ബംഗളൂരു: ചാന്ദ്രയാന്‍-2 ന്റെ ലാന്‍ഡറുമായി ഐ.എസ്.ആര്‍.ഒക്ക് ആശയവിനിമയം നഷ്ടപ്പെട്ടതിനു പിന്നാലെ ചന്ദ്രോപരിതലത്തിലെ ലാന്‍ഡറിനെ കണ്ടെത്തി. ചന്ദ്രനെ ചുറ്റുന്ന ഓര്‍ബിറ്ററാണ് തെര്‍മല്‍ ഇമേജ് കാമറ ഉപയോഗിച്ച് ലാന്‍ഡറിനെ ചന്ദ്രോപരിതലത്തില്‍ കണ്ടെത്തിയത്. ചന്ദ്രയാന്‍ -2 ദൗത്യത്തില്‍ രാജ്യത്തിന് സന്തോഷം നല്‍കുന്നതാണ് ഈ വാര്‍ത്ത. ലാന്‍ഡറിന്റെ ചിത്രം ഓര്‍ബിറ്റര്‍ പകര്‍ത്തിയത് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആര്‍.ഒ) ചെയര്‍മാന്‍ കെ. ശിവനാണ് അറിയിച്ചത്.
ചന്ദ്രന്റെ ഉപരിതലത്തില്‍ വിക്രം ലാന്‍ഡര്‍ സ്ഥിതിചെയ്യുന്ന സ്ഥാനം കണ്ടെത്തിയതായും ഓര്‍ബിറ്റര്‍ അതിന്റെ ‘തെര്‍മല്‍ ഇമേജ്’ പകര്‍ത്തിയതായും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ ലാന്‍ഡറുമായുള്ള ആശയവിനിമയം പുനഃസ്ഥാപിക്കാന്‍ ഇതുവരെ കഴിഞ്ഞട്ടില്ലെന്നും ഇപ്പോഴത്തെ ഘട്ടത്തില്‍ ഏതെങ്കിലും നിഗമനത്തിലെത്താനായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ലാന്‍ഡറുമായുള്ള ആശയവിനിമയം പുനസ്ഥാപിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഐ.എസ്.ആര്‍.ഒയിലെ ശാസ്ത്രജ്ഞര്‍. ലാന്‍ഡറിന് എന്താണു സംഭവിച്ചതെന്നറിയാന്‍ രൂപീകരിച്ച ഐ.എസ്.ആര്‍.ഒക്കു കീഴിലുള്ള ശാസ്ത്രജ്ഞര്‍ അടങ്ങിയ എഫ്.എ.സി കമ്മിറ്റിയുടെ വിവരങ്ങളും പുറത്തുവരാനുണ്ട്. കമ്മിറ്റിയുടെ കണ്ടെത്തലുകളും തെര്‍മല്‍ ഇമേജ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും പരിശോധിച്ച ശേഷമെ ലാന്‍ഡറിന് എന്തുപറ്റിയെന്ന് നിഗമനത്തിലെത്തൂ.
ശനിയാഴ്ച പുലര്‍ച്ചെയാണ് ലാന്‍ഡര്‍ വിക്രം ചന്ദ്രന്റെ ദക്ഷിണ ഉപരിതലത്തില്‍ ഇറങ്ങേണ്ടിയിരുന്നത്. എന്നാല്‍, ചന്ദ്രനില്‍ ലാന്‍ഡറിന്റെ കാലുകള്‍ കുത്താന്‍ രണ്ടുകി.മി മാത്രം ശേഷിക്കെ ഓര്‍ബിറ്ററിന് അതുമായുള്ള ആശയവിനിയമം നഷ്ടമാകുകയായിരുന്നു.
അതുമുതല്‍ ലാന്‍ഡറുമായി സിഗ്നല്‍ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നതിനിടെയാണ് ഓര്‍ബിറ്റര്‍ വിക്രം ലാന്‍ഡറിന്റെ തെര്‍മല്‍ ചിത്രം പകര്‍ത്തിയത്. ചന്ദ്രനിലെ ഇരുണ്ട മേഖലയിലും ചിത്രങ്ങളെടുക്കാന്‍ സാധിക്കുന്ന ശക്തമായ ക്യാമറയാണ് ഓര്‍ബിറ്ററിന്റെ പ്രത്യേകത. ഈ കാമറകൊണ്ടെടുത്ത തെര്‍മല്‍ ഇമേജ് ആണ് ഇപ്പോള്‍ ലഭിച്ചതായി ഐ.എസ്.ആര്‍.ഒ അറിയിച്ചത്.
എന്നാല്‍ ആശയവിനിമയം പുനസ്ഥാപിക്കാനുള്ള ശ്രമം വിജയിക്കാന്‍ പ്രയാസമാണെന്ന് ഐ.എസ്.ആര്‍.ഒ വൃത്തങ്ങള്‍ അറിയിച്ചു.
ചന്ദ്രയാന്‍-2ലെ ഘടകങ്ങളായ ഓര്‍ബിറ്ററില്‍ നിന്ന് വേര്‍പെട്ട് വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലം ലക്ഷ്യമാക്കി സ്വതന്ത്ര സഞ്ചാരം തുടങ്ങിയിരുന്നു. ഓര്‍ബിറ്റര്‍ ചന്ദ്രന്റെ 100 കിലോമീറ്റര്‍ ഭ്രമണപഥത്തില്‍ ഇപ്പോഴും കറങ്ങിക്കൊണ്ടിരിക്കുകയാണ്. ഏഴുവര്‍ഷം വരെ ഓര്‍ബിറ്ററിന് കാലാവധിയുണ്ടെന്നാണ് ഐ.എസ്.ആര്‍.ഒ പറയുന്നത്. ചന്ദ്രയാന്‍- 2 ദൗത്യം വിജയത്തിലെത്തിയില്ലെങ്കിലും ഐ.എസ്.ആര്‍.ഒയെ പ്രശംസിച്ച് യു.എസ് ബഹിരാകാശ ഏജന്‍സി നാസ രംഗത്തുവന്നിട്ടുണ്ട്. ഐ.എസ്.ആര്‍.ഒയുടെ ശ്രമങ്ങളും നേട്ടങ്ങളും തങ്ങളെ പ്രചോദിപ്പിക്കുന്നതാണെന്ന് നാസ ട്വിറ്ററില്‍ കുറിച്ചു.
Be the first to comment