കേരളത്തിലെ കൊലപാതകങ്ങൾ: മാറുന്ന രീതികളും മനസ്സിന്റെ ഇരുണ്ട മുഖവും – എന്താണ് സംഭവിക്കുന്നത്?

നിന്നെ കൊല്ലാൻ തോന്നുന്ന ദേഷ്യമാണ് എനിക്ക്!” – ദേഷ്യം തലയ്ക്ക് പിടിച്ചാൽ പലരുടെയും വായിൽ നിന്ന് വീഴുന്ന വാക്കുകളാണിത്. പക്ഷേ, ഈ വാക്കുകൾ വെറുതെയല്ല. മനുഷ്യന്റെ മനസ്സിന്റെ ഏതോ മൂലയിൽ ഒളിഞ്ഞിരിക്കുന്ന ഒരു ദുഷ്പ്രവൃത്തിയുടെ തിരി അവിടെ മിന്നുന്നുണ്ട്. നിയമത്തിന്റെ കണ്ണും ശിക്ഷയുടെ ഭയവും മതവിശ്വാസങ്ങളുടെ കടിഞ്ഞാണും ഇല്ലെങ്കിൽ, ആ തിരി പുകഞ്ഞ് തീയാകുമോ? കേരളത്തിൽ കുറച്ച് കാലമായി കേട്ടുകൊണ്ടിരിക്കുന്ന പൈശാചിക സംഭവങ്ങൾ നമ്മോട് ചോദിക്കുന്നത് ഇതാണ്.

കേരള പൊലീസ് പുറത്ത് വിട്ടിരിക്കുന്ന പുതിയ ചില കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ്. 2022-ൽ 334 കൊലപാതകങ്ങൾ, 2023-ൽ 352, കഴിഞ്ഞ വർഷം 335 . കൊലപാതകങ്ങളുടെ എണ്ണം കുത്തനെ കൂടുന്നില്ലെങ്കിലും, അവയുടെ രീതിയും സ്വഭാവവും മാറുന്നത് ആശങ്കയുണ്ടാക്കുന്നു. വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ, ആവേശത്തിന്റെയും അക്രമത്തിന്റെയും പുതിയ മുഖം കാണാം.

എന്താണ് ഈ മാറ്റത്തിന് പിന്നിൽ? മാനസികാരോഗ്യ പ്രശ്നങ്ങൾ, ലഹരിവസ്തുക്കളുടെ ദുരുപയോഗം, മാധ്യമങ്ങളുടെ സ്വാധീനം കാരണങ്ങൾ പലതാണ്, പക്ഷേ ഉത്തരം അത്ര എളുപ്പമല്ല.

കേരളത്തിൽ കൊലപാതകങ്ങൾക്ക് പുതിയൊരു മുഖം വരുന്നതായി പൊലീസ് പറയുന്നു  ആസൂത്രണമില്ലാതെ, ഉദ്ദേശ്യമില്ലാതെ, പെട്ടെന്ന് പൊട്ടിത്തെറിക്കുന്ന കൊലപാതകങ്ങൾ, അതും കുടുംബത്തിനുള്ളിൽ തന്നെ. ഈ വർഷം ജനുവരി-ഫെബ്രുവരി മാസങ്ങളിൽ മാത്രം 65 കൊലപാതക കേസുകൾ റിപ്പോർട്ട് ചെയ്തു, 70 പേർ മരിച്ചു. ഞെട്ടിക്കുന്ന കാര്യം എന്താണെന്നോ? ഇതിൽ പകുതിയോളം കേസുകൾ  കുടുംബാംഗങ്ങൾ തമ്മിലുള്ള കൊലപാതകങ്ങളാണ്! തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ കേസുകൾ – 14 എണ്ണം.

കൂടത്തായി കൊലപാതക പരമ്പര, നന്തൻകോട് ദുരന്തം, വെഞ്ഞാറമൂട് കൊലപാതകങ്ങൾ ഇവയൊക്കെ കേരളത്തിന്റെ മനസ്സാക്ഷിയെ കുലുക്കിയ സംഭവങ്ങളാണ്. 14 വർഷത്തിനിടെ ആറ് പേർക്ക് വിഷം നൽകി കൊലപ്പെടുത്തിയ കൂടത്തായി കേസ് 2019-ൽ സംസ്ഥാനത്തെ ഒന്നടങ്കം ഞെട്ടിച്ചു. എട്ട് വർഷം മുമ്പ് ഒരു മകൻ നാല് കുടുംബാംഗങ്ങളെ കൊലപ്പെടുത്തിയ നന്തൻകോട് സംഭവം ഇന്നും തിരുവനന്തപുരത്തെ ഓർമകളിൽ മങ്ങാതെ നിൽക്കുന്നു. ഈ ജനുവരിയിൽ പാലക്കാട് നെന്മാറയിൽ ജാമ്യത്തിലിറങ്ങിയ ചെന്താമര എന്നയാൾ അമ്മയെയും അയൽക്കാരനെയും വെട്ടിക്കൊന്നു. മാർച്ച് 12-ന് പെരുമ്പാവൂരിൽ 65-കാരനായ ജോണിയെ മകൻ മെൽജോ ചവിട്ടിക്കൊന്നു. ഫെബ്രുവരി 5-ന് വെള്ളറടയിൽ 28-കാരനായ പ്രെജിൻ ജോസ് പിതാവിനെ വടിവാളിന് ഇരയാക്കി. കുടുംബത്തിനപ്പുറം, 17 കേസുകൾ സുഹൃത്തുക്കൾ തമ്മിലുള്ള തർക്കങ്ങളിൽ നിന്നുണ്ടായവയാണ് .

