
മക്കള്‍ ഭൗതിക ജീവിതത്തിലെ ഫലങ്ങളാണ്. കുടുംബാസൂത്രണത്തിലൂടെ ഇസ്ലാം വിഭാവനം ചെയ്യുന്നതും സന്താനങ്ങള്‍ ഉണ്ടാവുകയെന്നതാണ്. മാനവരാശിയുടെ നിലനില്‍പ്പിന്‍റെ അടിസ്ഥാന ശിലയാണ് മക്കള്‍. ഇസ്ലാം മക്കള്‍ക്ക് മുന്തിയ പരിഗണന നല്‍കിയിട്ടുണ്ട്. മാതാവിന്‍റെ ഗര്‍ഭാശയത്തിലെത്തിയത് മുതല്‍ പ്രസവശേഷവും മാനുഷികമായി കുട്ടികള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങള്‍ ഇസ്ലാം വിഭാവനം ചെയ്യുന്നുണ്ട്.
1. കുടുംബത്തില്‍ മക്കളുടെ സ്ഥാനം:
അല്ലാഹു പറയുന്നു: സമ്പത്തും സന്താനങ്ങളും ഐഹിക ജീവിതത്തിന്‍റെ പൊലിമയത്രെ. എന്നാല്‍ ബാക്കിവരുന്ന ഉത്തമകര്‍മ്മങ്ങളാണ് താങ്കളുടെ നാഥന്‍റെ പക്കല്‍ ഉദാത്ത പ്രതിഫലമുള്ളതും ശുഭപ്രതീക്ഷാദായകവും(അല്‍ കഹ്ഫ് . 46) ഭൗതിക ജീവിതത്തില്‍ മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ഇടപഴകുന്നതും സന്തോഷം കണ്ടെത്തുന്നതും സമ്പത്തിലും സന്താനങ്ങളിലുമാണ്. അതോടൊപ്പം സല്‍ക്കര്‍മ്മങ്ങള്‍ക്ക് വേണ്ടി സജ്ജരാകലും ആരാധനാകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കലുമാണ് ഇവയേക്കാള്‍ ശ്രേഷ്ഠമെന്നും അല്ലാഹു വ്യക്തമാക്കുന്നു. ബാക്കിയാവുന്ന ഉത്തമകര്‍മ്മങ്ങള്‍ എന്നാല്‍ സുബ്ഹാനല്ലാഹി വല്‍ ഹംദുലില്ലാഹി വലാ ഇലാഹ ഇല്ലല്ലാഹു വള്ളാഹു അക്ബര്‍ എന്നതാണെന്നും അവ അധികരിപ്പിക്കലും അവയിലൂടെ നാവിനെ സജീവമാക്കലും ഓരോരുത്തരുടെയും കടമയാണെന്നും ഈ ആയത്ത് ഉദ്ബോധിപ്പിക്കുന്നു.
കുടുംബ നിര്‍മ്മിതിയിലൂടെ നാം ലക്ഷീകരിക്കുന്നതും ഭൗതിക ജീവിതത്തെ അലങ്കരിക്കുന്നതും മക്കളാണെന്നത് നിസ്സംശയം പറയാം. എങ്കിലും അല്ലാഹുവിനെ മറന്ന് മക്കളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കല്‍ നമുക്ക് നിര്‍ബന്ധമില്ല. കാരണം മക്കളെന്ന അനുഗ്രഹം അല്ലാഹു കനിഞ്ഞരുളിയതാണ്.അല്ലാഹുവാണ് മാതാപിതാക്കളുടെ ഹൃദയാന്തരങ്ങളില്‍ മക്കളോടുള്ള സ്നേഹവും കാരുണ്യവും വാത്സല്യവും അനുകമ്പയും സന്നിവേശിപ്പിച്ചത്. മനുഷ്യ വര്‍ഗ്ഗത്തിന്‍റെ സംരക്ഷണത്തിനാണ് നാഥന്‍ ഇവയെല്ലാം സംവിധാനിച്ചത്. മക്കള്‍ക്ക് പരിഗണന നല്‍കാനും അവരോട് വാത്സല്യം പ്രകടിപ്പിക്കാനും കരുണ ചെയ്യാനും സംരക്ഷിക്കാനും ഉതകുന്ന രീതിയില്‍ പുത്രസ്നേഹത്താല്‍ രൂഢമൂലമാണ് മാതാപിതാക്കളുടെ ഹൃദയമെന്ന് നമുക്ക് ഗ്രഹിക്കാം. അങ്ങനെയില്ലായിരുന്നുവെങ്കില്‍ മക്കളെ പരിചരിക്കുന്നതില്‍ മാതാപിതാക്കള്‍ക്ക് ക്ഷമകൈക്കൊള്ളാനോ ഭൂമുഖത്ത് മനുഷ്യവര്‍ഗ്ഗം നിലനില്‍ക്കാനോ സാധ്യമാകുമായിരുന്നില്ല.
