വഖ്ഫ്: വലിച്ചെറിയേണ്ട ഭേദഗതി ബിൽ

വഖ്ഫ് നിയമഭേദഗതി ബിൽ കേന്ദ്രസർക്കാർ ലോക്‌സഭയിൽ അവതരിപ്പിക്കുകയും സംയുക്ത പാർലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് വിടുകയും ചെയ്തിരിക്കുന്നു. വഖ്ഫ് സ്വത്തുക്കളിൽ സർക്കാരിന് കൂടുതൽ നിയന്ത്രണം നൽകുന്നതും സ്വത്തുക്കൾ കൈയേറാനും സഹായിക്കുന്ന ഭേദഗതികളോടെയാണ് ബിൽ വന്നിരിക്കുന്നത്. സംസ്ഥാനങ്ങൾക്ക് കീഴിലുള്ള വഖ്ഫ് ബോർഡിലും കേന്ദ്രത്തിനു കീഴിലുള്ള വഖ്ഫ് കൗൺസിലിലും അമുസ് ലിംകളെ ഉൾപ്പെടുത്തണമെന്ന വിചിത്ര വ്യവസ്ഥയുമുണ്ട് ബില്ലിൽ. വഖ്ഫ് ബോർഡ് സി.ഇ.ഒ മുസ് ലിം ആയിരിക്കണമെന്ന വ്യവസ്ഥയും ഒഴിവാക്കി. ഒരു സ്വത്ത് കാലങ്ങളോളം മതവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി ഉപയോഗിച്ചാൽ അത് വഖ്ഫ് സ്വത്തായി മാറുന്ന വഖ്ഫ് ബൈ യൂസർ എന്ന വ്യവസ്ഥ എടുത്തുകളഞ്ഞു. 

നിലവിൽ 9.4 ലക്ഷം ഏക്കർ വരുന്ന 8.7 ലക്ഷം വസ്തുവകകൾ വഖ്ഫ് ബോർഡുകൾക്കു കീഴിലുണ്ടെന്നാണ് കണക്ക്. വലിയൊരു ശതമാനം സ്വത്തുക്കൾ ൈകയേറിയിട്ടുണ്ട്. മഹാരാഷ്ട്ര സ്റ്റേറ്റ് വഖ്ഫ് ബോർഡ് സി.ഇ.ഒ വജാഹത്ത് മിർസ പറയുന്നതു പ്രകാരം മഹാരാഷ്ട്രയിൽ മാത്രം ആകെ വഖ്ഫ് സ്വത്തിന്റെ 60 ശതമാനമാണ് കൈയേറിയത്. ഏറ്റവും വലിയ കൈയേറ്റക്കാർ സർക്കാരാണ്. രണ്ടാമത്തെ വിഭാഗം വൻകിട സമ്പന്നരും. മുകേഷ് അംബാനിയുടെ മുംബൈയിലെ കോടിക്കണക്കിന് രൂപ ചെലവിട്ട് നിർമിച്ച വീട് ഇസ്മാഈൽ ദാവൂദി ബോറ കുടുംബത്തിൽ ജനിച്ച കരിംബോയ് ഇബ്രാഹിം നൽകിയ വഖ്ഫ് ഭൂമിയിലാണ് നിൽക്കുന്നത്. ദരിദ്രമുസ് ലിംകളുടെ ഉന്നമനത്തിന് 1894ൽ കരിംബോയ് ഇബ്രാഹിം ഖോജ അനാഥാലയത്തിന് രൂപംനൽകി. ഈ ട്രസ്റ്റിനായി ഗ്വോളിയോർ രാജാവ് അൽറ്റാമൗണ്ട് റോഡിൽ ഭൂമി നൽകി. ആദ്യകാലത്ത് ശ്മശാനമായി ഉപയോഗിച്ചിരുന്ന ഈ 4532 ചതുരശ്ര മീറ്റർ വരുന്ന ഭൂമിയിൽ അനാഥാലയം സ്ഥാപിച്ചു. പിന്നീട് ഇതിന്റെ ഉടമസ്ഥാവകാശം വഖ്ഫ് ബോർഡിനായിരുന്നു. ഇത് അംബാനി നിയമവിരുദ്ധമായി കൈയടക്കുകയായിരുന്നു. സമാന കൈയേറ്റം എല്ലാ സംസ്ഥാനങ്ങളിലുമുണ്ട്. 