കേരളത്തിൽ ഇപ്പോൾ നടക്കുന്ന  അക്രമങ്ങൾക്ക് ശരിക്കും ആരാ പിന്തുണ കൊടുക്കുന്നത്  ഒരു മതം എങ്കിലും ഇതിന് കൂട്ടുനിൽക്കുന്നുണ്ടോ? ചിലർ മതത്തിന്റെ പേര് ഒരു മറയാക്കി സ്വന്തം ലാഭത്തിനോ ആളുകളെ തമ്മിൽ ഇടയ്ക്കാനോ ഉള്ള തന്ത്രം കളിക്കുകയാണ്. ഈ വിവാദത്തിലേക്ക് മതത്തിന്റെ പേര് വലിച്ചിഴക്കുന്നവർക്ക്  മറ്റ് പല ഉദ്ദേശങ്ങളും ഉണ്ട്  അത് ജനങ്ങൾ തിരിച്ചറിയണം .അധികാരം കിട്ടാനും  രാഷ്ട്രീയത്തിൽ ജയിക്കാനും അല്ലെങ്കിൽ നമ്മളെ തമ്മിൽ പിരിച്ച് ഭിന്നത വിതയ്ക്കാനും ഇതൊക്കെയല്ലേ അവരുടെ ഉള്ളിൽ കിടക്കുന്നത്? മതം ഒരിക്കലും അക്രമത്തിന് വേണ്ടി പറഞ്ഞിട്ടില്ല. പക്ഷെ, ചിലർ മതത്തിന്റെ പേര് ഒരു ആയുധമാക്കി നമ്മളെ കബളിപ്പിക്കാൻ നോക്കുന്നു. 

എല്ലാ മതക്കാരും ഒരുമിച്ച് ഒരു കുടുംബം പോലെ ജീവിച്ച സ്ഥലമല്ലേ? പിന്നെ എന്തിനാ ഇപ്പോൾ ഈ ഭിന്നത? മതത്തിന്റെ പേര് പറഞ്ഞ് അക്രമം കത്തിക്കാൻ നോക്കുന്നവർ ആരാണെന്ന് നമ്മൾ തിരിച്ചറിയേണ്ടേ? സ്വന്തം വീട്ടിൽ ഒരു കൊലപാതകം നടന്നാൽ, അത് എങ്ങനാ മറ്റൊരു മതത്തിന്റെ തലയിൽ വയ്ക്കുന്നത്? അത് ആ വീട്ടിലെ പ്രശ്നമല്ലേ? മതവുമായി എന്ത് ബന്ധം?  തർക്കം, ശത്രുത അതിന്റെ ഉത്തരവാദിത്തം ആ വ്യക്തിക്ക് മാത്രമല്ലേ? പക്ഷെ, ആ വ്യക്തി ഒരു മതത്തിൽ പെട്ടവനാണെങ്കിൽ, ചിലർ അത് മുഴുവൻ മതത്തിന്റെ പേര് കളങ്കപ്പെടുത്താൻ ഉപയോഗിക്കും! ഇത് എന്ത് നീതിയാണ്?

“പൊതുഇടങ്ങളിൽ കുറ്റകൃത്യങ്ങൾ നിരീക്ഷിക്കാനും തടയാനും പൊലീസിന് കഴിയും. പക്ഷേ, വീടിനുള്ളിലോ അയൽപക്കത്തോ നടക്കുന്ന കുറ്റകൃത്യങ്ങൾക്ക് മുന്നിൽ ഞങ്ങൾ പലപ്പോഴും പരിമിതരാണ്,” ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറയുന്ന വാക്കുകളാണിത്. കുറ്റകൃത്യങ്ങൾ തടയാൻ പൊലീസ് മാത്രം പോര, റസിഡന്റ്സ് അസോസിയേഷനുകളും തദ്ദേശ സ്ഥാപനങ്ങളും സാമൂഹികക്ഷേമ വകുപ്പും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് പൊലീസ് ആവശ്യപ്പെടുന്നു. ലഹരിമരുന്ന് കടത്തിനെതിരെ ‘ഓപ്പറേഷൻ ഡി-ഹണ്ട്’ ശക്തമാക്കിയ പോലീസ്, ഈ വർഷം ആദ്യ രണ്ട് മാസങ്ങളിൽ മാത്രം 6,878 കേസുകൾ ഇതിനോടകം രജിസ്റ്റർ ചെയ്തു.