അല്ലാഹുവിന് അപാരമായ നന്ദിയര്‍പ്പിക്കേണ്ട മഹത്തായ അനുഗ്രഹമായാണ് ഇസ്ലാം മക്കളെ കണക്കാക്കുന്നത്.
അല്ലാഹു പറഞ്ഞു: പിന്നീട് അവര്‍ക്കെതിരെ പോരാടാന്‍ നിങ്ങള്‍ക്കുനാം സന്ദര്‍ഭം തരും. സമ്പത്തുകളും സന്താനങ്ങളുംകൊണ്ട് നിങ്ങളെ നാം സഹായിക്കുന്നതും പൂര്‍വ്വോപരി സംഘശേഷിയുള്ളവരാക്കുന്നതുമാണ്. (ഇസ്റാഅ് : 6).
സല്‍പാന്ഥാവിലൂടെ സഞ്ചരിക്കുന്ന മക്കളെ കണ്‍കുളിര്‍മ്മയായാണ് ഖുര്‍ആന്‍ പരിചയപ്പെടുത്തിയത്. അല്ലാഹു പറയുന്നു: നാഥാ സ്വന്തം സഹധര്‍മ്മിണിമാരിലും സന്താനങ്ങളിലും നിന്ന് ഞങ്ങള്‍ക്ക് നീ ആനന്ദം നല്‍കുകയും സൂക്ഷ്മാലുക്കളായി ജീവിതം നയിക്കുന്നവര്‍ക്ക് ഞങ്ങളെ മാതൃകയാക്കുകയും ചെയ്യേണമേ എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യും അവര്‍(ഫുര്‍ഖാന്‍ 74) നാഥാ, മക്കളെ നല്ലവരും അനുസരണശീലമുള്ളവരുമാക്കി ഞങ്ങളുടെ കണ്ണുകളെ കുളിരണിയിക്കണേ എന്നാണ് ഈ ആയത്ത് അര്‍ത്ഥമാക്കുന്നതെന്ന് ഇമാം സമഖ്ശരീ(റ) കശ്ശാഫില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
2. മക്കളോടുള്ള കാരുണ്യം അല്ലാഹുവിന്‍റെ വരദാനം:
മക്കളോട് തോന്നുന്ന കാരുണ്യവും വാത്സല്യവും കൃപയും മനുഷ്യപ്രകൃതമാണ്. മക്കളുടെ വളര്‍ച്ചക്കാവശ്യമായ പരിചരണവും ഒരുക്കങ്ങളും മാതാപിതാക്കള്‍ നേരിട്ട് നടത്തുന്നു. അതിലൂടെ ഏറ്റവും നല്ല ഫലം അനുഭവിക്കന്‍ അവര്‍ക്ക് സാധിക്കുന്നു.
ഹൃദയത്തില്‍ കാരുണ്യമില്ലാത്തവന്‍ പരുക്കനും കഠിനനുമായിരിക്കും. അതിന്‍റെ ഫലമായി മക്കള്‍ വ്യതിചലിക്കാനും ആളുകളില്‍ നിന്ന് ഒറ്റപ്പെടാനും പ്രത്യേകതരം സ്വഭാവമുള്ളവരാകാനും സാധ്യതയുണ്ട്. അതിനാല്‍ മക്കളോട് കാരുണ്യം ചെയ്യാന്‍ നബി(സ്വ) കല്‍പ്പിച്ചു. നബി(സ്വ) പറഞ്ഞു: വലിയവരെ ബഹുമാനിക്കാത്തവനും ചെറിയവരോട് കാരുണ്യം ചെയ്യാത്തവനും നമ്മില്‍ പെട്ടതല്ല.(തിര്‍മിദി)
അബൂ ഹുറൈറ(റ) പറയുന്നു: നബി(സ്വ) അലി (റ) വിന്‍റെ പുത്രന്‍ ഹസന്‍ (റ) വിനെ ചുംബിച്ചു. തന്‍റെ അടുക്കള്‍ തമീം ഗോത്രക്കാരനായ അഖ്റഉ ബ്നു ഹാബിസ് ഇരിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ അഖ്റഅ് പറഞ്ഞു: എനിക്ക് പത്ത് മക്കളുണ്ട് അവരില്‍ ഒരാളെയും ഞാന്‍ ചുംബിച്ചിട്ടില്ല. നബി(സ) അദ്ദേഹത്തിലേക്ക് നോക്കിക്കൊണ്ട് പറഞ്ഞു: കാരുണ്യം കാണിക്കാത്തവന്‍ കരുണ ചെയ്യപ്പെടുകയില്ല.(തിര്‍മിദി)മക്കളോടുള്ള കാരുണ്യം മാതാപിതാക്കളുടെ ഹൃദയത്തില്‍ രൂഢമൂലമായാല്‍ സന്താനങ്ങളോടുള്ള കടമകളും ബാധ്യതകളും നിറവേറ്റാന്‍ അവര്‍ സന്നദ്ധരാവും.
3. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ നീതിപാലിക്കുക.
ജീവിതത്തിന്‍റെ സര്‍വ്വ മേഖലകളിലും നീതിപാലിക്കാനാവശ്യപ്പെട്ട മതമാണ് ഇസ്ലാം. മക്കളോട് പെരുമാറുന്ന രീതിയിലും നീതിബോധം കൈക്കൊള്ളണമെന്നതാണ് ഇസ്ലാമികപക്ഷം. അല്ലാഹു പറയുന്നു: സത്യവിശ്വാസികളേ നിങ്ങള്‍ അല്ലാഹുവിനുവേണ്ടി നിലകൊള്ളുന്നവരും നീതിയുടെ സാക്ഷികളും ആവുക. ഒരു വിഭാഗത്തോടുള്ള രോഷം നീതിപാലിക്കാതിരിക്കുന്നതിനു നിങ്ങള്‍ക്ക് പ്രേരകമാവരുത്. നീതി മുറുകെപ്പിടിക്കുക. അതാണ് ദൈവ ഭക്തിയോട് ഏറ്റവും അടുത്തത്. നിങ്ങളുടെ ചെയ്തികളെക്കുറിച്ചെല്ലാം നന്നായറിയുന്നവന്‍ തന്നെയാണ് അല്ലാഹു.(മാഇദ 8)
ജാഹിലിയ്യാ കാലത്ത് ആളുകള്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ വേര്‍തിരിവ് കാണിച്ചിരുന്നു. ഇത്തരം ശൈലികളെ വിപാടനം ചെയ്ത ഇസ്ലാം പെണ്‍കുട്ടികളെ കുഴിച്ചുമൂടുന്നതിന്‍റെ ഭവിഷ്യത്തുകള്‍ വരച്ചുകാട്ടുന്നുണ്ട്. അല്ലാഹു പറയുന്നു: എന്തുപാതകത്തിനാണ് താന്‍ വധിക്കപ്പെട്ടത് എന്ന് ജീവനോടെ കുഴിച്ചുമൂടപ്പെട്ടവളോട് ചോദിക്കപ്പെടുകയും ചെയ്യുമ്പോള്‍. (അത്തക് വീര്‍ 8,9) ജനിച്ച കുഞ്ഞ് പെണ്ണായതിന്‍റെ പേരില്‍ അവളെ കുഴിച്ചുമൂടുന്ന സമ്പ്രദായം ജാഹിലിയ്യാ കാലഘട്ടത്തില്‍ പതിവായിരുന്നു. പരലോകത്ത് വെച്ച്, കൊലചെയ്യപ്പെട്ട പെണ്‍കുഞ്ഞിനോടുതന്നെ ഇപ്രകാരം ചോദിക്കപ്പെടുമെങ്കില്‍ കൊന്നവന്‍റെ കാര്യം അതിഭയാനകമായിരിക്കുമല്ലോ?
