വിദ്യാര്‍ത്ഥിത്വം ;ജാഗ്രതയുടെ മൂന്നാം കണ്ണ് തുറക്കണം]

  എം.ഇര്‍ഷാദ് വേങ്ങര

 

മാസങ്ങള്‍ നീണ്ടുനിന്ന അവധികാലത്തിന്‍റെ ആഘോഷത്തിനും ആവേശത്തിനും വിരാമം നല്‍കി വിദ്യാലയങ്ങള്‍ വീണ്ടും തുറന്നിരിക്കുകയാണ്.തോളില്‍ ബാഗും ശിരസ്സില്‍ ഒരുപിടി സ്വപ്നങ്ങളും പേറി വിദ്യാര്‍ത്ഥി സമൂഹം നാളെയുടെ പുലരിയെ നിറം പിടിപ്പിക്കാന്‍ വിദ്യലായത്തിന്‍റെ പടികള്‍ ചവിട്ടിതുടങ്ങി.

പുത്തനുടുപ്പണിഞ്ഞും വര്‍ണവൈവിധ്യങ്ങളെ കൊണ്ടലങ്കൃതമായ കുടകളും വിത്യസ്ത ഭാവത്തിലും മോഡലിലും നിര്‍മിച്ച ബാഗുകളും തൂക്കി വിദ്യാലയത്തി പടി കയറുമ്പോഴുണ്ടാകുന്ന അനുഭൂതിയും നെഞ്ചിടിപ്പും പണ്ട് കാലത്ത് ഒന്ന് വേറെ തന്നെയായിരുന്നു.

പിതാവിന്‍റെ ചെറുവിരല്‍ പിടിച്ച് തുള്ളിചാടി നടന്ന് ഗൈറ്റിന്‍റെ അരികിലെത്തുമ്പോള്‍ ഹൃദയത്തില്‍ ഊറിവരുന്ന ചെറിയ ഭീതികള്‍ കാരണത്താല്‍ ചിണുങ്ങി മാറി നിന്നപ്പോള്‍ പിതാവിന്‍റെ കണ്ണുരുട്ടലും തുടര്‍ന്ന് പിതാവ് വാങ്ങി തരുന്ന മിട്ടായിയില്‍ സമാശ്വാസം കണ്ടെത്തെലുമൊക്കെ ഇന്ന് രസമുള്ള ഓര്‍മകളായി ഹൃദയത്തില്‍ തങ്ങിനില്‍ക്കുന്നുണ്ട്.നാലുഭാഗവും മരം കൊണ്ട് തയ്യാറാക്കിയ സ്ലേറ്റും മുള തണ്ടും പുസ്തകത്തിന്‍റെ പുത്തന്‍മണവും ഗൃഹാതുരതയുടെ ഓളങ്ങളില്‍ ചിലപ്പോഴൊക്കെ മിന്നി മറയും.

 വഴിയരികിലൂടെ കുടയുടെ താഴ്ഭാഗം നിലത്തിഴച്ച് നടക്കുന്ന പിഞ്ചുവിദ്യാര്‍ത്ഥികളെ കാണുമ്പോള്‍ അറിയാതെ മനസ്സ് വിദ്യാലയത്തിന്‍റെ മുറ്റത്തേക്ക് ഓടിമറയുന്നു.അവസാന പിരിയഡ് അക്ഷമനായി ക്ലാസില്‍ ഇരിക്കുകയും ദേശിയഗാനം ചൊല്ലി ബെല്ലടി തുടങ്ങുമ്പോഴേക്കും വരാന്തയിലേക്ക് കുതിച്ചോടുന്ന ബല്ല്യകാലത്തിന്‍റെ അത്യുഗ്രന്‍ സീനുകളും ചിന്തകളുടെ പച്ചപരവതാനി വിരുന്നെത്താറുണ്ട്.

മഴ പെയ്ത് തോര്‍ന്ന വഴികളില്‍ തോളുകളിലൂടെ കൈകള്‍ കോര്‍ത്ത് കൂട്ടുകരോടൊന്നിച്ച് നടകുമ്പോള്‍ കുസൃതിക്കായി കൂട്ടുക്കാരന്‍റെ ദേഹത്തേക്ക് ചെളിവെള്ളം കാല് കൊണ്ട് തെറിപ്പിച്ചതും പ്രതികാരം വീട്ടാന്‍ അവന്‍ അവസരത്തിനായി കാത്തു നില്‍ക്കുന്നതും പോയകാലത്തെ നര്‍മങ്ങളായിരുന്നു.

