ഏഷ്യാനെറ്റിനും മീഡിയ വണ്ണിനുമെതിരേയുള്ള കേന്ദ്ര സര്‍ക്കാര്‍ വിലക്ക്; പ്രതിഷേധം ശക്തമാകുന്നു

തിരുവനന്തപുരം: ഏഷ്യാനെറ്റിന്റേയും മീഡിയ വണ്ണിന്റേയും സംപ്രേഷണം നിര്‍ത്തിവെച്ച കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധം ശക്തമാക്കുന്നു. ഡല്‍ഹിയിലെ വര്‍ഗീയ കലാപം റിപ്പോര്‍ട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് കാണിച്ചാണ് കേന്ദ്ര വാര്‍ത്ത പ്രക്ഷേപണ മന്ത്രാലയം ഇരു ചാനലുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയത്. ഇന്ന് രാത്രി 7.30 മുതലാണ് ഇരു ചാനലുകളുടെയും സംപ്രേഷണം മുടങ്ങിയത്.

കേന്ദ്ര സര്‍ക്കാര്‍ ഉത്തരവില്‍ പ്രതിഷേധിച്ച് പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെയും പ്രസ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ നാളെ പ്രതിഷേധ പ്രകടനവും ജി.പി.ഒയ്ക്കു മുന്നില്‍ യോഗവും ചേരും. ഡല്‍ഹി കലാപം റിപ്പോര്‍ട്ടുചെയ്തതിന് ഏഷ്യാനെറ്റ്, മീഡിയ വണ്‍ ചാനലുകളുടെ സംപ്രേഷണം നിര്‍ത്തിവയ്പിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു.

അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്ടിക്കാനാണ് ശ്രമം. വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തതിന്റെ പേരില്‍ ചാനലുകള്‍ക്കെതിരെ നടപടിയെടുക്കുന്നത് മാധ്യമസ്വാതന്ത്ര്യത്തിനു നേരെയുള്ള കയ്യേറ്റമാണ്. മാധ്യമങ്ങള്‍ തങ്ങള്‍ പറയുന്നതുമാത്രം റിപ്പോര്‍ട്ടുചെയ്താല്‍ മതിയെന്ന നിലപാട് ജനാധിപത്യത്തിന് ഭൂഷണമല്ല. ഇത് ആര്‍ക്കും അംഗീകരിക്കാനുമാകില്ല. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ കൈക്കൊണ്ടിട്ടുള്ള നടപടി അടിയന്തരമായി പിന്‍വലിക്കണം. സംപ്രേഷണം നിര്‍ത്തിവയ്പിച്ച നടപടിക്കെതിരെ ശനിയാഴ്ച സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രസിഡന്റ് കെ.പി റജിയും ജനറല്‍ സെക്രട്ടറി ഇ.എസ് സുഭാഷും പ്രസ്താവനയില്‍ പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമെന്ന് സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എം പി . മാധ്യമ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്ന് കയറ്റം അനുവദിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

About Ahlussunna Online 1149 Articles
Ahlussunna Online A complete Islamic online magazine managing by Bahjathul Ulama Students Association, Rahmaniyya Arabic College, Katameri.

Be the first to comment

Leave a Reply

Your email address will not be published.


*