ജീവിതം സങ്കടപ്പെടാനുളളതല്ല

കെ. ഉനൈസ് വളാഞ്ചേരി

‘നിങ്ങള്‍ ദുര്‍ബലരാവുകയും വ്യസനിക്കുയുമരുത്. യഥാര്‍ത്ഥ വിശ്വസികളാണെങ്കില്‍ നിങ്ങളെത്രെ അത്യുന്നതര്‍’ ( ആലിംറാന്‍: 135)
ഇസ്ലാമിക സായുധ സമരങ്ങളില്‍ ശോകപര്യാവസായിയായ പ്രഥമ യുദ്ധമാണ് ഉഹ്ദ് യുദ്ധം. മുസ്ലിം സൈന്യത്തിന്‍ ഏറെ പ്രയാസങ്ങള്‍ ഏല്‍കേണ്ടി വന്ന യുദ്ധമാണിത്. എഴുപത് സ്വഹാബികള്‍ ശഹീദായി. പലര്‍ക്കും പരുക്കുകളേറ്റു. പുണ്യറസൂലിന്‍റെ തിരുവദനം മുറിവേറ്റ് രക്തമൊലിക്കുകയും ചെയ്തു. ഇസ്ലാമിക ചരിത്രത്തിലെ അവസ്മരണീയ ആധ്യായമായിരുന്ന ബദര്‍ യുദ്ധത്തില്‍ സര്‍വ്വായുധ വിഭൂഷിതരായ സൈന്യത്തെ അത്ഭുതകരമായ രീതിയില്‍ പരാജയപ്പെടുത്തിയ അനുഭവ സാക്ഷ്യത്തിന്‍റെ ശേഷമാണ് സ്വഹാബാക്കള്‍ക്ക് അപ്രതീക്ഷിതമായ ഈ തിക്താനുഭവം ഉണ്ടാകുന്നത്. പ്രസ്തുത പരാജയത്തില്‍ സ്വഹാബാക്കള്‍ വളരെ ദുഃഖിതരും ഏറെ സങ്കടത്തിലുമായി. ഈ സന്ദര്‍ഭത്തിലാണ് അല്ലാഹു ഉദൃത വിശുദ്ധ വാക്യം അവതരിച്ചത്.
ആകസ്മികമായ ഈയൊരു പരാജയത്തിലെ അവരുടെ വിഷമവും വ്യസനവും ഇല്ലാതാക്കാനും അവരില്‍ ആത്മവിശ്വസത്തെ പുനഃസൃഷ്ടിക്കുകയുമാണ് പ്രസ്തുത ആയത്തിലൂടെ അല്ലാഹു ലക്ഷികരിച്ചിത്. ഇതില്‍ നിന്ന് പാഠമുള്‍ക്കൊണ്ട സ്വഹാബികള്‍ പിന്നെയും ഒട്ടേറെ യുദ്ധങ്ങളില്‍ പങ്കെടുക്കുകയും മികച്ച വിജയഭേരി മുഴക്കാന്‍ അവര്‍ക്കാവുകയും ചെയ്തു.
