ഒാരോരുത്തർക്കും ഒപ്പമുണ്ട് ദുരന്തം

കർണാടകയിലെ അങ്കോലയ്ക്കടുത്ത ഷിരൂർ മലഞ്ചെരുവിൽ പുഴയോളങ്ങളിലെ രക്ഷാപ്രവർത്തനത്തിലാണ് കേരളത്തിന്റെ കണ്ണും കാതും. മലയാളി ഡ്രൈവർ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനും ട്രക്കിനും വേണ്ടിയുള്ള തിരച്ചിൽ 10 ദിവസം പിന്നിട്ടു. ദേശീയപാതയിലേക്ക് ഇടിഞ്ഞുവീണ മണ്ണുമല മാറ്റിയും പിന്നെ ഗംഗാവലി പുഴയിലും നടത്തിയ സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം ലക്ഷ്യം കാണാതിരിക്കുമ്പോൾ നെഞ്ചുരുകി കേരളം ചോദിക്കുകയാണ്; അർജുൻ എവിടെ? ഒരു കുടുംബത്തിന്റെ മാത്രം വേദനയല്ല അർജുൻ. മലയാളികളുടെയെല്ലാം മനസിൽ ഒരു നെരിപ്പോടുപോലെ ആ ചെറുപ്പക്കാരനുണ്ട്. 
 ഇൗ മാസം 16 മുതലാണ് അർജുനും ട്രക്കിനും വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചത്. റഡാറും മണ്ണുമാന്തിയും അടക്കമുള്ള ഉപകരണങ്ങളുപയോഗിച്ച് ഒരാഴ്ചയിലേറെയായി തിരച്ചിൽ തുടരുകയായിരുന്നു. ഒമ്പതാം നാളിൽ ട്രക്ക് പുഴയിലുണ്ടെന്ന് സൈന്യം സ്ഥിരീകരിച്ചു. അതോടെ അർജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലായിരുന്നു കേരളം. എന്നാൽ നദിയുടെ രൗദ്രതയ്ക്കും മഴയുടെ തീവ്രതയ്ക്കും മുമ്പിൽ മനുഷ്യർ ഒരിക്കൽകൂടി കീഴടങ്ങുമ്പോൾ അർജുൻ നൊമ്പരപ്പെടുത്തുന്ന ഓർമയായി എവിടെയോ മറഞ്ഞിരിക്കുകയാണ്. 
ഷിരൂർ നൽകുന്ന വലിയ പാഠമാണ് 10 ദിവസമായി രാജ്യം കാണുന്നത്. പ്രകൃതിക്ഷോഭത്തിനു മുമ്പിൽ പകച്ചുനിൽക്കുന്ന സാധാരണ മനുഷ്യരെ മാത്രമല്ല, നമ്മുടെ ദുരന്തനിവാരണ മാനേജ്‌മെന്റിന്റെ കാര്യക്ഷമതയും ഇവിടെ അളവുകോലായി മാറുന്നുണ്ട്. ദേശീയപാതയുടെ നവീകരണത്തിന് ശാസ്ത്രീയ പഠനത്തിന്റെ പിൻബലമില്ലാതെയാണോ ചെങ്കുത്തായ മലകൾ അരിഞ്ഞെടുത്തതെന്ന ചോദ്യം മറുവശത്തുണ്ട്.
