ലാഹോര്‍: ന്യൂനപക്ഷ വിഭാഗത്തെ എങ്ങനെ പരിഗണിക്കണമെന്ന് നരേന്ദ്രമോദി സര്‍ക്കാരിന് താന്‍ കാണിച്ച് കൊടുക്കുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ആള്‍ക്കൂട്ട കൊലപാതകങ്ങളെക്കുറിച്ച് നടന്‍ നസറുദ്ദീന്‍ ഷാ നടത്തിയ പരാമര്‍ശം വിവാദമാകുന്നതിനിടെയാണ് ഇമ്രാന്‍ ഖാന്റെ പ്രസ്താവന.
ലാഹോറില്‍ അരങ്ങേറിയ പഞ്ചാബ് സര്‍ക്കാരിന്റെ 100 ദിവസത്തെ നേട്ടങ്ങള്‍ വിവരിക്കുന്ന ചടങ്ങിലാണ് ഖാന്‍ ഇങ്ങെ പറഞ്ഞത്. പാകിസ്താനിലെ മത ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ താന്‍ മാര്‍ഗ്ഗങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. അത് പാകിസ്താന്റെ സ്ഥാപകനായ മുഹമ്മദ് അലി ജിന്നയുടെ ദര്‍ശനങ്ങളിലൊന്നായിരുന്നു. ന്യൂനപക്ഷങ്ങള്‍ പുതിയ പാകിസ്താനില്‍ സുരക്ഷിതരും സംരക്ഷിക്കപ്പെട്ടവരും തുല്യ അവകാശങ്ങളുമുള്ളവരായിരിക്കുമെന്നും ഖാന്‍ കൂട്ടിച്ചേര്‍ത്തു.
ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ ഒരു പൊലിസുകാരന്റെതുള്‍പെടെയുള്ള മരണത്തിനിടയാക്കിയ ആള്‍ക്കൂട്ട ആക്രമണം സൂചിപ്പിച്ചായിരുന്നു നസ്‌റുദ്ദീന്‍ ഷായുടെ പരാമര്‍ശം. ഒരു പൊലിസ് കൊല്ലപ്പെടുന്നതിനേക്കാള്‍ പ്രാധാന്യം പശുവിന് നല്‍കുന്ന സാഹചര്യമാണ് ഇന്ത്യയില്‍നിലനില്‍ക്കുന്നത് -അദ്ദേഹം ചൂണ്ടിക്കാട്ടി. ‘രാജ്യമൊന്നാകെ വിഷം പടര്‍ന്നിരിക്കുന്നു. നിയമം കയ്യിലെടുക്കുന്നവര്‍ പൂര്‍ണമായും ശിക്ഷയില്‍ നിന്നൊഴിവാക്കപ്പെടുന്നു. എന്റെ കുട്ടികളുടെ കാര്യത്തില്‍ ഞാന്‍ ആശങ്കാകുലനാണ്. നാളെ ഒരാള്‍ക്കൂട്ടം അവരെ വഴിയില്‍ തടഞ്ഞു നിര്‍ത്തി നിങ്ങള്‍ ഹിന്ദുവോ മുസ്‌ലിമൊ എന്നു ചോദിച്ചാല്‍ അവര്‍ക്ക് മറുപടി ഉണ്ടാവില്ല. ഇതിനൊരു മാറ്റമുണടാവുമെന്ന പ്രതീക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു.
യു.പിയിലെ ബുലന്ദ്ശഹറില്‍ പശുക്കളുടെ ജഡം ചിതറിക്കിടക്കുന്നതിനെ തുടര്‍ന്ന് പൊലിസ് ഉദ്യോഗസ്ഥനായ സുബോധ് കുമാര്‍ സിങ്, വിദ്യാര്‍ത്ഥിയായ സുമിത് കുമാര്‍ എന്നിവരെ കൊലപ്പെടുത്തിയിരുന്നു. ബജ്‌രംഗ്ദള്‍ നേതാവ് യോഗേഷ് രാജാണ് കേസിലെ പ്രധാന പ്രതി.
Be the first to comment