ഇസ്‌ലാമാബാദ്: കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ ഇന്ത്യക്കെതിരേ പ്രകോപനപരമായ പരാമര്‍ശങ്ങളുമായി നിരന്തരം രംഗത്തെത്തിയ പാക് അധികൃതര്‍ക്ക് മനംമാറ്റം. ആദ്യം ആണവായുധം പ്രയോഗിക്കില്ലെന്ന നയം മാറ്റിയേക്കുമെന്ന ഇന്ത്യയുടെ ഭീഷണി നിലനില്‍ക്കുമ്പോഴും അത്തരമൊരു നീക്കത്തിന് തങ്ങള്‍ തയ്യാറാവില്ലെന്ന് ഇംറാന്‍ ഖാന്‍ വ്യക്തമാക്കി. ലാഹോറില്‍ നടന്ന പരിപാടിക്കിടെയാണ് ഇംറാന്‍ ഖാന്‍ നിലപാട് വ്യക്തമാക്കിയത്. പാകിസ്താന്‍ ആദ്യം ആണവായുധം പ്രയോഗിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കശ്മീര്‍ സ്വതന്ത്ര പദവി വിഷയവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കേയാണ് ഇംറാന്‍ ഖാന്റെ പ്രതികരണം. റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തങ്ങള്‍ ഇരു രാജ്യങ്ങളും ആണവ ശക്തികളാണ്. സംഘര്‍ഷം രൂക്ഷമായാല്‍ ലോകത്തിന് അത് ഭീഷണിയാവും. തങ്ങളുടെ ഭാഗത്തുനിന്നു ആദ്യം ആണവായുധ പ്രയോഗം ഉണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ആദ്യം ആണവായുധം പ്രയോഗിക്കില്ലെന്ന ഇന്ത്യയുടെ നയത്തില്‍ മാറ്റം വരുത്തുമെന്ന് ഇന്ത്യന്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കി ആഴ്ചകള്‍ക്കു ശേഷമാണ് പാകിസ്താന്‍ നിലപാട് വ്യക്തമാക്കിയത്. പതിറ്റാണ്ടുകളായി ഇന്ത്യ പിന്തുടരുന്ന നയം തിരുത്തുമെന്ന സൂചനയാണ് ഇന്ത്യ നല്‍കിയിരുന്നത്. ഇന്നുവരെ ഇന്ത്യയുടെ ആണവ നയം സംഘര്‍ഷമുണ്ടായാല്‍ രാജ്യം ആദ്യം ആണവായുധം ഉപയോഗിക്കില്ല എന്നതാണ്. ഭാവിയില്‍ ആ നയത്തില്‍ മാറ്റം വരുമോ എന്നത് അന്നത്തെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാവും തീരുമാനിക്കുക എന്നും ഇക്കഴിഞ്ഞ ഓഗസ്റ്റ് 16ന് പൊഖ്‌റാനില്‍ രാജ്‌നാഥ് സിങ് വ്യക്തമാക്കിയിരുന്നു.
കശ്്മീരിന്റെ സ്വതന്ത്ര പദവി റദ്ദാക്കിയതിനു പിന്നാലെ പാകിസ്താന്‍, ഇന്ത്യയുമായുള്ള നയതന്ത്രബന്ധം തരംതാഴ്ത്തുകയും ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയെ പുറത്താക്കുകയും ചെയ്തിരുന്നു. കശ്മീരില്‍ ഇന്ത്യ അന്താരാഷ്ട്ര നിയമ ലംഘനം നടത്തിയെന്നാണ് പാകിസ്താന്റെ ആരോപണം. എന്നാല്‍ കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്ന നിലപാടാണ് ഇന്ത്യ രാജ്യവേദികളിലും സ്വീകരിക്കുന്നത്. വിഷയം പാകിസ്താന്‍ യുഎന്‍ രക്ഷാസമിതിയില്‍ ഉന്നയിച്ചെങ്കിലും ഭൂരിഭാഗം അംഗ രാജ്യങ്ങളും ഇന്ത്യയുടെ നിലപാടിനെ പിന്തുണയ്ക്കുകയായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ പിന്തുണ നഷ്ടപ്പെടുന്നതാണ് പാകിസ്താന്റെ മനം മാറ്റത്തിന് കരണമെന്നും നിരീക്ഷകര്‍ വിലയിരുത്തുന്നു.
Be the first to comment