വിവാഹ ധൂര്‍ത്തിനെതിരേ പ്രഭാഷണം നടത്താനെത്തിയ വ്യക്തി ഇന്ന് നിരത്തിലോടുന്നതില്‍ വച്ച് ഏറ്റവും മുന്തിയ വാഹനത്തില്‍ എത്തിയപ്പോഴാണ് കേവലം വിവാഹത്തില്‍ മാത്രമാണോ
സുഖാഢംബരങ്ങളെയും ധുര്‍ത്തിനെയും വര്‍ജിക്കേണ്ടത് എന്ന് ചിന്തിച്ചു പോയത്.വിവാഹ ധൂര്‍ത്തിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ കൊണ്ട് നാടും നഗരവും ശബ്ദമുഖരിതമാണിപ്പോള്‍.പക്ഷേ; പല ചര്‍ച്ചകളും മനംമടുപ്പിക്കാറുണ്ട് പലപ്പോഴും ഒച്ചപ്പാടുകള്‍ കേട്ടാല്‍ തോന്നും വിവാത്തിലെ ധൂര്‍ത്ത് മാത്രമാണ് സമൂഹം ഇന്ന് നേരിടുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും കാരണമെന്ന്. സമൂഹത്തെ ആപാദചൂഢം ധൂര്‍ത്ത് ഗ്രസിച്ചുകഴിഞ്ഞ സമകാലിക പരിസരത്തില്‍ വിവാഹത്തിലെ ധൂര്‍ത്തിനു മാത്രം പ്രാമാണിത്തരമാണുള്ളതെന്ന് ആരെങ്കിലും ചിന്തിച്ചാല്‍ അവരെ കുറ്റം പറയാനാകുമോ?
ചര്‍ച്ചകള്‍ ആ വഴിയില്‍ നീങ്ങുന്നതിന് പിന്നിലെന്തെങ്കിലും കാരണമുണ്ടോയെന്നറിയില്ല. അല്ലെങ്കിലും ചിലതിന്‍റെയെല്ലാം കാരണമന്യഷിക്കാതിരിക്കുന്നതായിരിക്കും നല്ലത്. ധൂര്‍ത്ത് എവിടെയായലും ധൂര്‍ത്ത് തന്നെയാണ്. എല്ലാം പരിധിവിട്ടുള്ള കളിയാണ് ജീവിതത്തില്‍ എപ്പോഴെങ്കിലും നടക്കുന്ന വിവാഹത്തില്‍ മാത്രമല്ല, ദൈനംദിന ജീവിതത്തിലെ ഭക്ഷണം, വസ്ത്രം, സമയം തുടങ്ങിയവയിലെല്ലാം അതിരുകള്‍ ലംഘിക്കുന്നത് ധൂര്‍ത്താണ്;മതവിരുദ്ധമാണ്.
വിവാഹധൂര്‍ത്തിനെതിരെയുള്ള കാമ്പയിനുകളെ വിലകുറച്ച് കാണുകയല്ല, അതിനെക്കാള്‍ പ്രതിസദ്ധി സൃഷ്ടിക്കുന്ന മറ്റു ധൂര്‍ത്തകളെ കാണാതെ പോകുന്നതിലെ ആശങ്കകള്‍ പങ്കുവയ്ക്കുകയാണെന്ന് മാത്രം. വിവാഹ ധൂര്‍ത്തിനെ എതിര്‍ക്കണമെന്നുള്ള രാഷ്ട്രീയാഹ്വാനത്തേക്കാള്‍ എല്ലാ ധൂര്‍ത്തുകളെയും എതിര്‍ക്കണമെന്ന സമസ്തയുടെ നേതൃത്വത്തിലുള്ള മതപക്ഷ നിലപാടാണ് സമൂഹത്തിന് ഏറെ ഉപയുക്തമായത് ധൂര്‍ത്തുകളെ വര്‍ഗീകരിക്കാതെ എല്ലാവരും എല്ലാ ധൂര്‍ത്തിനെതിരെയും രംഗത്തിറങ്ങട്ടെ. എന്നാലും സമുദായ മനസ്സില്‍ ഇടം ലഭിക്കുന്നതാണ്.
