കോഴിക്കോട്: ചോദ്യപേപ്പർ ചോർന്ന സംഭവത്തിൽ കൊടുവള്ളിയിലെ എം.എസ് സൊല്യൂഷൻസിൽ ക്രൈംബ്രാഞ്ച് പരിശോധന. പ്രാഥമിക അന്വേഷണത്തിൽ ചോദ്യപേപ്പർ ചോർന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് ഇന്നലെ രാവിലെ 11 മുതൽ പരിശോധന നടത്തിയത്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഇ.സുനിൽകുമാറിന്റെ നേതൃത്വത്തിൽ എം.എസ് സൊല്യൂഷൻ സി.ഇ.ഒ ഷുഹൈബിന്റെ വീട്ടിലും കൊടുവള്ളിയിലെ സ്ഥാപനത്തിലുമായിരുന്നു പരിശോധന. ലാപ്‌ടോപ്പ്, ഹാർഡ് ഡിസ്‌ക് ഉൾപ്പെടെയുള്ള ഡിജിറ്റിൽ ഉപകരണങ്ങളും ബാങ്ക് ഡീറ്റൈയിൽസും അനുബന്ധരേഖകളും മൊബൈൽ ഫോണുകളും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു.
തട്ടിപ്പ്, വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകൾ ചേർത്താണ് ക്രൈംബ്രാഞ്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. എം.എസ് സൊല്യൂഷനെതിരായ തെളിവുകൾ കഴിഞ്ഞ ദിവസം അധ്യാപകർ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു. പത്താം ക്ലാസ്, പ്ലസ്‌വൺ പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന് സംശയംപ്രകടിപ്പിച്ച് വിദ്യാഭ്യാസ വകുപ്പിന്റെ പരാതി ഡി.ജി.പി മുഖേനെ ലഭിച്ചതോടെ, കോഴിക്കോട് ഡി.ഡി.ഇ മനോജ് മണിയൂർ, താമരശേരി ഡി.ഇ.ഒ എൻ. മൊയീനുദ്ദീൻ, കൊടുവള്ളി എ.ഇ.ഒ അബ്ദുൽ ഖാദർ, ചോദ്യപേപ്പർ ചോർന്നതായി ആദ്യം സംശയം പ്രകടിപ്പിച്ച മടവൂർ ചക്കാലക്കൽ എച്ച്.എസ്.എസിലെ അധ്യാപകർ എന്നിവരുടെ മൊഴി ക്രൈംബ്രാഞ്ച് എടുത്തിരുന്നു.
ചോദ്യപേപ്പർ ചോർന്നെന്നും ഇത്രമാത്രം ചോദ്യങ്ങൾ പ്രവചിക്കുക അസാധ്യമാണെന്നുമായിരുന്നു മൊഴി. പരീക്ഷയ്ക്ക് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പ്രചരിപ്പിച്ച വിഡിയോയും പരീക്ഷാ ചോദ്യപേപ്പറും അധ്യാപകരിൽ നിന്നും മറ്റും ക്രൈംബ്രാഞ്ച് ശേഖരിച്ചിരുന്നു. ആരോപണങ്ങളുടെ പേരിൽ ഡിലീറ്റാക്കിയ വിഡിയോകൾ വീണ്ടെടുക്കാൻ സൈബർ സെല്ലും നടപടി തുടങ്ങിയിട്ടുണ്ട്.
സാമ്പത്തിക നേട്ടത്തിനുവേണ്ടി വിദ്യാഭ്യാസ വകുപ്പിലുള്ളവർ തന്നെ ചോദ്യപേപ്പറുകൾ സ്വകാര്യ സ്ഥാപനങ്ങൾക്ക് ചോർത്തി നൽകിയോ എന്ന സംശയം അന്വേഷണസംഘത്തിനുണ്ട്.
പരീക്ഷ മെച്ചപ്പെടുത്താന്‍ അഞ്ചംഗ സമിതി
തിരുവനന്തപുരം: ചോദ്യപേപ്പര്‍ ചോര്‍ച്ച ഉള്‍പ്പടെയുള്ളവയുടെ പശ്ചാത്തലത്തില്‍ സ്‌കൂളുകളിലെ പരീക്ഷാ നടത്തിപ്പ് മെച്ചപ്പെടുത്തുന്നതിനെ കുറിച്ച് പഠിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് അഞ്ചംഗ സമിതിയെ ചുമതലപ്പെടുത്തി. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരീക്ഷ കുറ്റമറ്റ നിലയില്‍ നടത്താന്‍ നടപടി ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
Be the first to comment