ഷിരൂർ മണ്ണിടിച്ചിലിൽ രണ്ട് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് അപകടത്തിൽപെട്ടത്. ഇവയെ ഏകോപിപ്പിക്കാൻ ഒരു പൊതുസംവിധാനമില്ലാത്തതിന്റ പോരായ്മ തുടക്കംമുതൽ വ്യക്തമായിരുന്നു. എന്നാൽ, രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ, കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ എം.പി, എം.കെ രാഘവൻ എം.പി, എ.കെ.എം അഷ്റഫ് എം.എൽ.എ തുടങ്ങിയവർ ഇടപെടലുകൾ നടത്തി. അതേസമയം, കേരളത്തിലെ ചില ദൃശ്യമാധ്യമങ്ങളുടെ നിലപാട് കർണാടകയെ അലോസരപ്പെടുത്തിയെന്ന് പരസ്യമായി പറഞ്ഞത് കർണാടക ചീഫ് സെക്രട്ടറി തന്നെയാണ്. കേരളത്തിലെ ചില മാധ്യമങ്ങൾ കർണാടകയെ അനാവശ്യമായി കുറ്റപ്പെടുത്തുന്നുവെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന ഓൺലൈൻ യോഗത്തിൽ ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടിയത്. ഇതിനെ ഗൗരവത്തിലെടുക്കാൻ മാധ്യമങ്ങൾ തയാറാകണം. ഷിരൂർ മണ്ണിടിച്ചിലിൽ ഒരു മലയാളി അകപ്പെട്ട വിവരം അറിഞ്ഞ ഉടൻ കേരളത്തിലെ ചാനൽ വാർത്താസംഘങ്ങൾ അവിടെ കേന്ദ്രീകരിച്ച് നടത്തിയ തത്സമയ റിപ്പോർട്ടുകൾ രക്ഷാപ്രവർത്തനത്തിന്റെ ഓരോ നിമിഷവും മലയാളികൾക്ക് മുമ്പിൽ എത്തിക്കാൻ ഇടയാക്കിയെന്നതിൽ തർക്കമില്ല. രക്ഷാപ്രവർത്തനത്തിന് വേഗതകൂട്ടാൻ ഈ മാധ്യമ ഇടപെടലുകൾ കാരണവുമായിട്ടുണ്ട്. എന്നാൽ ചില മാധ്യമപ്രവർത്തകർ രക്ഷാപ്രവർത്തനത്തെ തന്നെ തെറ്റായ വഴിയിലേക്ക് തിരിച്ചുവിടാൻ ഉതകുന്നവിധം റിപ്പോർട്ടുകൾ തുടർച്ചയായി നൽകുകയുണ്ടായി.  ശാസ്ത്രീയ പഠനത്തിനുശേഷം വിദഗ്ധർ പറയേണ്ട നിരീക്ഷണങ്ങളാണ് ചില ചാനൽ വാർത്താറൂമിൽനിന്ന് കേരളം കണ്ടത്. റേറ്റിങ് ഉയർത്താനാണ് ഇതൊക്കെയെങ്കിൽ അത് തിരുത്തപ്പെടേണ്ടത് തന്നെയാണ്. ഇതിനുള്ള ജാഗ്രതകൾ ഇതേ വാർത്താമുറികളിൽനിന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

ഒരു മുന്നറിയിപ്പായി ഇത്തരം ദുരന്തങ്ങളെ കണ്ട് കൂടുതൽ മുന്നൊരുക്കങ്ങൾക്ക് സർക്കാരും സമൂഹവും ഒരുമനസോടെ തയാറാകേണ്ട സമയമാണിത്. സുനാമിക്കുശേഷം 2005ൽ ഇന്ത്യയിൽ ദേശീയ ദുരന്തനിവാരണ നിയമം കൊണ്ടുവന്നിരുന്നു. പ്രധാനമന്ത്രിയാണ് സമിതിയുടെ ചെയർമാൻ. സംസ്ഥാനങ്ങളിലും ജില്ലകളിലും ഇതുപ്രകാരം കമ്മിറ്റികളുണ്ടാകും. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രാജ്യത്ത് സുസ്ഥിര സംവിധാനങ്ങളുണ്ടായിട്ടും അതിന്റെ പ്രയോജനം സാധാരണക്കാർക്ക് കിട്ടാതെ പോകുന്നത് വേദനാജനകമാണ്. 
