റഫ: ചോരക്കൊതിയുടെ തുടർക്കഥ

ഗസ്സയ്ക്ക് പിന്നാലെ, ലോകരാജ്യങ്ങളുടെ എതിര്‍പ്പും അന്താരാഷ്ട്ര കോടതിയുടെ വിധിയും അവഗണിച്ച് റഫയില്‍ കൂട്ടക്കുരുതി നടത്തുകയാണ് ഇസ്‌റാഈല്‍. റഫയിലെ അഭയാര്‍ഥി ക്യാംപിലെ ടെന്റുകള്‍ക്ക് നേരെ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികളടക്കം 45 പേരാണ് കൊല്ലപ്പെട്ടത്. ഇന്നലെ നടത്തിയ ആക്രമണത്തില്‍ 13 കുട്ടികളും സ്ത്രീകളും അടക്കം 21 പേര്‍ കൊല്ലപ്പെട്ടു. അതീവ നശീകരണ ശേഷിയുള്ള ആയുധങ്ങളാണ് ഇസ്‌റാഈല്‍ റഫയില്‍ ഉപയോഗിക്കുന്നത്. സ്‌ഫോടനത്തിന് പിന്നാലെ പ്രദേശത്ത് തീപടര്‍ത്തുന്ന സ്മാള്‍ ഡയാമീറ്റര്‍ ബോംബുകളാണ് ഇസ്‌റാഈല്‍ വര്‍ഷിച്ചതെന്നും ഇത് അമേരിക്ക നല്‍കിയതാണെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. യുദ്ധത്തെത്തുടര്‍ന്ന് ഗസ്സയില്‍ നിന്ന് പലായനം ചെയ്തവരാണ് റഫയിലെ അഭയാര്‍ഥി ക്യാംപുകളിലുള്ളത്. ഇവരെ, പിന്തുടര്‍ന്ന് ഉന്‍മൂലനം ചെയ്യുകയാണ് ഇസ്‌റാഈല്‍.

മധ്യ ഗസ്സയിലും തെക്കന്‍ നഗരമായ ഖാന്‍ യൂനിസിലും സൈനികാക്രമണം നടത്തുന്നതിന് മുമ്പ് വടക്ക് ഭാഗത്തുള്ളവരോട് പലായനം ചെയ്യാന്‍ ഇസ്‌റാഈല്‍ സൈന്യം ആവശ്യപ്പെട്ടിരുന്നു. ഇതോടെ, ലക്ഷക്കണക്കിന് ആളുകള്‍ തെക്ക് റഫയിലേക്ക് പലായനം ചെയ്തു. ഇവരെ പലായനം ചെയ്യുന്ന വഴിയിലും ഇപ്പോള്‍ റഫയിലും പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു ഇസ്‌റാഈല്‍. റഫയിലെ ആരോഗ്യ കേന്ദ്രങ്ങളിലും പരിസരങ്ങളിലും ഇസ്‌റാഈല്‍ ഷെല്ലാക്രമണം കാരണം നിലവില്‍ ഒരെണ്ണം മാത്രമേ ഇപ്പോഴും പ്രവര്‍ത്തനക്ഷമമാക്കിയിട്ടുള്ളൂ. പതിവ് പോലെ ഇപ്പോഴത്തെ കൂട്ടക്കുരുതിക്കും അമേരിക്കയുടെ ആയുധ സഹായം മാത്രമല്ല, രാഷ്ട്രീയ പിന്തുണയുമുണ്ട്. റഫയിലെ ഇസ്‌റാഈല്‍ ആക്രമണം അതിര്‍വരമ്പുകള്‍ ലംഘിക്കുന്നതല്ലെന്നാണ് വൈറ്റ്ഹൗസ് വക്താവ് ജോണ്‍ കിര്‍ബി പറയുന്നത്. വലിയ സൈന്യവും ആയുധങ്ങളുമായി ഇസ്‌റാഈല്‍ റഫയിലെത്തിയിട്ടില്ല. വലിയ രീതിയില്‍ കരയാക്രമണം തുടങ്ങിയിട്ടില്ലെന്നുമാണ് വൈറ്റ് ഹൗസിന്റെ നിലപാട്. എവിടെയാണ് ഇസ്‌റാഈലിന് യു.എസ് നിശ്ചയിച്ചിരിക്കുന്ന അതിര്‍വരമ്പ്. സാധാരണക്കാരുടെ ടെന്റിലേക്ക് ബോംബിടുന്നതും കൊല്ലുന്നതും പൂര്‍ണമായും യുദ്ധക്കുറ്റമാണ്.
അമേരിക്കക്ക് പുറമെ ഇസ്‌റാഈല്‍ കൂട്ടക്കുരുതിയെ പിന്തുണയ്ക്കുന്ന മറ്റൊരു രാജ്യം ജര്‍മനിയാണ്. കഴിഞ്ഞമാസം യു.എസ് കോണ്‍ഗ്രസ് ഇസ്‌റാഈലിന് 17 ബില്യണ്‍ ഡോളര്‍ സൈനിക സഹായം ഉറപ്പാക്കുന്ന നിയമം പാസാക്കി. മാര്‍ച്ച് വരെ, ഇസ്‌റാഈല്‍ സൈന്യത്തിനായി 100ലധികം ആയുധ കയറ്റുമതിയും യു.എസ് നടത്തി. കഴിഞ്ഞവര്‍ഷം, ജര്‍മനി ഇസ്‌റാഈലിന് 354 മില്യണ്‍ മൂല്യമുള്ള ആയുധ വില്‍പനയ്ക്ക് അംഗീകാരം നല്‍കി. 2022നെ അപേക്ഷിച്ച് 10 ഇരട്ടി വര്‍ധന വരുത്തിയത് ഫലസ്തീനില്‍ ഇസ്‌റാഈല്‍ നടത്തിയ കൂട്ടക്കുരുതിയെ സഹായിക്കാനായിരുന്നു. 1995ലെ സെബ്രനിസ വംശഹത്യയുടെ സ്മരണ ദിനമായി ജൂലൈ 11 ആചരിക്കാന്‍ മെയ് 1ന് ഐക്യരാഷ്ട്ര പൊതുസഭയില്‍ കരട് പ്രമേയം സമര്‍പ്പിച്ച രാജ്യമാണ് ജര്‍മനി. ഒരു വംശഹത്യയെ അനുസ്മരിച്ച് പ്രമേയം പാസാക്കുമ്പോള്‍ മറ്റൊന്നിനെ പിന്തുണയ്ക്കുന്നതില്‍ എന്ത് അര്‍ത്ഥമാണെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