കഴിഞ്ഞ മാസങ്ങളിൽ നടന്ന 65 കൊലപാതകങ്ങളിൽ 37 എണ്ണം ആവേശത്തിൽ നടന്നവയാണ്  മുൻകൂട്ടിയുള്ള ആലോചനയോ ഗൂഢാലോചനയോ ഇല്ലാതെ. 10 കേസുകൾ വിവാഹേതര ബന്ധങ്ങളിൽ നിന്നും 11 എണ്ണം പഴയ വൈരാഗ്യങ്ങളിൽ നിന്നും ഉടലെടുത്തു. നാല് കേസുകൾ നേരിട്ട് മാനസികാരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടവയാണ്. പക്ഷേ, കുടുംബ കൊലപാതകങ്ങളിൽ മാനസികാരോഗ്യം ഒരു പ്രധാന ഘടകമാണെന്ന് പൊലീസ് സംശയിക്കുന്നു. 22 കേസുകൾ മദ്യത്തിന്റെ ലഹരിയിൽ നടന്നവയും, രണ്ടെണ്ണം മയക്കുമരുന്നുമായി ബന്ധപ്പെട്ടവയുമാണ്. അനൗപചാരിക കണക്കുകൾ പറയുന്നത്, 12-14 കേസുകളിൽ പ്രതികൾ മയക്കുമരുന്ന് ഉപയോഗിച്ചവരാണെന്നാണ്.

താമരശ്ശേരിയിൽ പത്താം ക്ലാസുകാരനായ മുഹമ്മദ് ഷഹബാസിന്റെ കൊലപാതകം കേരളത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ സംഭവമാണ്. ഒരു ട്യൂഷൻ സെന്ററിലെ വിടവാങ്ങൽ പരിപാടിയിലെ തർക്കം, സോഷ്യൽ മീഡിയയിലെ വധഭീഷണി, ഒടുവിൽ മാർച്ച് 1-ന് തെരുവിൽ പൊട്ടിത്തെറിച്ച അക്രമം – ഷഹബാസിന്റെ ജീവൻ അപഹരിച്ചത് അതേ പ്രായമുള്ള കൈകൾ. അഞ്ച് പേർക്കെതിരെ കൊലക്കുറ്റം ചുമത്തി, സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ വഴി ആക്രമണം ആസൂത്രണം ചെയ്തതായും പൊലീസ് കണ്ടെത്തി. 

ചെറിയ തർക്കങ്ങൾ പറഞ്ഞു തീർക്കാനോ സമാധാനപരമായി വിഷയം കൈകാര്യം ചെയ്യാനോ ആർക്കും സമയമില്ല, ഉണ്ടെങ്കിൽ ഒരേ നിറമുള്ള ഷർട്ടിന് വേണ്ടി തെരുവിൽ ഇറങ്ങില്ലായിരുന്നു. സ്കൂളുകളിൽ കത്തി കൊണ്ടുവരുന്ന കുട്ടികൾ വർധിക്കുന്നു. മനഃശാസ്ത്രജ്ഞർ പറയുന്നത്, അക്രമാസക്തമായ ഉള്ളടക്കങ്ങൾ കാണുന്നത് കൗമാരക്കാരെ ‘ഡീസെൻസിറ്റൈസ്’ ചെയ്യുന്നുവെന്നാണ്  അക്രമം അവർക്ക് ഞെട്ടലല്ല, സാധാരണമാണ്! ലഹരിയും കോപവും ചേർന്നാൽ, അത് കൊലയാസക്തിയായി പൊട്ടിത്തെറിക്കുന്നു. മാർച്ച് 18-ന് കോഴിക്കോട് ഈങ്ങാപ്പുഴയിൽ യാസിർ എന്ന 25-കാരൻ ഭാര്യ ഷിബിലയെ കുത്തിക്കൊന്ന സംഭവം ഏറ്റവും പുതിയ ഉദാഹരണം. മയക്കുമരുന്നിന്റെ ലഹരിയിൽ, വേർപിരിയാൻ ആഗ്രഹിച്ച ഭാര്യയെ അവൻ ക്രൂരമായി കൊലപ്പെടുത്തി, മാതാപിതാക്കളെ ആക്രമിച്ചു.

കുട്ടികൾക്ക് ആരോഗ്യകരമായ ഒരു സമൂഹം തീർച്ചയായും വേണം. വിദ്യാഭ്യാസം തൊഴിലിൽ മാത്രം ഒതുങ്ങരുത്, മാനസികവും വൈകാരികവുമായ വളർച്ചയ്ക്ക് ശ്രദ്ധ വേണം. സാമൂഹിക സേവനം, കല, കായികം – ഇവ കുട്ടികളെ രൂപപ്പെടുത്തും. ജിമ്മുകൾ, ലൈബ്രറികൾ, കമ്മ്യൂണിറ്റി പരിപാടികൾ – ഇവയിലൂടെ ഒരു പുതിയ തലമുറയെ വാർത്തെടുക്കാം. പക്ഷേ, ചോദ്യം ബാക്കിയാണ് – നമ്മുടെ മനസ്സിന്റെ ഇരുണ്ട മുഖത്തെ നാം എങ്ങനെ നേരിടും? 

About Ahlussunna Online 1409 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*