മരുഭൂ സൗരഭ്യത്തിലേക്കുള്ള പാത

മുഹമ്മദ് അസദ് /സിദ്ധീഖ് എന്‍ മുതുവല്ലൂര്‍

ജൂതനായി ജനിച്ച് അറേബ്യന്‍ ഉപദ്വീപിന്‍റെ സാംസ്കാരിക പരിമളത്താല്‍ ഇസ്ലാമിലേക്ക് കൃഷ്ടനായ”ലിയോപോള്‍ഡ് വെയ്സ്” എന്ന മുഹമ്മദ് അസദിന്‍റെ അതുല്യ കൃതിയാണ് “റോഡ് റ്റു മക്ക”. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ഹിജാസിലെ ഉള്‍പ്രദേശമായ നുഫൂദില്‍ നിന്നും മക്കയിലേക്കുള്ള തന്‍റെ യാത്രയെ വിവരിക്കുന്ന അസദ് സ്വന്തം ജീവചരിത്രത്തെ അടയാളപ്പെടുത്തിയതിന്‍റെ പുറമെ അതുല്യമായ ഇസ്ലാമിക ചലനങ്ങള്‍ക്ക് വേദിയാകാന്‍ ഭാഗ്യം ലഭിച്ച അറേബ്യയുടെ സാമൂഹിക തനിമയിലേക്കും സാംസ്കാരിക വെണ്മയിലേക്കും അനുവാചകരെ ആനയിക്കുന്നു.

ബുദ്ധിജീവികളുടെ കുടുംബത്തില്‍ പിറന്ന ഗ്രന്ഥകര്‍ത്താവ് അനേകകാലം ജീവിത യാഥാര്‍ത്ഥ്യങ്ങളെ കണ്ടെത്തുന്നതിനായുള്ള വാഗ്വാദങ്ങളിലും ചര്‍ച്ചാ വേദികളിലും സ്ഥിര സാന്നിധ്യമായിരുന്നെങ്കിലും ആശയ ചോര്‍ച്ചയുള്ള സമത്വത്തിലും സാമൂഹിക ചുറ്റുപാടുകളിലും അദ്ദേഹം അസ്വസ്ഥനായിരുന്നു. തന്‍റെ കുശാഗ്ര ബുദ്ധിക്ക് എന്തിലും കാര്യകാരണ ബന്ധം തിരക്കുന്ന പ്രകൃതിയായതിനാല്‍ കാണുന്നതിനെയും കേള്‍ക്കുന്നതിനെയും യുക്തിയുടെ തുലാസില്‍ വെച്ച് അളന്ന് തിട്ടപ്പെടുത്താന്‍ അസദ് മിടുക്കനായിരുന്നു. യൂറോപ്പിലെ തലതിരിഞ്ഞ ജീവിത സാഹചര്യങ്ങളെ അതിനിശിതമായി വിമര്‍ശിക്കാന്‍ അദ്ദേഹത്തിലെ സാമാന്യ ബുദ്ധി തന്നെ ധാരാളമാണ്. ആയിടക്കാണ് തന്‍റെ ഒരു കുടുംബാംഗത്തിന്‍റെ ക്ഷണപ്രകാരം ജറൂസലമിലേക്ക് ഒരു യാത്ര പോകുന്നതും നിര്‍മല മാനസമായ മുസ്ലിംകളുടെ ജീവിത പരിസരങ്ങളെ അനുഭവിച്ചറിയുന്നതും.

പടിഞ്ഞാറിനില്ലാത്ത പലതും കിഴക്കിനുണ്ടെന്ന് തിരിച്ചറിഞ്ഞ അസദ് അന്നുതന്നെ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ പര്യടനം നടത്താനും തന്‍റെ അന്തരംഗം അന്വേഷിച്ചുകൊണ്ടിരിക്കുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങളെ കണ്ടെത്താനും തീരുമാനിച്ചു കഴിഞ്ഞിരുന്നു. ജര്‍മ്മനിയിലെ പ്രസിദ്ധ ദിനപത്രമായ “ഫ്രാങ്ക്ഫര്‍ട്ട് സൈറ്റൂംഗിലെ” റിപ്പോര്‍ട്ടറായി പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്ക് തിരിക്കാന്‍ അസദിന് ഭാഗ്യം ലഭിച്ചതിലൂടെ തന്‍റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയുണ്ടായി. വൈജ്ഞാനിക വിപ്ലവത്തിന്‍റെ ഗതകാല ഓര്‍മ്മകള്‍ക്ക് മൂകസാക്ഷികളായി നിലനില്‍ക്കുന്ന ദമസ്കസിന്‍റെയും, ബാഗ്ദാദിന്‍റെയും ഈടുവഴികളിലൂടെയും നജ്ദിലെയും, ഹിജാസിലെയും ചുട്ടുപൊള്ളുന്ന മണല്‍കൂനകള്‍ നിറഞ്ഞു നില്‍ക്കുന്ന മരുഭൂമികളിലൂടെ ഒട്ടകപ്പുറത്തും കഴുതപ്പുറത്തും നീളന്‍ ഖമ്മീസുമിട്ട് പര്യടനം നടത്തിയ അസദ് വിലമതിക്കാനാവാത്ത അനേകം റിപ്പോര്‍ട്ടുകളും ലേഖനങ്ങളും ജര്‍മ്മനിയിലേക്ക് അയച്ചുകൊണ്ടിരുന്നു. അസദിന്‍റെ പ്രായത്തില്‍ കവിഞ്ഞ കുശാഗ്ര ബുദ്ധിയും പക്വതയും നിരൂപണങ്ങളിലെ പ്രാഗത്ഭ്യവും കണ്ട് ഫ്രാങ്ക്ഫര്‍ട്ട് സെറ്റുംഗിന്‍റെ മേധാവികള്‍പോലും അത്ഭുതപ്പെട്ടിരുന്നു.

