മുംബൈ: മുസ്ലിം സ്ത്രീകള്‍ക്കെതിരായി വിദ്വേഷപ്രചാരണം നടത്തിയ ബുള്ളി ബായ് എന്ന മൊബൈല്‍ ആപ്ലിക്കേഷന് പിന്നില്‍ ഉത്തരാഖണ്ഡ് സ്വദേശിനിയെന്ന് പൊലീസ്. ഇവരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. പ്രമുഖരായ മുസ്ലിം സ്ത്രീകളെ അടക്കം ലിസ്റ്റ് ചെയ്ത് ചിത്രങ്ങള്‍ സഹിതം ലേലത്തിന് വച്ച് അപമാനിച്ച ഇവര്‍ക്ക് വ്യാജപേരില്‍ സമൂഹമാധ്യമങ്ങളില്‍ നിരവധി അക്കൗണ്ടുകളുണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ അറസ്റ്റിലായ ഇരുപത്തിയൊന്നുകാരനുമായി ഇവര്‍ക്ക് അടുത്ത പരിചയമുണ്ട്.
ഡെറാഡൂണില്‍ വച്ചാണ് ഈ യുവതിയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ട്രാന്‍സിറ്റ് റിമാന്‍ഡ് കിട്ടിയ ശേഷം ഇവരെ മുംബൈയിലേക്ക് കൊണ്ടുവരും. ഇതിന് മുമ്പ് അറസ്റ്റിലായ വിശാല്‍ കുമാര്‍ എന്ന യുവാവിനെ ഓണ്‍ലൈന്‍ വഴിയാണ് യുവതി പരിചയപ്പെടുന്നത്. പിന്നീട് കൂടുതലടുത്തു. ഇതിന് ശേഷമാണ് ഇത്തരമൊരു ആപ്ലിക്കേഷന്‍ ഉണ്ടാക്കുന്നതിലേക്ക് നീങ്ങിയത്.
ബെംഗളുരുവില്‍ നിന്നാണ് ഇന്നലെ ബി ടെക് വിദ്യാര്‍ത്ഥിയായ വിശാല്‍ കുമാറിനെ അറസ്റ്റ് ചെയ്യുന്നത്. ഇരുപത്തിയൊന്നുകാരനായ ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ഉത്തരാഖണ്ഡ് സ്വദേശിനിയെക്കുറിച്ച് വിവരങ്ങള്‍ കിട്ടിയത്. ബുള്ളി ബായ് ആപ്പ് വഴിയുള്ള വിദ്വേഷ പ്രചാരണത്തിന് മലയാളികള്‍ അടക്കം ഇരയായിരുന്നു.
പ്രശസ്തരായ മുസ്ലിം വനിതാ നേതാക്കളെയും ആക്ടിവിസ്റ്റുകളെയും ലക്ഷ്യമിട്ടുള്ള വിദ്വേഷ പ്രചാരണമാണ് ബുള്ളി ബായ് എന്ന ആപ്പ് നടത്തി വന്നത്. ശക്തമായ പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്ന് ഈ ആപ്പ് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് പിന്‍വലിച്ചിരുന്നു. ജെഎന്‍യുവില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ മാതാവ് ഫാത്തിമ നഫീസ്, എഴുത്തുകാരി റാണ സഫ്!വി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഇസ്മത്ത് ആര, റേഡിയോ ജോക്കി സായിമ, സിഎഎ വിരുദ്ധസമരത്തിന്റെ അമരത്തുണ്ടായിരുന്ന വിദ്യാര്‍ത്ഥിനേതാക്കളായ ലദീദ , ആയിഷ റെന്ന, ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവായിരുന്ന ഷെഹല റാഷിദ് തുടങ്ങി നിരവധി മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ സഹിതമായിരുന്നു പ്രചാരണം. കഴിഞ്ഞ വര്‍ഷം സുള്ളി ഡീല്‍സ് എന്ന പേരില്‍ ഇവരുടെ ചിത്രങ്ങള്‍ പങ്കുവച്ച് ഇത്തരത്തില്‍ സമാന പ്രചാരണം നടത്തിയിരുന്നു.
മുസ്‌ലിം സ്ത്രീകളെ ലേലത്തിന് വച്ച ബുള്ളി ബായ് ആപ്പ് നിയന്ത്രിച്ചത് സിഖ് പേരുകളിലുള്ള വ്യാജ അക്കൗണ്ട് ഉണ്ടാക്കി. മുഖ്യപ്രതിയായ യുവതി മൂന്നു അക്കൗണ്ടുകള്‍ സൃഷ്ടിച്ചാണ് വിദ്വേഷ പ്രചാരണം നയിച്ചത്. മറ്റൊരു പ്രതിയായ യുവാവ് അക്കൗണ്ട് ഉണ്ടാക്കിയത് ഖല്‍സാ സുപ്രമാസിസ്റ്റ് എന്ന സിഖ് പേരിലായിരുന്നു. ഡിസംബര്‍ 31ന് മറ്റു അക്കൗണ്ടുകളും ഇയാള്‍ സിഖ് സമൂഹവുമായി ബന്ധപ്പെടുത്തുന്ന ഖല്‍സ പേരുകളിലേക്ക് മാറ്റി. ബുള്ളിബായ് എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ വഴിയും ആപ്പിന്റെ പ്രചാരണം നടത്തി. ഖലിസ്ഥാനി ചിത്രമാണ് ട്വിറ്റര്‍ ഹാന്‍ഡിലിലുണ്ടായിരുന്നത്.
Be the first to comment