ഒറ്റത്തെരഞ്ഞെടുപ്പ് ബഹുസ്വരതയെ തകർക്കും

ആശങ്കകളും മുന്നറിയിപ്പുകളും നിലനില്‍ക്കെ ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുപടികൂടി കടന്നു. മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി നല്‍കിയ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിരിക്കുകയാണ്. രാജ്യത്തുടനീളം ലോക്‌സഭ, നിയമസഭ, പ്രാദേശിക ഭരണകൂടം എന്നിവയിലേക്കുള്ള തെരഞ്ഞെടുപ്പ് ഒരുമിച്ച്  നടത്തുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍  ലക്ഷ്യമിടുന്നത്. 18,626 പേജുള്ള റിപ്പോര്‍ട്ടിന് കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയെങ്കിലും എന്നുമുതല്‍ ഒറ്റത്തെരഞ്ഞെടുപ്പ് നടത്താനാകും എന്നത് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല. റിപ്പോര്‍ട്ടിലെ ശുപാര്‍ശ പ്രകാരം ഒറ്റത്തെരഞ്ഞെടുപ്പ് നടത്തണമെങ്കില്‍ 18 ഓളം ഭരണഘടനാഭേദഗതി ആവശ്യമാണ്. ഒറ്റ വോട്ടര്‍ പട്ടികയും ഒറ്റ തിരിച്ചറിയില്‍ കാര്‍ഡും നിലവില്‍ വരുത്തണമെങ്കില്‍ പകുതിയിലേറെ സംസ്ഥാന നിയമസഭകളുടെ അംഗീകാരവും വേണം. 

നിലവിലെ തെരഞ്ഞെടുപ്പ് രീതിയില്‍ വലിയതോതിലുള്ള ചെലവ് വരുന്നതായും ഭരണം മെച്ചപ്പെടുത്താനും സ്ഥിരത ഉറപ്പാക്കാനും ഒറ്റത്തെരഞ്ഞെടുപ്പ് എന്ന ആശയംകൊണ്ട് കഴിയുമെന്നുമാണ് ബി.ജെ.പി പറയുന്നത്.  ഭാരിച്ച ബാധ്യത കുറച്ചുകൊണ്ടുവരാനാണ് ഒറ്റത്തെരഞ്ഞെടുപ്പ് എന്ന വാദം അംഗീകരിച്ചാല്‍ തന്നെ, ഇൗ ആശയം ഇന്ത്യന്‍ ജനാധിപത്യത്തിനു ഭീഷണിയാണ്. അധികാരം കേന്ദ്രീകരിക്കുക എന്ന പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് നീങ്ങാനുള്ള ചുവടുവയ്പ്പായി ഇതിനെ കാണുന്നവരുണ്ട്. രാജ്യം ഭരണഘടനയിലൂടെ ആവര്‍ത്തിച്ചുറപ്പിച്ച ഫെഡറല്‍ സംവിധാനത്തെ റദ്ദുചെയ്യാനുള്ള ഒളിയജൻഡ ഇതിലുണ്ട്. ഭരണഘടനയുടെ അനുച്ഛേദം ഒന്നില്‍ പറയുന്നതുപ്രകാരം യൂനിയന്‍ ഓഫ് സ്റ്റേറ്റാണ് ഇന്ത്യ. ഫെഡറല്‍ തത്വങ്ങളിലൂന്നിനിന്ന് പരസ്പരം ഏറ്റുമുട്ടാതെയും സ്വയം നിയന്ത്രണങ്ങളിലൂടെ ചേര്‍ന്നുനിന്നും അധികാര-_അവകാശങ്ങള്‍ പങ്കുവച്ചും മുന്നോട്ടുകൊണ്ടുപോകുന്ന വിവിധ സംസ്ഥാനങ്ങളുടെ യൂനിയന്‍. എന്നാല്‍, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന പ്രക്രിയ നിലവില്‍ വന്നാല്‍ ഫെഡറലിസം എന്ന ആശയംതന്നെ ചോദ്യം ചെയ്യപ്പെടും. കൂടാതെ, വോട്ടര്‍മാരുടെ സ്വതന്ത്ര സമ്മതിദാനാവകാശ വിനിയോഗത്തിനും മുന്‍ഗണനാവിഷയങ്ങള്‍ സ്വീകരിക്കുന്നതിനും വെല്ലുവിളിയായിത്തീരും. പഞ്ചായത്ത് മുതല്‍ പാര്‍ലമെന്റ് വരെ വിവിധതലങ്ങളില്‍ വ്യത്യസ്ത വിഷയങ്ങളാണ്  തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവുക. തങ്ങള്‍ പരിഗണിക്കേണ്ടത് ദേശീയ വിഷയമാണോ പ്രാദേശിക പ്രശ്‌നമാണോ എന്ന ആശയക്കുഴപ്പത്തില്‍ വോട്ടര്‍മാര്‍ എത്തിയേക്കാം. ഇത് വോട്ടെടുപ്പിന്റെ സ്വതന്ത്ര രീതിയെ തന്നെയും സ്വാധീനിക്കാമെന്ന ആശങ്ക ഉയര്‍ന്നു കഴിഞ്ഞു. 

