ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സാധാരണ അവസ്ഥ തിരികെ കൊണ്ടുവരാന്‍ ഇന്ത്യ നടപടികളെടുത്തിട്ടുണ്ടെങ്കിലും നിയന്ത്രണങ്ങള്‍ പെട്ടെന്ന് നീക്കലാണ് പ്രധാനമെന്ന് യൂറോപ്യന്‍ യൂനിയന്‍ സംഘം. 370-ാം വകുപ്പ് റദ്ദാക്കിയതിന്റെ ഭാഗമായി ഓഗസ്റ്റ് മുതല്‍ ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം വിലയിരുത്താന്‍ എത്തിയ സംഘത്തിന്റേതാണ് അഭിപ്രായം.
യൂറോപ്യന്‍ യൂനിയനില്‍ നിന്നടക്കം 25 രാജ്യങ്ങളില്‍ നിന്നുള്ള നയതന്ത്രജ്ഞരാണ് ഈയിടെ ജമ്മു കശ്മീര്‍ സന്ദര്‍ശിച്ചത്. ജമ്മു കശ്മീരിലെ നിലവിലെ അവസ്ഥ പരിശോധിക്കാന്‍ സര്‍ക്കാര്‍ തന്നെ സംഘടിപ്പിച്ച സന്ദര്‍ശന പരിപാടിയാണിത്. ഇതിനെതിരെ പ്രതിപക്ഷ നിരയില്‍ നിന്ന് പ്രതിഷേധമുയര്‍ന്നിരുന്നു. ഇന്ത്യയ്ക്കുള്ളിലുള്ള തങ്ങളെ കടത്തിവിടാതെ പുറത്തുള്ളവരെ കൊണ്ടുവന്ന് കാണിക്കുന്നതിനെക്കുറിച്ചായിരുന്നു വിമര്‍ശനം.
ജര്‍മനി, കാനഡ, ഫ്രാന്‍സ്, ഇറ്റലി, പോളണ്ട്, ന്യൂസിലാന്റ്, മെക്‌സിക്കോ, അഫ്ഗാനിസ്ഥാന്‍, ഓസ്ട്രിയ, ഉസ്‌ബെക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് ജമ്മുവിലും ശ്രീനഗറിലും രണ്ടു ദിവസങ്ങളിലായി സന്ദര്‍ശനം നടത്തിയത്.
‘നോര്‍മല്‍സി (സാധാരണ അവസ്ഥ) തിരികെ കൊണ്ടുവരാന്‍ ഭാരത സര്‍ക്കാര്‍ വേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് സന്ദര്‍ശനത്തില്‍ നിന്ന് വ്യക്തമായി. ചില നിയന്ത്രണങ്ങള്‍ തുടരുന്നു, പ്രത്യേകിച്ച് മൊബൈല്‍ സേവനങ്ങള്‍ക്കും ഇന്റര്‍നെറ്റിനുമുള്ളവ. ഒപ്പം ചില രാഷ്ട്രീയ നേതാക്കള്‍ ഇപ്പോഴും തടങ്കലിലാണ്’- യൂറോപ്യന്‍ യൂനിയന്‍ പ്രസ്താവനയില്‍ പറഞ്ഞു.
‘അതേസമയം ഗുരുതരമായ സുരക്ഷാ ആശങ്കയും ഞങ്ങള്‍ പരിഗണിക്കുന്നു. തുടരുന്ന നിയന്ത്രണങ്ങള്‍ എത്രയും വേഗത്തില്‍ നീക്കുകയാണ് പ്രധാനം’- ഇ.യു വിദേശകാര്യ വക്താവ് വെര്‍ജീനി ബാട്ടു ഹെറിക്‌സണ്‍ പറഞ്ഞു.
Be the first to comment