കുഞ്ഞാലിമരക്കാരും കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങളും

ആഷിഖ് പി.വി കോട്ടക്കല്‍

ഇന്ത്യാ മഹാ രാജ്യത്തില്‍ സ്വാതന്ത്ര്യത്തിനു വേണ്ടി അധിനിവേശ ശക്തികളുടെ തോക്കിന്‍ മുനക്ക് മുന്നില്‍ ആര്‍ജവത്തിന്‍റെയും സധൈര്യത്തിന്‍റെയും വന്‍മതിലുകള്‍ പണിതവരും,സ്വാതന്ത്ര്യ സമര പോരാട്ട ചരിത്രത്തില്‍ അഞ്ച് നൂറ്റാണ്ട് കാലം ജാതി മത ഭേതമന്യേ ഭാരതത്തിന്‍റെ സ്വാതന്ത്ര്യത്തിനായി ബലിയര്‍പ്പിച്ചവരുമാണ് സ്വാതന്ത്ര്യ സമര പോരാളികള്‍. സ്വാതന്ത്ര്യ സമരത്തില്‍ മുസ്ലിം സമുദായം വഹിച്ച സാന്നിധ്യം അതിശയോക്തവും പ്രശംസനിയവുമാണ്. രാജ്യത്തിനു സ്വാതന്ത്ര്യം പുല്‍കുവാന്‍ വേണ്ടി പരിശ്രമിച്ചവരില്‍ പ്രമുഖരാണ് കുഞ്ഞാലി മരക്കാര്‍. പതിനാറാം നൂറ്റാണ്ടില്‍ അധിനിവേശ ചേരികള്‍ക്കെതിരെ ഇരുപത്തിയാറ് വന്‍ നാവിക യുദ്ധങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരാണ് ധീര ദേശാഭിമാനികളായ കുഞ്ഞാലി മരക്കാര്‍.
കൊളോണിയല്‍ ശക്തികള്‍ക്കെതിരെ സന്ധിയില്ലാ സമരം നയിച്ച ഒരുപറ്റം ധീര ദേശാഭിമാനികളെ ചരിത്രത്തില്‍ നിന്ന് മായിക്കപ്പെടുകയാണ്,മറക്കപ്പെടുകയാണ്.കേരളത്തിന്‍റെ നാവിക ചരിത്രത്തില്‍ ഗോപുരം പോലെ ഉയര്‍ന്ന് നില്‍കേണ്ടവരാണ് മരക്കാര്‍മാര്‍. നാവിക വൈദഗ്ദ്യത്തില്‍ കേളികേട്ട കുഞ്ഞാലിയും കൂട്ടാളികളും വൈദേശിക ആധിപത്യത്തിനെതിരെയുള്ള പോരാട്ടത്തില്‍ നവ ചരിത്രം രചിക്കുകയായിരുന്നു.
