
വിദേശ ഉപരി പഠന സാധ്യതകള്‍ തേടുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികളില്‍ നല്ലൊരു ശതമാനവും ഇന്ത്യയില്‍ നിന്നാണ്. യു.കെ, യു.എസ്.എ, ജര്‍മ്മനി, കാനഡ എന്നിവിടങ്ങളിലൊക്കെ തന്നെ വലിയ തോതിലുള്ള ഇന്ത്യന്‍ വിദ്യാര്‍ഥി സമൂഹം പഠനത്തിനും ജോലിക്കുമായി ഇതിനോടകം കുടിയേറിയിട്ടുണ്ട്.
എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി പോപ്പുലര്‍ ഡെസ്റ്റിനേഷനുകള്‍ക്കപ്പുറത്തേക്ക് ഏഷ്യയിലേയും യൂറോപ്പിലെയും മറ്റ് രാജ്യങ്ങളിലേക്ക് ഇന്ത്യന്‍ വിദ്യാര്‍ഥി സമൂഹം പറിച്ച് നടപ്പെടുന്നതായാണ് റിപ്പോര്‍ട്ട്. അയര്‍ലാന്റ്, നെതര്‍ലാന്റ്‌സ്, ജപ്പാന്‍, കൊറിയ, ഇറ്റലി എന്നിവയൊക്കെയാണ് ഈ ലിസ്റ്റില്‍ കയറിപ്പറ്റിയ മറ്റ് രാജ്യങ്ങള്‍.
യൂറോപ്പിലെ തന്നെ മറ്റ് രാജ്യങ്ങള്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ലക്ഷ്യം വെച്ച് പല പുതിയ പദ്ധതികളും ആവിശ്കരിക്കുന്നുണ്ട്. ഇപ്പോഴിതാ വിദേശ വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യയുമായുള്ള സഹകരണത്തിന് തയ്യാറെടുക്കുകയാണ് ഗ്രീസ്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷനും (എ.ഐ.സി.ടി.ഇ) ഗ്രീസ് അംബാസിഡറും തമ്മില്‍ ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ട്.
ഡല്‍ഹിയില്‍ വെച്ച് നടത്തിയ മീറ്റിങ്ങില്‍ എ.ഐ.സി.ടി.ഇ ചെയര്‍മാന്‍ ടി.ജി സീതാറാമും, ഗ്രീസ് പ്രതിനിധി ദിമിത്രിയോസ് ലുവാനുവുമാണ് ചര്‍ച്ച നടത്തിയത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സഹകരണവും, നയതന്ത്ര ബന്ധവും, വിദ്യാഭ്യാസ മേഖലയിലെ സഹകരണവും ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെയും ഗ്രീസിലെയും യൂണിവേഴ്‌സിറ്റികള്‍ തമ്മിലുള്ള സഹകരണം ഉറപ്പാക്കുന്നതിനായി വിവിധ കരാറുകള്‍ക്കും ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്.
കൂടിക്കാഴ്ച്ചക്ക് ശേഷം ഗ്രീസ് പ്രതിനിധി ഇന്ത്യയുമായുള്ള വിദ്യാഭ്യാസ സഹകരണം കാര്യക്ഷമമാക്കുന്നതിന് പുതിയ സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ ആവിശ്കരിക്കുമെന്നും പ്രഖ്യാപിക്കുകയുണ്ടായി. കൂടാതെ ഇന്ത്യയില്‍ നിന്ന് ഗ്രീസിലെത്തുന്ന വിദ്യാര്‍ഥികളുടെ സുരക്ഷക്കും, പുരോഗതിക്കും തങ്ങള്‍ പ്രതിജ്ഞാ ബദ്ധരാണെന്നും അറിയിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയെ കുറിച്ച് ആശാവഹമായ കാഴ്ച്ചപ്പാടാണ് എ.ഐ.സി.ടി.ഇ പ്രതിനിധിയും പങ്കുവെച്ചത്. ആഗോള വല്‍ക്കരണത്തിന്റെ വെല്ലുവിളികളും സാധ്യതകളും ഏറ്റെടുത്ത് ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും രാജ്യത്തിന്റെ പുരോഗതിയും മെച്ചപ്പെടുത്തുന്നതിന് ഉതകുന്ന പദ്ധതികള്‍ ആവിശ്കരിക്കുമെന്നും പ്രഖ്യാപിച്ചു.
പുതിയ സാധ്യതകള്‍
പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം വരും നാളുകളില്‍ ഗ്രീസിലേക്ക് വലിയ തോതിലുള്ള ഇന്ത്യന്‍ കുടിയേറ്റം പ്രതീക്ഷിക്കാവുന്നതാണ്. യൂറോപ്പിലെ തന്നെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്ന രാജ്യമാണ് ഗ്രീസ്. കാര്യങ്ങള്‍ നേരായ വഴിക്ക് വന്നുചേര്‍ന്നാല്‍ വരും നാളുകളില്‍ വമ്പിച്ച രീതിയിലുള്ള സാധ്യതകളാണ് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കായി ഗ്രീസ് ഒരുക്കി വെക്കുന്നത്.
Be the first to comment