ഡല്‍ഹി; ഹോട്ടല്‍ മേഖലയില്‍ വന്‍ നികുതിയിളവ് പ്രഖ്യാപിച്ച് ഗോവയില്‍ ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍. ആയിരം വരെ മുറികളുള്ള ഹോട്ടലുകള്‍ക്ക് നികുതിയുണ്ടാകില്ലെന്നതടക്കം ജി എസ്ടി നിരക്കുകള്‍ കുറയ്ക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചു.നിലവിലുള്ള ആഭ്യന്തര കമ്പനികളുടെ നികുതി 22 ശതമാനായും പുതിയ കമ്പനികളുടേത് 15 ശതമാനമായും കുറച്ചും സര്‍ക്കാര്‍ ഓഡിനന്‍സ് പുറപ്പെടുവിച്ചു. ഒരുലക്ഷത്തി നാല്പത്തയ്യായിരം കോടി രൂപയുടെ ഇളവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളതെന്ന് ധനമന്ത്രി നിര്‍മ്മലാസീതാരാമന്‍ വ്യക്തമാക്കി.
ഹോട്ടല്‍ മേഖലയില്‍ 7500 രൂപ വരെയുള്ള മുറികള്‍ക്ക് 18 ശതമാനമായിരുന്ന ജി എസ് ടി നിരക്ക് 12 ശതമാനമായാണ് കുറച്ചത്. 7500 രൂപയ്ക്കു മുകളിലുള്ള മുറികള്‍ക്ക് 18 ശതമാനം നികുതിയാകും ഇടാക്കുക. കാറ്ററിംഗ് സര്‍വ്വീസിനുള്ള ജിഎസ്ടി 5 ശതമാനമാക്കി മാറ്റിയിട്ടുണ്ട്. ഒപ്പം തന്നെ ഇലപാത്രങ്ങള്‍ക്കും കപ്പുകള്‍ക്കും നികുതി ഈടാക്കില്ലെന്നും യോഗത്തില്‍ തീരുമാനമായി.
ഇപ്പോള്‍ നിലവിലുള്ള ആഭ്യന്തര കമ്പനികളുടെ നികുതി 25 ശതമാനത്തില്‍ നിന്നാണ് 22 ശതമാനമായി കുറച്ചത്. സര്‍ച്ചാര്‍ജും സെസും കൂട്ടി 25.17 ശതമാനം നികുതി മാത്രം നല്കിയാല്‍ മതി. ഈ വര്‍ഷം ഒക്ടോബര്‍ ഒന്നിന് ശേഷം സ്ഥാപിക്കുന്ന പുതിയ കമ്പനികള്‍ നികുതി 15 ശതമാനം മാത്രമായിരിക്കും. പുതിയ കമ്പനികള്‍ക്ക് സര്‍ച്ചാര്‍ജും ചേര്‍ത്ത് 17.01 ശതമാനം നല്കിയാല്‍ മതി. ഈ കമ്പനികള്‍ മിനിമം ഓള്‍ട്ടര്‍നേറ്റ് ടാക്‌സും (മാറ്റ്) നല്‍കേണ്ടതില്ലെന്നും കൗണ്‍സിലില്‍ തീരുമനമായി.
മറ്റു കമ്പനികളുടെ മാറ്റ് 18.5 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കി കുറച്ചിട്ടുണ്ട്. കമ്പനികളുടെ ഓഹരി കൈമാറ്റത്തിലൂടെയുള്ള മൂലധന വരുമാനത്തിനും വിദേശ ഓഹരി നിക്ഷേപകരുടെ മൂലധന വരുമാനത്തിനും അധിക സര്‍ച്ചാര്‍ജ് ഈടാക്കില്ല. ജൂലൈ അഞ്ചിനു മുമ്പ് ഓഹരികള്‍ തിരിച്ചെടുക്കാന്‍ തീരുമാനിച്ച കമ്പനികള്‍ക്ക് ഇതിനുള്ള നിരക്കില്‍ ഇളവു നല്‍കും.
Be the first to comment