മരങ്ങളുടെ ഇലകളില്‍ തങ്ങി നിന്ന മഴതുള്ളികള്‍ കൂട്ടുകാര്‍ക്ക് നെരെ കുടഞ്ഞ് അവരെ നയപ്പിച്ചപ്പോള്‍ ലഭിച്ച ആനന്ദം ഓര്‍മകളിലെ രസകൂട്ടായിരുന്നു.പകരം അവര്‍ മണ്ണ് വാരി ഷര്‍ട്ടിലേക്കെറിഞ്ഞപ്പോള്‍ തോന്നിയ ഈര്‍ഷ്യതയും അതിനോട് ചേര്‍ത്ത് വായിക്കണം.അവസാനം എല്ലാ ‘യുദ്ധവും’ കഴിഞ്ഞ് വീട്ടിലേക് കയറി വരുമ്പോള്‍ ചെളി നിറഞ്ഞ് ചെഞ്ചായമണിഞ്ഞ വെള്ളകുപ്പായം കണ്ട് ചുവന്ന് തുടുക്കുന്ന ഉമ്മയുടെ മുഖവും ദേഷ്യം വാക്കുകളിലൂടെ തീര്‍ക്കുന്ന സന്ദര്‍ഭവും അന്ന് ശരിക്കും അസഹനീയമായിരുന്നു.

ഇത് വരെ വിവരിച്ചത് കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ വിദ്യാര്‍ത്ഥിജീവിതം.മാറ്റങ്ങളും പരിവര്‍ത്തനങ്ങളും സമൂഹത്തിലെ എല്ലാകോണുകളിലെയും അവസ്ഥാന്തരങ്ങളെ മാറ്റി വരച്ചപ്പോള്‍ വിദ്യാര്‍ത്ഥിത്വവും  പല മാറ്റങ്ങളും സ്വീകരിച്ചു.പ്രകൃതിയെ സ്നേഹിച്ചും ആസ്വദിച്ചും ജീവിച്ചിരുന്ന പഴയപഠനകാലത്ത് പുസ്തകത്തിലെ അറിവുകളുടെ പരിധിക്കപ്പുറം സാമൂഹ്യമായും മാനവികമായും പ്രകൃതിയില്‍ നിന്നാര്‍ജിച്ചെടുത്ത പല വിശാലവിദ്യകളും നവതലമുറയുടെ പരിഷ്കരിച്ചപഠ്യപദ്ധതിയിലൂടെ നഷ്ടമായികൊണ്ടിരിക്കുന്നു.

സര്‍ട്ടിഫിക്കറ്റുളില്‍ രേഖപ്പെടുത്തിയ മാര്‍ക്കുകളുടെ ബലാബലം നോക്കാതെ ജീവിതത്തെ യഥാര്‍ത്ഥമുഖത്തോടെ പഴമക്കാര്‍ വായിച്ചെടുത്തിരുന്നു.പ്രകൃതിയില്‍ നിന്ന് ജീവിതത്തിന്‍റെ ഗതിവേഗം നിര്‍ണയിക്കാനുള്ള ഊര്‍ജ്ജം അവര്‍ അതിലൂടെ കണ്ടെത്തി.മാര്‍ക്ക് കുറഞ്ഞതിന്‍റെ പേരിലോ പരീക്ഷയില്‍ തോല്‍ക്കുമെന്ന് കണ്ടോ പടച്ചവന്‍ കനിഞ്ഞരുളി നല്‍കിയ ജീവിതത്തെ കയറിന്‍റെ മുനമ്പിലോ വിഷഗുളികയിലോ അവര്‍ അവസാനിപ്പിച്ചില്ല.ജീവിതത്തിന്‍റെ പരീക്ഷകളില്‍ ഫുള്‍ മാര്‍ക്ക് നേടാന്‍ അവര്‍ക്ക് സാധിച്ചു.