 ഷിരൂർ ദുരന്തത്തിൽനിന്നു കേരളത്തിനും ഏറെ പഠിക്കാനുണ്ട്. പ്രവചനങ്ങൾക്കപ്പുറമുള്ള കാലാവസ്ഥാവ്യതിയാനവും അശാസ്ത്രീയ ഭൂവിനിയോഗവും പാരിസ്ഥിതിക_ -ഭൗമ പ്രത്യേകതയുമെല്ലാം ഒത്തുചേർന്ന് അതിരൂക്ഷ പ്രകൃതിദുരന്തങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. സംസ്ഥാനത്തിന്റെ മിക്ക പ്രദേശങ്ങളും മണ്ണിടിച്ചിലിന്റെയോ വെള്ളപ്പൊക്കത്തിന്റെ നേരിട്ടോ അല്ലാതെയോ ഉള്ള പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയാണ്. കേരളത്തിൽ നടന്ന ദേശീയപാതാ വികസനവും ഷിരൂരിനെ ഓർമിപ്പിക്കുന്നതാണ്. അശാസ്ത്രീയ രീതിയിൽ കുന്നിടിച്ച് ദേശീയപാതയുടെ വീതികൂട്ടിയ സ്ഥലങ്ങളുണ്ട്. കനത്ത മഴയിൽ ദേശീയപാതയിലേക്ക് പലയിടത്തും മണ്ണിടിഞ്ഞു വീണിരുന്നു. മണ്ണിടിച്ചിൽ ഭീഷണിയുണ്ട് പലയിടത്തും. 
 പ്രകൃതിദുരന്തങ്ങളിൽനിന്ന് പാഠങ്ങൾ പഠിക്കാൻ കഴിഞ്ഞാൽ വരുംകാല ദുരന്തങ്ങളെ ഒഴിവാക്കാനോ ലഘൂകരിക്കാനോ ആകും. പരിസ്ഥിതി ദുർബലമേഖലകളിലെ കരിങ്കൽ, ചെങ്കൽ ഖനനങ്ങളെ കർശനമായി നിയന്ത്രിച്ച് തോടിനെയും പുഴയെയും കൈയേറ്റത്തിന് കീഴ്‌പ്പെടാതെ ഒഴുകാനനുവദിക്കണം. അണക്കെട്ടുകൾ തുറന്നാൽ എവിടെയൊക്കെ പ്രളയമുണ്ടാകുമെന്ന് ശാസ്ത്രീയമായി പഠിച്ച് മുൻകരുതലുകൾ വേണം. 
പ്രളയബാധിത പ്രദേശങ്ങളിലെ നിർമാണപ്രവർത്തനങ്ങളിലും വേണം മുൻകരുതലുകൾ. പ്രധാന പാതകളിലെ വെള്ളം കയറുന്ന പ്രദേശങ്ങൾ ഉയർത്തണം. ആവശ്യമുള്ളിടത്ത് വെള്ളം ഒഴുകിപ്പോകാൻ അടിപ്പാതകൾ നിർമിക്കണം. കൂടുതൽ കരുതൽ അണക്കെട്ടുകൾ നിർമിക്കാൻ ശാസ്ത്രീയപഠനത്തിനും വൈകരുത്. ഇതിനൊക്കെ പുറമെ ദുരന്തഭൂമിയിൽ എത്രയും പെട്ടെന്ന് എത്തിച്ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ ഏകോപ്പിക്കാനുള്ള റാപിഡ് റെസ്‌പോൺസ് പ്ലാനും ടീമും എത്രമേൽ പ്രധാനപ്പെട്ടതാണെന്ന് ഷിരൂർ മണ്ണിടിച്ചിൽ കാട്ടിത്തരുന്നുണ്ട്. 

 പ്രകൃതിദുരന്തങ്ങളുടെ കാര്യത്തിൽ കേരളം ഒട്ടും സുരക്ഷിതമല്ല. ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം, മിന്നൽ, അഗ്നിബാധ തുടങ്ങിയ ദുരന്തങ്ങൾ ഏതു സമയത്തും പ്രതീക്ഷിക്കാവുന്ന ജനതയാണ് നാം. കൂടിയ ജനസാന്ദ്രത ദുരന്തങ്ങളുടെ വ്യാപ്തി കൂട്ടും. പ്രളയവും കൊവിഡുമൊക്കെ ഉദാഹരണമായി നമുക്ക് മുമ്പിലുണ്ട്. അതിനാൽ  ദുരന്തം വരുന്നതിനുമുമ്പ് ഒരുങ്ങേണ്ടതുണ്ട്. ദുരന്തനിവാരണം സർക്കാരിന്റെ മാത്രം ഉത്തരവാദിത്വമല്ല. ഓരോ വ്യക്തിയും പടയാളികളായെങ്കിൽ മാത്രമേ ദുരന്തങ്ങളിൽനിന്ന് രക്ഷപ്പെടാനാകൂ.

About Ahlussunna Online 1268 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*