
ന്യുഡല്‍ഹി: നിര്‍ഭയ കേസില്‍ വീണ്ടും രാഷ്ട്രപതിക്ക് മുന്നില്‍ ദയാഹരജി. പ്രതി വിനയ് ശര്‍മയാണ് രാഷ്ട്രപതിക്ക് മുന്‍പാകെ ഹരജി സമര്‍പിച്ചത്. ഫെബ്രുവരി ഒന്നിന് പ്രതികളുടെ ശിക്ഷ നടപ്പാക്കാനിരിക്കേയാണ് പുതിയ നപടി. ഇതോടെ വധശിക്ഷ നടപ്പിലാക്കുന്നത് ഇനിയും വൈകിയേക്കും.
വിനയ്‌യുടെ അഭിഭാഷകന്‍ എ.പി സിങാണ് ദയാഹരജി സമര്‍പിച്ച വിവരം അറിയിച്ചത്. ദയാഹരജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനത്തിനെതിരേ കേസിലെ മറ്റൊരു പ്രതി മുകേഷ് കുമാര്‍ സിങ് നല്‍കിയ അപേക്ഷ ബുധനാഴ്ച തള്ളിയിരുന്നു. ജസ്റ്റിസ് ഭാനുമതി അധ്യക്ഷയായ മൂന്നംഗ ബെഞ്ചാണ് ഇത് തള്ളിയത്.
രാഷ്ട്രപതിയുടെ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയായിരുന്നു ഈ നടപടി. എല്ലാ രേഖകളും രാഷ്ട്രപതിക്ക് സമര്‍പിച്ചിട്ടില്ലെന്നും തിടുക്കത്തില്‍ തന്റെ അപേക്ഷ തള്ളിയെന്നുമുള്ള വാദം ഉന്നയിച്ചാണ് ഇയാള്‍ കോടതിയെ സമീപിച്ചത്. തിഹാര്‍ ജയിലില്‍ തന്നെ നിര്‍ബന്ധിച്ച് സ്വവര്‍ഗ ലൈംഗികവൃത്തി ചെയ്യിപ്പിച്ചുവെന്നും ഇയാള്‍ ആരോപിച്ചു. എന്നാല്‍ അതൊന്നും ശിക്ഷ ഇളവ് ചെയ്യാനുള്ള കാരണങ്ങളല്ലെന്നാണ് കോടതി വ്യക്തമാക്കിയത്. മറ്റൊരു പ്രതി അക്ഷയ് താക്കൂറിന്റെ തിരുത്തല്‍ ഹരജി കോടതി നാളെ പരിഗണിക്കാനിരിക്കുകയാണ്.
Be the first to comment