പുസ്ത്തകത്തില്‍ നിന്ന് പഠിച്ചെടുത്ത അറിവിനെ ജീവിതവിദ്യയുമായി കോര്‍ത്തിണക്കി ഏത് കാറ്റിനെയും കോളിനെയും തുരത്താനുള്ള ആത്മശേഷി അവര്‍ ആവാഹിച്ചെടുത്തു.അത് കൊണ്ട് പരാജയങ്ങളെ അവര്‍ പരാജയങ്ങളായി കരുതിയില്ല.മറിച്ച് കുതിച്ച് പായാനുള്ള പ്രേരണകളായി അവര്‍ കണ്ടു.

പുതുതലമുറക്ക് പരാജയത്തെ ഭയമാണ്.അവരുടെജീവിതം മുഴുവന്‍ വ്യവസ്ഥാപിതവും ക്രമീകൃതവുമാണ്. പരാജയത്തിന്‍റെയോ വീഴ്ച്ചയുടെയോ സാധ്യതകളെ പോലും അകറ്റി നിര്‍ത്തി അവര്‍ വിദ്യാര്‍ത്ഥിതലം മുതല്‍ ജീവിത്തെ നെയ്തെടുത്തു തുടങ്ങി.നിറഞ്ഞൊഴുകുന്ന പുഴപോലെ എന്നും ജീവിതം സമൃദ്ധമായി നീങ്ങണമെന്നാണ് എല്ലാവരുടെയും സ്വപ്നം.ഒരു നിമിഷം പിറകോട്ട്പോയാല്‍ ജീവിതത്തിന്‍റെ കടിഞ്ഞാണ്‍ അവരുടെ കയ്യില്‍ നിന്ന് നഷ്ടപ്പെടും.

മാനസികമായി അവര്‍ തളരും.തിരിച്ച് വരവ് അസാധ്യമാണെന്ന് അവര്‍ കരുതും.ഇതെല്ലാമാവുമ്പോള്‍ ജീവിതത്തിന് ഫുള്‍സ്റ്റോപ്പിടാന്‍ അവര്‍ തുനിയും.എസ്.എസ്.എല്‍.സി ഫലം പ്രസിദ്ധീകരിക്കുന്നതിന് മുമ്പെ പരാജയപ്പെടുമെന്ന ഭയത്താല്‍ ജീവിതം അവസാനിപ്പിക്കുകയും ഫലത്തില്‍ വിജയികളുടെ കൂട്ടത്തില്‍ പെടുകയും ചെയ്ത പലവിദ്യാര്‍ത്ഥികളുടെയും കഥ കേട്ടവരാണ് നമ്മള്‍.ജീവിതത്തില്‍ വരുന്ന ചെറിയ പരിക്കുകള്‍ പോലും ഭേദമാക്കാന്‍ കഴിയാത്ത ബുദ്ധിശൂന്യരായി പുതുതലമുറ മാറികഴിഞ്ഞു.ആത്മധൈര്യത്തിന് പകരം ആത്മസംഘര്‍ഷമാണ് പലരെയും മുന്നോട്ട് നയിക്കുന്നത്.

ഇതിന്‍റെയെല്ലാം മൂലകാരണം ബാല്യജീവിതത്തില്‍ വന്ന നവപരിഷ്കരണങ്ങളാണ്.അതി രാവിലെ കൂട്ടികേണ്ടുപോവാന്‍ വാഹനം വീടിന് മുമ്പില്‍ തയ്യാറായി നില്‍ക്കുന്നു.ഭക്ഷണങ്ങള്‍ നിറച്ച ടിഫിന്‍ ബോക്സും ബാഗില്‍തിരുകി വാഹനത്തില്‍ കയറി വിദ്യാലയ മുറ്റത്തിറങ്ങുന്നു. വെകുന്നേരം അതേ വാഹനത്തില്‍ തിരികെ വീട്ടില്‍ വന്നിറങ്ങുന്നു.ബാല്യകാലഘട്ടം പൂര്‍ണമായും യന്ത്രവല്‍കൃതമായി മാറികഴിഞ്ഞിരിക്കുന്നു. ഷെഡ്യൂള്‍ഡ് ടെം ടേബിളില്‍ ബാല്യം യാന്ത്രികമായി കറങ്ങികൊണ്ടിരിക്കുന്നതിനിടയില്‍ ചുറ്റുപാടുകളെ നിരീക്ഷിക്കാനും ജീവിതത്തെ മനസ്സിലാക്കാനും കഴിയാതെ പോവുന്നു.     

