ഭരണഘടനാശിൽപി ബി.ആർ അംബേദ്കർക്കെതിരായ ആഭ്യന്തരമന്ത്രി അമിത്ഷായുടെ ആക്ഷേപ പരാമർശത്തിൽ പ്രതിഷേധത്തീയിലാണ് പാർലമെന്റ്. പ്രതിപക്ഷം പാർലമെന്റിന്റെ അകത്തും പുറത്തും കടുത്ത പ്രതിഷേധമാണ് നടത്തുന്നത്. ഇതിനെ കായികമായി നേരിടാൻ ഭരണപക്ഷ എം.പിമാർ തയാറെടുത്തതോടെ പാർലമെന്റ് വളപ്പിൽ കാര്യങ്ങൾ കൈയാങ്കളിയിലെത്തുകയും ചെയ്തു. രാജ്യസഭയിൽ ഭരണഘടനാ ചർച്ചയിൽ മറുപടി പറയവെയാണ് അമിത്ഷാ ആക്ഷേപപരാമർശം നടത്തിയത്. ഇപ്പോൾ പ്രതിപക്ഷം അംബേദ്കർ എന്ന് ആവർത്തിച്ച് ഉരുവിട്ടുകൊണ്ടിരിക്കുകയാണെന്നും ഇത്രയും ദൈവനാമം ഉരുവിട്ടിരുന്നെങ്കിൽ ഏഴു ജന്മം സ്വർഗത്തിൽ പോകുമായിരുന്നെന്നുമാണ് പരിഹാസ രൂപേണ അംബേദ്കർ, അംബേദ്കർ എന്ന് ആവർത്തിച്ച് പറഞ്ഞുള്ള അമിത്ഷായുടെ പരാമർശം. ഇതോടെ പ്രതിപക്ഷം പ്രതിഷേധം ആരംഭിച്ചു.
അമിത്ഷായെ പ്രതിരോധിക്കാൻ ബി.ജെ.പി എം.പിമാരും പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ നേരിട്ടും രംഗത്തിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. സമ്പൂർണ ധാർഷ്ട്യവും പ്രതിപക്ഷത്തോടുള്ള പരിഹാസവുമായിരുന്നു അമിത്ഷായുടെ പാർലമെന്റ് പ്രസംഗം. ആരായിരുന്നു അംബേദ്കറെന്നും ജീവിച്ചിരുന്ന കാലത്തും പിന്നീടും അദ്ദേഹത്തോട് സംഘ്പരിവാറിന് എന്തു നിലപാടായിരുന്നെന്നും പരിശോധിക്കേണ്ട സമയമാണ്. യഥാർഥത്തിൽ ആർ.എസ്.എസോ സംഘ്പരിവാറോ അതിന്റെ മുൻകാല നേതാക്കളോ ഡോ. ബി.ആർ അംബേദ്കറെ ബഹുമാനിക്കുകയോ ആദരിക്കുകയോ ചെയ്തിരുന്നില്ല. അംബേദ്കറും ആർ.എസ്.എസും പരസ്പരം കൂട്ടിമുട്ടാത്ത രണ്ടുവഴിയിൽ നടന്നവരാണ്.
ജനസംഘത്തിന്റെയും ബി.ജെ.പിയുടെയും ആദ്യകാലങ്ങളിലെ പ്രമുഖ നേതാക്കളും അവരുടെ പ്രത്യയശാസ്ത്ര രക്ഷിതാവ് ആർ.എസ്.എസുമെല്ലാം അംബേദ്കറെയും അദ്ദേഹത്തിന്റെ രചനകളെയും പരസ്യമായി വിമർശിച്ചിരുന്നു. അദ്ദേഹത്തിന്റെ പല ഉദ്യമങ്ങളെയും അവർ പരസ്യമായി എതിർത്തു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് സംവരണനയമാണ്. ജാതിയുടെ അടിസ്ഥാനത്തിലുള്ള സംവരണം എന്ന ആശയത്തെ എക്കാലത്തും എതിർത്തവരാണ് സംഘ്പരിവാർ. ഇപ്പോഴത്തെ ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവതുതന്നെ ഇതിനെ പരസ്യമായി ചോദ്യം ചെയ്തിട്ടുണ്ട്. സാമ്പത്തികനിലയുടെ അടിസ്ഥാനത്തിലാണ് സംവരണം വേണ്ടതെന്നായിരുന്നു ആർ.എസ്.എസ് നിലപാട്. എന്നാൽ, ഹിന്ദുരാഷ്ട്രമെന്ന ഗോൾവാൾക്കറിന്റെ സ്വപ്‌നത്തിന് രാജ്യത്ത് അന്തർലീനമായ ജാതി, വർഗ, ലിംഗ വിഭജനംമൂലം തിരിച്ചടി നേരിട്ടപ്പോഴായിരുന്നു ആർ.എസ്.എസ് അംബേദ്കറെ തങ്ങളുടേതാക്കി മാറ്റാൻ ശ്രമിച്ചു തുടങ്ങിയത്. ഹിന്ദുരാഷ്ട്രം യാഥാർഥ്യമാക്കാൻ ദലിതരുടെ പിന്തുണയില്ലാതെ സാധ്യമല്ലെന്ന് ആർ.എസ്.എസ് കണക്കുകൂട്ടി.