ആരായിരുന്നു മരക്കാര്‍മാര്‍
എട്ടാം നൂറ്റാണ്ടിന്‍റെ ആരംഭത്തില്‍ കേരളത്തിലെത്തിയ അറബി കച്ചവടക്കാരുടെ പിന്‍ഗാമികളാണ് മരക്കാര്‍മാര്‍ എന്നു കരുതുന്നു. കൊച്ചിയിലെ പ്രമുഖരായ അരി ക്കച്ചവടക്കാരായിരുന്നു മരക്കാര്‍ കുടുംബം. പറങ്കികള്‍ കൊച്ചി രാജാവുമായി സഖ്യത്തിലേര്‍പ്പെട്ടപ്പോള്‍ മരക്കാരുടെ ജീവിതത്തിന് പ്രതികൂലമായി ബാധിക്കുകയും അവര്‍ കൊച്ചി വിടാന്‍ നിര്‍ബന്ധിതരാവുകയും ചെയ്തു. അഹ്മദ് മരക്കാര്‍, മുഹമ്മദലി മരക്കാര്‍ എന്നിവര്‍ അന്നത്തെ വ്യാപാര പ്രമുഖരായിരുന്നു. കുടുംബസമേതം പൊന്നാനിയില്‍ വന്ന് താമസമാക്കി. അവിടെയും പല പ്രശ്നങ്ങളാല്‍ മരക്കാര്‍മാര്‍ പന്തലായനി, തിക്കോടി എന്നിവിടങ്ങളില്‍ മാറിമാറി താമസിച്ചു. മരക്കാര്‍മാര്‍ ഇതിന് ശേഷം കോഴിക്കോടെത്തുകയും സാമൂതിരിയുമായി നാവിക ശക്തികളായി പ്രതിജ്ഞയെടുക്കുകയും ചെയ്തു. സാമൂതിരി ഇവരുടെ വരവിനെ സ്വാഗതം ചെയ്തു. കുഞ്ഞാലി എന്ന പദവി നല്‍കി ആദരിച്ചു. മുഹമ്മദലി മരക്കാര്‍ സഹോദരന്‍ ഇബ്റാഹീം മരക്കാര്‍ എന്നിവരായിരുന്നു അവര്‍. മുഹമ്മദലി മരക്കാറുടെ കീഴില്‍ ധാരാളം നാവിക ശക്തികളുണ്ടായിരുന്നു.
പോര്‍ച്ചുഗീസുകാരുടെ അക്രമങ്ങള്‍ ചെറുക്കാനും അവര്‍ക്കെതിരെ നാവികശക്തിയുണ്ടാക്കണമെന്ന സാമൂതിരിയുടെ ചിന്തക്ക് കുഞ്ഞാലി മരക്കാര്‍മാര്‍ മുന്നിട്ടു നിന്നു. അവയില്‍ പ്രധാനിയായിരുന്നു കുഞ്ഞാലി മരക്കാര്‍. അദ്ദേഹം കുഞ്ഞാലി ഒന്നാമന്‍ എന്ന പേരില്‍ അറിയപ്പെട്ടു

. 1498 നും 1600 നും ഇടയില്‍ 15 സാമൂതിരിമാര്‍ സ്ഥാനാരോഹണം ചെയ്തിട്ടുണ്ട്. ഈ കാലഘട്ടത്തില്‍ നാലുപേര്‍ നാവിക സേനാധിപരായി. ഒന്നാം കുഞ്ഞാലി മരക്കാറുടെ മകനാണ് കുഞ്ഞാലി രണ്ടാമനായി 1538 ല്‍ ചുമതലയേറ്റത്. 1569 ല്‍ തന്‍റെ 68 ാം വയസ്സില്‍ കോഴിക്കോട് വെച്ച് മരിക്കുന്നത് വരെ സാമൂതിരിയുടെ നാവിക സേനയെ നയിച്ച കുഞ്ഞാലി രണ്ടാമന്‍റെ കാലത്താണ് പോര്‍ച്ചുഗീസുകാര്‍ നാവിക യുദ്ധങ്ങളില്‍ കനത്ത തിരിച്ചടികള്‍ നേരിടാന്‍ തുടങ്ങിയത്. പിന്നീട് കുഞ്ഞാലി മരക്കാര്‍ രണ്ടാമന്‍റെ മരണത്തെത്തുടര്‍ന്ന് 1569 ല്‍ പട്ടുമരക്കാര്‍ കുഞ്ഞാലി മൂന്നാമനായി സ്ഥാനമേറ്റു. കുഞ്ഞാലി മൂന്നാമന് ശേഷം മുഹമ്മദ് മരക്കാറെന്ന കുഞ്ഞാലി മരക്കാര്‍ നാലാമന്‍ കോട്ടക്കല്‍ കോട്ടയുടെ അധിപനും സാമൂതിരിയുടെ നാവികപ്പട തലവനുമായി. കടത്തനാടിന്‍റെ സ്മരണകളില്‍ രചിച്ച നാമോദയമാണ് കോട്ടക്കല്‍ ഓമന കുഞ്ഞാലിയെന്ന ശഹീദ് കുഞ്ഞാലി മരക്കാര്‍. അതുല്യ ധൈര്യത്തിന്‍റെയും ദേശാഭിമാനത്തിന്‍റെയും നേര്‍രൂപമാണ് കുഞ്ഞാലിമരക്കാര്‍മാര്‍.