ചെറു പ്രായത്തില്‍ തന്നെ കുട്ടിയുടെ ബുദ്ധിയെ സ്വതന്ത്രസഞ്ചാരത്തെ തടഞ്ഞുനിര്‍ത്തുകയാണ് ഇതിലൂടെ സംഭവിക്കുന്നത്.സാമൂഹികമായി ചിന്തിക്കാനും മാനവികമായി പെരുമാറാനും കഴിയാത്തവനായി കുട്ടികള്‍ മാറും.അതിര്‍വരമ്പുകളില്ലാതെ പക്ഷികളെ പോലെ ലോകത്തിന് മുമ്പില്‍ വട്ടമിട്ട് പറക്കാന്‍ കൊതിക്കുന്നബാല്യകാലഘട്ടത്തെ നിയന്ത്രിച്ച് നിര്‍ത്തുന്നത് ഭാവിയില്‍ വലിയൊരു തിരിച്ചടിയാവും.കാരണം,തീക്ഷണമായ ഈ ആഗ്രഹത്തില്‍ നിന്ന് സ്വായത്തമാക്കുന്ന മാനസികബലം ജീവിതത്തിന്‍റെ അവസാനം വരെ അവന്‍റെ കൂടെ ഊര്‍ജസ്രോതസ്സായി കൂടെയുണ്ടാവും.

ഷെഡ്യൂള്‍ഡ് ടൈം ടേബിളിലൂടെ കുട്ടിക്ക് പ്രകൃതിയോട് കൂട്ട് കൂടാനോ ചങ്ങാതിമാരോടേന്നിച്ച് കഥപറഞ്ഞിരിക്കാനോ സമയവും സാഹചര്യവും അവനെ അനുവദിക്കുന്നില്ല.കൂട്ടുകാരോടൊന്നിച്ചുള്ള കളികളിലും സംഗമങ്ങളിലും ചെറിയ ചെറിയ തോല്‍വികളും പിണക്കങ്ങളും സംഭവിക്കുമ്പോള്‍ അത് കുട്ടിയുടെ മനസ്സിനെ പ്രതിസന്ധികള്‍ അതിജീവിക്കാന്‍ പതിയെ പ്രപ്തനാക്കുകയാണ് ചെയ്യുന്നത്.പിന്നീട് ജീവിതസഞ്ചാരത്തിന്‍റെ ഏത് ഇടവഴികളിലും അതിജീവനത്തിന്‍റെ പാഠങ്ങള്‍ അവന്‍റെ കൈവശമുണ്ടാവും.പരാജയത്തെ മറികടക്കാനും വിജയത്തെ എത്തിപ്പിടിക്കാനും എപ്പോലും അവന്‍ മാനസികമായി തയ്യാറെടുത്തിരിക്കും.ഈ മാനസികഉേډഷമാണ് പുതിയ വിദ്യഭ്യാസ സമ്പ്രദായത്തിലൂടെ എടുത്ത് മാറ്റപ്പെട്ടത്.

വിദ്യാലയങ്ങള്‍ തോന്നിവാസത്തിന്‍റെയും അശ്ലീലതകളുടെയും സങ്കേതമായി മറികൊണ്ടിരിക്കുന്നതാണ് പുതിയ വര്‍ത്തമാനങ്ങള്‍.ചില നഗ്നസത്യങ്ങള്‍ ഈ വസ്തുതയെ അരക്കെട്ടുറപ്പിക്കുന്നു.കഞ്ചാവിന്‍റെയും മറ്റുലഹരിപദാര്‍ത്ഥങ്ങളുടെയും ഉപയോഗത്തില്‍ വലിയതോതിലുള്ള വര്‍ദ്ധനവ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഉണ്ടായത് നമ്മെ വളരെയധികം ആശങ്കയിലാഴ്ത്തുന്നുണ്ട്.പല രീതിയിലുള്ള നിയമനിര്‍മാണങ്ങളും പോലീസ് നിരീക്ഷണവുമൊക്കെ ഈ പ്രവണതക്കെതിരെയുണ്ടെങ്കിലും ഫലപ്രദമായ രീതിയില്‍ നിര്‍വ്വഹിക്കപ്പെടാത്തത് കൊണ്ട് വിദ്യാലയങ്ങളുടെ പരിസരങ്ങളില്‍ ഇത്തരം വിപണികള്‍ സജീവമായികൊണ്ടിരിക്കുകയാണ്.

