ചര്‍ച്ചക്ക് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല: വ്യക്തിനിയമ ബോര്‍ഡ്

ബാബരി മസ്ജിദില്‍ മധ്യസ്ഥം വേണ്ട

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് വിഷയത്തില്‍ കോടതിക്കു പുറത്ത് സംഘ്പരിവാറുമായുള്ള മധ്യസ്ഥചര്‍ച്ചകള്‍ അംഗീകരിക്കില്ലെന്ന് അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്. സംഘ്പരിവാര്‍ സഹയാത്രികനായ ജീവനകല ആചാര്യന്‍ ശ്രീശ്രീ രവിശങ്കറുമായി മുതിര്‍ന്ന ബോര്‍ഡ് അംഗവും പ്രമുഖ പണ്ഡിതനുമായ സല്‍മാന്‍ ഹുസൈനി നദ്‌വി നടത്തിയ മധ്യസ്ഥചര്‍ച്ചകളെ തള്ളിപ്പറഞ്ഞ ബോര്‍ഡ്, ബാബരി മസ്ജിദിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ യാതൊരു ഒത്തുതീര്‍പ്പിനുമില്ലെന്നും ഇക്കാര്യത്തില്‍ കോടതിവിധി മാത്രമെ അംഗീകരിക്കൂവെന്നും ആവര്‍ത്തിച്ചു. ഹൈദരാബാദില്‍ രണ്ടുദിവസമായി നടന്നുവരുന്ന ബോര്‍ഡിന്റെ സമ്പൂര്‍ണയോഗത്തില്‍ ഇതുസംബന്ധിച്ചു പ്രസ്താവനയും ഇറക്കി.

വഖ്ഫ് ചെയ്യപ്പെട്ട ഭൂമിയിലാണ് പള്ളി സ്ഥാപിക്കാറെന്നും ഒരുതവണ വഖ്ഫ് ചെയ്യപ്പെട്ട ഭൂമി പിന്നീട് മാറ്റാനോ കൈമാറാനോ പറ്റില്ലെന്നും ബോര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു. നേരത്തെ ബാബരി വിഷയത്തിലുണ്ടായ പ്രശ്‌നപരിഹാര ശ്രമങ്ങളെല്ലാം മുസ്‌ലിംകള്‍ക്ക് നഷ്ടമേ വരുത്തിയിട്ടുള്ളൂ. മതത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ ബലികഴിച്ചുള്ള ഒരുപരിഹാരത്തിനും ബോര്‍ഡ് ഇല്ലെന്നും പ്രസ്താവനയിലുണ്ട്. ബോര്‍ഡ് സെക്രട്ടറി മൗലാനാ ഉംറൈന്‍ മഹ്ഫൂസ് റഹ്മാനിയും ഹൈദരാബാദ് എം.പി അസദുദ്ദീന്‍ ഉവൈസിയുമാണ് പ്രസ്താവനയിറക്കിയത്.
വെള്ളിയാഴ്ച തുടങ്ങിയ സമ്മേളനത്തിന്റെ ആദ്യദിനം തന്നെ ബഹുഭൂരിഭാഗം അംഗങ്ങളും മധ്യസ്ഥചര്‍ച്ചകളെ അംഗീകരിക്കരുതെന്നാവശ്യപ്പെട്ടാണ് സംസാരിച്ചത്. സമ്മേളനത്തില്‍ സല്‍മാന്‍ നദ്‌വിക്കെതിരേ ശക്തമായ വികാരം ഉണ്ടായതോടെ അദ്ദേഹം മറുപടി പറഞ്ഞു. മുസ്‌ലിംകളുടെ താല്‍പര്യത്തിനു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നദ്‌വിയുടെ നടപടി അന്വേഷിക്കാന്‍ ബോര്‍ഡ് നാലംഗസമിതിയെ ചുമതലപ്പെടുത്തി. ബോര്‍ഡ് അധ്യക്ഷന്‍ മൗലാനാ റാബിഅ് ഹസന്‍ നദ്‌വി, ജനറല്‍ സെക്രട്ടറി മൗലാനാ വലീ റഹ്മാനി, സെക്രട്ടറി മൗലാനാ ഖാലിദ് സൈഫുല്ലാ റഹ്മാനി, അംഗം മൗലാനാ അര്‍ഷദ് മദനി എന്നിവരടങ്ങുന്ന സമിതിയാവും അന്വേഷിക്കുക. ബോര്‍ഡിന്റെ നയത്തിനു വിരുദ്ധമായ നിലപാട് സ്വീകരിച്ച സല്‍മാന്‍ നദ്‌വിക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നെങ്കിലും നാലംഗസമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മതി നടപടിയെന്ന് യോഗത്തില്‍ തീരുമാനമായി. വിവാദത്തെത്തുടര്‍ന്ന് ഇന്നലെ അദ്ദേഹം പങ്കെടുത്തില്ല. ബോര്‍ഡിന് കീഴിലുള്ള ബാബരി മസ്ജിദ് കമ്മിറ്റി കണ്‍വീനര്‍ കൂടിയാണ് നദ്‌വി. രവിശങ്കറുമായി നടത്തിയ മധ്യസ്ഥ ചര്‍ച്ചയില്‍ പങ്കെടുത്ത ആറ് മുസ്‌ലിം പ്രതിനിധികള്‍ക്കു നേതൃത്വം നല്‍കിയത് സല്‍മാന്‍ നദ്‌വിയായിരുന്നു. മൂന്നുദിവസത്തെ സമ്മേളനം ഇന്ന് ഹൈദരാബാദില്‍ പൊതുസമ്മേളനത്തോടെ സമാപിക്കും.

About Ahlussunna Online 1305 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*