റിയാദ്: സഊദി അറേബ്യ പ്രഖ്യാപിച്ച തൊഴില്‍ കരാര്‍ പരിഷ്‌കരണത്തില്‍ ആഹ്ലാദത്തോടെ സഊദി പ്രവാസികള്‍. ഏറെകാലമായി പ്രവാസികളില്‍ പലരും അനുഭവിച്ചിരുന്ന ചില പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകുമെന്നതാണ് പ്രവാസികള്‍ക്ക് ഏറെ ആഹ്‌ളാദം നല്‍കുന്നത്. എങ്കിലും പൂര്‍ണമായി പ്രാബല്യത്തില്‍ വരുമ്പോള്‍ ഇത് ഏത് വിധേനയായിരിക്കും നടപ്പാക്കുക എന്നതില്‍ ആശങ്കയും പ്രവാസികള്‍ പങ്ക് വെക്കുന്നുണ്ട്. സ്‌പോണ്‍സറുടെ അനുമതിയില്ലാതെ തന്നെ രാജ്യം വിടാനും സ്‌പോണ്‍സര്‍ഷിപ്പ് മാറാനുമടക്കം അനുമതി നല്‍കുന്ന പരിഷ്‌ക്കരണം വിപ്‌ളവകരമായ നീക്കമായാണു വിലയിരുത്തപ്പെടുന്നത്. സഊദിയുടെ പെട്രോ ഡോളര്‍ പ്രാരംഭ കാലം മുതല്‍ നടന്നു വന്നിരുന്ന സമ്പ്രദായമാണ് എഴുപത് വര്‍ഷങ്ങള്‍ക്ക് ശേഷം മാറ്റിയെഴുതുന്നത്.

പുതിയ നീക്കം തൊഴിലാളികള്‍ക്ക് തൊഴിലിടങ്ങളില്‍ മാനസിക സമ്മര്‍ദ്ദം ഇല്ലാതെ ജോലി ചെയ്യുന്നതിനും പുതിയ തൊഴിലവസരങ്ങള്‍ തേടുന്നതിനും അവസരമൊരുക്കും. അതോടൊപ്പം തൊഴിലുടമകളുടെ സമീപനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും പുതിയ പരിഷ്‌ക്കരണം വഴി തെളിയിക്കും. തൊഴിലാളികള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അസ്വാരസ്യങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉടനടി ഹുറൂബ് (ഒളിച്ചോടിയതായി കാണിച്ചു കേസ് നല്‍കല്‍) ആക്കുന്നതടക്കമുള്ള നടപടികള്‍ക്ക് ഇത് തടയിടുമെന്നാണ് കരുതുന്നത്. മാത്രമല്ല, ഏത് സമയവും രാജ്യം വിടാനാകുമെന്നത് അത്യാവശ്യ കാര്യങ്ങള്‍ക്ക് പോലും സ്വന്തം നാടുകളിലേക്ക് പോകുന്നതിനെ തടയുന്ന സമ്പ്രദായത്തിനും പുതിയ നടപടിയില്‍ പരിഹാരമാകും. സ്‌പോണ്‌സര്‍മാരുടെ അനുമതി കൂടാതെ തന്നെ സഊദി വിടാനുള്ള സംവിധാനമാണ് സജ്ജമാകുന്നത്. മികച്ച തൊഴിലവസരം മുന്നില്‍ കണ്ടാലും കഫീലിന്റെ കനിവ് ഇല്ലാതെ തൊഴിലാളിക്ക് അവ എത്തിപ്പിടിക്കാന്‍ സാധിക്കാതെ വന്നിരുന്ന സ്ഥിതിക്കും പരിഹാരമാകും.

സഊദി തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ നീക്കത്തെ സഊദിയിലെ വിവിധ വിദേശ രാജ്യ അംബാസിഡര്‍മാരും പ്രകീര്‍ത്തിച്ചു. സഊദി തൊഴില്‍ വിപണിയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നതും തൊഴിലാളികളുടേയും തൊഴിലുടമകളുടേയും താല്‍പര്യങ്ങള്‍ ഒരുപോലെ സംരക്ഷിക്കുന്നതുമാണ് പരിഷ്‌കരണങ്ങളെന്ന് സുപ്രധാന പ്രഖ്യാപനത്തെ സ്വാഗതം ചെയ്തുകൊണ്ട് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് പറഞ്ഞു. കരാര്‍ കാലാവധി അവസാനിക്കുന്നതിനു മുമ്പും ശേഷവും തൊഴില്‍ മാറ്റത്തിനും ഫൈനല്‍ എക്സിറ്റ്, റീ എന്‍ട്രി കാര്യങ്ങളിലും പ്രവാസി തൊഴിലാളികള്‍ക്ക് ആശ്വാസകരമാകുന്ന വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന പരിഷ്‌കരണത്തെ പാക്കിസ്ഥാന്‍, ഇന്തോനേഷ്യ, ബംഗ്ലാദേശ് അംബാസഡര്‍മാരും സ്വാഗതം ചെയ്തു. പുതിയ പ്രഖ്യാപനങ്ങള്‍ അടുത്ത വര്ഷം മാര്‍ച്ച് പതിനാലിനാണ് പ്രാബല്യത്തുനില്‍ വരിക.

അതേസമയം, ഗാര്‍ഹിക തൊഴിലാളികളുടെ കരാറുകള്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല. ഇവര്‍ക്കായി പ്രത്യേക പദ്ധതി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് മന്ത്രാലയം അറിയിച്ചത്. ഗാര്‍ഹിക തൊഴിലില്‍ ഉള്‍പ്പെട്ട അഞ്ചു വിഭാഗങ്ങള്‍ക്കാണ് ഇത് ബാധകമാകാതിരിക്കുന്നത്. ഹൗസ് ഡ്രൈവര്‍, വീട്ടു വേലക്കാര്‍, ഇടയന്‍, തോട്ടം തൊഴിലാളി, വീട്ടുകാവല്‍ക്കാരന്‍ എന്നിവയുള്‍പ്പെടുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്കായി ഉടന്‍ പ്രഖ്യാപനങ്ങളുണ്ടാകും.

Be the first to comment