ഒറ്റത്തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചാല്‍ നിലവില്‍ കാലാവധി പൂര്‍ത്തിയാകാത്ത നിയമസഭകള്‍കൂടി പിരിച്ചുവിടേണ്ടി വരും. രാഷ്ട്രീയ കാരണങ്ങളാല്‍ സര്‍ക്കാരുകള്‍ അസ്ഥിരപ്പെട്ടാല്‍ കാലാവധിക്ക് മുമ്പായി സഭ പിരിച്ചുവിടേണ്ടി വരും. അങ്ങനെ വന്നാല്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തി അധികാരത്തിലെത്തുന്ന സര്‍ക്കാരിന് ലോക്‌സഭയുടെ ശേഷിക്കുന്ന കാലാവധി മാത്രമേ ലഭിക്കുകയുള്ളു.  ഏറ്റവും ചുരുങ്ങിയ കാലയളവെങ്കില്‍ തെരഞ്ഞെടുപ്പ് വെറുതെയാകും. സംസ്ഥാനങ്ങളുടെ വികസന, സാമൂഹികമേഖലയെ ബാധിക്കുന്നതാണിത്. അഞ്ചുവര്‍ഷ കാലാവധിയെന്നത് ഓരോ സംസ്ഥാനത്തെയും രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെക്കൂടി ആശ്രയിച്ചുള്ളതാണ്. കാലാവധിക്ക് മുമ്പായി സര്‍ക്കാരുകള്‍ ഒഴിയുകയോ സഭ പിരിച്ചുവിടുകയോ ചെയ്താല്‍ ഒറ്റത്തെരഞ്ഞെടുപ്പ് എന്ന ആശയംതന്നെ അതോടെ ഇല്ലാതാകും.

ഒരേസമയം ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടത്തണമെങ്കില്‍ അതിനുള്ള അടിസ്ഥാന സൗകര്യവും സാങ്കേതികശേഷിയും ഉറപ്പാക്കാണം. എല്ലാ സംസ്ഥാനങ്ങളിലും ആവശ്യമായ സുരക്ഷയൊരുക്കാനുള്ള സേനാശേഷി നിലവിലില്ലാത്തതുകൊണ്ടാണ് ഇപ്പോൾ പല സംസ്ഥാനങ്ങളിലും വ്യത്യസ്ത ദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത്. ക്രമസമാധാനപ്രശ്‌നങ്ങള്‍ നേരിടുന്ന  സംസ്ഥാനങ്ങളില്‍ സുരക്ഷയ്ക്ക് കൂടുതല്‍ സേനയെ വിനിയോഗിക്കേണ്ടിവരും. 
 ഇന്ത്യയുടെ ഭൂമിശാസ്ത്രവും സാമൂഹികവും പ്രാദേശികവുമായ വ്യത്യസ്തതകളും ഉള്‍ക്കൊള്ളാതെയുള്ള പ്രഖ്യാപനമാണ് ഒറ്റത്തെരഞ്ഞെടുപ്പ് എന്നത്. കശ്മിരില്‍ കൊടും തണുപ്പുള്ള സമയത്ത് തെക്ക് തമിഴ്‌നാട്ടില്‍ അത്യുഷ്ണമാണ്. പൊതുതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനുമുമ്പ് കമ്മിഷന്‍ ഇത്തരം കാര്യങ്ങള്‍ പരിഗണിക്കാറുണ്ട്. ജനങ്ങളുടെ പൊതുവായ ആഘോഷങ്ങളും വിശേഷ ദിവസങ്ങളും  കമ്മിഷന്‍ കണക്കിലെടുക്കാറുണ്ട്. ഒറ്റത്തെരഞ്ഞെടുപ്പ് പ്രാവര്‍ത്തികമായാല്‍  ജനങ്ങളെ പലവിധത്തിലും അത് ബാധിക്കും. 