വിശ്വാസി സ്വയം സമ്പാദിച്ചതോ പാരമ്പര്യമായി ലഭിച്ചതോ ആയ ജംഗമ അല്ലെങ്കിൽ സ്ഥാവര സ്വത്ത് സ്രഷ്ടാവിന്റെ പേരിൽ സമർപ്പിക്കുകയും അത്തരം സ്വത്തുക്കളിൽ നിന്നുള്ള ആനുകൂല്യങ്ങൾ ഇസ് ലാമിക വിശ്വാസവുമായി പൊരുത്തപ്പെടുന്ന ലക്ഷ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കണമെന്ന് പ്രസ്താവിക്കുകയും ചെയ്യുന്നതാണ് വഖ്ഫ്. മൂന്നുതരത്തിലാണ് ഇന്ത്യയിൽ വഖ്ഫ് സ്വത്തുക്കളുണ്ടാകുന്നത്. കൈമാറ്റ രേഖ(വഖ്ഫ്‌ നാമ)യുള്ള വഖ്ഫാണ് ഇതിൽ ആദ്യത്തേത്. കൈമാറ്റത്തിനു രേഖയുണ്ടാകും. രണ്ടാമത്തേത് വാക്കാലുള്ള വഖ്ഫാണ്. ഇതിന് രേഖകളുണ്ടാകണമെന്നില്ല. വാക്കാൽ പള്ളിക്കോ അനാഥാലയത്തിനോ മദ്‌റസയ്‌ക്കോ സംഭാവന നൽകിയ ഭൂമിയോ കെട്ടിടങ്ങളോ ആയിരിക്കാമത്. മൂന്നാമത്തെതാണ് വഖ്ഫ് ബൈ യൂസർ. നിരവധി വർഷങ്ങൾ മതപരമായ ആവശ്യങ്ങൾക്ക് മാത്രമായി ഉപയോഗിക്കുന്ന സ്വത്തുക്കൾ കാലക്രമത്തിൽ വഖ്ഫ് സ്വത്തായി മാറുന്ന സംവിധാനമാണിത്. ഉദാഹരണത്തിന്, മുഗൾഭരണം അവസാനിച്ചപ്പോൾ അവർ പണിത പള്ളികളും മറ്റു മതസ്ഥാപനങ്ങളും വഖ്ഫ് സ്വത്തുക്കളായി. മറ്റു രാജഭരണകാലത്തെ സ്വത്തുക്കളും ഇത്തരത്തിൽ വഖ്ഫ് സ്വത്തുക്കളായി മാറി.

 ഇത്തരത്തിലുള്ള വഖ്ഫ് സ്വത്തുക്കൾ ഇന്ത്യയിൽ ധാരാളമായുണ്ട്. ഇതിന് ആധാരംപോലുള്ള രേഖകളുണ്ടാകണമെന്നില്ല. വഖ്ഫ് ബൈ യൂസർ ഇല്ലാതാകുന്നതോടെ രേഖാമൂലമുള്ളതല്ലാത്ത വഖ്ഫ് കൈമാറ്റങ്ങളെല്ലാം കൈയേറിയതാണെന്ന ആരോപണത്തിന്റെ പരിധിയിലാകും. ഇതിന്റെ ഉടമസ്ഥാവകാശം ആർക്കും ഉന്നയിക്കാം. വഖ്ഫ്‌ നാമയില്ലാത്ത ഒരു സ്വത്തും വഖ്ഫ് സ്വത്താകില്ലെന്നും പുതിയ ബില്ലിൽ പറയുന്നു.
വഖ്ഫ് സ്വത്തുക്കൾ കൈയടക്കാനുള്ള ആസൂത്രിത വ്യവസ്ഥകൾ പരസ്പരം ബന്ധപ്പെടുത്തി ഉൾപ്പെടുത്തിയതാണ് ബില്ലെന്ന് ഒറ്റനോട്ടത്തിൽതന്നെ വ്യക്തമാകും. സി.ഇ.ഒ സ്ഥാനത്തുനിന്ന് മുസ് ലിംകളെ ഒഴിവാക്കിയെന്ന് മാത്രമല്ല, സംസ്ഥാന സർക്കാർ സി.ഇ.ഒയെ നിയമിക്കുന്നത് ബോർഡുമായി കൂടിയാലോചിച്ചായിരിക്കണമെന്ന വ്യവസ്ഥയും പുതിയ ബില്ലിലില്ല. ഇതോടെ സർക്കാരിനു സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കാമെന്ന സ്ഥിതിവരും. 

