ഗസ്സയിലെ ഇസ്‌റാഈല്‍ നരവേട്ടക്ക് സാങ്കേതിക പിന്തുണ: ഗൂഗ്‌ളിനെതിരെ പ്രതിഷേധിച്ച് ജീവനക്കാര്‍, പിന്നാലെ കൂട്ട പിരിച്ചുവിടല്‍

ന്യൂയോര്‍ക്ക്: ഗസ്സയിലെ ഇസ്‌റാഈല്‍ നരവേട്ടക്ക് സാങ്കേതിക പിന്തുണ നല്‍കാനുള്ള ഗൂഗ്‌ളിന്റെ നീക്കത്തിനെതിരെ പ്രതിഷേധിച്ച് ഒരു കൂട്ടം ജീവനക്കാര്‍.  ന്യൂയോര്‍ക്കിലെയും കാലിഫോര്‍ണിയയിലെ സണ്ണിവെയ്ലിലെയും ഗൂഗ്‌ളിന്റെ ഓഫിസുകളില്‍ 100ലേറെ ജീവനക്കാര്‍ 10 മണിക്കൂര്‍ കുത്തിയിരിപ്പ് സമരം നടത്തി. ചൊവ്വാഴ്ചയാണ് സംഭവം. ഇതിനുപിന്നാലെ സമരത്തിന് നേതൃത്വം നല്‍കിയതിന് 28 ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് ഗൂഗ്ള്‍ അറിയിപ്പ് പുറത്തിറക്കി.

കാലിഫോര്‍ണിയയിലെ സി.ഇ.ഒ ഓഫിസില്‍ അതിക്രമിച്ചുകടന്നതിനാണ് പിരിച്ചുവിടല്‍ നടപടിയെന്ന് ഗൂഗ്ള്‍ ഗ്ലോബല്‍ സെക്യൂരിറ്റി വൈസ് പ്രസിഡന്റ് ക്രിസ് റാക്കോവ് അറിയിപ്പില്‍ പറഞ്ഞു. ഓഫിസ് സ്ഥലങ്ങള്‍ കൈയേറി, സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തി, ഗൂഗ്‌ളര്‍മാരുടെ ജോലി തടസ്സപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് സമരക്കാര്‍ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. ‘അവര്‍ ഓഫിസ് കയ്യേറുകയും സാധനങ്ങള്‍ നശിപ്പിക്കുകയും മറ്റുള്ളവരുടെ ജോലി തടസ്സപ്പെടുത്തുകയും ചെയ്തു’ ഗൂഗ്ള്‍ പുറത്തു വിട്ട അറിയിപ്പില്‍ പറയുന്നു. പെരുമാറ്റം അസ്വീകാര്യവും അങ്ങേയറ്റം വിനാശകരവും സഹപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുന്നതുമായിരുന്നുവെന്നും അറിയിപ്പില്‍ പറയുന്നു. പ്രതിഷേധങ്ങളുടെയും ജീവനക്കാരെ പൊലിസ് അറസ്റ്റ് ചെയ്യുന്നതിന്റെയും നിരവധി വീഡിയോകളും ലൈവ് സ്ട്രീമുകളും സമരക്കാര്‍ എക്സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.  

ഇസ്‌റാഈലും ഗൂഗിളും ആമസോണും തമ്മില്‍ പ്രൊജക്റ്റ് നിംബസ് എന്ന പേരില്‍ 1.2 ബില്യണ്‍ ഡോളറിന്റെ നിര്‍മിതബുദ്ധി, നിരീക്ഷണ സംവിധാനത്തിനുള്ള കരാര്‍ ഒപ്പുവെച്ചിരുന്നു. യുദ്ധത്തിനും സൈനികനിരീക്ഷണത്തിനും സാങ്കേതിക സഹായം ലഭ്യമാക്കാനുള്ള ഈ പദ്ധതിക്കെതിരെ ‘നോ ടെക് ഫോര്‍ അപാര്‍ത്തീഡ്’ എന്ന വംശീയവിവേചനത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ടെക്കികളുടെ സംഘടനയുടെ നേതൃത്വത്തിലാണ് സമരം നടത്തിയത്.

പരമ്പരാഗത അറബ് ശിരോവസ്ത്രമായ കഫിയ്യ ധരിച്ചാണ് ഫലസ്തീന് പിന്തുണയുമായി ജീവനക്കാര്‍ സമരത്തിനെത്തിയത്. ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയും ക്ലൗഡ് യൂണിറ്റ് സിഇഒ തോമസ് കുര്യനും വംശഹത്യയുടെ ലാഭം കൊയ്യുന്നവരാണെന്ന് സമരക്കാര്‍ ആരോപിച്ചു. ഇന്നലത്തെ 10 മണിക്കൂര്‍ കുത്തിയിരിപ്പ് സമരം ഐതിഹാസികമായിരുന്നുവെന്ന് നോ ടെക് ഫോര്‍ അപാര്‍ത്തീഡ് വക്താവ് ജെയ്ന്‍ ചുങ് പ്രസ്താവനയില്‍ പറഞ്ഞു. ‘നോ ടെക് ഫോര്‍ ജെനോസൈഡ് ഡേ ഓഫ് ആക്ഷന്‍’ എന്ന പേരിലാണ് സമരം നടത്തിയത്. അതേസമയം, സമരത്തില്‍ നേരിട്ട് പങ്കെടുക്കാത്ത തൊഴിലാളികളെയടക്കം പിരിച്ചുവിട്ടതായി ഇവര്‍ അറിയിച്ചു.

പ്രൊജക്റ്റ് നിംബസ് സാങ്കേതികവിദ്യ ഗസ്സയിലെ ഫലസ്തീനികള്‍ക്കെതിരെ ഇസ്‌റാഈല്‍ ആയുധമാക്കുമെന്ന ആശങ്ക ഗൂഗ്‌ളിലെ സാങ്കേതിക വിദഗ്ധര്‍ നേരത്തെ തന്നെ ഉന്നയിച്ചിരുന്നു. 

കഴിഞ്ഞ മാസം ന്യൂയോര്‍ക്ക് സിറ്റിയില്‍ നടന്ന ഗൂഗ്ള്‍ ടെക് കോണ്‍ഫറന്‍സില്‍ കമ്പനിയുടെ ഇസ്‌റാഈല്‍ ആസ്ഥാനമായുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥനുനേരെ ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു.

About Ahlussunna Online 1348 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*