ആനക്ക് ആനയുടെ വഴി, അണ്ണാറക്കണ്ണന് അണ്ണാറക്കണ്ണന്‍റെ വഴി- ഇതൊരു പ്രകൃതി യാഥാര്‍ത്ഥ്യമാണ്. ആന അണ്ണാറക്കണ്ണനെപ്പോലെയാകണമെന്നത് പ്രകൃതി വിരുദ്ധമാണ്. നേരെ മറിച്ചാണെങ്കിലും തഥൈവ. ആന തനിക്ക് ആവശ്യമായതിനേക്കാള്‍ ഉപയോഗിക്കുമ്പോഴും അണ്ണാറക്കണ്ണന്‍ തന്‍റെ പരിധിക്കപ്പുറത്തേക്ക് നീങ്ങുമ്പോഴുമാണ് അതിനെ ധൂര്‍ത്തെന്ന് വിളിക്കാനാവുക.
ഇപ്പോള്‍ നടക്കുന്ന വിവാഹ കേന്ദ്രീകൃത ധൂര്‍ത്ത് ചര്‍ച്ചകളില്‍ ഈ ഉദാഹരണം പ്രസക്തമാകുമെന്ന് തോന്നുന്നു. ആരും അങ്ങോട്ടും ഇങ്ങോട്ടും അനുകരിക്കരുത്. ഓരോരുത്തരുടെയും നിലയനുസരിച്ച് എല്ലാവരും പെരുമാറുക. അല്ലാഹുവിന്‍റെ വജ്ഹ് ഉദ്ദേശിച്ച് നല്ല ഭക്ഷണം വിളമ്പാനും മറ്റുള്ളവരുടെ വിശപ്പടക്കാനും സാധിക്കുന്നവര്‍ അത് ചെയ്യണം. അവിടെയും പ്രവാചകീയ ചര്യകള്‍ പൂര്‍ണമായും പാലിക്കപ്പെടുകയും പൈശാചിക മാര്‍ഗങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുകയും വേണം. അഥവാ സുന്നത്തുകള്‍ കൃത്യമായി എടുക്കുകയും ഹറാമും കറാഹത്തും കടന്നുവരുന്നതിനെ തൊട്ട് സൂക്ഷിക്കുകയും വേണം. പാവപ്പെട്ടവര്‍ അല്ലാഹു തന്നെ പാവപ്പെട്ടവനാക്കിയത് റബ്ബിന്‍റെ പരീക്ഷണമാണെന്ന് മനസ്സിലാക്കണം.
ജീവിതവും മരണവും സൃഷ്ടിക്കപ്പെട്ടത് നിങ്ങളില്‍ ആരാണ് നന്നായി പ്രവര്‍ത്തിക്കുന്നതെന്ന് പരീക്ഷിക്കാന്‍ വേണ്ടിയാണെന്ന് അല്ലാഹു സൂറത്തുല്‍ മുല്‍കിന്‍റെ രണ്ടാം വചനത്തില്‍ സൂചിപ്പിക്കുന്നുണ്ടല്ലോ. സമ്പത്ത് നല്‍കുന്നതും പരീക്ഷണം അത് നല്‍കാതിരിക്കുന്നതും പരീക്ഷണമെന്നര്‍ത്ഥം. ദുന്‍യാവിലെ സുഖം മാത്രമല്ലല്ലോ മുസ്ലിമിന് ബാക്കിയുള്ളത്. സമ്പന്നരായ ആളുകള്‍ കാട്ടിക്കൂട്ടുന്നത് അനുകരിക്കാന്‍ ശ്രമിക്കാതെയാകണം സാമൂഹ്യ ജീവിതത്തില്‍ എല്ലാ വ്യവസ്ഥിതികളോടും ഇടപെടേണ്ടത്. എങ്കില്‍ ഇവിടെ എന്നും പിറക്കുന്നത് നല്ല നാളുകളായിരിക്കും.
