രണ്ടാം ബാബരിയോ സാംഭാൽ ജുമാമസ്ജിദ്

ജ്ഞാൻവാപിക്കും മഥുരയിലെ ഷാഹി ഈദ്ഗാഹ് മസ്ജിദിനും പിന്നാലെ ഉത്തർപ്രദേശിലെ പുരാതന സാംഭാൽ ജുമാമസ്ജിദ് നിൽക്കുന്നത് ക്ഷേത്രഭൂമിയിലാണെന്ന സംഘ്പരിവാർ അനുകൂലികളുടെ പരാതിയിൽ കോടതി ഉത്തരവിനെത്തുടർന്ന് പള്ളിയിൽ സർവേ നടത്തിയിരിക്കുന്നു. മസ്ജിദ് നിലനിൽക്കുന്ന സ്ഥലത്ത് പുരാതന കൽക്കിക്ഷേത്രം ഉണ്ടായിരുന്നുവെന്നും ഇത് തകർത്താണ് മസ്ജിദ് നിർമിച്ചതെന്നുമാണ് ഹരജിക്കാരുടെ വാദം. ഇതോടെയാണ് സാംഭാലിലെ സിവിൽ കോടതി സർവേക്ക് ഉത്തരവിട്ടത്. കോടതി ഉത്തരവുപ്രകാരം അഭിഭാഷക കമ്മിഷണർ സർവേ നടത്തുകയും ചെയ്തു. സർവേയിൽ ഹരജിക്കാരുടെ വാദങ്ങൾ തെളിയിക്കുന്നതൊന്നും കണ്ടെത്തിയിട്ടില്ല. ജ്ഞാൻവാപി, ഷാഹി മസ്ജിദ്, ഡൽഹി ഖുതുബ് മിനാറിലെ ഖുവ്വത്തുൽ ഇസ് ലാം പള്ളി എന്നിവ ക്ഷേത്രമായിരുന്നുവെന്നാരോപിച്ച് ഹരജി നൽകിയ അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിനാണ് ഈ കേസിലെയും ഹരജിക്കാരനെന്നതുതന്നെ ഇത് ഗൂഢാലോചനയാണെന്ന് വ്യക്തമാക്കുന്നുണ്ട്.

ബാബരി മസ്ജിദ് നിർമിച്ച അതേ വർഷത്തിൽ ബാബർ നിർമിച്ചതാണ് സാംഭാൽ ജുമാമസ്ജിദ്. സാംഭാലിൽ യുദ്ധം ജയിച്ച ബാബർ അവിടെയൊരു പള്ളി നിർമിക്കാൻ തന്റെ സേനാനായകൻ മിർ ഹിന്ദു ബേഗിനോട് നിർദേശിക്കുകയായിരുന്നു. സാംഭാലിന്റെ ഗവർണറായി ബാബർ നിയമിച്ചത് മകൻ ഹുമയൂണിനെത്തന്നെയാണ്. ഹുമയൂൺ തന്റെ മകൻ അക്ബറിന് ഭരണം കൈമാറി. ഷാഹി ജുമാമസ്ജിദും മറ്റ് രണ്ട് കെട്ടിടങ്ങളുമാണ് സാംഭാലിൽ ബാബർ പണിതത്. അക്കാലത്ത് പണിത മുഗൾ കെട്ടിടങ്ങളിൽ അവശേഷിക്കുന്ന ഒരേയൊരു കെട്ടിടമാണ് ഈ മസ്ജിദ്. തുടർന്നുവന്ന ഭരണാധികാരികളെല്ലാം ഇതിനെ പലരീതിയിൽ അറ്റകുറ്റപ്പണി നടത്തി സംരക്ഷിച്ചിട്ടുണ്ട്. 1657-ൽ റുസ്തോം ഖാൻ ദകാനി, പള്ളിയുടെ അറ്റകുറ്റപ്പണി നടത്തിയതായി തെക്കേ ഭാഗത്തുള്ള ഒരു ലിഖിതത്തിൽ പറയുന്നു. സയ്യിദ് ഖുതുബ് 1626ൽ ചില നവീകരണങ്ങൾ നടത്തിയതായി മറ്റൊരു ഫലകത്തിലുണ്ട്.