കഞ്ചാവ് ലോബിയും മറ്റു ലഹരിനിര്‍മാതക്കളും വിദ്യാര്‍ത്ഥികളെയാണ് വലിയ മാര്‍ക്കറ്റായി കണ്ടുവരുന്നത്.പണം നല്‍കിയും മറ്റു വാഗ്ദാനങ്ങള്‍ കൊടുത്തും വിദ്യാര്‍ത്ഥികളെ പ്രലോഭിപ്പിച്ച് അവരിലൂടെ വിദ്യാലയങ്ങളില്‍ ലഹരിഉല്‍പ്പന്നങ്ങള്‍ എത്തിച്ച് വിതരണം ചെയ്യുകയാണ് ലോബിയുടെ ഹോബി.പ്രായത്തിന്‍റെ അപക്വതമൂലം വിദ്യാര്‍ത്ഥികള്‍ ഈ അരുതായ്മയിലേക്ക് വഴിതെറ്റാന്‍ സാധ്യതവളരെ ഏറെയുമാണ്.സ്ക്കൂളിനുള്ളില്‍ തന്നെ കുട്ടിപോലീസും സ്ക്വാഡുകളുമെല്ലാം രംഗത്തുണ്ടെങ്കിലും ഈ വിപത്തിനെതിരെ ശാസ്ത്രീയമായി നീക്കം നടത്തുന്നതില്‍ അവരെല്ലാം അമ്പേ പരാജിതരാണ്.

വിദ്യാര്‍ത്ഥിനിയുടെ ബൈക്കില്‍ നിന്ന് കഞ്ചാവ് പൊതി പിടിക്കപ്പെട്ടതും വിദ്യാര്‍ത്ഥിയുടെ കുടിവെള്ള ബോട്ടില്‍ ജീരകവെള്ളത്തിന് പകരം മദ്യം കാണപ്പെട്ടതും നമ്മുടെ ആധികളെ ശരിവെക്കുന്നു.വടകര മേഖലയിലെ ഉള്‍പ്രദേശത്ത് നിന്ന് പിടിക്കപ്പെട്ട പതിനഞ്ച് വയസ്സായ വിദ്യാര്‍ത്ഥികള്‍ പങ്ക് വെച്ച യാഥാര്‍ത്ഥ്യങ്ങള്‍ എല്ലാ രക്ഷിതാക്കന്മാരുടെയും കണ്ണ് തുറപ്പിക്കേണ്ടതുണ്ട്.സ്ക്കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്ന വഴിയിലെ ചെറിയപെട്ടികടയിലെ വില്‍പ്പനക്കാരന്‍ പൈസ നല്‍കി സ്ക്കൂളിലെ സഹപാഠികള്‍ക്ക് വിതരണം ചെയ്യാന്‍ കഞ്ചാവ് സ്ഥിരവും ഏല്‍പ്പിക്കാറുണ്ടത്രെ.വിദ്യാര്‍ത്ഥിസമൂഹത്തിന്‍റെ ധാര്‍മികബോധം അപചയപ്പെട്ടുകൊണ്ടിരിക്കുന്നുവെന്നതിന് ഇതില്‍പരം തെളിവ് നിരത്തേണ്ടതില്ല.അവരെ വല വീശിപിടിക്കാന്‍ കഴുകന്മാര്‍ നാലുഭാഗത്തും അണി നിരന്നിട്ടുണ്ട്.

വിദ്യാലയങ്ങളില്‍ നടക്കുന്ന മറ്റൊരു അസാംസകാരികതയാണ് പ്രണയം.പ്രണയമൊരു ലഹരിയായി വിദ്യാര്‍ത്ഥിമനസ്സുകളെ കീഴ്പ്പെടുത്തികൊണ്ടിരിക്കുകയാണ്.ഇന്ന് വിദ്യാലയത്തിന്‍റെ തൂണിലും തുരുമ്പിലും പ്രണത്തിന്‍റെ മാസ്മരികത ഒളിഞ്ഞുനില്‍ക്കുന്നു.മൊബൈല്‍ഫോണിന്‍റെ അനിയന്ത്രിതഉപയോഗവും സമൂഹമാധ്യമങ്ങളുടെ തുറന്നവിശാലതയും പ്രേമ രോഗത്തെ കൂടുതല്‍ വളര്‍ത്തി കൊണ്ടുവന്നു.