സ്വാതന്ത്ര്യ സമരത്തിലെ മരക്കാര്‍ പോരാട്ടം

1498 ല്‍ പോര്‍ച്ചുഗീസ് നായകനായ വാസ്കോഡഗാമ കോഴിക്കോട് കപ്പലിറങ്ങിയതോടെയാണ് ഭാരത മണ്ണിലേക്ക് അധിനിവേശ ശക്തികള്‍ ഉടലെടുക്കുന്നത്. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് എത്തിയ വാസ്കോഡഗാമയും കൂട്ടുകാരും അവിടെനിന്ന് സാമൂതിരിയുമായി കച്ചവടം നടത്തി. കുറച്ചു കാലങ്ങള്‍ക്ക് ശേഷമാണ് ഗാമയുടെ തനി സ്വഭാവം സാമൂതിരിക്ക് മനസ്സിലാകുന്നത്. സാമൂതിരിയും രാജാക്കډാരും തമ്മിലുള്ള പല പ്രശ്നങ്ങളും പറങ്കികള്‍ മുതലെടുത്തു. പറങ്കികള്‍ സാമൂതിരിയുമായി യുദ്ധത്തിന് ഒരു നാവികപ്പടയുണ്ടാക്കി. സാമൂതിരിയും നാവികസേന നിര്‍മ്മിച്ചു. സാമൂതിരിയുടെ നാവിക തലവന്‍ കുഞ്ഞാലി മരക്കാര്‍ ആയിരുന്നു. പറങ്കികളുമായി നേരിട്ടുള്ള യുദ്ധത്തില്‍ അവരെ തോല്‍പിക്കാന്‍ പ്രയാസമാണെന്ന് മനസ്സിലാക്കിയ കുഞ്ഞാലി ഒന്നാമന്‍ ഒരുതരം ഗൊറില്ല യുദ്ധമാണ് അനുവര്‍ത്തിച്ചത്. 1525 ല്‍ ഫെബ്രുവരി 26 ന് പൊന്നാനിയില്‍ വെച്ച് മെനസ്സിന്‍റെ നേതൃത്വത്തില്‍ പറങ്കികള്‍ കുട്ട്യാലിക്കെതിരെ ശക്തമായൊരാക്രമണം നടത്തി. ശേഷം 1525 ല്‍ സാമൂതിരി പറങ്കിക്കോട്ടയില്‍ ഉപരോദധം ഏര്‍പ്പെടുത്തി. മലബാര്‍ തീരം മാത്രമല്ല, ഗുജറാത്തിന്‍റെ കടലോരം മുതല്‍ ശ്രീലങ്ക വരെ നീണ്ടതായിരുന്നു കുഞ്ഞാലിമരക്കാരുടെ യുദ്ധക്കളം.