കൈയേറിയ വഖ്ഫ് സ്വത്തുക്കൾ തിരിച്ചുപിടിക്കുന്നതിന് പരിശോധന നടത്താനും നോട്ടിസയക്കാനും വഖ്ഫ് സർവേ കമ്മിഷണർക്ക് അധികാരം നൽകുന്ന വഖ്ഫ് നിയമത്തിലെ 40ാം വകുപ്പ് എടുത്തുകളഞ്ഞു. ഇതിന് പകരം പരിശോധനയ്ക്കുള്ള അധികാരം ജില്ലാ കലക്ടർക്ക് കൈമാറും. ഇതോടെ വഖ്ഫ് സ്വത്തുക്കളിൽ സർക്കാർ കൈയേറ്റം നടത്തിയാൽ പരിശോധന നടത്തേണ്ടതും തീരുമാനമെടുക്കേണ്ടതും സർക്കാരിന് കീഴിൽത്തന്നെയുള്ള ഉദ്യോഗസ്ഥരാകും. പരിശോധന നടത്തിയ റിപ്പോർട്ട് കലക്ടർ കൈമാറേണ്ടത് ഇതേ സർക്കാരിനാണ്. ഇത്തരം തർക്കങ്ങളിൽ വഖ്ഫ് ട്രൈബ്യൂണലിന്റെ വിധി അന്തിമമായിരുന്നു. ഇത് ഒഴിവാക്കിയെന്ന് മാത്രമല്ല, ആ അധികാരം സർക്കാരിനാക്കിയാണ് ബില്ലിൽ മാറ്റിയിരിക്കുന്നത്. ജുഡിഷ്യൽ അധികാരത്തിൻമേലുള്ള കടന്നുകയറ്റമാണിത്. 

കേന്ദ്ര വഖ്ഫ് കൗൺസിൽ എക്‌സ് ഒഫീഷ്യോ ചെയർപേഴ്‌സൺ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രിയായിരിക്കുമെന്നാണ് പുതിയ ബിൽ പറയുന്നത്. മൂന്ന് എം.പിമാരുമുണ്ടാകും. ഇവിടെയും സർക്കാരിനായിരിക്കും ആധിപത്യം. ഒരാൾക്ക് വഖ്ഫ് ചെയ്യാൻ അയാൾ കഴിഞ്ഞ അഞ്ചു വർഷമെങ്കിലും മുസ് ലിമായിരിക്കണമെന്നതാണ് ബില്ലിലെ മറ്റൊരു വിചിത്ര വ്യവസ്ഥ. മുസ് ലിം അല്ലാത്തയാൾക്ക് വഖ്ഫ് ബോർഡിൽ അംഗമാകാം. അതേസമയം, മുസ് ലിമായി അഞ്ചുവർഷം പൂർത്തിയാക്കാത്തയാൾക്ക് വഖ്ഫ് ചെയ്യാൻ പാടില്ല! 

 വഖ്ഫ് എന്ന ആശയം ഇസ് ലാമിക മതവിശ്വാസങ്ങളിൽ നിന്നാണ് ഉരുത്തിരിഞ്ഞത്. ഇത് ഒരു മതപരമായ ബാധ്യതയല്ല, മറിച്ച് ഒരു മതപരമായ ചാരിറ്റിയാണ്. ഇതിനെ സർക്കാർ കൈയടക്കുന്നതോടെ വ്യക്തികൾ വഖ്ഫ് ചെയ്യുന്നതിൽനിന്ന് പിന്തിരിയും.
മുസ് ലിംകൾക്കു മാത്രമല്ല, മറ്റ് മതങ്ങൾക്കും സമാന സംവിധാനങ്ങളുണ്ട്. എൻഡോവ്‌മെന്റുകളും ചാരിറ്റബിൾ ട്രസ്റ്റുകളും ദേവതകൾക്ക് സമർപ്പിച്ചിരിക്കുന്ന സ്വത്തുക്കളുമെല്ലാം വഖ്ഫുകളെപ്പോലെ സമർപ്പണ സ്വഭാവമുള്ളതാണ്. ഇസ് ലാമിന്റെ അനുയായികളുടെ സ്വകാര്യവും സ്വയം സമ്പാദിച്ചതുമായ സ്വത്തുക്കളാണ് വഖ്ഫുകൾ. അവ പൊതുസ്വത്തുക്കളല്ല, പൊതു ഫണ്ട് ഉപയോഗിച്ച് സമ്പാദിച്ചവയുമല്ല. അതിലെ സർക്കാർ ഇടപെടൽ ഭരണഘടനയുടെ ആർട്ടിക്കിൾ 25, 26 പ്രകാരമുള്ള ഉറപ്പുകൾക്ക് വിരുദ്ധമാണ്. മുസ് ലിംകളുടെ സ്വകാര്യ സ്വത്തുക്കൾപോലും ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്ന കാലത്ത് വഖ്ഫ് സ്വത്തുക്കളുടെ നടത്തിപ്പിൽനിന്ന് മുസ് ലിംകളെ ഒഴിവാക്കാനുള്ള നീക്കമാണ് ഈ ബിൽ.

About Ahlussunna Online 1311 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*