അംബേദ്കറെ കോൺഗ്രസ്_മുസ് ലിം വിരുദ്ധനായി സ്ഥാപിക്കുകയെന്നതായിരുന്നു ഇതിലെ ആദ്യനടപടി. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തിലെത്തിയത് മുതലാണ് ബി.ജെ.പി സവർക്കർ, ദീൻ ദയാൽ ഉപാധ്യായ, ശ്യാമപ്രസാദ് മുഖർജി എന്നിവർക്കൊപ്പം അംബേദ്കറുടെ പേരും ഉച്ചരിച്ചു തുടങ്ങിയത്. സ്വാതന്ത്ര്യ സമരകാലം മുതൽ ആർ.എസ്.എസ് സ്വീകരിച്ചുവന്ന നയത്തിന്റെ വ്യതിയാനമായിരുന്നു ഇത്. 2016 ഏപ്രിൽ 14 ന് 125ാം ജന്മവാർഷികത്തിൽ അംബേദ്കറുടെ ജന്മസ്ഥലമായ മധ്യപ്രദേശിലെ മോവിൽ നിന്ന് ജനങ്ങളെ അഭിസംബോധന ചെയ്യാൻ മോദി ശ്രമിച്ചു. പിന്നാലെ മോദിയും അമിത് ഷായും തങ്ങളുടെ പാർട്ടിയുടെ പ്രത്യയശാസ്ത്രപരമായ വൈരുധ്യങ്ങൾ മറികടന്ന് ദലിതരെ പാർട്ടിയിലേക്ക് കൊണ്ടുവരികയും ഉദിത് രാജ്, രാംവിലാസ് പാസ്വാൻ തുടങ്ങിയ പ്രധാന ദലിത് നേതാക്കളുമായി സഖ്യമുണ്ടാക്കുകയും ചെയ്തു.
രണ്ട് മതങ്ങളും ജാതിയെ അംഗീകരിക്കുന്നില്ലെങ്കിലും അംബേദ്കർ ഇസ് ലാമിനെക്കാൾ ബുദ്ധമതത്തിനാണ് മുൻഗണന നൽകിയതെന്നായിരുന്നു അംബേദ്കർ മുസ് ലിം വിരുദ്ധനാണെന്ന് സ്ഥാപിക്കാൻ സംഘ്പരിവാർ വാദങ്ങളിലൊന്ന്. എന്നാൽ, പ്രമുഖ അംബേദ്കറൈറ്റ് പണ്ഡിതൻ ആനന്ദ് തെൽതുംബ്‌ഡെ തന്റെ കൃതികളിൽ അംബേദ്കർ മുസ് ലിം വിരുദ്ധനായിരുന്നുവെന്ന വാദത്തെ പൊളിച്ചുകളയുന്നുണ്ട്. ബഹിഷ്‌കൃത് ഹിത്കാരിണി സഭ എന്ന പ്രസ്ഥാനത്തിന്റെ മുഖപത്രമായി അംബേദ്കർ മറാത്തിയിൽ ആരംഭിച്ച പത്രമായ ബഹിഷ്‌കൃത് ഭാരതിൽ ഇസ് ലാമിനെക്കുറിച്ച് നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. അംബേദ്കർ ഇസ് ലാമിനോ മുസ് ലിംകൾക്കോ എതിരായിരുന്നുവെങ്കിൽ, അവരെക്കുറിച്ചുള്ള തന്റെ പത്രത്തിന്റെ വിലപ്പെട്ട ഇടം അദ്ദേഹം മാറ്റിവയ്ക്കുമായിരുന്നില്ലെന്നാണ് തെൽതുംബ്‌ഡെ ചൂണ്ടിക്കാട്ടുന്നത്.