ദിവസവും ഇറങ്ങുന്ന സിനിമകളും പ്രേമബാധമുറ്റിനില്‍ക്കുന്ന ഗാനങ്ങളും വിദ്യാര്‍ത്ഥികളെ ഈ ദുഷ്പ്രവണതയിലേക്ക് ആകൃഷ്ടരാക്കി. അഭ്രപാളികളിലൂടെ നടീ നടന്മാര്‍ കാണിക്കുന്ന അപ്രായോഗിക ദൃശ്യങ്ങളെ പച്ചജീവിതല്‍ പരീക്ഷിക്കാനുള്ള വൃഗ്രത ബല്യ- കൗമാരങ്ങളില്‍ വളരെയധികം കണ്ടുവരുന്നുണ്ട്.ഇത്തരം വിണ്ഡിത്തപരമായ നീക്കത്തിന്‍റെ ചാപല്യം മാത്രമാണ് പ്രേമ രോഗവും.

ഇതില്‍ കൂടുതല്‍ ഇരകളാവുന്നത് മുസ്ലിം സമുദായത്തിലെ പെണ്‍മക്കളാണെന്നതാണ് ദുഃഖിപ്പിക്കുന്നസത്യം.അവരെ തിരഞ്ഞ്പിടിച്ച് പ്രേമകെണിയില്‍ അകപ്പെടുത്തി മതംമാറ്റാനുള്ള ശ്രമങ്ങള്‍ വിവിധയിടങ്ങളില്‍ തകൃതിയായി നടക്കുന്നുണ്ട്. ഇന്ന് നടക്കുന്ന പ്രേമരോഗത്തിന്‍റെ ഭൂരിഭാഗത്തിന്‍റെയും ആരംഭം വിദ്യലയങ്ങളിലാണ്.അവിടുത്തെ അനിയന്ത്രിതമായ ചുറ്റുപാടുകളും അച്ചടക്കരഹിതമായ ആണ്‍ പെണ്‍ ഇടകലരലും എല്ലാം ഇതിന് വളം നല്‍കുന്നു.

ഇതിന്‍റെ ഭവിഷ്യത്തുകള്‍ ഏല്‍ക്കേണ്ടി വരിക പാവം രക്ഷിതാക്കളാണ്.വളര്‍ന്ന് വളര്‍ന്ന് വേര്‍പ്പെടുത്താനാവാത്ത ബന്ധമായി മാറുമ്പോള്‍ വീട് വിട്ടിറങ്ങി ഒളിച്ചോടേണ്ട ഗതികേടിലേക്ക് വരെ അത് നമ്മുടെ മക്കളെ കൊണ്ടേത്തിക്കുന്നു.പിന്നെ,പോറ്റിവളര്‍ത്തിയ പിതാവും നൊന്ത് പ്രസവിച്ച മാതാവും ജീവിതത്തില്‍പുലര്‍ത്തിയ ആദര്‍ശനിഷ്ഠകളും കാമുകന്‍ മുമ്പില്‍ കേവലം അപ്രധാനവസ്തുക്കളായി മാറുന്നു.

മക്കളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ തുന്നിച്ചേര്‍ത്ത സ്വപ്നങ്ങള്‍ ഒരു നിമിഷം കൊണ്ട് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിയുന്ന അവസ്ഥ വേദനജനകമാണ്.മക്കളുടെ ദുര്‍നടപ്പിന്‍റെ പേരില്‍ തലകുനിക്കെണ്ടിവന്ന രക്ഷിതാക്കന്മാരുടെ എണ്ണം വര്‍ഷംപ്രതി വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്നു.കോടതി മുറികളില്‍ തലോലിച്ച മാതാവിന്‍റെ കരങ്ങളെ തട്ടിമാറ്റി അന്യമതസ്ഥന്‍റെ കൂടെ മകള്‍ ഇറങ്ങിപോവുന്നഖേദകരകമായ മുഹൂര്‍ത്തങ്ങള്‍ക്ക് കേരളം പലവുരു സാക്ഷിയായിട്ടുണ്ട്.പ്രബുദ്ധതയുടെ പര്യായമായ വിദ്യാര്‍ത്ഥിത്വം അസാംസ്കാരികതയുടെ ആലയില്‍ തളച്ചിടപ്പെട്ടതിന്‍റെ നിര്‍ഭാഗ്യകരമായ ഉദാഹരണങ്ങള്‍ ഇനിയും ചൂണ്ടികാണിക്കാനാവും.