ന്യൂക്ലിയര്‍ ഫാമിലിയാണല്ലോ ഇന്ന് പലരും ഇഷ്ടപ്പെടുന്നത്. പ്രത്യേകിച്ചും സമ്പന്നര്‍. താനും ഭാര്യയും രണ്ടോ മൂന്നോ സന്താനങ്ങളും. എന്നാല്‍ ഇവര്‍ക്ക് താമസിക്കാന്‍ വേണ്ടി കൊട്ടാര സമാനമായ വീടായിരിക്കും പണി കഴിപ്പിക്കുക. മൂന്ന് ബെഡ്രൂമുകള്‍ ആവശ്യമുള്ളപ്പോള്‍ രണ്ട് നിലകളിലായി എട്ടും പത്തും ബെഡ്രൂമുകള്‍ ഇത്തരം രീതികളെയും വിമര്‍ശന വിധേയമാക്കേണ്ടതാണ്. ആളുകളുടെ എണ്ണത്തിലേക്കാളേറെ വ്യത്യസ്ത രീതിയിലുള്ള വാഹനങ്ങള്‍. ഇത് പല കുടുംബാംഗങ്ങളുടെയും അവസ്ഥയാണ്. അപ്പോള്‍ അവിടെയും ആവശ്യത്തിലധികമാകാതെ ചുരുക്കി മറ്റുള്ളവരെക്കൂടി പരിഗണിക്കാന്‍ രംഗത്തു വരികയാണ് വേണ്ടത്.
ധൂര്‍ത്തിനെക്കുറിച്ചുള്ള ദീനീ കാഴ്ചപ്പാട് എല്ലാവര്‍ക്കും സുവിദിതമാണല്ലോ. അല്ലാഹു പറഞ്ഞത് ഇപ്രകാരമാണ്, ആദം സന്തതികളേ, ആരാധനാ വേളയിലൊക്കെയും നിങ്ങള്‍ക്കലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ നിങ്ങള്‍ അണിഞ്ഞുകൊള്ളുക. നിങ്ങള്‍ ആഹരിക്കുകയും പാനം ചെയ്യുകയും ചെയ്യുക. നിങ്ങള്‍ ധൂര്‍ത്തടിക്കരുത്. നിശ്ചയം ധൂര്‍ത്തന്മാരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല. (സൂറത്തില്‍ അഅ്റാഫ് 31)
താങ്കള്‍ ഒരിക്കലും ദുര്‍വ്യയം ചെയ്യരുത്. ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചിന്‍റെ സഹോദരന്മാരാകുന്നു. പിശാചാകട്ടെ, തന്‍റെ നാവിനോട് ഏറെ നന്ദി കെട്ടവനാകുന്നു. (ഇസ്റാഅ് 26,27) നിങ്ങള്‍ ദുര്‍വ്യയം ചെയ്യരുത്. ദൂര്‍ത്ത് കാണിക്കുന്നവനെ അല്ലാഹു ഇഷ്ടപ്പെടുകയില്ല. (അന്‍ആം 41) ഈ ആയത്തുകളുടെ വ്യാഖ്യാനത്തില്‍ മുഫസ്സിറുകള്‍ ധൂര്‍ത്തിന്‍റെ അനന്തരഫലത്തെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ധൂര്‍ത്തിന്‍റെ പരിണതിയായി ദുന്‍യാവും ആഖിറവും നഷ്ടപ്പെടുമെന്നതാണ് അതിന്‍റെയെല്ലാം രത്നച്ചുരുക്കം.
