തിരുവനന്തപുരം: രാത്രി കര്‍ഫ്യൂ രണ്ടാം ദിനവും തുടങ്ങി. രാത്രി പത്തുമണിയോടെയാണ് പുതുവര്‍ഷ തലേന്ന് കടുത്ത നിയന്ത്രണം തുടങ്ങിയത്. ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുതുവത്സരാഘോഷങ്ങള്‍ക്ക് കടുത്ത കടിഞ്ഞാണിട്ടിരിക്കുന്നത്. കടുത്ത നിയന്ത്രണമാണ് കേരളത്തിലെല്ലായിടത്തും.
ആഘോഷങ്ങളുടെ പ്രധാന കേന്ദ്രമായി മാറാറുള്ള കൊച്ചിയിലും കോവളത്തും കോഴിക്കോട്ടും ഇത്തവണ പഴയ ബഹളവുമില്ല.
നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ കാര്‍ണിവലും പാപ്പാഞ്ഞിയെ കത്തിക്കലും ഇല്ലാതെയാണ് കൊച്ചിയിലെ ന്യൂ ഇയര്‍. ആള്‍ക്കൂട്ടം പാടില്ലെന്നും എട്ട് മണിക്ക് എല്ലാവരും തിരികെ പോവണമെന്നും കോവളത്ത് പൊലിസ് അനൗണ്‍സ്‌മെന്റുണ്ട്. കോവളം ബീച്ചിലെ ആഘോഷം എട്ടരയോടെ അവസാനിപ്പിക്കാനാണ് പൊലീസ് നിര്‍ദ്ദേശിച്ചിരുന്നത്.
കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തുമെല്ലാം ഇക്കുറി കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് ആഘോഷങ്ങള്‍ക്ക് 9.30 വരെ മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്. ഒന്‍പത് മണിമുതല്‍ നഗരത്തിലടക്കം നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് സിറ്റി പൊലിസ് കമ്മീഷണര്‍ എവി ജോര്‍ജ് വ്യക്തമാക്കിയിരുന്നു.
നിയന്ത്രണങ്ങള്‍ ഉള്ളതുകൊണ്ട് തന്നെ ബീച്ചില്‍ ആളുകള്‍ കുറഞ്ഞു. കോഴിക്കോട് നഗരത്തില്‍ ഏഴ് കേന്ദ്രങ്ങളില്‍ പൊലിസ് പരിശോധന തുടര്‍ന്നു.
Be the first to comment