ഇതേ കുറിച്ച് ഖുര്‍ആനില്‍ മറ്റൊരിടത്ത് ഇപ്രകാരം കാണാം. അല്ലാഹു പറയുന്നു: തനിക്കൊരു പെണ്‍കുഞ്ഞ് പിറന്നിട്ടുണ്ടെന്ന് അവരിലൊരാള്‍ക്ക് ശുഭവാര്‍ത്തയറിയിക്കപ്പെട്ടാല്‍ കോപാന്ധനായി അവന്‍റെ മുഖം കരുവാളിച്ചുപോകും. ആ ശുഭവൃത്താന്തത്തിന്‍റെ മനോവിഷമംമൂലം ജനങ്ങളില്‍ നിന്ന് അവന്‍ അപ്രത്യക്ഷനാകുന്നു. ആകുഞ്ഞിനെ അപമാനം സഹിച്ച് വെച്ചുകൊണ്ടിരിക്കണമോ? (ഇതാണവനെ മഥിക്കുന്ന ചിന്ത) അറിയുക അവരുടെ ഈ വിധി എത്ര ഹീനം. (അന്നഹ്ല്‍ 58,59) അല്ലാഹുവിന്‍റെ മലക്കുകളെ ദൈവപുത്രിമാരായും പെണ്‍കുട്ടികളായും ജാഹിലിയ്യാകാലഘട്ടത്തിലെ അറബികള്‍ വിശ്വസിച്ചിരുന്നു. തങ്ങളുടെ പെണ്‍മക്കളെ വെറുക്കുകയും അവര്‍ കൊല്ലപ്പെടാതെ ബാക്കിയായാല്‍ ആളുകള്‍ അറിയുന്നതില്‍ ദുഖിതനായും മൗനിയായും നില്‍ക്കുക അവരുടെ സ്വഭാവമായിരുന്നു. അവര്‍ക്ക് അനന്തരസ്വത്ത് നല്‍കാനോ പരിഗണിക്കാനോ മുതിരാതെ ജീവനോടെ കുഴിച്ചുമൂടാനോ അവളെക്കാള്‍ പുരുഷന് പൂര്‍ണ്ണ പരിഗണനനല്‍കാനോ ആണ് അവര്‍ ശ്രമിച്ചത്. വിശ്വാസത്തിന്‍റെ അഭാവവും സ്ത്രീകള്‍ യുദ്ധത്തടവുകാരായാല്‍ വെള്ളാട്ടികളായിത്തീരുമെന്നതും അവരെ പെണ്‍കുട്ടികളില്‍ നിന്നകറ്റി. ഇസ്ലാമിന്‍റെ രംഗപ്രവേശനത്തോടെയാണ് ഇതിനറുതിയുണ്ടായത്.
മക്കളുടെ വിഷയത്തില്‍ അല്ലാഹുവിന്‍റെ ഉദ്ദേശമാണ് നടപ്പിലാവുന്നതെന്നും അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആണ്‍കുട്ടികളെയും ഉദ്ദേശിക്കുന്നവര്‍ക്ക് പെണ്‍കുട്ടികളെയും നല്‍കുമെന്നും ചിലരെ മക്കളില്ലാത്തവരാക്കിത്തീര്‍ക്കുമെന്നും ഖുര്‍ആന്‍ വ്യക്തമാക്കുന്നു. അഥവാ അല്ലാഹു അവന്‍റെ അനുഗ്രഹങ്ങളെ അവന്‍ ഉദ്ദേശിച്ചത് പ്രകാരം വിതരണംചെയ്യുന്നു. ചിലര്‍ക്ക് ആണ്‍മക്കളെയും പെണ്‍മക്കളെയും നല്‍കുന്ന അവന്‍ മറ്റുചിലര്‍ക്ക് അവയിലൊന്നിനെ മാത്രം നല്‍കുന്നു. ചിലരെയാകട്ടെ തീരെ മക്കളെ നല്‍കാതെ മച്ചികളാക്കിത്തീര്‍ക്കുകയും ചെയ്യുന്നു.
പെണ്‍കുട്ടികളെ വെറുക്കുന്ന ഇത്തരം പ്രവണതകളെ പിഴുതെറിയാന്‍വേണ്ടി നബി(സ്വ) അവര്‍ക്ക് വേണ്ടത്ര പരിഗണനനല്‍കിയിട്ടുണ്ട്. നബി(സ്വ) പറയുന്നു: ഒരാള്‍ക്ക് മൂന്ന് പെണ്‍കുട്ടികളെ ലഭിക്കുകയും അവരെ ക്ഷമയോടെ വളര്‍ത്തുകയും തന്‍റെ സമ്പത്തില്‍ നിന്നും അവര്‍ക്ക് അന്നപാനീയങ്ങള്‍ നല്‍കുകയും വസ്ത്രം ധരിപ്പിക്കുകയും ചെയ്താല്‍ അവര്‍ അയാള്‍ക്ക് നരകത്തെത്തൊട്ട് മറയായിത്തീരും.(ബുഖാരി) പെണ്‍കുട്ടികളുടെ വിഷയത്തില്‍ പ്രവാചകന്‍ പുലര്‍ത്തിയ ജാഗ്രത മേല്‍ ഹദീസില്‍ നിന്നും വ്യക്തമാവുന്നുണ്ട്.
Be the first to comment