വിദ്യാര്‍ത്ഥി കാലഘട്ടം ജീവിതത്തിലെ സമ്മോഹന നിമിഷങ്ങളാണ്.ഓര്‍മചെപ്പില്‍ രസത്തിന്‍റെ പൂത്തിരികള്‍ കത്തിച്ചുവെക്കുന്ന മുഹൂര്‍ത്തങ്ങള്‍.ഓരോ സമൂഹത്തിന്‍റെയും പുരോഗതിയുടെ അടയാളങ്ങളാണ് വിദ്യാര്‍ത്ഥികള്‍.സമൂഹത്തിന്‍റെ അഭിമാനവും പ്രബുദ്ധതയും വിദ്യാര്‍ത്ഥികളുടെ ചലനങ്ങളിലാണ് കുടികൊള്ളുന്നത്.നവോത്ഥാനത്തിന്‍റെയും വിപ്ലവങ്ങളുടെയും അലയൊലികള്‍ രൂപപ്പെടുന്നതും വിദ്യാര്‍ത്ഥികളുടെ നാവില്‍നിന്നും പേനതുമ്പില്‍ നിന്നുമാണെന്ന് ചരിത്രം സാക്ഷിപറയും.ചടുലമായി നിന്ന് ജീവിതചുറ്റുപാടുകളോട് സമരസപ്പെടേണ്ട വിദ്യാര്‍ത്ഥിത്വം അന്യായത്തിന്‍റെ വഴികള്‍പരതുമ്പോള്‍ ഖേദം മനസ്സിനെ അസ്വസ്ഥപ്പെടുത്തുന്നു.

വിദ്യാര്‍ത്ഥികളുടെ പരിസരങ്ങളില്‍ ചുറ്റും വിഷംപുരട്ടിയ കെണികളാണുള്ളത്.ചുറ്റുപാടുകളെ നിരീക്ഷിച്ച് ജാഗ്രതയെ മുറുകെ പിടിക്കുന്നവനാണ് പുതിയ കാലത്തെ വിജയി.തക്കം പാര്‍ത്തിരിക്കുന്ന ലഹരിലോബിയും പ്രേമരോഗത്തിന്‍റെ വൈറസുകള്‍ ഒളിഞ്ഞിരിക്കുന്ന അന്തരീക്ഷവും അധാര്‍മികതയുടെ വാതായനങ്ങളാണ് വിദ്യാര്‍ത്ഥിതകള്‍ക്ക് മുമ്പില്‍ തുറന്നിടുന്നത്.

ഇതില്‍ നിന്നെല്ലാം രക്ഷയുടെ പാത തേടി പോവേണ്ടത് വിദ്യാര്‍ത്ഥിയുടെ ബാധ്യത്ഥയാണ്.പ്രായത്തിന്‍റെ അപക്വതമൂലം വരുന്നവിപത്തുകള്‍ക്കെതിരെ നിരന്തരഉപദേശങ്ങളിലൂടെ വഴികാട്ടേണ്ട കര്‍ത്തവ്യം അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കമുണ്ട്.അതില്‍ അനാസ്ഥ കാണിച്ചാല്‍ ഭാവിയെകുരുതികൊടുക്കലാവും.ചീത്ത കൂട്ട്കെട്ടുകളിലേക്കും അധര്‍മ്മ മാര്‍ഗങ്ങളിലേക്കും വഴുതിപോവുന്ന സാഹചര്യങ്ങളെ പരമാവധി പ്രതിരോധിക്കണം.നന്മയുടെയും ധര്‍മത്തിന്‍റെയും പാതകളിലേക്ക് അവരെ വഴിനടത്തണം.ഇതിനായി സമൂഹം ജാഗ്രതയുടെ മൂന്നാം കണ്ണ് തുറക്കണം.

 

 

About Ahlussunna Online 1157 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*