ധാക്ക: പ്രവാചകനെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടയാള്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയവര്‍ക്ക് നേരെ ബംഗ്ലാദേശിലുണ്ടായ വെടിവയ്പില്‍ നാലുപേര്‍ മരിച്ചു. നിരവധിപേര്‍ക്ക് പരുക്കുണ്ട്. ഏഴുപേര്‍ മരിച്ചതായും സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്. കുറഞ്ഞത് ഏഴുപേരെങ്കിലും മരിച്ചെന്നും 43 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നും പ്രദേശത്തെ ആശുപത്രിയിലെ ഡോക്ടറായ തയ്യിബുര്‍റഹ്മാന്‍ പറഞ്ഞതായി എ.എഫ്.പിയെ ഉദ്ധരിച്ച് അല്‍ജസീറ റിപോര്‍ട്ട് ചെയ്തു.
ദക്ഷിണ ബംഗ്ലാദശിലെ ഭോല ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. പ്രവാചകനെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ബിപ്ലബ് ചന്ദ്ര ബൈദ്യ എന്ന യുവാവിനെ വധശിക്ഷയ്ക്കു വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ധാക്കയില്‍നിന്നു 195 കിലോമീറ്റര്‍ അകലെയുള്ള ബുര്‍ഹാനുദ്ദീന്‍ പ്രാര്‍ഥനാ ഗ്രൗണ്ടില്‍ പ്രക്ഷോഭം നടന്നത്. രണ്ടായിരത്തിലേറെ പേരാണ് പ്രക്ഷോഭത്തില്‍ അണിനിരന്നത്. പ്രക്ഷോഭം അക്രമാസക്തമായപ്പോള്‍ സ്വയംരക്ഷയ്ക്കായാണു വെടിവച്ചതെന്നാണ് പോലിസ് പറയുന്നത്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ സൈന്യത്തെയും കൂടുതല്‍ പോലിസുകാരെയും മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.
പ്രവാചകനെ അധിക്ഷേപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ബിപ്ലബ് ചന്ദ്ര ബൈദ്യയെ ശനിയാഴ്ച പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്ന് യുവാവ് മൊഴി നല്‍കിയതായി ഭോല ഡെപ്യൂട്ടി പോലിസ് ചീഫ് ശൈഖ് സാബിര്‍ പറഞ്ഞു. ഹിന്ദുയുവാവിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക്‌ചെയ്ത് മറ്റൊരാളാണ് പ്രവാചകെ നിന്ദിക്കുന്ന വിധത്തിലുള്ള പോസ്റ്റ് പ്രസിദ്ധീകരിച്ചതെന്ന് വ്യക്തമായതായി സര്‍വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി ശൈഖ് ഹസീനയും പറഞ്ഞു. എന്താണ് അവരുടെ ഉദ്ദേശം, എരെല്ലാമാണ് അതിന് പിന്നില്‍ എന്നെല്ലാം അന്വേഷിച്ചുവരികയാണ്. സത്യാവസ്ഥ പുറത്തുവരുന്നത് വരെ പൗരന്‍മാര്‍ സംയമനം പാലിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനംചെയ്തു. സംഭവത്തില്‍ ഫേസ്ബുക്കിനോട് സര്‍ക്കാര്‍ വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്.
പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
Be the first to comment