രാജ്യത്തിലെ തുടര്‍ച്ചയായ യുദ്ധങ്ങള്‍ സാമൂതിരിയെ സാമ്പത്തികമായി തളര്‍ത്തി. അദ്ദേഹം പോര്‍ച്ചുഗീസുകാരുമായി യുദ്ധത്തിലേര്‍പ്പെട്ടു. ചാലിയത്ത് ഒരു കോട്ട പണിയാന് സാമൂതിരി പറങ്കികള്‍ക്ക് അനുമതി നല്‍കി. കുഞ്ഞാലി രണ്ടാമന്‍ പറങ്കികളെ ശക്തമായി വെല്ലുവിളിച്ചു. അതികഠിനമായ നാവിക യുദ്ധത്തില്‍ പോരാടി പോര്‍ച്ചുഗീസുകാരെ തോല്‍പ്പിക്കുകയും കുഞ്ഞാലി രണ്ടാമന്‍ വിജയം പ്രഖ്യാപിക്കുകയും ചെയ്തു. ജډഭൂമി കൈയ്യടക്കിയ വൈദേശിക ശക്തികളോട് പോരടിക്കുമ്പോള്‍ മരക്കാര്‍മാര്‍ക്ക് ദേശസ്നേഹം ഇരട്ടിയായിരുന്നു. ചാലിയം കോട്ട നശിപ്പിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച കുഞ്ഞാലി മൂന്നാമന്‍ സാമൂതിരിക്ക് വളരെ പ്രിയപ്പെട്ടവനായിരുന്നു. യൂറോപ്യന്‍ രീതിയിലാണ് നാവിക സൈന്യത്തെ കുഞ്ഞാലി പരിഷ്ക്കരിച്ചത്. കേരള തീരത്തേക്കുള്ള പോര്‍ച്ചുഗീസ് വ്യാപാരം പൂര്‍ണ്ണമായും നിലച്ചു. 1594 ല്‍ കുഞ്ഞാലി പന്തലായനിയില്‍ വെച്ച് പറങ്കികളെ തോല്‍പ്പിച്ചു. കുഞ്ഞാലി മൂന്നാമന് ശേഷം പിറന്ന മണ്ണില്‍ നിന്ന് അധിനിവേശപ്പടയെ തുരത്തിയോടിക്കാന്‍ കുഞ്ഞാലി നാലാമന്‍ ഇരിങ്ങല്‍ കോട്ട പറങ്കിക്കോട്ടയുടെ മാതൃകയില്‍ പുതുക്കി ശക്തപ്പെടുത്തി. കടല്‍ മാര്‍ഗ്ഗം വ്യാപാരം പരിചിതമായ മരക്കാര്‍ക്ക് ഈ മേഖലയിലെ സുല്‍ത്താډാരെയും നേതാക്കډാരെയും സുഹൃത്തുക്കളാക്കി ഒരു കടല്‍ സമാന അധിപനായി മാറി.

ഏറെ താമസിയാതെ നാലാമന്‍ സാമൂതിരിയുമായി അകലാന്‍ തുടങ്ങി. സാമൂതിരി പോര്‍ച്ചുഗീസുകാരുമായി സൗഹൃദം പുലര്‍ത്തുന്നതിന് കുഞ്ഞാലിമരക്കാര്‍ എതിര്‍ത്തു. പോര്‍ച്ചുഗീസുകാരുടെ കുതന്ത്രങ്ങള്‍ തിരിച്ചറിഞ്ഞ കുഞ്ഞാലി മരക്കാര്‍ അവരുടെ ചതിയില്‍ കുടുങ്ങിപ്പോകരുതെന്ന് മരക്കാര്‍ പലതവണ സാമൂതിരിയോട് അപേക്ഷിച്ചു. കുഞ്ഞാലി നാലാമന്‍റെ ഓരോ ചലനങ്ങളും തെറ്റായി വ്യാഖ്യാനിച്ച് പോര്‍ച്ചുഗീസുകാരോടൊപ്പം നില്‍ക്കാന്‍ സാമൂതിരിയും കൂട്ടരും തയ്യാറായി. പറങ്കികളെ കൂട്ടുപിടിച്ച സാമൂതിരി കുഞ്ഞാലിമരക്കാര്‍ക്കെതിരെ ഒരു വലിയ സൈന്യത്തെ തയ്യാറാക്കി യുദ്ധത്തിന് പുറപ്പെട്ടു. പോര്‍ച്ചുഗീസ് സൈനിക ഉദ്യോഗസ്ഥര്‍ സൈനികരോടൊപ്പം പുതുപ്പണം കോട്ടക്കല്‍ സമീപമെത്തി. അവരെ സഹായിക്കാന്‍ സാമൂതിരിയുടെ സൈന്യവുമുണ്ടായിരുന്നു. കുഞ്ഞാലിമരക്കാറുടെ ഈ ഒറ്റപ്പെടലിന് ചരിത്രത്തില്‍ തന്നെ നിര്‍ണ്ണായകമായ വഴിത്തിരിവിന് ഇടയാക്കി. കുഞ്ഞാലി മരക്കാര്‍ അക്രമത്തെ ധീരമായി നേരിട്ടു.