ധൂര്‍ത്ത് ശീലമാക്കിയവര്‍ ഭൗതിക ലോകത്ത് വെച്ചു തന്നെ വിരല്‍ കടിക്കേണ്ടി വരും. തനിക്ക് താങ്ങാവുന്നതിലും വലിയ വീടെടുത്ത് അവസാനം നിത്വാഖാത്തിന്‍റെ പേരില്‍ ഗള്‍ഫില്‍ നിന്നും തിരിച്ചെത്തി അതിന് പെയ്ന്‍റടിക്കാന്‍ വകയില്ലാതെ പ്രയാസപ്പെടുന്നവര്‍ എത്രയോ നമുക്ക് ചുറ്റുമുണ്ട്.
മിതത്വം പാലിച്ചവന്‍ ദരിദ്രനാവുകയില്ലെന്ന നബി(സ)യുടെ ഹദീസ് ഏറെ അര്‍ത്ഥ ഗര്‍ഭമാണ്. അബുദ്ദര്‍ദാഅ്(റ)വില്‍ നിന്ന് നിവേദനം ചെയ്ത ഹദീസില്‍ ഇപ്രകാരം കാണാവുന്നതാണ്. നബി(സ) പറഞ്ഞു: ജീവിതത്തില്‍ മിതത്വം പാലിക്കല്‍ ഒരു വ്യക്തിയുടെ യഥാര്‍ത്ഥ ജ്ഞാനത്തില്‍ പെട്ടതാണ്. (അഹ്മദ്)
ദരിദ്രര്‍ പണക്കാലെപ്പോലെയാകാന്‍ ശ്രമിക്കരുത്. വിവാഹത്തിലായാലും എവിടെയായാലും അതിന്‍റെ ഹുക്മ് ഒന്നുതന്നെയാണ്. മൂസാ നബി(അ)ന്‍റെ കാലത്തുണ്ടായിരുന്ന ഖാറൂന്‍റെ സമ്പത്ത് കണ്ട് അവിടെയുള്ള ചിലര്‍ പറഞ്ഞത് ഖുര്‍ആന്‍ ഉദ്ധരിക്കുന്നുണ്ട്, അങ്ങനെ ജനമധ്യത്തിലേക്ക് അവന്‍റെ ആര്‍ഭാടങ്ങളോടെ അവന്‍ ഇറങ്ങിപ്പുറപ്പെട്ടു. ഐഹിക ജീവിതമുദ്ദേശിച്ചവര്‍ (അതു കണ്ട്) പറഞ്ഞു, ഖാറൂന് നല്‍കപ്പെട്ടതു പോലെ ഞങ്ങള്‍ക്കും ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ. തീര്‍ച്ചയായും അവന്‍ മഹത്തായ ഭാഗ്യമുള്ളവന്‍ തന്നെയാണ്. അറിവു നല്‍കപ്പെട്ടവര്‍ പറഞ്ഞു, നിങ്ങള്‍ക്ക് നാശം. വിശ്വസിക്കുകയും സല്‍ക്കര്‍മ്മമാചരിക്കുകയും ചെയ്തിട്ടുള്ളവര്‍ക്ക് അല്ലാഹുവിന്‍റെ പ്രതിഫലമാകുന്നു കൂടുതല്‍ ഉത്തമമായിട്ടുള്ളത്. സഹന ശീലര്‍ക്കല്ലാതെ അത് നല്‍കപ്പെടുകയില്ല. (സൂറത്ത് ഖസ്വസ് 79, 80)
സമ്പത്ത് എങ്ങനെ ഉപയോഗിക്കണമന്ന് കൃത്യമായ നിര്‍ദ്ദേശം ഖുര്‍ആനില്‍ വന്നിട്ടുണ്ട്. താങ്കളുടെ കരം പിരടിയിലേക്ക് ബന്ധിപ്പിക്കപ്പെട്ടതാവരുത്. താങ്കളുടെ കരം പാടെ നീട്ടിയതുമാകരുത്. അങ്ങനെ ചെയ്യുന്ന പക്ഷം താങ്കള്‍ നിന്ദിതനും ഖേദിക്കുന്നവനുമായിത്തീരും. (ഇസ്റാഅ് 29, 30)