ഒരു ക്രൂരകൃത്യത്തിന് ഇരയായവരുടെ സ്മരണ നിലനിര്‍ത്തുക മാത്രമല്ല, അത് ആവര്‍ത്തിക്കാതിരിക്കുക എന്നതുകൂടിയാണ് അനുസ്മരണത്തിന്റെ തത്വം. അന്ന് യു.എന്‍ സുരക്ഷാ മേഖലയായിരുന്ന സെബ്രനിസയില്‍ 8,372 മുസ്ലിംകളെയാണ് യു.എന്‍ സൈന്യത്തിന്റെ കണ്‍മുന്നില്‍ കൂട്ടക്കൊല ചെയ്തത്. ഇത്തരത്തിലുള്ള വംശഹത്യയെ അപലപിക്കുന്നതും യുദ്ധക്കുറ്റവാളികളെ മഹത്വവല്‍ക്കരിക്കുന്നത് നിരോധിക്കുന്നതും ഉള്‍പ്പെടെയുള്ള നടപടികള്‍ പ്രധാനപ്പെട്ടതും ആവശ്യമുള്ളതുമാണ്. എന്നാല്‍, ഇസ്‌റാഈലിന് നേരിട്ട് സൈനികവും സാമ്പത്തികവും നയതന്ത്രപരവുമായ പിന്തുണ നല്‍കിയാണ് യു.എസും ജര്‍മനിയും അതിലും വലിയൊരു വംശഹത്യക്ക് കുടപിടിക്കുന്നതെന്നോര്‍ക്കണം. ഗസ്സയില്‍ വംശഹത്യക്കിരയായവരുടെ എണ്ണം അതിലും എത്രയോ ഇരട്ടിയാണ്. വംശഹത്യയില്‍ പങ്കാളിയാണെന്ന് നിക്കരാഗ്വ ആരോപിച്ചതിനെത്തുടര്‍ന്ന് അന്താരാഷ്ട്ര കോടതിക്ക് മുമ്പാകെ ഹാജരായി ഇസ്‌റാഈലിന് ആയുധങ്ങള്‍ നല്‍കുന്നതിനെ വിശദീകരിക്കേണ്ടി വന്ന രാജ്യമാണ് ജര്‍മനി.
ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും വംശഹത്യയ്ക്കുള്ള സ്വന്തം  സര്‍ക്കാരുകളുടെ പിന്തുണയെ അപലപിച്ചും വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങളുടെയും അധിനിവേശങ്ങളുടെയും ഒരു തരംഗമാണ് യു.എസിലും ജര്‍മനിയിലുമുണ്ടായത്. ഇസ്‌റാഈലിനെതിരായ ഏതു വിമര്‍ശനത്തെയും ക്രിമിനല്‍ കുറ്റമാക്കിയാണ് ഇരുരാജ്യങ്ങളും സമരത്തെ അടിച്ചമര്‍ത്തിയത്. 