1600 മാര്‍ച്ച് 7 ന് പറങ്കികളും സാമൂതിരിയും കോട്ടക്കല്‍ കോട്ട വളഞ്ഞു. തന്‍റെ ജീവന്‍ നല്‍കാമെന്നും ജനങ്ങളെ വിട്ടയക്കണമെന്നും മരക്കാര്‍ അപേക്ഷിച്ചു. കുഞ്ഞാലി മരക്കാറുടെ അപേക്ഷ അംഗീകരിക്കുകയും രേഖാമൂലം തീര്‍ച്ചപ്പെടുത്തുകയും ചെയ്തു. സാമൂതിരിയുടെ മുന്നില്‍ കുഞ്ഞാലി വാള്‍ സമര്‍പ്പിച്ച് കൈകൂപ്പി. തനിക്ക് സ്വാതന്ത്ര്യം ഇല്ലെങ്കിലും തന്‍റെ ജനതക്ക് സ്വാതന്ത്ര്യം വേണമെന്ന ഒറ്റ ലക്ഷ്യമായിരുന്നു മരക്കാരെ ഇതിന് പ്രേരിപ്പിച്ചത്. തന്ത്രശാലിയായ പോര്‍ച്ചുഗീസ് സൈന്യ നായകന്‍ ഫുര്‍റ്റാഡോ ഓടിയെത്തി കുഞ്ഞാലിയെ തട്ടിക്കൊണ്ടു പോവാന്‍ ഒരുങ്ങി. ഈ പറങ്കിച്ചതി സഹിക്കാനാവാതെ സാമൂതിരിയുടെ പടത്തലവര്‍ അവരുടെ മേല്‍ ചാടിവീണെങ്കിലും പ്രിയപ്പെട്ട മരക്കാറെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. കുഞ്ഞാലി മരക്കാറെയും അനുയായികളെയും കൂട്ടി 1600 മാര്‍ച്ച് 25 ന് ഫുര്‍റ്റാഡോ ഗോവയിലേക്ക് പുറപ്പെട്ടു. തടവറയില്‍ അടക്കപ്പെട്ടിട്ടും ധീരനായ മരക്കാര്‍ തളര്‍ന്നില്ല. വിചാരണകള്‍ക്ക് ശേഷം വധിക്കാന്‍ വേണ്ടി വിധിച്ചു. നാവിക ശക്തികളോട് ഏറ്റുമുട്ടാനുള്ള തദ്ദേശീയ കാത്തിരിപ്പ് അവസാനിച്ചില്ല.