പള്ളി നിർമിച്ചത് ക്ഷേത്രം തകർത്താണെന്ന ആരോപണം ആദ്യമായുണ്ടാകുന്നത് 1963ലാണ്. ശ്രീറാം ശർമ്മ എഴുതിയ പുസ്തകത്തിലായിരുന്നു ഈ വാദം. ഇതിന് പിന്നാലെ പള്ളിയുടെ മേൽ അവകാശത്തർക്കവുമായി കേസുണ്ടായെങ്കിലും ഹിന്ദുവിഭാഗത്തിന്റെ വാദം സിവിൽ കോടതി തള്ളി. ഈ കേസിൽ പള്ളിയുമായി ബന്ധപ്പെട്ട് ജഹാംഗീർ ചക്രവർത്തിയുടെ കാലത്തുള്ള നിരവധി രേഖകൾ പുറത്തുവരികയും ചെയ്തിരുന്നു. പള്ളിയിൽ സുപ്രധാന ചരിത്രപരമായ കാലക്രമത്തിന്റെ അടയാളങ്ങൾ നിരവധിയാണ്. അതിനാൽ സംരക്ഷിക്കപ്പെടേണ്ട ചരിത്രസ്മാരകവുമാണ്. ബാബരി വിധിക്കുശേഷം പള്ളികൾക്കു മേലുള്ള സംഘ്പരിവാർ സംഘടനകളുടെ അവകാശവാദങ്ങൾ വ്യാപകമായി. നിരവധി പള്ളികളും ദർഗകളുമാണ് നിലവിൽ ഇത്തരത്തിലുള്ള വിചിത്ര അവകാശവാദങ്ങൾ നേരിടുന്നത്. ഇത്തരം കേസുകളിൽ കോടതികളുടെ നിലപാടുകളും അവകാശവാദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ്. 1991ലെ ആരാധനാലയ നിയമത്തിന്റെ ലക്ഷ്യങ്ങൾ അവഗണിച്ചാണ് ഇതെല്ലാം നടക്കുന്നത്.

ആരാധനാലയങ്ങളുടെ ഘടന മാറ്റുന്നത് തടയുന്ന 1991ലെ ആരാധനാലയ നിയമം മറികടന്ന് കോടതികൾ സർവേ നടത്താൻ ഉത്തരവിടുന്നു. വരാണസിയിലെയും മഥുരയിലെയും പള്ളികളുടെ മതപരമായ സ്വഭാവത്തെ ചോദ്യം ചെയ്യുന്ന സിവിൽ കേസുകൾ അതിവേഗം പുരോഗമിക്കുകയാണ്. ഇരു പള്ളികളിലും നേരത്തെ കോടതി ഉത്തരവ് പ്രകാരം സർവേ നടന്നു. വരാണസി ജില്ലാ കോടതിയിൽ സമർപ്പിച്ച ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ റിപ്പോർട്ടിൽ ജ്ഞാൻവാപി പള്ളി നിർമിക്കുന്നതിനു മുമ്പ് അവിടെ ഒരു ക്ഷേത്രം ഉണ്ടായിരുന്നതായി അവകാശപ്പെട്ടു. തുടർന്ന് പള്ളിയുടെ നിലവറയിൽ പൂജ നടത്താൻ കോടതി അനുമതി നൽകി. രണ്ട് തർക്കങ്ങളിലും ആരാധനാലയ നിയമം അത്തരം അവകാശവാദങ്ങളെ വിലക്കുന്നുവെന്നതിന്റെ അടിസ്ഥാനത്തിൽ അതത് മസ്ജിദ് കമ്മിറ്റികൾ ഹരജികൾ നിരസിക്കാൻ ആവശ്യപ്പെട്ടെങ്കിലും കോടതികൾ അത് പരിഗണിക്കുകയുണ്ടായില്ല. മധ്യപ്രദേശിലെ കമൽ മൗല മസ്ജിദ്, ഡൽഹി ഖുതുബ് മിനാറിനുള്ളിലെ ഖുവ്വത്തുൽ ഇസ്്ലാം പള്ളി, ഡൽഹിയിലെ 300 വർഷം പഴക്കമുള്ള മസ്ജിദ് നവാബ് അലി തുടങ്ങിയവയ്‌ക്കെല്ലാം സമാനമായ ഭീഷണിയുണ്ട്.