സത്യവിശ്വാസികളേ, അല്ലാഹു നിങ്ങള്‍ക്കനുവദിച്ചു തന്ന ഉത്തമ വിഭവങ്ങള്‍ നിങ്ങള്‍ നിഷിദ്ധമാക്കാതിരിക്കുക. നിങ്ങള്‍ പരിധി ലംഘിക്കുകയുമരുത്. നിശ്ചയം പരിധി ലംഘിക്കുന്നവരെ അല്ലാഹു ഒട്ടും ഇഷ്ടപ്പെടുകയില്ല. അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ളതില്‍ നിന്ന് അനുവദനീയമായതും ഉത്തമമായതും നിങ്ങള്‍ ഭുജിച്ചുകൊള്ളുക. ഏതൊരു അല്ലാഹുവില്‍ നിങ്ങള്‍ വിശ്വസിക്കുന്നുവോ അവനെ നിങ്ങള്‍ ഭയപ്പെടുകയും ചെയ്യുക. (മാഇദ 87, 88)
മുത്ത് നബി(സ)യുടെ അമിത വ്യയത്തെക്കുറിച്ചുള്ള ദാര്‍ശനിക കാഴ്ചപ്പാട് എല്ലാ കാലത്തേക്കും പ്രസക്തമാണ്. ഭൗതികവും പാരത്രികവുമായ വിജയ കേന്ദ്രീകൃതമാണത്. നബി(സ) പറയുന്നത് കാണുക, അഹങ്കാരവും ധൂര്‍ത്തുമില്ലാതെ നിങ്ങള്‍ തിന്നുകയും കുടിക്കുകയും ദാനധര്‍മ്മം ചെയ്യുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു അവന്‍റെ അടിമയില്‍ തന്‍റെ അനുഗ്രഹങ്ങളെ ദര്‍ശിക്കുന്നത് ഇഷ്ടപ്പെടുന്നു. (നസാഇ)
നമുക്ക് ഏറ്റവും വിലയേറിയത് നമ്മുടെ സമയമാണ്. അത് റബ്ബിന്‍റെ വഴിയിലേക്ക് നോക്കിയാവണം ചെലവഴിക്കേണ്ടത്. അനാവശ്യമായി അത് ചെലവഴിക്കുമ്പോഴുണ്ടാകുന്ന ദുന്‍യവിയും ഉഖ്റവിയുമായ നഷ്ടങ്ങള്‍ വലിയതയായിരിക്കും. ഓരോ നേരവും നാം എങ്ങനെയാണ് സമയത്തെ ചെലവഴിക്കുന്നതെന്ന് അല്ലാഹു നിരീക്ഷിക്കുന്നുണ്ട്. അമൂല്യമായ ആ സമ്പത്തിനെ നഷ്ടപ്പെടുത്തരുത്, ധൂര്‍ത്തടിക്കുകയും ചെയ്യരുത്.
ചുരുക്കത്തില്‍ എല്ലാ ധൂര്‍ത്തും എതിര്‍ക്കപ്പെടേണ്ടതുതന്നെയാണ്. അത് പൂര്‍ണ്ണമായും വര്‍ജ്ജിക്കാനുള്ള ബോധവല്‍ക്കരണമാണ് അനിവാര്യമായിട്ടുള്ളത്. വിവാഹ ദൂര്‍ത്തിന്‍റെ കാര്യത്തില്‍ മുന്നിട്ടിറങ്ങിയ അതേ ആവേശത്തില്‍ മറ്റു ധൂര്‍ത്തുകളെക്കുറിച്ചും നമുക്ക് സഹായിക്കാം.
Be the first to comment