ദീര്‍ഘമായ വൈദേശികാധിപത്യത്തിനെതിരെ നൂറ്റാണ്ടോളം കാലം യുദ്ധം ചെയ്ത് പോരാടി മരിച്ചവരാണ് കുഞ്ഞാലി മരക്കാര്‍മാര്‍. അധിനിവേശ സഖ്യങ്ങള്‍ക്കു മുമ്പില്‍ ജീവിതവും അതിലുള്ള സകലമാന സുഖങ്ങളും ബലിയര്‍പ്പിച്ച് അവര്‍ നേടിത്തന്ന ഭാരതത്തിന്‍റെ സ്വാതന്ത്ര്യം ഇന്നും ഉദിച്ചുനില്‍ക്കുകയാണ്. മരക്കാറുടെ വിഛേദിക്കപ്പെട്ട ശരീരങ്ങളില്‍ നിന്ന് ഒഴുകിയ നിണകണങ്ങള്‍ നമ്മുടെ മണ്ണിന് ധൈര്യവും ആര്‍ജ്ജവും നല്‍കിയിട്ടുണ്ട്. ആ ധീരതയുടെ മുമ്പില്‍ രാജ്യം പ്രശോഭിതമാവുകയാണ്. /strong>

ചരിത്രത്തില്‍ കടന്നുകൂടിയ സ്ഖലിതങ്ങള്‍
സമ്പത്തിന്‍റെയും സാംസ്കാരികതയുടെയും അക്ഷര ഖനിയായ ഇന്ത്യാ മഹാരാജ്യത്തിനെ കൊള്ളയടിക്കാന്‍ കടന്നുവന്ന വൈദേശികാധിപത്യത്തിനെതിരെ പോരാടിയവരില്‍ പ്രധാന പങ്കുവഹിച്ച മുസ്ലിം പോരാളികള്‍ ഇന്ന് ചരിത്രത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടിരിക്കുന്നു. വര്‍ഗ്ഗീയ ഫാസിസ്റ്റ് ലോബികള്‍ ചരിത്രം വളച്ചൊടിച്ച് പുതിയ ചരിത്രത്തിനും സ്വാതന്ത്ര്യ സമര നായകډാര്‍ക്കും ജډം നല്‍കുകയാണ്. ഭാരതാമ്പയോടുള്ള അഭൗമമായ ദേശക്കൂര്‍ നിമിത്തം സ്വജീവന്‍ പോലും തൃണവല്‍ക്കരിച്ച് പിറന്ന മണ്ണിലെ സ്വാതന്ത്ര്യത്തിനായി വീര്യമൃത്യു വരിച്ചവരെ ചരിത്രത്താളുകളില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് വിരോധാഭാസമാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ മുസ്ലിംകള്‍ വഹിച്ച പങ്കിനെ തിരസ്ക്കരിക്കുന്ന രീതിയാണ് സ്വാതന്ത്ര്യ സമര ചരിത്രം എഴുതിയവര്‍ സ്വീകരിച്ചുവന്നത്.
മഹാത്മാ ഗാന്ധി, നെഹ്റു, കെ. കേളപ്പന്‍, വീരപാണ്ഡ്യ കട്ടബൊമ്മന്‍, വേലുത്തമ്പി ധളവ തുടങ്ങിയവര്‍ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ പരാമര്‍ശങ്ങള്‍ക്ക് വിധേയമാക്കപ്പെടാതെ മാറ്റിനിര്‍ത്തപ്പെടുന്ന ഒരുകൂട്ടം ധീരദേശാഭിമാനികളുണ്ട്. മതമൈത്രിയുടെ നിലനില്‍പ്പിന് വേണ്ടി പോരാടിയ ടിപ്പുസുല്‍ത്താന്‍ ഇന്ന് രാജ്യദ്രോഹിയും മതഭ്രാന്തനുമായി ചിത്രീകരിക്കപ്പെടുന്നു. പോരാട്ട വീഥിയില്‍ ഇതിഹാസങ്ങള്‍ രചിച്ച് മുന്നേറിയ കുഞ്ഞാലിമാരും വാരിയന്‍ കുന്നത്തുമൊക്കെ ചരിത്രത്തില്‍ മൂഢരായും കാളവണ്ടിക്കാരനായും നിലനിര്‍ത്തപ്പെടുന്നത് മാപ്പര്‍ഹിക്കാത്ത കാഴ്ചകളാണ്.

About Ahlussunna Online 1149 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*