ഉത്തർപ്രദേശിലെ ബദൗണിൽ 800 വർഷം പഴക്കമുള്ള ദേശീയ പൈതൃക കേന്ദ്രമായ ഷംസി ജുമാ മസ്ജിദ് ശിവക്ഷേത്രമാണെന്ന അവകാശവാദവുമായി കോടതിയെ സമീപിച്ചത് വലതുപക്ഷ ഹിന്ദു ദേശീയവാദി ഗ്രൂപ്പായ അഖിൽ ഭാരത് ഹിന്ദു മഹാസഭയാണ്. ഒരുവശത്ത് പുരാതന പള്ളികളും ദർഗകളും കൈയേറ്റമെന്നാരോപിച്ച് പൊളിച്ചു നീക്കുന്നു. മറുവശത്ത് പള്ളികൾ നിൽക്കുന്നത് ക്ഷേത്രത്തിന് മുകളിലാണെന്നാരോപിച്ച് കൈയടക്കാൻ ശ്രമിക്കുന്നു. അതോടൊപ്പം മധ്യകാല മുസ്്ലിം നിർമിതികളിൽ കൈയേറ്റവും നടക്കുന്നു. ഇതെല്ലാം രാജ്യത്തുണ്ടാക്കുന്ന വിഭജനം ചെറുതല്ല. ഡൽഹിയിൽ 500 വർഷം പഴക്കമുള്ള ശൈഖ് അലിയുടെ ഗുംതി ഖബറിടം ഡിഫൻസ് കോളനി വെൽഫെയർ അസോസിയേഷൻ കൈയേറി ഓഫിസാക്കിയതായി പുറത്തുവന്നത് അടുത്തിടെയാണ്. ലോധി രാജവംശക്കാലത്ത് നിർമിച്ച ദർഗ 60 വർഷമായി വെൽഫെയർ അസോസിയേഷൻ കൈയേറുകയും കൈവശം വച്ചുപോരുകയും ചെയ്യുകയായിരുന്നു. അതിന്റെ പ്രവേശന കവാടത്തിൽ മാറ്റങ്ങൾ വരുത്തി. വൈദ്യുതി കണക്ഷൻ സ്ഥാപിച്ചു. ടെലഫോൺ കേബിളുകൾ, വാഷ്റൂം, പാർക്കിങ് ഷെഡ് എന്നിവയുടെ നിർമാണം തുടങ്ങിയതായും സി.ബി.ഐയാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഇതിനെല്ലാം അധികൃതരുടെ ഒത്താശയമുണ്ടായിരുന്നു. ഇത് തിരിച്ചുപിടിക്കാനും കുറ്റക്കാർക്കെതിരേ നടപടിയെടുക്കാനും ഉത്തരവിട്ടിരിക്കുകയാണ് സുപ്രിംകോടതി.
ഈ ചരിത്രസ്മാരകങ്ങൾ വെറും മുസ്്ലിം ആരാധനാലയങ്ങൾ മാത്രമല്ല, രാജ്യത്തിന്റെ സമ്പുഷ്ടമായ ചരിത്രത്തിന്റെ നിലനിൽക്കുന്ന ശേഷിപ്പുകൾ കൂടിയാണ്. വെറുമൊരു അവകാശവാദത്തിന്റെ അടിസ്ഥാനത്തിൽ അത് മറ്റൊരു വിഭാഗത്തിന് കൈയടക്കാനും തകർത്തുകളയാനും പറ്റുന്ന സാഹചര്യം നിയമവാഴ്ചയില്ലാത്ത സമൂഹത്തിന്റെ ലക്ഷണമാണ്. വർത്തമാനകാല സാമൂഹിക സാഹചര്യങ്ങൾകൂടി പരിഗണിച്ചു വേണം കോടതികൾ കേസുകളെ സമീപിക്കേണ്ടത്. ഇൗ രീതിയിലുള്ള അവകാശവാദങ്ങളെ പ്രോത്സാഹിപ്പിക്കാതെ മുളയിലെ നുള്ളാൻ കോടതികൾ തയാറാകണം. ഇത്തരം കേസുകളുടെ ഗൂഢാലോചനാസ്വഭാവം കണ്ടില്ലെന്ന് നടിക്കരുത്. ഇത്തരം ക്രിമിനലുകളെ പ്രോത്സാഹിപ്പിക്കുന്നത് സർക്കാറും അവസാനിപ്പിക്കണം. 1991ലെ ആരാധനാലയ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടുത്താൻ ആരെയും അനുവദിക്കരുത്. രാജ്യത്ത് മതേതരത്വം നിലനിർത്തുകയെന്നത് എല്ലാവരുടെയും ഉത്തരവാദിത്വമാണ്.

About Ahlussunna Online 1303 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*