മലപ്പുറം: നിപാ സ്ഥിരീകരിച്ച പാണ്ടിക്കാട് ചമ്പ്രശ്ശേരി സ്വദേശിയായ 14കാരന്‍ എത്തിയത് പനിക്ക് ചികിത്സ തേടി. രണ്ടുദിവസം കൊണ്ടുതന്നെ ആരോഗ്യനില വഷളായി. കഴിഞ്ഞ പത്തിനാണ് കുട്ടിയെ പനി ബാധിച്ച് പാണ്ടിക്കാട് ശിശുരോഗ വിദഗ്ധനെ കാണിക്കുന്നത്. പനി മരുന്ന് നല്‍കിയതോടെ താല്‍ക്കാലിക ആശ്വാസമായി. തുടര്‍ന്ന് വീട്ടിലേക്ക് മടങ്ങി. എന്നാല്‍ തിങ്കളാഴ്ച പനി മൂര്‍ച്ഛിച്ച് വീണ്ടും ആശുപത്രിയിലെത്തിച്ചു. ഇതോടെയാണ് മഞ്ഞപ്പിത്തം, ഡെങ്കിപ്പനി തുടങ്ങിയവയുടെ പരിശോധന നടത്തിയത്. എന്നാല്‍ ലക്ഷണങ്ങളൊന്നുമുണ്ടായിരുന്നില്ല.
വൈകുന്നേരത്തോടെ കുട്ടി അബോധാവസ്ഥയിലായി. അപസ്മാര ലക്ഷണങ്ങളും പ്രകടിപ്പിച്ചു. കുട്ടിയെ തൊടുമ്പോള്‍ പ്രതികരണമുണ്ടായിരുന്നെന്ന് ഡോക്ടര്‍ പറഞ്ഞു. ഹ്യൂമോഗ്ലോബിന്റെ അളവ് നന്നേ കുറവായിരുന്നു. പിന്നീടാണ് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. തലച്ചോറിലേക്ക് പനിബാധിച്ചാല്‍ ഛര്‍ദ്ദി അടക്കമുണ്ടാവും. എന്നാല്‍ ഇതൊന്നും കണ്ടെത്താനായില്ല. കുട്ടി അവശനായിരുന്നു.
പെരിന്തല്‍മണ്ണയില്‍ നിന്ന് നിപാ വൈറസ് ബാധയുടെ ലക്ഷണവും സംശയവും കണ്ടതിനെ തുടര്‍ന്നാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിലേക്ക് മാറ്റിയത്. അവിടെ നടത്തിയ പരിശോധനയില്‍ നിപാ ട്രൂനാറ്റ് പോസറ്റീവാണ്. തുടര്‍ന്ന് സ്രവ സാമ്പിള്‍ പൂനയിലേക്ക് അയച്ചു. ഇതിന്റെ ഫലം വന്നപ്പോഴാണ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. ആരോഗ്യ വകുപ്പ് അടിയന്തരയോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയുരുത്തി. പ്രദേശത്ത് സമാനമായ രോഗം ആര്‍ക്കും കണ്ടെത്തിയിട്ടില്ല. എങ്കിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേ സമയം കുട്ടി വീടിനു സമീപത്തുനിന്ന് അമ്പഴങ്ങ കഴിച്ചിരുന്നതായി ആരോഗ്യ വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. ഈ പ്രദേശത്ത് വവ്വാലുകള്‍ അടക്കമുള്ള ജീവികളുടെ വിഹാരകേന്ദ്രമാണെന്നും വിവരമുണ്ട്.
Be the first to comment