിയതായി സർവകലാശാല വ്യക്തമാക്കുന്നു.ഓൺലൈൻ സംവിധാനം നിലവിൽ വന്നതോടെ, മൂല്യനിർണയ ആവശ്യങ്ങൾക്ക് മാത്രമായി അച്ചടിക്കുന്ന ചോദ്യപേപ്പറുകളുടെ എണ്ണം കുറച്ചെങ്കിലും, മൊത്തം ചെലവിൽ ഗണ്യമായ കുറവ് വരുത്താൻ സർവകലാശാലയ്ക്ക് കഴിഞ്ഞിട്ടില്ല. “കോൺഫിഡൻഷ്യൽ പ്രിന്റിങ്” എന്ന പേര് പറഞ്ഞ് വിവിധ ചാർജുകൾ ഈടാക്കുന്നത് തുടരുകയാണ്. അച്ചടി ചെലവ് മാത്രമാണ് കുറഞ്ഞതെന്നും, മറ്റ് നിരക്കുകളിൽ മാറ്റമില്ലെന്നും അധികൃതർ വാദിക്കുന്നു.
എൻട്രൻസ് പരീക്ഷകൾക്കും അടിയന്തര സാഹചര്യങ്ങൾക്കും അച്ചടിച്ച ചോദ്യപേപ്പറുകൾ ഉപയോഗിക്കുന്നുണ്ടെന്ന വാദവും അഴിമതി മറയ്ക്കാനുള്ള ന്യായീകരണമായി ഉയർത്തിക്കാട്ടപ്പെടുന്നു. പരീക്ഷാഭവൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥ ലോബിയാണ് ഈ വൻതോതിലുള്ള ക്രമക്കേടിന് പിന്നിലെന്നാണ് ആക്ഷേപം.

About Ahlussunna Online 1420 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*