അറേബ്യയിലെ തലമുതിര്‍ന്ന നേതാക്കരുടെ ദര്‍ബാറുകളിലെ അതിഥിയായും മരുഭൂമികളിലെ കാര്‍വാനേസാരികളിലെ അന്തേവാസിയായും മലഞ്ചെരുവുകളിലെ ബദവിക്കൂട്ടങ്ങളുടെ സ്ഥിരം സന്ദര്‍ശകനായും രൂപം മാറിയ അസദ് പലപ്പോഴും ഇസ്ലാമിന്‍റെ ആശയ ഗാംഭീര്യവും, അറേബ്യന്‍ സംസ്കാരവും സമ്മേളിക്കുമ്പോഴുണ്ടാവുന്ന അനിര്‍വചനീയ അനുഭൂതികള്‍ക്ക് മുമ്പില്‍ രോമാഞ്ചം കൊള്ളുന്നുണ്ട്. അറേബ്യയുടെ ഓരോ ചലനങ്ങളിലും ദൈവദത്തമായ അര്‍ത്ഥ വ്യാപ്തിയെയും, വിജയ ലക്ഷണങ്ങളെയും കണ്ടെത്തിയ അസദ് തന്‍റെ ഹൃദയത്തെ ഇസ്ലാം വലിച്ചെടുക്കുകയായിരുന്നുവെന്ന് വിലയിരുത്തുന്നുണ്ട്. തന്‍റെ ജډദേശമായ യൂറോപ്പിലെയും അതിന്‍റെ ചീഞ്ഞളിഞ്ഞ സംസ്കാരത്തെയും അറേബ്യയിലേക്ക് ചേര്‍ത്തു വായിച്ച് ആത്യന്തിക വിജയം അറേബ്യയുടേതാണെന്ന് അദ്ദേഹം പലപ്പോഴായി സമര്‍ത്ഥിക്കുന്നുണ്ട്. ഒടുവില്‍ തന്‍റെ കുടുംബസമേതം അറേബ്യയില്‍ സ്ഥിരതാമസമാക്കുകയും മരുഭൂമിയില്‍ കുരുത്ത ആത്മാക്കള്‍ക്കിടയിലേക്ക് അദ്ദേഹം അലിഞ്ഞു ചേര്‍ന്നു. പക്ഷേ തന്‍റെ ജീവതാന്ത്യത്തിലെഴുതിയ ഈ കൃതിയുടെ അവസാന ഭാഗത്ത് അദ്ദേഹം പറയുന്നുണ്ട്, അറേബ്യയുടെ ഞാന്‍ കണ്ട മിക്ക സൗന്ദര്യവും പെട്രോള്‍ കണ്ടുപിടിച്ചതോടെ നഷ്ടപ്പെട്ടിരിക്കുന്നു. അഥവാ അദ്ദേഹം കണ്ടത് ഇനി നമുക്ക് കാണാന്‍ സാധിക്കുന്നതല്ല. അവയൊക്കെ ചരിത്രത്തിലേക്ക് മറഞ്ഞിരിക്കുന്നു. പക്ഷേ ആംഗലേയ ഭാഷയുടെ അതിമനോഹര ശൈലിയില്‍ വിരചിതമായ “റോഡ് റ്റൂ മക്ക”യുടെ താളുകളിലൂടെ നമുക്കും സഞ്ചരിക്കാവുന്നതാണ്. ലക്ഷ്യബോധമില്ലാത്ത സകല ആത്മാവുകള്‍ക്കും മരുഭൂ സൗരഭ്യത്തിലേക്കുള്ള പാത ഒരുക്കിത്തരുന്നുണ്ട് ഈ “മക്കയിലേക്കുള്ള പാത”.

About Ahlussunna Online 1159 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*