1935ൽ യെയോളിൽവച്ച്, മരണത്തിനുമുമ്പ് ഹിന്ദുമതം ഉപേക്ഷിച്ച് പുതിയ മതം സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചപ്പോൾ, അംബേദ്കറുടെ ചില ശിഷ്യന്മാർ മതം മാറാൻ തീരുമാനിക്കുകയും അദ്ദേഹത്തെ സമീപിക്കുകയും ചെയ്തു. ഇസ് ലാം സ്വീകരിക്കുക എന്നതായിരുന്നു അവരോടുള്ള ഉപദേശം. ബുദ്ധമതം സ്വീകരിക്കാൻ തീരുമാനിച്ചുവെന്ന കാരണത്താൽ അദ്ദേഹം മുസ് ലിംകൾക്കെതിരായിരുന്നു എന്ന് പറയുന്നത് തെറ്റാണ്. അംബേദ്കർ ബുദ്ധമതം സ്വീകരിച്ചത് ഹിന്ദുമതത്തിനെതിരായ കലാപമായാണ്. ഡോ. അംബേദ്കർ ന്യൂനപക്ഷാവകാശങ്ങൾ ഭരണഘടനയുടെ ഭാഗമാക്കി മാറ്റുന്നതിൽ ഉറച്ചുനിന്നു.
ആർ.എസ്.എസ് ഒരിക്കലും ജാതിവ്യവസ്ഥയെ വ്യക്തമായി അപലപിച്ചിട്ടില്ല. ആർ.എസ്.എസിനെ സംബന്ധിച്ചിടത്തോളം, ബ്രാഹ്‌മണവിരുദ്ധത ഇല്ലാതാക്കുന്നതിനും സാമൂഹികശ്രേണി നിലനിർത്തുന്നതിനുമുള്ള നല്ല മാർഗമായിരുന്നു അധഃസ്ഥിതവിഭാഗത്തിലെ അംഗങ്ങളെ സംഘടനയിൽ ഉൾപ്പെടുത്തുകയെന്നത്. അംബേദ്കർ ഉയർത്തിപ്പിടിച്ച റിപ്പബ്ലിക്കൻ ആശയങ്ങൾ സമീപകാലത്തായി സമൂഹത്തിന്റെ വലിയ വിഭാഗങ്ങളിൽ സ്വീകാര്യത നേടിയിട്ടുണ്ട്. അംബേദ്കറെ ആശ്ലേഷിക്കുന്നത് പുരോഗമനപരവും ജനാധിപത്യപരവുമായ മൂല്യങ്ങൾക്കുള്ള അംഗീകാരമായാണ് ഇപ്പോൾ കാണുന്നത്.
ഇന്ത്യക്കും ലോകത്തിനും അഹിംസയുടെ മന്ത്രം നൽകിയ സമാധാന പ്രതീകമാണ് ഗാന്ധിയെങ്കിൽ അംബേദ്കർ ജാതിവിവേചനത്തിനെതിരേ ശബ്ദം നൽകിയ വിമോചകനാണ്. ഗാന്ധി ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകി. അതിന്റെ ഭരണഘടനയ്ക്ക് ചുക്കാൻ പിടിച്ച് അംബേദ്കർ സ്വതന്ത്ര ഇന്ത്യയുടെ ഭാവി രൂപപ്പെടുത്തി. നേതാവ്, പരിഷ്‌കർത്താവ്, ഭരണഘടനാ വിദഗ്ധൻ, സാമ്പത്തിക ശാസ്ത്രജ്ഞൻ എന്നിവയായിരുന്നു അംബേദ്കർ. അദ്ദേഹത്തിന്റെ സംഭാവനകൾ ആധുനിക ഇന്ത്യയുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പർശിച്ചു. രാഷ്ട്രീയാരോപണങ്ങളിൽ പരിഹാസ്യമായ ശബ്ദത്തോടെ ഉച്ചരിക്കേണ്ടതല്ല അംബേദ്കർ എന്ന പേര്. അമിത്ഷാ അറിയാതെ പോയത് അതാണ്.
Be the first to comment