വൈവിധ്യത്തിന്റെ അതിവിശാലതയാണ് ഇന്ത്യയുടെ ആത്മാവ്. ജനാധിപത്യത്തിലും ഏറ്റവും വിശാലമായ ഉള്‍ക്കൊള്ളല്‍ സമീപനമാണ് രാജ്യം സ്വീകരിച്ചത്. ദേശീയ പാര്‍ട്ടികള്‍ മാത്രമല്ല, വിവിധ പ്രാദേശിക പാര്‍ട്ടികളും രാജ്യത്തിന്റെ ജനാധിപത്യസംവിധാനത്തെ കരുത്താര്‍ജിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിക്കുന്നുണ്ട്. ഒറ്റത്തെരഞ്ഞെടുപ്പ് വരുന്നതോടെ പ്രാദേശിക പാര്‍ട്ടികളുടെ നിലനില്‍പ്പുതന്നെ അപകടത്തിലാവും. വൈവിധ്യങ്ങളുടെ സംഗമഭൂമിയായ ഇന്ത്യയുടെ ബഹുസ്വരത തകര്‍ക്കാനുള്ള ബോധപൂര്‍വ ഇടപെടലായി ഒറ്റത്തെരഞ്ഞെടുപ്പിനെ പ്രതിപക്ഷം ആശങ്കപ്പെടുന്നത് വെറുതയല്ല. 

ജനഹിതമറിയാതെ നിലവിലെ തെരഞ്ഞെടുപ്പ് രീതി പൊളിച്ചെഴുതുന്നത് ആപത്കരമാണ്. ഏതെങ്കിലും പാര്‍ട്ടികളുടെയോ വ്യക്തികളുടെയോ കൂട്ടങ്ങളുടെയോ സ്ഥാപിതവും സങ്കുചിതവുമായ താല്‍പര്യങ്ങളല്ല, രാജ്യത്തിന്റെ വിശാല സ്വപ്‌നങ്ങളാണ് സംരക്ഷക്കപ്പെടേണ്ടത്. നൂറ്റാണ്ടുകള്‍ നീണ്ട സമരത്തീച്ചൂളയില്‍നിന്ന് സ്ഫുടം ചെയ്‌തെടുത്തതാണ് ഇന്ത്യയുടെ ജനായത്ത രീതി. അതില്‍ പാകപ്പിഴവുകളും വൈകല്യങ്ങളും കണ്ടേക്കാം. എന്നാല്‍ ഇന്ത്യയെന്ന ആശയത്തെ മുറുകെപ്പിടിച്ച് മുന്നോട്ടു നയിക്കുന്നത് നമ്മുടെ ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യവ്യവസ്ഥ തന്നെയാണ്. അതിനെ ദുര്‍ബലപ്പെടുത്തി അധികാരം കേന്ദ്രീകരിപ്പിച്ച് ഏകാധിപത്യത്തിന് വഴിയൊരുക്കാനാണ് ഒറ്റത്തെരഞ്ഞെടുപ്പ് എന്ന നിര്‍ദേശത്തിലൂടെ ബി.ജെ.പി ശ്രമിക്കുന്നതെങ്കില്‍ രാജ്യം പൊറുക്കില്ല. അതുകൊണ്ടുതന്നെ വീണ്ടുവിചാരത്തിന് കേന്ദ്രസര്‍ക്കാര്‍ തയാറായേ പറ്റൂ.

About Ahlussunna Online 1301 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*