ന്യൂഡല്‍ഹി: മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ സുഖ്ബിര്‍ സിങ് സന്ധുവും ഗ്യാനേഷ് കുമാറും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരായേക്കും. കമ്മിഷനിലെ രണ്ട് ഒഴിവുകളിലേക്കാണ് ഇവരെ നിര്‍ദ്ദേശിച്ചത്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയാണ് തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ തെരഞ്ഞെടുത്തത്. യോഗത്തിലെ ശുപാര്‍ശകള്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കൈമാറും.
സമിതി അംഗമായ ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി തീരുമാനത്തോട് വിയോജിച്ചു. സര്‍ക്കാരിന് ഭൂരിപക്ഷമുള്ള സമിതി അംഗീകരിക്കാനാവില്ലെന്നും സമിതിയില്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഉണ്ടാവേണ്ടതായിരുന്നുവെന്നും അധീര്‍ രഞ്ജന്‍ ചൗധരി വിയോജനക്കുറിപ്പില്‍ വ്യക്തമാക്കി. കമ്മിഷണര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ ചുരുക്കപ്പട്ടിക നല്‍കിയില്ലെന്നും കേന്ദ്ര നിയമമന്ത്രിയോട് ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. പ്രധാനമന്ത്രിയെയും അധീര്‍രഞ്ജന്‍ ചൗധരിയെയും കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷായായിരുന്നു സമിതിയിലുണ്ടായിരുന്നത്.
കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് ഗ്യാനേഷ് കുമാര്‍. ഉത്തര്‍പ്രദേശ് സ്വദേശിയാണ്. എറണാകുളം കലക്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ദീര്‍ഘകാലമായി കേന്ദ്രസര്‍വീസിലാണ് ഗ്യാനേഷ് കുമാര്‍ ജോലി നോക്കുന്നത്. പാര്‍ലമെന്ററി കാര്യ സെക്രട്ടറി അടക്കമുള്ള പദവികള്‍ വഹിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡിലെ ചീഫ് സെക്രട്ടറിയായിരുന്നു സുഖ് ബീര്‍ സിങ് സന്ധു. പഞ്ചാബ് സ്വദേശിയാണ്.
Be the first to comment