ജീവിതം സന്തോഷം സങ്കട സമിശ്രമാണ്. ജീവിത വ്യവഹാരങ്ങള്‍ക്കിടയില്‍ വന്നുഭവിക്കുന്ന പ്രയാസങ്ങളില്‍ വേപഥുപൂണ്ട് വ്യസനത്തിലും മനഃപ്രയാത്തിലുമായി ജീവിതം നയക്കുന്നത് മൗഢ്യമാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: ‘താങ്കള്‍ ക്ഷമിക്കുക, അല്ലാഹുവിന്‍റെ സഹായത്തോട് കൂടി തന്നെയാണ് താങ്കള്‍ക്ക് ക്ഷമിക്കാനാവുന്നത്. അവരെ സംബന്ധിച്ചു താങ്കള്‍ വ്യസനിക്കകയോ അവര്‍ കുതന്ത്രം പ്രയോഗിക്കുന്നതിനെപ്പറ്റി മനഃപ്രയാസത്തിലാവുകയോ അരുത്.'(നഹ്ല് 124)
ദുഃഖം മനസ്സിനെ തളര്‍ത്തുകയും കര്‍മവിമൂഢനാക്കുകയും ചെയ്യും. അതിനാല്‍ ജീവിതത്തില്‍ സംഭവിക്കുന്ന ദുഃഖങ്ങളും മാനസിക അസ്വസ്ഥകളും അതിജീവിക്കുകയാണ് വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഏറെ അഭികാമ്യവും, സത്യവിശ്വാസിയുടെ സ്വഭാവവും അത് തന്നെയാണ്. ഖുര്‍ആന്‍ ഉണര്‍ത്തുന്നു: ‘നാം പറഞ്ഞു: എല്ലാവരും ഇവിടെ നിന്ന് ഇറങ്ങിപ്പോവുക നിശ്ചയമായും നിങ്ങള്‍ക്ക് എന്നില്‍ നിന്ന് മാര്‍ഗോപദേശം ലഭിക്കുമ്പോള്‍, വല്ലവരും എന്‍റെ മാര്‍ഗോപദേശം അനുസരിച്ചാല്‍ അവര്‍ക്ക് യാതൊന്നും ഭയപ്പെടാനില്ല. അവര്‍ വ്യസനിക്കുന്നവരുമല്ല.'(ബഖറ: 38)
സങ്കടഘട്ടങ്ങളില്‍ മനുഷ്യനെ തന്‍റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് തടയും. ദുഃഖം കൊണ്ട് ഹൃദയത്തിന് ഒരു നേട്ടവുമില്ല. മനുഷ്യരില്‍ സങ്കടമുണ്ടാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നത് പിശാചാണ്. അനാവശ്യമായ ദുഃഖ സങ്കടങ്ങളില്‍ അകപ്പെടുന്നവര്‍ / അകപ്പെടുത്തുന്നവര്‍ പിശാചിന്‍റെ വഴിയിലാണ് സഞ്ചരിക്കുന്നത്. അല്ലാഹു പറയുന്നു: ‘ആ രഹസ്യ സംസാരം പിശാചില്‍ നിന്നുളളത് തന്നെയാണ്. സത്യവിശ്വാസികളെ ദുഃഖിപ്പിക്കുവാന്‍ വേണ്ടിയാണത്. എന്നാല്‍ അല്ലാഹുവിന്‍റെ അനുമതി കൂടാതെ അതവര്‍ക്ക് ഒട്ടും ഉപദ്രവം ചെയ്യുന്നതല്ല. സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കു’.(മുജാദില 10)
നബി(സ്വ)പറഞ്ഞു: ‘നിങ്ങള്‍ മൂന്ന് പേരുണ്ടായിരുന്നാല്‍ രണ്ട് പേര്‍ അവരുടെ കൂട്ടുകാരനെ കൂടാതെ രഹസ്യ സംസാരം നടത്തരുത്. കാരണം അതവനെ വ്യസനിപ്പിക്കുന്നതാണ്.’ (ബുഖാരി, മുസ്ലിം) ഉപര്യുക്ത തിരുവചനത്തിലൂടെ മൂന്നാളുളളപ്പോള്‍ രണ്ടാളുകള്‍ സ്വകാര്യം പറയുന്നത് തിരുമേനി(സ്വ) നിരോധിച്ചത് മൂന്നാമനെ സങ്കടപ്പെടുത്തിയേക്കാം എന്നതിനാലാണ്.
വിശ്വസി സങ്കടപ്പെട്ട് നടക്കുന്നവനല്ല, സങ്കടം ആത്മാവിനെ ഇരുളിലാക്കും. ദുഃഖം വെടിഞ്ഞ് ദൃഢമനസ്സോടെ പ്രവൃത്തി പദത്തില്‍ തിളങ്ങുന്നവനാണ് സത്യവിശ്വാസി. മുത്ത് നബി(സ്വ) സങ്കടത്തിലും സന്താപത്തിലും ജീവിതം ചിട്ടപ്പെടുത്തുകയല്ല, പ്രത്യൂത, സദാ സന്തോഷത്തിലും പ്രസന്നവദനനുമായിരുന്നു. മാത്രമല്ല, സങ്കടമുക്തിക്കായി നബി(സ്വ) ‘അല്ലാഹുവെ ആശങ്കയില്‍ നിന്നും ദുഃഖത്തില്‍ നിന്നും ഞാന്‍ നിന്നില്‍ അഭയം തേടുന്നു” എന്ന് പ്രാര്‍ത്ഥിച്ചിരുനതായും കാണാം.