ബ്ലോക്ക് 2371 എന്ന് അടയാളപ്പെടുത്തിയ അഭയാര്‍ഥി കൂടാരങ്ങള്‍ സിവിലിയന്‍മാര്‍ക്കുള്ള സുരക്ഷിത മേഖലയായി ഇസ്‌റാഈല്‍ നിശ്ചയിച്ചിരുന്നു. എന്നിട്ടും ആക്രമണം നടത്തിയത് മനപ്പൂര്‍വമാണ്. ആക്രമണത്തിന് ശേഷം അവിടെ നിന്ന് പുറത്തുവന്ന വിഡിയോ ദൃശ്യങ്ങള്‍ അതിന്റെ ഭീകരത വിളിച്ചോതുന്നു. കത്തിക്കരിഞ്ഞ് വെണ്ണീറായിക്കിടക്കുകയാണ് മനുഷ്യദേഹങ്ങള്‍. തിരിച്ചറിയാന്‍ കഴിയാത്തവിധം ശിരച്ഛേദം ചെയ്യപ്പെട്ടതും ശരീരം കീറിമുറിച്ചതുമായ കുട്ടികള്‍. മരിച്ചതും പൊള്ളലേറ്റതുമായ കുട്ടികളെ ചേര്‍ത്തുപിടിച്ച് പരിഭ്രാന്തരായി നിലവിളിക്കുന്ന മാതാപിതാക്കള്‍. കത്തുന്ന കൂടാരങ്ങളില്‍ നിന്ന് ആളുകളുടെ കരിഞ്ഞ അവശിഷ്ടങ്ങളുമായി ഓടുന്ന രക്ഷാപ്രവര്‍ത്തകര്‍. 

റഫയില്‍ ഇസ്‌റാഈല്‍ നടത്തുന്ന വംശഹത്യ ആഗോള സമൂഹത്തിന്റെയും മുഖത്ത് മുറിവാണ്. ഗസ്സയിലെ ജനങ്ങളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ട അന്താരാഷ്ട്ര സമൂഹം റഫയിലും കടുത്ത പരാജയത്തിലാണ്. റഫയില്‍ 1.4 ദശലക്ഷം ഫലസ്തീനികള്‍ താമസിക്കുന്നുണ്ട്. അവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണ്. താല്‍ക്കാലിക ടെന്റുകളിലാണ് കഴിയുന്നത്. അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെയും മാനുഷിക നിയമങ്ങളുടെയും നഗ്‌നമായ ലംഘനം നടത്തി ഇസ്‌റാഈല്‍ അവര്‍ക്കെതിരേ ക്രൂരത തുടരുന്നു. ആഗോള രോഷത്തിനിടയിലും ഇസ്‌റാഈലി നേതാക്കള്‍ ഗസ്സയെ സമ്പൂര്‍ണമായി ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്യുന്നത് തുടരുന്നു.
എട്ട് മാസത്തിലേറെയായി, ഫലസ്തീനികള്‍ അവരുടെ ദൈനംദിന ദുരിതങ്ങളുടെ തത്സമയ വിഡിയോകള്‍ പങ്കിടുന്നു. കൂട്ടക്കൊല അവസാനിപ്പിക്കാന്‍ ലോകത്തോട് അഭ്യര്‍ഥിക്കുന്നു. എന്നാല്‍, മനുഷ്യാവകാശങ്ങളെക്കുറിച്ചും അന്താരാഷ്ട്ര നിയമങ്ങളെക്കുറിച്ചും വാചാലരാവുന്ന പാശ്ചാത്യ രാഷ്ട്രീയ വര്‍ഗം മൗനംപാലിച്ചു. ഇസ്‌റാഈലിന്റെ ക്രൂരതയെ നിയന്ത്രിക്കാന്‍ വിസമ്മതിച്ചു, വംശഹത്യ ഭരണകൂടത്തിന്മേല്‍ ഉപരോധം ഏര്‍പ്പെടുത്തുകയാണ് അതിവേഗം ചെയ്യേണ്ടത്. ഗസയില്‍ കുഞ്ഞുങ്ങളെ കൊന്നതിനു ശേഷം അവരുടെ ഷോക്‌സുമായി ഇസ്‌റാഈലി സൈനികന്‍ സംസാരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലുണ്ട്. പിഞ്ചു കുഞ്ഞിന്റെ ഷോക്‌സ് ഉയര്‍ത്തിക്കാട്ടി അയാള്‍ പറയുന്നു. ദിവസം 10 കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയ ശേഷം അവരുടെ ഷോക്‌സുകള്‍ മണക്കുകയെന്നതാണ് എന്റെ ഹോബി. സയണിസ്റ്റ് ജൂതരാഷ്ട്രമെന്നാല്‍ അതാണ്.

About Ahlussunna Online 1348 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*