ഭൂതകാലത്ത് സംഭവിച്ച അനിഷ്ടകരമായ തോന്നലുകളെയാണല്ലോ ദുഃഖം എന്ന് പറയുന്നത്. പ്രസ്തുത അനിഷ്ടകരമായ കാര്യങ്ങളില്‍ നിന്ന് മുക്തിനേടാനും തിന്മ പ്രവര്‍ത്തനങ്ങളെ തൊട്ട് ജീവിതത്തെ അന്യം നിര്‍ത്താനുമാകണം. ദുഃഖങ്ങളും വ്യസനങ്ങളും ക്ഷമിച്ചും സഹിച്ചും ജീവിക്കുന്നവര്‍ക്ക് അല്ലാഹു സ്വര്‍ഗം നല്‍കും സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നവര്‍ പറയുന്നതായി ഖുര്‍ആന്‍ ഉല്‍ബോധിപ്പിക്കുന്നതിപ്രകാരമാണ്. “അവര്‍ പറയും ഞങ്ങളില്‍ നിന്ന് ദുഃഖം നീക്കിതന്ന അല്ലാഹുവിന്നാണ് സര്‍വ്വസ്തുതിയും നിശ്ചയമായും നമ്മുടെ രക്ഷിതാവ് ഏറ്റവും പൊറുക്കുന്നവനും നന്ദിസ്വീകരിക്കുന്നവനുമാണ്” (ഫാത്വിര്‍: 34) ഇഹലോകത്ത് തങ്ങളുടെ നിയന്ത്രണത്തിനതീതമായി വിപത്തുകള്‍ക്കൊപ്പം ദുഃഖങ്ങള്‍ക്കൊപ്പം നേരിടുന്നുവെന്നതാണ് ഉദൃത സൂക്തം സൂചിപ്പിക്കുന്നത്.
സത്യവിശ്വാസിയുടെ ദുഃഖത്തിന് കുറ്റമില്ല, തങ്ങളെ വാഹനത്തില്‍ കയറ്റിക്കൊണ്ട് പോകാനായി താങ്കളുടെ അടുക്കല്‍ വന്ന സമയം നിങ്ങള്‍ നിങ്ങളെ കയറ്റിക്കൊണ്ടുപോകാന്‍ പറ്റിയ വാഹനം എന്‍റെ പക്കലില്ല എന്ന് താങ്കള്‍ പറഞ്ഞപ്പോള്‍ ആവശ്യമായ ചെലവുകള്‍ക്ക് വകയില്ലാത്തതിലുളള വ്യസനം നിമിത്തം കണ്ണുനീര്‍ ഒഴുക്കിക്കൊണ്ട് മടങ്ങിപ്പോയവര്‍ക്കും കുറ്റമില്ല.( തൗബ 92)
മാത്രമല്ല, അല്ലാഹു വിശ്വാസിയുടെ ദുഃഖത്തിന്‍റെയും സങ്കടത്തിന്‍റെയും തോതനുസരിച്ച് അവന്‍റെ പാപങ്ങള്‍ പൊറുത്തു നല്‍കുന്നു. എന്നാല്‍, സങ്കടത്തേയും സന്താപത്തേയും തേടിപോകാന്‍ മതം ഒരിക്കലും ഗുണദോശിക്കുന്നില്ല. അത് ഒരു ഇബാദത്തിന്‍റെ ഭാഗമായി ഇസ്ലാം ഗണിക്കുന്നില്ല. വിശ്വാസിയെ സംബന്ധിച്ചിടത്തോളം ജീവിതത്തില്‍ സങ്കടപ്പെടാത്ത മനസ്സിനെ, ദുര്‍ബലപ്പെടുത്താത്ത നന്മകളെ, ജീവിത വഴികളില്‍ ഒപ്പം ചേര്‍ത്ത് ജീവിതം ക്രമപ്പെടുത്തണം. ‘അതാണ് വിശ്വാസിക്ക് ഉത്തമം. നിങ്ങള്‍ അറിവുളളവരാണെങ്കില്‍.'(ആലിംറാന്‍ 139)

About Ahlussunna Online 1149 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*